Friday, July 22, 2011

മോളേ നേനക്കുട്ടീ നീയെവിടെ

ഞാന്‍ എന്റെ നേനക്കുട്ടിയെ ഇന്നും കൂടി ഓര്‍ത്തു. അവളെ ഒന്ന് കാണാനായില്ലല്ലോ ഇത് വരെ. അവളുടെ ഉപ്പ എത്രയും വേഗത്തില്‍ അവളെ ഇവിടെ എന്റെ വീട്ടില്‍ കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് നാളേറെയായി. എനിക്കാണെങ്കില്‍ ശരീര സുഖം പോരാ. ഈ കര്‍ക്കിടകം കഴിയുമ്പോളേക്കും ഞാന്‍ മയ്യത്താകും എന്നാണ്‍ എന്റെ ഒരു കണക്കുകൂട്ടല്‍.


നേനക്കുട്ടിയുടെ വീട് എന്റെ ചെറുവത്താനിയിലുള്ള തറവാട്ടില്‍ നിന്ന് കഷ്ടിച്ച് 3 കിലോമീറ്ററും ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്റെ തൃശ്ശിവപേരൂരിലെ വീട്ടില്‍ നിന്ന് 33 കിലോമീറ്ററും മാത്രമേ ഉള്ളൂ.. അവളെ അവളുടെ തൊഴിയൂരിലുള്ള വീട്ടില്‍ പോയി ചില സാങ്കേതിക കാരണങ്ങളാല്‍ പോകാനെന്റെ മനസ്സ് അനുവദിച്ചില്ല ഇത് വരെ. ഇനി എനിക്ക് കാത്തിരിക്കാനാവില്ല.

കഴിഞ്ഞ ദിവസം ഞാനാലോചിച്ചു നേനക്കുട്ടി പഠിക്കുന്ന സ്കൂളില്‍ പോയി കണ്ടാലോ എന്ന്. ആ സ്കൂള്‍ എന്റെ പണ്ടത്തെ ഞമനേങ്ങാട്ടെ തറവാട്ടിന്റെ മുറ്റത്താണ്‍ പണിതിരിക്കുന്നത്. അവിടെ പോയി പ്രിന്‍സിപ്പലിനെ കണ്ടാല്‍ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. പക്ഷെ എന്തോ അവിടെക്കും എനിക്ക് പോകാനായില്ല.

മനസ്സും ശരീരവും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ല ഇത് വരെ. നേനക്കുട്ടി ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ അടുത്തുള്ള എന്റെ പിതാവിന്റെ [പരേതനായ വി. സി. കൃഷ്ണന്റെ ജന്മഗൃഹമായ തറവാട്ടില്‍ നിന്ന് കാല്‍ നടയായിട്ടാണ്‍ ഞാന്‍ വടുതല സ്കൂളിലേക്ക് പഠിക്കാന്‍ പോയിരുന്നത്.

ആ വീട്ടില്‍ നിന്ന് ഞാന്‍ സ്കൂളില്‍ പോകുന്ന കാലം മനസ്സില്‍ കണ്ടുകൊണ്ട് ഒരിക്കല്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതുകയും അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരികയും ഉണ്ടായി.

http://jp-smriti.blogspot.com/2009/07/blog-post.html

ഈ നേനക്കുട്ടി എന്റെ മനസ്സില്‍ ഓടിയെത്തുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ ബാല്യം പൊട്ടി വിടരുന്നു. എത്രയെത്ര ഓര്‍മ്മകളുള്ള മണ്ണാണ്‍ നേനക്കുട്ടിയുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞമനേങ്ങാട്. പണ്ടത്തെ മലബാറിലാണ്‍ ഞമനേങ്ങാട്.

ഞമനേങ്ങാട് വട്ടമ്പാടം, നായരങ്ങാടി, വൈലത്തൂര്‍, തൊഴിയൂര്‍, കപ്ലിയങ്ങാട്, വടുതല, ചെറുവത്താനി, കൊച്ചന്നൂര്‍ മുതലായ ഗ്രാമങ്ങളെല്ലാം ഞാന്‍ ഇപ്പോളും ഓര്‍മ്മിക്കുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ ചെറുവത്താനിയിലുള്ള തറവാട്ടിലിരിക്കുമ്പോള്‍ ശ്രീരാമന്റെ ഒരു സുഹൃത്ത് എന്നോട് കുശലം പറയുവാനെത്തി.

“ഉണ്ണ്യേട്ടനല്ലേ…? എന്നെ ഓര്‍മ്മയുണ്ടോ…?”

അദ്ദേഹം സ്വയം പരിചയപ്പെടുത്തി. “ഞാന്‍ തത്താലേ വീട്ടിലുള്ളതാ”

[എനിക്ക് പേര്‍ ഓര്‍മ്മയില്ല ഇപ്പോള്‍]

“ഓ….. എനിക്കോര്‍മ്മയുണ്ട്… തത്താലേ പാത്തുട്ടിയെ. ഞങ്ങളുടെ വീട്ടിന്റെ തെക്കേ വീടായിരുന്നു പാത്തുട്ടിയുടെ.”

എന്റെ ചെറുപ്പത്തില്‍ ഞാനും എന്റെ കസിന്‍സായ ഹേമയും ഉമയും എല്ലാം കൂടി പാത്തുട്ടിയുടെ വീട്ടില്‍ പോകുമായിരുന്നു.

അന്നൊക്കെ മുസ്ലീം പെണ്‍കുട്ടികള്‍ പാവാടയും, ബ്ലൌസും തട്ടവും ഇട്ട് നടക്കുമ്പോള്‍ കാണാന്‍ എന്തൊരു ചന്തമായിരുന്നു. ഞങ്ങളവിടെ പോകുമ്പോള്‍ അവിടുത്തെ ഉമ്മ പത്തിരിയും ഇറച്ചിയും തരുമായിരുന്നു.

പാത്തുട്ടിയുടെ നിക്കാഹിന് നാടുമുഴുവന്‍ പന്തലിട്ടിരുന്നു. ഒരു പൂരത്തിന്റെ പ്രതീതിയായിരുന്നു. ഞങ്ങളുടെ വീട്ടുപറമ്പ് വലിയ ഒരു തറയിലായിരുന്നു. ചുറ്റും പാടവും തോടുകളും. ഒരു ദ്വീപിന്റെ പ്രതീതി.

മഴക്കാലമായാല്‍ പാത്തുട്ടിയുടെ വീട്ടില്‍ പോകണമെങ്കില്‍ ഒരു തോട് മുറിച്ചു കടക്കണം. തോട് അവസാനിക്കുന്നിടം ഒരു കുളമാണ്‍. കുളക്കരയില്‍ രാമച്ചം തഴച്ച് വളര്‍ന്നിരുന്നു. ഞാന്‍ അവിടെ ചിലപ്പോള്‍ രാമച്ചം പറിച്ച് അതിന്റെ വേര്‍ കൂജയില്‍ നിക്ഷേപിക്കും. തണുത്ത വെള്ളം രാമച്ചത്തിന്റെ പരിമളത്തില്‍ കുടിക്കാം.

ഓര്‍ക്കാനൊരുപാടുണ്ട്. പിന്നീടെഴുതാം ബാക്കി. ഈ പോസ്റ്റ് ഞാനെന്റെ നേനക്കുട്ടിക്ക് സമര്‍പ്പിക്കട്ടെ.

ആരാണ്‍ എന്റെ നേനക്കുട്ടി എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം. അവളെ താഴെ കാണുന്ന ലിങ്കില്‍ കാണാം.

ഇതു നോക്കിക്കോളൂ

http://www.mychippi.com/2011/05/blog-post_25.html

9 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന് എന്റെ നേനക്കുട്ടിയെ ഇന്നും കൂടി ഓര്‍ത്തു. അവളെ ഒന്ന് കാണാനായില്ലല്ലോ ഇത് വരെ. അവളുടെ ഉപ്പ എത്രയും വേഗത്തില് അവളെ ഇവിടെ എന്റെ വീട്ടില് കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് നാളേറെയായി.

എനിക്കാണെങ്കില് ശരീര സുഖം പോരാ. ഈ കര്‍ക്കിടകം കഴിയുമ്പോളേക്കും ഞാന് മയ്യത്താകും എന്നാണ് എന്റെ ഒരു കണക്കുകൂട്ടല്.

റോസാപൂക്കള്‍ said...

നേനക്കുട്ടിയെ ഉടനെ കാണാനാകും എന്ന ആശംസിക്കുന്നു

keraladasanunni said...

ജെ. പി. സാര്‍,

അങ്ങിനെ പെട്ടെന്ന് മയ്യത്താവുകയൊന്നും 
വേണ്ടാ. ഏകദേശം സമപ്രായക്കാരനായ
ഞാന്‍ അടുത്ത പന്ത്രണ്ട് കൊല്ലക്കാലം 
കൊണ്ട് എഴുതി തീര്‍ക്കേണ്ട പുസ്തകങ്ങളെ കുറിച്ചുള്ള സ്വപ്നവുമായി നടക്കുന്നു.

comiccola / കോമിക്കോള said...

ആശംസകള്‍....

നേന സിദ്ധീഖ് said...

ഉപ്പ നോമ്പ് തുടങ്ങും മുമ്പ് ഇങ്ങോട്ട് എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം, ഉപ്പാക്ക് പകരം നിര്‍ത്താന്‍ അവിടെ ആളില്ലാത്തതോ മറ്റോ ആണ് പ്രശ്നം, എന്തായാലും ഞാന്‍ കാണാതെ മയ്യത്താവാനോരുങ്ങിയാല്‍ വിവരമറിയുംട്ടോ, ഇവിടെ വീട് പണി നടക്കുന്നതിനാല്‍ ഞാന്‍ സ്ഥിരമായി ഒരു സ്ഥലത്തല്ല ഇപ്പോള്‍ താമസം, വീടുപണി കഴിയും വരെ ഈ കറക്കം തുടരും, എന്തായാലും ഇനി അധികം വൈകില്ല, ഓക്കേ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നേനകുട്ടി വരുമ്പോൾ എന്റേയും അന്വേഷണം പറയണേ ഒപ്പം അവളുടെ ഉപ്പ സിദ്ധിക്ക് ഭായോടും

ബൈജു സുല്‍ത്താന്‍ said...

മാഷേ... നേനക്കുട്ടി വന്നുവോ? എന്തായാലും ഞാനിങ്ങു പോന്നു..മരുഭൂമിയിലേക്ക്..

ജെ പി വെട്ടിയാട്ടില്‍ said...

ബൈജു

നേനക്കുട്ടി വന്നില്ല.
കൊച്ചുമോന് ബൈജു കൊണ്ട് വന്നുതന്ന കന്തൂറ ശരിക്കും പാകമായി.അവന്‍ ഇപ്പോ അത് അഴിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് ദിവസം തുടര്‍ച്ചയായി ഇട്ടു.

ബൈജു സുല്‍ത്താന്‍ said...

സന്തോഷം - ഞങ്ങള്‍ക്കും...