റീത്ത ചേച്ചീ..... ഞങ്ങള്‍ക്ക് ഒന്നും വേണ്ട. ഞങ്ങള്‍ പ്രാതല്‍ കഴിച്ചിട്ടാ വന്നത് .... വയ്യാതെ കിടക്കുന്ന ആളെ കാണാനാ ഞങ്ങള്‍ വന്നത്......
ചേച്ചി അവിടെ കിടക്കൂ....
ചെച്ചിക്കെങ്ങിനെ കിടക്കാന്‍ പറ്റും.... എനിക്കൊന്നും ഇല്ല.... ഉണ്ണിക്കു കട്ടന്‍ ചായ ഇട്ടു തരാം.... രാഖിക്കും പ്രവീണിനും എന്തെങ്കിലും കൊടുക്കേണ്ടേ.... വയ്യാത്ത ചേച്ചി അടുക്കളയിലേക്കോടി....പണ്ടൊക്കെ ഒരുപാടു പണിക്കാരും, മോളും മോനും എല്ലാം വീട്ടിലുണ്ടായിരുന്ന കാലം ഞങ്ങള്‍ അയവിറക്കി......
ഇന്നത്തെ കാലം പണിക്കാരെ കിട്ടാനില്ല.... മുറ്റമടിക്കാനും, തെങ്ങ് കയറാനും ആരും ഇല്ല.....
അടുക്കളയിലേക്ക് ചേച്ചിയുടെ കൂടെ അനിയത്തി ബീനയും, ഞാനും പോയി.... വയ്യാതെ കിടക്കുന്ന ആളോടു പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..... അവര്‍ക്ക് ഞങ്ങള്‍ക്കെന്തെങ്ങിലും തരണം.....
പണ്ടു ഞങ്ങള്‍ അവിടെ ഇടയ്ക്ക് പോയി താമസിക്കാറുണ്ട്.... ചേച്ചിയുടെ ഭര്‍ത്താവ് നാരായണേട്ടനും നല്ല സല്കാരപ്രിയനാണ്.... ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രായമായി.... നാരായണേട്ടന് ചെറുപ്പം പോലെ തോന്നും.... അറുപത്തഞ്ചു കഴിഞ്ഞാലും ആള് മുടിയൊക്കെ കറുപ്പിച്ചു ഒരു നാല്പത്തഞ്ചു കാരനെ പോലെ ഇരിക്കുന്നു.... അറുപതു കഴിഞ്ഞ ഞാന്‍ എഴുപത്തഞ്ചു കഴിഞ്ഞവനെ പോലെയും.......
ചേച്ചി അടുക്കളയില്‍ നിന്ന്, വയ്യെങ്കിലും നാരങ്ങ വെള്ളവും, ചായയും , ചക്ക അലുവയും, കായവറുത്തതും എല്ലാം കൊണ്ടുവന്നു...... ഞങ്ങള്‍ എല്ലാം കഴിച്ചു...... കഴിചില്ലെങ്കില്‍ ചേച്ചിക്ക് വിഷമമാണ്......
ഞങ്ങള്‍ വേഗം തിരിയ്ക്കാനുള്ള പരിപാടിയായി.... അല്ലെങ്കില്‍ ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ടേ വിടൂ.....ചേച്ചിയുടെ കൂടെ കുറച്ചു നേരം ഇരിക്കണമെന്നുണ്ട്.... പക്ഷെ നിവൃത്തിയില്ല..... ഞങ്ങളെ സ്നേഹിച്ചു കൊല്ലും.... അത്ര ഇഷ്ടമാണ് ഞങ്ങളെ..... സ്വന്തം അനിയത്തിയുടെ ആള്‍ക്കാരല്ലേ ഞാനും കൂടെയുള്ള എന്റെ മോളും, അവളുടെ കെട്ടിയോനും......പ്രകൃതി സുന്ദരമായ ആലപ്പാട്ട് നിന്ന്‍ പെട്ടെന്ന് പോരനോന്നും തോന്നില്ല പട്ടണത്തില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക്......
പണ്ടു ഞങ്ങള്‍ അവിടെ താമസിക്കാന്‍ പോകുമ്പോള്‍ തോട്ടില്‍ പോയി കുളിക്കും...തുരുത്തില്‍ പോയി ഇളനീര്‍ ഒഴിച്ച് അതില്‍ ‘ബ്രാണ്ടി’ ചേര്‍ത്ത് കഴിക്കും..... രാത്രി ഇറച്ചിയും കായല്‍ മീനും, ഞണ്ടും മറ്റു വിഭവങ്ങളും.... തെങ്ങിന്‍ കള്ളും എല്ലാം ഉണ്ടാകും..... കുടിയും തീറ്റയും.... ഉറക്കവും.... കുളിയും.... ഹാ എന്തൊരു രസമുള്ള നാളുകളായിരുന്നു.....
ഞാന്‍ ആലപ്പാട്ടെ പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കി..... ഒരു ഗോപിയേട്ടന്‍ ഉണ്ടായിരുന്നു.... അദ്ദേഹത്തെ കാണാന്‍ മറന്നു പോയി.....
ഞങ്ങള്‍ വന്നെന്നു കേട്ടാല്‍ ഗോപിയേട്ടനും കൂട്ടരും വരും...... ഇന്നു അവിടെ വരാന്‍ ആരും ഇല്ല.....
ചേച്ചിയുടെ മോളുടെ കല്യാണം കഴിഞ്ഞു തൃശൂരിലാണ് താമസം.... മോന്റെ കല്യാണം കഴിഞ്ഞു ..... കുട്ടികളൊക്കെ ഇംഗ്ലണ്ടിലും....ഇപ്പോള്‍ ആലപ്പാട്ട് തറവാട്ടില്‍ അച്ഛനും അമ്മയും മാത്രം..... മകന്റെ കുട്ടികള്‍ ചേച്ചിക്ക് സ്നേഹം പകരാനുള്ളതായിരുന്നു.... അവര്‍ അവരുടെ അച്ഛന്റെ അടുത്തേക്ക് പോയപ്പോള്‍ അച്ചമ്മയ്ക്ക് സഹിക്കാനാകുന്നില്ല്ല..... മക്കളെ കാണാനാകുന്നില്ലല്ലോ....പേരക്കുട്ടികള്‍ ഉണ്ടായിരുന്നപ്പോള്‍ ചേച്ചിക്ക് ഒരു സൂക്കെടും ഉണ്ടായിരുന്നില്ല....ഇപ്പോള്‍ ഒന്നിനും ഒരു ഉഷാറില്ല....
പേരക്കുട്ടികള്‍ക്ക് എന്നും ചേച്ചിയുടെ കൂടെ കഴിഞ്ഞാല്‍ പറ്റുമോ? ..... അതും കാര്യമാ.....ചേച്ചി നെടുവീര്‍പ്പിട്ടു......
ഞങ്ങള്‍ യാത്രയായി.....
4 months ago
1 comment:
ആശംസകള്‍
അഭിനന്ദനങ്ങള്‍
Post a Comment