Wednesday, December 31, 2014

ഷൊര്‍ണൂരങ്ങാടിയിലെ ഊത്തപ്പം

ഒന്നും ഓര്‍മ്മയില്ല ഇപ്പോള്‍.. എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവര്‍ [ശിവന്‍] ക്ഷേത്രത്തില്‍ ഗംഭീരമായി ധനുമാസത്തിലെ തിരുവാതിര്‍ ആചരിക്കുന്ന ദിവസമാണ് വരുന്ന 4 ഞായറാഴ്ച. അതറിയാതെ ഞാന്‍ ഒറ്റപ്പാലത്തുള്ള ഗീതച്ചേച്ചിയോട് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത്.. 

നാലഞ്ചുദിവസമായി ഞാന്‍ അമ്പലത്തില്‍ പോകാറില്ല. ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ ഒരു വിളിപാടുണ്ടായി. തേവരെ കാലത്ത് പോയി കാണാന്‍. എന്റെ കണ്ട സുകുമാരേട്ടന്‍ എന്ന് കാര്യക്കാരനും സുധേട്ടന്‍ എന്ന ശാന്തിയും ചോദിച്ചു...”എവിടാരുന്നു കുറച്ച് നാളായി”, അറിഞ്ഞില്ലേ ഞായഴ്ചത്തെ തിരുവാതിര മഹോത്സവം.. ഗോതമ്പുകഞ്ഞിയും എട്ടങ്ങാടിപ്പുഴുക്കും ഒക്കെ ഉണ്ടാകും, പിന്നെ വൈകിട്ടത്തെ ദീപാരാധനക്ക് വരുന്ന മോളിച്ചേച്ചിയും, മീര, സരസ്വതി, പ്രേമ, വത്സല മുതല ചേച്ചിമാര്‍ പുത്തന്‍ സെറ്റ് മുണ്ട് ഉടുത്ത് തിളങ്ങി വരുന്നത് കാണാം. പിന്നെ തട്ടകത്തിലെ പെണ്‍കുട്ട്യോളേം കാണാം..

 ഞാന്‍ വിഡിയോ എടുക്കുന്നത് കാണുമ്പോള്‍ ഈ പെണ്ണുങ്ങളും പെണ്‍കുട്ട്യോളും എന്റെ അടുത്ത് വരിക പതിവാണ്. എന്തെന്ന് വെച്ചാല്‍ അവരെ അന്നത്തെ ന്യൂസില്‍ ലോക്കല്‍ ചാനലില്‍ കാണാനാകും അത് തന്നെ, അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല.. ഇഷ്ടം തീരെ ഇല്ലെന്ന് പറയാനാവില്ല, സരസ്വതി, പ്രേമ, മോളി, വത്സല എന്നീ ചേച്ചിമാര്‍ക്ക് എന്നെ പ്രിയവും ബഹുമാനവും ആണ്.. അന്നദാനത്തിന് പ്രധാന പരികര്‍മ്മി വത്സല ചേച്ചിയാണ്. പിന്നെ
അജയേട്ടനും സുകുമാരേട്ടനും ഞാനും.. 

എനിക്ക് പണ്ടൊക്കെ നാളികേരം ചിരകുവാന്‍ വലിയ സ്പീഡും ഉത്സാഹവും ആയിരുന്നു.. അന്ന് നാളികേരം ചിരകാന്‍ കൂട്ടിന് പലരും ഉണ്ടായിരുന്നു. നാളികേരം പൊളിച്ച് വെട്ടി വെച്ചിരുന്നതും ഇപ്പോള്‍ ചിരകുന്നത് മോളിച്ചേച്ചിയും സംഘവുമാണ്. എന്നാലും സുകുമാരേട്ടന്റേയും അജയേട്ടന്റേയും കൈയ്യെത്താത്ത ഇടങ്ങളില്ല. കുശിനിക്കാരി ജയക്കാണ് തിരുവാതിര ദഹണ്ഡത്തിന്റെ ചാര്‍ജ്ജ്. അവളൊരു സുന്ദരിയാണ്. വീട്ടമ്മയാണ്. അവളെ കണ്ടാല്‍ ഞാനുടന്‍ ചായക്ക് ഓര്‍ഡര്‍ കൊടുക്കും. എനിക്ക് പതിനൊന്ന് മണിക്കൊരു ചായ കുടി ഉണ്ട്.. 

തിരുവാതിരക്ക് ഈ പെണ്‍ പടയുടെ കൂട്ടത്തില്‍ ഇരുന്ന് ചായ മൊത്തിക്കുടിക്കാന്‍ രസമാണ്. പിന്നെ ഞാന്‍ ഓരോ തമാശ പൊട്ടിച്ച് വെടി പറയും. കഴിഞ്ഞ തിരുവാതിരക്ക് ഒരുത്തിയോട് ചോദിച്ചു ..”ഈ എട്ടങ്ങാടിപ്പുഴുക്കില്‍ എന്തൊക്കെയാണ് ചേര്‍ക്കുക. എട്ട് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മസ്റ്റ് ആണ്...” പലരും ഇരുട്ടില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ ഞാന്‍ സുധേട്ടന്‍ എന്ന മേല്‍ ശാന്തിയോട് ചോദിച്ചു. ശാന്തിച്ചേട്ടനും ശരിയായൊരു വിവരം തന്നില്ല, അതിന്റെ മുന്നെത്തെ കൊല്ലം ഞാന്‍ ഇതേ ചോദ്യം ശോഭ ടീച്ചറോട് ചോദിച്ചിരുന്നു. ടീച്ചര്‍ കൃത്യമായി പറഞ്ഞ് തന്നു.. എല്ലാം റെക്കോഡ് ചെയ്യാറുണ്ട്, അതിനാല്‍ പെണ്‍ പട തെറ്റായതൊന്നും പറയാറില്ല, അവര്‍ക്ക് പേടിയാണ് നാലാള്‍ കേട്ടാല്‍ മോശമല്ലേ...? 

ഇങ്ങിനെയൊക്കെ ഉള്ള തിരുവാതിര കളഞ്ഞുകുളിച്ചേനേ ഞാന്‍ ഒറ്റപ്പാലത്ത് പോയിരുന്നെങ്കില്‍. ഒറ്റപ്പാലത്ത് ടീച്ചര്‍ കൂടാതെ എനിക്ക് മറ്റൊരു ഓണ്‍ലൈന്‍ ഫ്രണ്ട് ഉണ്ട്.. അവളോടൊത്ത് നിളയില്‍ ഒരു കുളി സ്വപ്നമായി ഇന്നും കൊണ്ട് നടക്കുന്നു. പണ്ട് ഞാന്‍ ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജില്‍ പഠിക്കുമ്പോള്‍ അവിടെത്തെ ഒരു സഹപാഠി പെണ്ണിന്റെ കൂടെ നിളയില്‍ കുളിക്കുമായിരുന്നു. അന്നൊക്കെ എന്തൊരു രസമായിരുന്നു ഈ നിളയെന്ന ഭാരതപ്പുഴ കാണാന്‍....

ചില ദിവസങ്ങളില്‍ പാലത്തിന്റെ അടിയിലുള്ള കടവിലും കുളിക്കാന്‍ വരുമായിരുന്നു.. അന്ന് കലാമണ്ഡലം അവിടെയായിരുന്നു, വൈകിട്ട് ആനകള്‍ വെള്ളം കുടിക്കാനിറങ്ങുന്ന പോലെ കുറേ പെണ്‍കുട്ടികള്‍ അവിടെ കുളിക്കാന്‍ ഇറങ്ങുമായിരുന്നു.. ഞാന്‍ അവരുടെ പുഴയിലേക്കുള്ള ഇറക്കം നോക്കി മറുഭാഗത്തെ മണല്‍ തിട്ടയില്‍ വാച്ചും വസ്ത്രവും ഒക്കെ വെച്ച് നീരാടാന്‍ തുടങ്ങും. എല്ലാം എന്തൊരു രസമായിരുന്നോ...? 

അതെല്ലാം കഴിഞ്ഞ് ഷൊര്‍ണൂര്‍ അങ്ങാടിയിലുള്ള പോറ്റി ഹോട്ടലില്‍ പോയി ഊത്തപ്പം കഴിക്കും. ജീവിതത്തില്‍ ആദ്യമായി ഊത്തപ്പം കഴിക്കുന്നത് അവിടെ നിന്നാണ്. നല്ല എള്ളെണ്ണയില്‍ വിറകടുപ്പില്‍ ഉണ്ടാക്കുന്ന ഊത്തപ്പത്തിന്റെ രുചി ഒന്ന് വെറെ തന്നെ... അത്ര നല്ല ഊത്തപ്പം പിന്നെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

 ഈ കഥയിലെ ക്ലൈമാക്സ് ആയപ്പോഴേക്കും വീട്ടില്‍ കാറബ [അറബിയില്‍ കറണ്ട്] പോയി. എന്റെ പെണ്ണിന്റെ  മോന്തായം വീര്‍ത്തു, അവള്‍ക്ക് ഹൈസ്പീഡില്‍ ഫേനില്ലെങ്കില്‍ മോന്തായം വീര്‍ക്കും. എന്താ അവളുടെ ഒക്കെ വിചാരം.. ജനിച്ച് വീഴുമ്പോളും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളൊന്നും ഈ കറണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എപ്പോഴും  വേണം ഫേന്‍... എരിവ് കൂടുതല്‍ കഴിച്ചാല്‍ കക്കൂസിലും വെക്കുന്നത കാണാം ഈ കുന്ത്രാണ്ടം.. വീടില്‍ ഇന്‍ വര്‍ട്ടര്‍ ഉണ്ട് അതില്‍ മേനേജ് ചെയ്താല്‍ മതി.. അപ്പോള്‍  പറയുന്നു ദോശക്ക് അരക്കണം, പരുത്തിക്കുരു ആട്ടണം എന്നൊക്കെ... 

കറണ്ട് പോയത് എന്റെ വീട്ടിലെ മാത്രം കുഴപ്പം കൊണ്ടാണ്.. വീട് പണിതിട്ട് കൊല്ലം 25 കഴിഞ്ഞു. സാധന സാമഗ്രികള്‍ക്കൊക്കെ ജരാനര ബാധിച്ചു. പ്രിവേന്റീവ് മെയിന്റന്‍സ് ഇല്ലാത്തതിനാല്‍ ഇങ്ങിനെ ഇരിക്കും... നാമൊക്കെ കേട് വന്നാല്‍ നന്നാക്കുക എന്നല്ലാതെ കേട് വരാതിരിക്കാന്‍  അതിനെ പരിപാലിക്കുക എന്ന ഒന്നില്ല. പിന്നെങ്ങനാ....? അപ്പോ ഇപ്പിടി ഇരിക്കും.. 

സ്വിച്ച് ബോര്‍ഡ് അഴിച്ചുപണിയണം, മുറികളിലുള്ള പല സ്വിച്ചുകളും കാലൊടിഞ്ഞു, ചിലത് ദ്രുവിച്ചു. അതൊക്കെ മാറ്റണം, അടുക്കളയിലേയും കുളിമുറിയിലേയും ടാപ്പുകള്‍ നീരൊലിച്ച് തുടങ്ങി. റിപ്പയര്‍ ചെയ്ത് തോറ്റു.. പിള്ളേര്‍സ് ഏതായാലും ഞങ്ങള്‍ക്ക് ചിലവിന് തരുന്നില്ല. ഈ കാര്യങ്ങള്‍ക്കെങ്കിലും തന്നുകൂടെ.. ചുരുക്കത്തില്‍ നാല് ലക്ഷമെങ്കിലും വേണം ഈ വക കാര്യങ്ങള്‍ റിപ്പെയര്‍ ചെയ്യാന്‍.. ഇല്ലാത്തെ കാശെടുത്ത് രണ്ട് ലക്ഷം രൂപ കൊടുത്ത് വീ‍ട് പെയിന്റടിച്ചു. 

ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു, ഈ ഇടക്കാലത്ത് പെയിന്റടി ഒഴിവാക്കാം, പൂമുഖത്തും പോര്‍ച്ചിലും ഒരു കോട്ടടിച്ച് മിനുക്കിയാല്‍ മതി. അവള്‍ സമ്മതിച്ചില്ല... ആരെക്കാണിക്കാനാണ് ഈ മോടി പിടിപ്പിക്കല്‍. അവള്‍ക്കിനി വല്ല സംബന്ധക്കാരുമുണ്ടാകുമോ ഇതൊക്കെ കാണിച്ചിട്ട് ഗമ കാണിക്കാന്‍.. വയസ്സുകാലത്ത് രോഗം വന്നാല്‍ ചികിത്സ നേടാനും മറ്റുമുള്ള നീക്കിയിരുപ്പില്‍ നിന്നാണ് ശൈത്താന്‍ കീ ബച്ചീ ഈ പണിയൊക്കെ ചെയ്ത് വെച്ചത്.... 

ഞാനേതായാലും ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു... ഈ വീട് വിറ്റാല്‍ നല്ലൊരു തുക കിട്ടും.. അത് കൊണ്ട് ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ പത്താമത്തെ നിലയില്‍ എനിക്ക് ഒരു 2 ബെഡ് റൂം ഫ്ലാറ്റും, അഞ്ചാമത്തെ നിലയില്‍ എന്റെ പെണ്ണിന് ഒരു 3 ബെഡ് റൂം ഫ്ലാറ്റും വാങ്ങണം, ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കണം.. ഒരു മെര്‍സീഡിസ്സ് കാര്‍ വാങ്ങണം, ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എറണാംകുളത്തും.. “എന്തിനാ ഈ പിള്ളേര്‍ക്ക് വേണ്ടി നമ്മല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും സ്വത്തും സ്വരൂപിച്ച് വെക്കുന്നത്...?”  കോടതിയില്‍ പോയാല്‍ ജീവനാംശം കിട്ടും.. ആ തുകയെങ്കിലും പിള്ളേര്‍ക്ക് ഈ വൃദ്ധന് തന്നുകൂടെ...? 

നാളെ തന്നെ സ്കൈ ലൈനില്‍ വിളിച്ച് നെഗോഷ്യേറ്റ് ചെയ്യണം.. ചെറിയ പോക്കറ്റ് മണി എന്റെ പാറുകുട്ടിക്കും കൊടുക്കണം. എന്നെ സ്നേഹിക്കുന്നവളാണവള്‍. ഏതുപാതിരാക്കും എന്തുവേണമെങ്കിലും എനിക്കുണ്ടാക്കിത്തരും സ്നേഹത്തോടെ. അത്തരമൊരുത്തിക്ക് എന്തെങ്കിലും കൊടുക്കേണ്ടത് അനിവാര്യമാണ്.. 

കുന്നംകുളത്ത് എന്റെ തറവാട്ടിലും എനിക്ക് ഒരു പിടി മണ്ണുണ്ട്. അവിടെ ഒരു രണ്ടുമുറി തട്ടിക്കൂട്ട് വീട് പണിയണം, എന്റെ മയ്യത്ത് അവിടെ കബറടക്കണം... തൃശ്ശൂരാകുമ്പോള്‍ പ്രേതവിഹാരങ്ങള്‍ക്ക് രസമുണ്ടാവില്ല, നാട്ടിലാണെങ്കില്‍ തന്തയും തള്ളയും ആ മണ്ണിലുണ്ടാകുമല്ലോ...?  ആര് എപ്പോ ചാകുമെന്നൊന്നും നമുക്കറിയില്ല, എന്നിരുന്നാലും മണ്ണടിയുന്നതിന് മുന്‍പ് മോഹങ്ങള്‍ ബാക്കി വെക്കരുതല്ലല്ലോ...?  

എന്റെ അമ്മയെഴുതി റജിസ്റ്റര്‍ ചെയ്ത മരണ പത്രപ്രകാരം എനിക്കും എന്റെ മകനും അവിടെ ഒരു പിടി മണ്ണുണ്ട്, അതെല്ലാം വേണ്ടപോലെ അതിര് തിരിച്ച് വേലി കെട്ടി സംരക്ഷിക്കണം. വല്ലപ്പോഴും അവിടെ പോയി താമസിക്കുമ്പോള്‍ ഇഹലോകവാസം  വെടിഞ്ഞ അച്ചനമ്മമാര്‍ക്ക് അന്തിത്തിരിയെങ്കിലും വെക്കാമല്ലോ..? 

ഈശ്വരോ രക്ഷതു...

please note this link where i wrote earlier about OOTTHAPPAM - http://jp-smriti.blogspot.in/2011/06/blog-post_30.html

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

തിരുവാതിരക്ക് ഈ പെണ്‍ പടയുടെ കൂട്ടത്തില്‍ ഇരുന്ന് ചായ മൊത്തിക്കുടിക്കാന്‍ രസമാണ്. പിന്നെ ഞാന്‍ ഓരോ തമാശ പൊട്ടിച്ച് വെടി പറയും. കഴിഞ്ഞ തിരുവാതിരക്ക് ഒരുത്തിയോട് ചോദിച്ചു ..”ഈ എട്ടങ്ങാടിപ്പുഴുക്കില്‍ എന്തൊക്കെയാണ് ചേര്‍ക്കുക. എട്ട് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മസ്റ്റ് ആണ്...” പലരും ഇരുട്ടില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ ഞാന്‍ സുധേട്ടന്‍ എന്ന മേല്‍ ശാന്തിയോട് ചോദിച്ചു. ശാന്തിച്ചേട്ടനും ശരിയായൊരു വിവരം തന്നില്ല, അതിന്റെ മുന്നെത്തെ കൊല്ലം ഞാന്‍ ഇതേ ചോദ്യം ശോഭ ടീച്ചറോട് ചോദിച്ചിരുന്നു. ടീച്ചര്‍ കൃത്യമായി പറഞ്ഞ് തന്നു.. എല്ലാം റെക്കോഡ് ചെയ്യാറുണ്ട്, അതിനാല്‍ പെണ്‍ പട തെറ്റായതൊന്നും പറയാറില്ല, അവര്‍ക്ക് പേടിയാണ് നാലാള്‍ കേട്ടാല്‍ മോശമല്ലേ...?

ajith said...

പലവിധപദ്ധതികളാണല്ലോ. ഏറ്റവും ഉത്തമമായതുമാത്രം താങ്കള്‍ക്ക് ഭവിക്കട്ടെ. ആശംസകള്‍

Cv Thankappan said...

തിരുവാതിര വിശേഷങ്ങള്‍ അസ്സലായി.
എല്ലാമൊടുങ്ങുമ്പോള്‍ ഒരുപിടി മണ്ണിന്‍റെ അവകാശിമാത്രം നമ്മള്‍!..
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നിട്ടാ ഒരു പദ്ധതികളും നടപ്പാക്കുന്നില്ലല്ലോ ജയേട്ടാ