Thursday, May 13, 2010

എന്റെ പാറുകുട്ടീ……… നോവല്‍ - ഭാഗം 37


മുപ്പത്തിആറാം ഭാഗത്തിന്റെ തുടര്‍ച്ച…
http://jp-smriti.blogspot.com/2010/05/36.html

പാര്‍വ്വതി ശരിക്കും ഉറങ്ങിയില്ല. പതിവില്ലാത്ത വിധം 51/2 മണിക്കെഴുന്നേറ്റുകുളിച്ചു. കാപ്പി കുടിച്ച് ഏഴുമണിയോടെ തന്നെ തറവാട്ടിലെത്തി.

വീടിന്റെ കിടപ്പ് കണ്ട് അത്ഭുതപ്പെട്ടു പാര്‍വ്വതി. ഞാനുണ്ടായിരുന്ന കാലത്തേക്കാളും വൃത്തിയും വെടിപ്പും. ആള്‍ താമസമില്ലാത്ത വീടാണെന്ന് തോന്നില്ല. മുറ്റത്തൊരു പുല്ല് പോലുമില്ല. ഉമ്മറമടിച്ച് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. മാറാല എന്നൊരു സാധനം പോലും ഒരിടത്തും കാണാനില്ല. ചവിട്ട് പടിയില്‍ ഉണ്ണിയേട്ടനെ പ്രതീക്ഷിച്ച് ഒരു കിണ്ടി വെള്ളം തയ്യാര്‍.മുറ്റമടിച്ച് ജാനു പോയിക്കാണും.

പാര്‍വ്വതി പറമ്പില്‍ ചുറ്റി നടന്നു. പറമ്പ് മൊത്തം കിളച്ച്, തെങ്ങിനെല്ലാം തടം എടുത്തിരിക്കുന്നു. മാട്ടം മാടിയിട്ടുണ്ട്. ഞാണ്ട് കിടക്കുന്ന മിക്ക കുലകള്‍ക്കും മുട്ട് കൊടുത്തിരിക്കുന്നു. ചകിരിയെല്ലാം പലയിടത്തായി തെങ്ങിന്റെ കടയില്‍ കത്തിച്ചിരിക്കുന്നു. വിറക് കൂടുതല്‍ ഉള്ളതിനാല്‍ ഒരു താല്‍ക്കാലിക ഷെഡ് കെട്ടി അതില്‍ സൂക്ഷിച്ചിരിക്കുന്നു.


“താല്‍ക്കാലിക ഷെഡ് ????!!!!!!!!!!!!!!!!!!!!!!“

“ പാര്‍വ്വതി അല്പനേരത്തേക്ക് പണ്ടത്തെ ഒരു സംഭവം അയവിറക്കി”


"ഉണ്ണിയേട്ടന്‍ എന്നെ വിറകും നെല്ലും എല്ലാം കൂട്ടിയിരുന്ന പത്തായപ്പുരയില്‍ വെച്ച് ആദ്യമായി എന്നെ കീഴടക്കിയ ദിവസം. ഞാന്‍ പരമാവധി എതിര്‍ത്തെങ്കിലും ആ ഉരുക്കുമുഷ്ടിക്കുള്ളില്‍ ഞാന്‍ ഞാനല്ലാതെയായി. എന്നിലെ സ്ത്രീ ഉണര്‍ന്നു. അവസാനം എനിക്ക് സ്വര്‍ഗ്ഗീയാനുഭൂതി അനുഭവപ്പെട്ടു. കടിച്ചും മാന്തിയും പിച്ചിയും ഉമ്മവെച്ചും, ഉണ്ണിയേട്ടന്റെ നഖ:ക്ഷതം ഏല്‍ക്കാത്ത ഒരു ഇടവും എന്റെ ശരീരത്തിലുണ്ടായിരുന്നില്ല അന്ന്. മേലാകെ ചുട്ടുനീറിയതും കുളിക്കാന്‍ നേരത്ത് തണുത്ത വെള്ളം ശരീരത്ത് കോരിയൊഴിച്ചപ്പോള്‍ ഞാന്‍ സഹിച്ച വേദനയും മറ്റൊരുതരത്തിലുള്ള ആനന്ദവും.!!!! എല്ലാം ഇന്നെലെയായിരുന്നു എന്ന ഒരു തോന്നല്‍ !!!!"


ഉണ്ണിയേട്ടന്‍ ഒരു പക്ഷെ ഇതൊക്കെ കാണിച്ച് തന്നിട്ട് എന്നോട് പറയും.

“നോക്കൂ പാര്‍വ്വതി നീ ഇവിടെയില്ലാത്തപ്പോള്‍ കണ്ടോ എത്രമാത്രം വൃത്തിയാണ് ചുറ്റുപാടുകള്‍. നീയൊരു പണിയുമെടുക്കാതെ വെറുതെ എന്നോട് എപ്പോഴും തല്ല് കൂടി നടക്കാനെ നിനക്ക് നേരമുണ്ടാകൂ………”

ഇത് മിക്കാവാറും എന്നെക്കൊണ്ട് കേപ്പിക്കുന്ന പോലെത്തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്. എന്തൊക്കെ കേക്കണം ഇനി ഉണ്ണ്യേട്ടന്‍ വന്നാല്‍.

“ഞാന്‍ ഇനി അമ്മയുടെ അസ്ഥിത്തറയുടെ ഭാഗത്ത് ഒന്ന് എത്തി നൊക്കട്ടെ………..”
ആഹാ ഒരു ഇല പോലും ഇല്ലാ. പണ്ട് ഞാനുള്ളപ്പോള്‍ വിളക്ക് വെക്കാന്‍ പോകുമ്പോള്‍ ചവറ് കൂന കാണുമ്പോള്‍ എനിക്ക് പേടിയാകാറുണ്ട്.
ഇപ്പോള്‍ എല്ലാ അടിച്ച് വൃത്തിയായിരിക്കുന്നു. ജാനു സ്വന്തമായി ഇങ്ങിനെയൊന്നും ചെയ്ത് കാണില്ലാ. അവളുണ്ടായിരുന്നല്ലോ പണ്ടും എന്റെ കൂടെ.
ഇത് ആരോ അവളോട് പറഞ്ഞ് ചെയ്യിപ്പിച്ച പോലെ തോന്നുന്നു. ഇന്നെലെ വിളക്ക് കത്തിച്ച തിരിയുടെ അവശിഷ്ടം ബാക്കി. മറ്റെല്ലാം ക്ലീന്‍ ക്ലീന്‍…

“പാര്‍വ്വതി ഇത്ര നേരം ചുറ്റിനടന്നിട്ടും ആരെയും കാണാനായില്ല. തിരിച്ച് പോകാന്‍ തുനിഞ്ഞപ്പോള്‍ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് എന്തോ അനക്കം കേട്ടു………..”

ചെന്ന് നോക്കിയപ്പോള്‍ ജാനു അവിടെ ഇരുന്ന് കഞ്ഞികുടിക്കുന്നു.

“ജാനുവിന് പാറുകുട്ടിയെ കണ്ടപ്പോള്‍ സന്തോക്ഷമായി”

“എവിടാരുന്നു ഇത്രയും നാളെന്റെ പാറൂട്ടീ.എന്നാലും ന്നെ കാണാന്‍ ഇപ്പൊളെങ്കിലും വരാന്‍ തോന്നീലോ. ഇനി പോണ്ട എങ്ങോട്ടും. ഉണ്ണ്യമ്പ്രാനില്ലെങ്കിലും മ്മ്ക്ക് ഇവിടെ താമസിക്കാം. “

അതൊന്നും പറ്റില്ല ജാനു. ഉണ്ണ്യേട്ടന്‍ വന്ന് എന്നെ കൂട്ടികൊണ്ടരാണ്ട് ഞാനെങ്ങിനെയാ വരാ.

“എന്തിനാ അങ്ങനെ കൂട്ടിക്കൊണ്ടരേണ്ടത്. ഇത് പാറൂട്ടിയൂടെയും കൂടിയുള്ള വീടല്ലേ…?”

സംഗതി ഒക്കെ ശരിയാ എന്റെ പാറൂ.. ഉണ്ണ്യേട്ടന്‍ വരട്ടെ. അല്ലാതെ ഒന്നും ശരിയാകില്ല.

“അപ്പോ എപ്പളാ തമ്പ്രാന്‍ വരുന്നത് പാറൂ…………..”
അടുത്ത് തന്നെ വരും………

“പണി കഴിഞ്ഞാല്‍ നീ നിന്റെ വീട്ടിലേക്ക് പോവില്ലേ…?
നല്ല ചേലായി. എനിക്ക് ഇവിടെ നിന്ന് സന്ധ്യക്ക് വിളക്ക് വെച്ചതിന് ശേഷമേ പോകാന്‍ പാടുള്ളൂ. ഇവിടെ വൈകുന്നേരം കിടക്കാന്‍ കമ്പനീന്ന് ഒരു ശിപ്പായി വരും.
കാലത്ത് ഞാന്‍ മുറ്റമടിക്കാന്‍ വന്നാലേ അയാള്‍ തിരിച്ച് പോകൂ…..

“വീടും പറമ്പും എല്ലാം വൃത്തീല്‍ വെച്ചിട്ടുണ്ടല്ലോ? നീ പണ്ടൊന്നും ഇങ്ങനെ വെക്കാറില്ലല്ലോ? ഇപ്പോ എന്തുപറ്റി നിനക്ക്. പണ്ട് ആരെ പേടിക്കാന്‍ അല്ലേ. ഞാനും എന്റെ അമ്മയും മാത്രമല്ലോ നിന്നോട് ഇത്തരം കാര്യങ്ങള്‍ പറയുവനുണ്ടായിരുന്നുള്ളൂ അല്ലേ…”

ജാനും ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നതേ ഉള്ളൂ……..

“പറയൂ ജാനൂ ആരാ നിന്നെ ഇങ്ങനെയെല്ലാം ചെയ്യാന്‍ പറഞ്ഞത്….”

എല്ലാ ആഴ്ചയിലും ആപ്പീസീന്ന് ശങ്കരന്‍ സാറ് വരും. ആഴ്ചയില് ആഴ്ചയിലാണ് എനിക്ക് കൂലി തരാറ്. എല്ലായിടവും ചുറ്റി നടന്ന് അടുത്ത ആഴ്ചക്കുള്ളില്‍ ചെയ്യേണ്ട പണിയെല്ലാം എന്നോട് പറയും.
ആള്‍ കാണണ പോലെയല്ല. ഒരു പുലിയാണ്. കളിതമാശയൊന്നും ശങ്കരന്‍ സാറിനോട് പറ്റില്ല.

ഒരു ദിവസം നിര്‍മ്മലക്കൊച്ച് വന്നിരുന്നു.

“ആ പേര്‍ കേട്ടതും പാറുകുട്ടിയുടെ ഉള്ളം ഇടി വെട്ടേറ്റത് പോലെയായി.”

എന്തിനാ അവള്‍ ഇങ്ങോട്ട് വന്നേ. എന്നാ വന്നേ………… അവള്‍ ബേങ്കളൂരല്ലേ………… ജാനൂ………..

“നിര്‍മ്മലക്കൊച്ചിന്റെ അഛന്‍ വയ്യാണ്ട് വന്നതാണത്രേ. അന്ന് ആപ്പീസില്‍ ശങ്കരേട്ടനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കൂലി തരാന്‍ വന്നതാണ് നിര്‍മ്മലക്കൊച്ച്……..”

പാവം നിര്‍മ്മലക്കൊച്ച്…ഇവിടുത്തെ ആപ്പീസില്‍ പണിയെടുത്തിരുന്ന കാലത്ത് പൂവന്‍ പഴം പോലെ ഇരുന്നിരുന്ന കൊച്ചാണ്. ഇപ്പോട് മൊകക്കെ വാടിക്കരിഞ്ഞപോലെയായി. എന്തോ സോക്കേട് വന്നപോലെ.

എന്നോട് ചകിരി ചുടാനും ഷെഡ്ഡ് കെട്ടി വിറകുകല്‍ അടക്കിവെക്കാനും, മാറാല തട്ടാനുമെല്ലാം ആ കൊച്ചാ പറഞ്ഞത്..

ശങ്കരന്‍ സാറ് പറഞ്ഞു എന്നോട് പുറം പണിക്ക് പോകാന്‍ പാടില്ലാ എന്ന്. ആള്‍ ഒരു മുന്നറിയിപ്പുമില്ലാ‍തെ ചിലപ്പോള്‍ വന്നിട്ട് കാര്യങ്ങളെല്ലാം അന്വേഷിക്കും. ഇക്കൊല്ലം വട്ടന്‍ പണിതില്ല. എന്റെ വല്യച്ചന്‍ പണിതോളാം എന്ന് പറഞ്ഞു. പിന്നെ ഞങ്ങളെല്ലാം കൂടി കളപറിക്കലും കൊയ്തും എല്ലാം ഏല്‍ക്കാമെന്ന് പറഞ്ഞിട്ടും ശങ്കരന്‍ സാറ് കൂട്ടാക്കീല.

നടാടെയാണ് വട്ടന്‍ പണിയാതെ ഇരിക്കുന്നത്. പാറുകുട്ടി ഇവിടെ ജീവനോടെയിരുന്നിട്ടും ഇത്രനാളും ഇങ്ങോട്ടൊന്ന് വരാതിരുന്നതും കാര്യങ്ങളൊന്നും അന്വേഷിക്കാതിരുന്നതും ശരിയായില്ല കേട്ടോ. പാടം പണിയാതെ കിടന്നാല്‍ മരിച്ച് പോയ കാരണവന്മാര്‍ ശപിക്കും. അത് പിന്നെ ഇപ്പോള്‍ ഉള്ളോര്‍ക്ക് കൊഴപ്പമാകും – ഞാനും അതിനൊരു ഭാഗവാക്കായല്ലോ എന്റെ മുത്തപ്പാ…………. ജാനു തേങ്ങി……….

“ഞാന്‍ പോയി വരാം ജാനു.. ഇനി ഇടക്കിടക്ക് വരാം………”

പാര്‍വ്വതിക്ക് ജാനുവിന്റെ രോദനം കേട്ട് വളരെ വിഷമം തോന്നി. പക്ഷെ എനിക്കൊന്നും ചെയ്യാനാവില്ലല്ലോ. അങ്ങിനെയല്ലേ ഉണ്ണ്യേട്ടനെന്നോട് ചെയ്തത്.

എന്നിരുന്നാലും എനിക്ക് വന്ന് ഇവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. അത് എന്റെ കുറ്റം.

“പാര്‍വ്വതി പിന്നീട് മിക്ക ദിവസവും തറവാട്ടില്‍ പോയിക്കൊണ്ടിരുന്നു. പക്ഷെ ഉണ്ണിയുടെ വരവ് അങ്ങിനെ നീണ്ട് നീണ്ട് പോയി.”

ഒരു ദിവസം യാതൊരു മുന്നറിയിപ്പില്ലാതെ പാര്‍വ്വതി ഓഫീസില്‍ ചെന്ന് കയറി.

“പാര്‍വ്വതിയുടെ വരവ് ശങ്കരേട്ടന്‍ പ്രതീ‍ക്ഷിച്ചിരിക്കുകയായിരുന്നു.”

“ശങ്കരേട്ടാ എനിക്ക് അത്യാവശ്യമായി ഉണ്ണിയേട്ടനോട് സംസാരിക്കണം. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ…“

“ഞാന്‍ ഇവിടെത്തന്നെ ഇരിക്കാം.“

ഉണ്ണിയെ വിളിക്കണം എന്ന് പറഞ്ഞപ്പോള്‍ ശങ്കരന്‍ അല്പം പരുങ്ങാതിരുന്നില്ല.

എപ്പോഴും ലണ്ടനിലേക്ക് വിളിക്കരുതെന്ന് ഇന്നാള്‍ സാറ് പറഞ്ഞത് ശങ്കരന്‍ ഓര്‍ത്തു. ഇത് സ്വന്തം ഭാര്യപോലെയൊരുത്തി പറഞ്ഞാല്‍ അതുമിതും പറഞ്ഞൊഴിയാന്‍ പറ്റുമോ? അതും വിദ്യാഭ്യാസ സമ്പന്നയായ ഒരു കൊച്ച്..
ഭാവിയില്‍ ഒരു പക്ഷെ ഇവളുടെ ഒക്കെ കീഴിലായിരുക്കുമല്ലോ ഈ പാവത്തിന്റെ ജോലി. അക്ഷരാര്‍ത്ഥത്തില്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ഈ വ്യക്തി.. എനിക്ക് മാത്രമറിയാവുന്ന ഒരു രഹസ്യം.

“പാ‍ര്‍വ്വതി പോയി നിര്‍മ്മലയുടെ ഓഫീസ് തുറന്ന് അവിടെ ഇരുന്നു. ചീഫ് എക്കൌണ്ടനിനെ ഓഫീസില്‍ വിളിച്ച് വരുത്തി കുശലങ്ങളെല്ലാം ചോദിച്ചു.”

“എക്കൌണ്ടന്റ് ആകെ പകച്ചു………..”

കണക്കുകള് ഒക്കെ എങ്ങിനെ…? എല്ലാം അപ്ടുഡേറ്റ് ആണല്ലോ? ഈ വര്‍ഷത്തെ ഇന്റേണല്‍ ഓഡിറ്റ് കഴിഞ്ഞോ? ശങ്കരേട്ടന്‍ ബാലന്‍സ് ഷീറ്റില്‍ ഒപ്പിട്ടുണ്ടോ..?

ബാലന്‍സ് ഷീറ്റിന്റെ ഒരു കോപ്പി തയ്യാറാക്കി ശങ്കരേട്ടനോട് ഇനിഷ്യല്‍ ചെയ്യാന്‍ പറഞ്ഞ് എനിക്ക് കൊടുത്തയക്കണം.

“ഇടക്ക് ശങ്കരേട്ടന്‍ വന്ന് കയറി”

പാര്‍വ്വതി ഉണ്ണിയെ ഫോണില്‍ കിട്ടി. ഒരു മീറ്റിങ്ങിലാണ്. അടുത്ത മാസം ഇവിടെയെത്തുമെന്ന് അറിയിക്കാന്‍ പറഞ്ഞു.

“പാര്‍വ്വതിക്ക് സന്തോഷമായി….”

“ശങ്കരേട്ടാന് എനിക്ക് നാളെ മുതല്‍ ഓഫീസില്‍ വരണമെന്നുണ്ട്……….”

വന്നോളൂ മോളെ.. അതിനൊക്കെ എന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ…?

“അതൊക്കെ ഓഫീസ് ഡിസിപ്ലിനല്ലേ ഏട്ടാ……….”

“ഞാന്‍ നാളെ വീട്ടിലേക്ക് വണ്ടി അയക്കാം………. ഡ്രൈവര്‍ രാധാകൃഷ്ണന്‍ റൂട്ട് പറഞ്ഞ് കൊടുത്തോളൂ…………”
അല്ലെങ്കില്‍ വേണ്ട രാധാകൃഷ്ണന്‍ പാര്‍വ്വതിയെ ഇപ്പോള്‍ തന്നെ വീട്ടില്‍ വിടും. അപ്പോള്‍ പറഞ്ഞ് കൊടുത്താല്‍ മതി………

നാല് മാസത്തിന്‍ ശേഷം ഉണ്ണിയുടെ മെര്‍സീഡിസ് ബെന്‍സ് വീണ്ടും നിരത്തിലിറങ്ങി…… പാര്‍വ്വതി ബെന്‍സ് വണ്ടിയില്‍ വന്നിറങ്ങിയ വിവരം നാട്ടിലെങ്ങും പാട്ടായി. നാട്ടിലെ പിള്ളേര്‍ വണ്ടിയുടെ ചുറ്റും തടിച്ച് കൂടി………….

“പാര്‍വ്വതിക്ക് എവിടെ നിന്നോ ധൈര്യവും ആത്മവിശ്വാസവും സംഭരിക്കാന്‍ സാധിച്ചു. ഓഫീസില്‍ നടന്ന വിശേഷങ്ങളൊന്നും രക്ഷിതാക്കളെ അറിയിച്ചില്ല. “

“എന്റെ ജീവിതത്തിലെ പോരാളിയാണ് നിര്‍മ്മല. പേടിച്ച് പിന്മാറിയാല്‍ അപകടമാണ്. പാര്‍വ്വതി പൊരുതാന്‍ പ്രതിജ്ഞയെടുത്തു………..”

“മനസ്സുകൊണ്ട് അങ്കം കുറിച്ചു………..”

പാര്‍വ്വതിക്ക് ഉണ്ണിയുടെ സ്നേഹവും വേണം. നിര്‍മ്മലയെ അകറ്റുകയും വേണം. രണ്ടും കൂടി എങ്ങിനെ സാധിക്കും. ???

“എന്നെപ്പോലെത്തന്നെയല്ലേ ഉണ്ണിയേട്ടന് നിര്‍മ്മല. എന്നോടെ ഉള്ള അത്രേം സ്നേഹം നിര്‍മ്മലയോടുണ്ടോ എന്ന് ചോദിച്ചാല്‍, എനിക്ക് തന്നെ അറിയില്ല. എന്നെ ഉണ്ണ്യെട്ടന്‍ കിടപ്പറയില്‍ കയറ്റുന്നു. സ്വന്തം ഭാര്യയെപ്പോലെ എന്നെ കാണുന്നു. നിര്‍മ്മലയേയോ??? പാര്‍വ്വതിക്ക് ഉത്തരം കിട്ടാനായില്ല....എന്നിരുന്നാലും ഉള്ളം പിടഞ്ഞു...“

“ഇനി എന്നെക്കാളും ആഴത്തിലാകുമെങ്കിലോ ഉണ്ണ്യേട്ടന് നിര്‍മ്മലയോടുള്ള സ്നേഹം..?

അതാലോചിക്കുമ്പോള്‍ പാര്‍വ്വതി പരിസരബോധം മറക്കുന്നു. ഉത്തരം കിട്ടാത്ത ചോദ്യം പോലെ.

“ഏതായാലും ഈ ഉണ്ണ്യേട്ടന്‍ ചില്ലറക്കാരനല്ല. ഇനി നിര്‍മ്മലക്ക് ഉണ്ണ്യേട്ടന്റെ ധനത്തിനെയാകുമോ പ്രേമം.

യേയ് അങ്ങിനെ തോന്നുന്നില്ല. നിര്‍മ്മല പണത്തിന്റെ പിന്നാലെ പോകുന്ന ആളായി ഇത് വരെ തോന്നിയിട്ടില്ല.

“ഉണ്ണി ലണ്ടനില്‍ നിന്ന് ബേങ്കളൂരിലെ ഓഫീസിലെത്തിയതായി പാര്‍വ്വതിക്ക് വിവരം കിട്ടി……..”

പാര്‍വ്വതിയുടെ കണക്കുകൂട്ടല്‍ തെറ്റി. ഉണ്ണി നേരെ ഇവിടെ വരുന്നതിന് പകരം ബേങ്കളൂരിലെ ഓഫീസിലെത്തി.

നിര്‍മ്മല ബേങ്കളൂരിലുണ്ട്……….

“നോക്കാം എന്നാണ് ഉണ്ണ്യേട്ടന്റെ ഇങ്ങോട്ടെഴുന്നള്ളുന്നത്……….?

പാര്‍വ്വതി കാലത്ത് 8 മണിക്ക് തന്നെ ഓഫീസിലെത്താന്‍ തയ്യാറായി. പാര്‍വ്വതിയുടെ അടിവസ്ത്രങ്ങളുടെ എല്ലാം ഉണ്ണി വാങ്ങിക്കൊടുത്തിട്ടുള്ളതാണ്. അതിനാല്‍ ഏത് വസ്ത്രംധരിച്ചാലും അത് ഉണ്ണിക്ക് ഇഷ്ടപ്പെടുന്നതായിരിക്കും.

“ഓഫീസിലേക്കുള്ള ദിവസത്തിന്റെ ഹരിശ്രീ കുറിക്കുന്ന ദിവസമാണല്ലോ?
കരിംചുവപ്പുകരയുള്ള സെറ്റ് മുണ്ടും, മേച്ചിങ്ങ് ബ്ലൌസും ധരിച്ചു. മുറ്റത്തെ മുല്ലയില്‍ നിന്ന് രണ്ട് പൂക്കളും ഒരു തുളസിക്കതിരും മുടിയില്‍ തിരുകി. ചന്ദ്നക്കുറി തൊട്ടു. ഇടത് കൈയില്‍ 4 പവന്റെ തടവളയും വലത് കൈയില്‍ 4 ചെറിയ വളകളും ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള മാലയും ഇട്ടു.

“കണ്ണാടിയില്‍ പോയി നോക്കുമ്പോളെക്കും കാറിനെ ഹോണടി കേട്ടു. പോകുന്ന വഴി റീഗലിനെ അരികിലെ കടയില്‍ നിന്ന് സാരിക്ക് മേച്ച് ചെയ്യുന്ന ഒരു ചെരിപ്പ് വാങ്ങിയണിഞ്ഞു.”

പാര്‍വ്വതി ചെരിപ്പുകടയിലെ വലിയ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി……… ഞാന്‍ ഇത്ര സുന്ദരിയാണോ? ഏതായാലും നിര്‍മ്മലച്ചേച്ചിയുടെ അത്ര ഇല്ല...

“പാര്‍വ്വതിയുടെ വാഹനം കൃത്യസമയത്ത് ഓഫീസ് അങ്കണത്തില്‍ എത്തി. ശങ്കരേട്ടനും ജീവനക്കാരും ആരതിയുഴിഞ്ഞ് പാര്‍വ്വതിയെ വരവേറ്റു…”

പാര്‍വ്വതി ഓഫീസില്‍ വരാന്‍ തുടങ്ങിയതിനാല്‍ ജീവനക്കാര്‍ക്ക് അല്പം പേടി തോന്നാതിരുന്നില്ല. പാറ്വ്വതി ആരാണെന്നും ഉണ്ണിയുമായുള്ള ശരിക്കുമുള്ള ബന്ധമെന്നാണെന്നും ശങ്കരേട്ടനുള്‍പ്പെടെ ആര്‍ക്കും അറിയുകയില്ലാ എന്നത് മറ്റൊരു സത്യം. പക്ഷെ എന്തോ അജ്ഞാതമായ അടുപ്പം പാര്‍വ്വതിയോട് ഉണ്ട് എന്നുള്ളത് പലര്‍ക്കുമറിയാം. അതിനാല്‍ ഇനി എന്താണ് ഓഫീസില്‍ നടക്കുവാന്‍ പോകുന്നതെന്നറിയാന്‍ ജീവനക്കാര്‍ക്ക് ആശങ്കയായി………….

അകു: അക്ഷരത്തെറ്റുകളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ തിരുത്താം.


COPYRIGHT 2010 RESERVED


4 comments:

ജെ പി വെട്ടിയാട്ടില്‍ said...

വീടിന്റെ കിടപ്പ് കണ്ട് അത്ഭുതപ്പെട്ടു പാര്‍വ്വതി. ഞാനുണ്ടായിരുന്ന കാലത്തേക്കാളും വൃത്തിയും വെടിപ്പും. ആള് താമസമില്ലാത്ത വീടാണെന്ന് തോന്നില്ല. മുറ്റത്തൊരു പുല്ല് പോലുമില്ല. ഉമ്മറമടിച്ച് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. മാറാല എന്നൊരു സാധനം പോലും ഒരിടത്തും കാണാനില്ല. ചവിട്ട് പടിയില് ഉണ്ണിയേട്ടനെ പ്രതീക്ഷിച്ച് ഒരു കിണ്ടി വെള്ളം തയ്യാര്.മുറ്റമടിച്ച് ജാനു പോയിക്കാണും.

mini//മിനി said...

ഓർമ്മകൾ ഉണർത്തുന്ന നോവൽ നന്നായിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

മിനി ടീച്ചറേ

ഇത് ഓര്‍മ്മകളാണെന്ന് എങ്ങിനെയാണ് ടീച്ചറ്ക്ക് തോന്നിയത്. എല്ലാ കഥകളും ഓര്‍മ്മകളാണോ ?

ശോഭനം said...

നന്നായിരിക്കുന്നു.ആശംസകള്‍