Friday, October 7, 2011

വീട്ടിലേക്കില്ല ഞാന്‍… ചെറുകഥ..…ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/10/blog-post_03.html

രാധിക ആകെ വെട്ടിലായി. അവള്‍ക്ക് തനിച്ച് എറണാംകുളത്തേക്ക് ഒറ്റക്ക് പോകാനോ, അവിടെ നിന്ന് തൃശ്ശൂര്‍ക്ക് വീട്ടിലെത്താനോ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അവള്‍. എന്തെങ്കിലും പെട്ടെന്ന് ഒരു തീരുമാനമെടുത്തില്ലെങ്കില്‍ പ്രകാശ് അയാളുടെ വഴിക്ക് പോകും. അവളുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഒരു പരിഹാരം കാണാനായില്ല.

“എന്താ എന്റെ കൂടെ പോരുന്നോ…? എനിക്ക് കാത്ത് നില്‍ക്കാന്‍ നേരമില്ല. എറണാംകുളത്തേക്ക് പോകണെമെങ്കില്‍ ധാരാളം ബസ്സുകളുണ്ടല്ലോ, കേറിപ്പോകാമല്ലോ…?

രാധികയുടെ പ്രതികരണത്തിന് പ്രകാശ് കാത്തുനിന്നില്ല. അയാള്‍ നടക്കാന്‍ ഭാവിച്ചു,

“പ്രകാശ് പ്ലീസ്, എന്നെ സഹായിക്കണം..”

“എന്താ നിനക്ക് പണം വേണോ…?”

“വേണ്ട… എനിക്ക് എവിടെയാ എന്റെ ഓഫീസിലേക്ക് ബസ്സിറങ്ങുക എന്നറിയില്ല”

“അതാണോ പ്രശ്നം. നിന്റെ ഓഫീസ് രവിപുരത്തല്ലേ.. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ബസ്സില്‍ കയറുക. എളുപ്പത്തില്‍ എത്തണമെങ്കില്‍ പത്മ വഴി പോകുക. രവിപുരത്ത് സ്റ്റോപ്പ് ഉണ്ട്…”

“ഓകെ ബൈ…. സീ യു……..”

പ്രകാശ് പിന്‍ തിരിഞ്ഞുനോക്കാതെ നടന്നകന്നു. അയാള്‍ മനസ്സില്‍ എന്തൊക്കെയോ ഓര്‍ത്തു. ക്ഷേത്രദര്‍ശനം നടത്താം, അതിന് ശേഷം നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് ഇന്നവിടെ തങ്ങാം. ഈ പേന്റ് ഇട്ട് അകത്തേക്ക് ദര്‍ശനത്തിന് കടത്തി വിട്ടില്ലെങ്കിലോ. അപ്പോള്‍ മുണ്ട് വാങ്ങണം. കുളിക്കാന്‍ തോര്‍ത്തും മറ്റു സാധനങ്ങളും.

പ്രകാശ് നേരെ ഒരു തുണിക്കടയിലേക്ക് കേറി. കട മൊത്തം ഒന്ന് കണ്ണോടിച്ചു. ചന്ദനക്കുറി വരച്ചിട്ടുള്ള ഒരു ചേട്ടന്റെ അരികിലെത്തി.

“എന്താ സാര്‍ നോക്കുന്നത്. എന്താ വേണ്ടേ..?“

“എനിക്ക് രണ്ട് ഖാദി ഒറ്റമുണ്ടും, രണ്ട് ജുബയും വേണം. പിന്നെ തോര്‍ത്തും. നാളെ ഒരു ജുബ അപ്പുവണ്ണന് കൊടുക്കാം. നാളെത്തോട് കൂടി ഈ തീവണ്‍ടിയിലെ പോക്ക് വരവ് നിര്‍ത്താം. പണ്‍ടത്തെപ്പോലെ എറണാംകുളത്തുള്ള താമസം മതി.“

പ്രകാശ് പലതും ആലോചിച്ച് നില്‍ക്കുകയായിരുന്നു. അയാള്‍ ആവശ്യപ്പെട്ടതെല്ലാം എടുത്ത് കഴിഞ്ഞിരുന്നു. സെയില്‍സ് മേന്‍ ബില്ലെഴുതുന്നതിന്നിടയില്‍…

“മേഡത്തിന് ഒന്നും വേണ്ടേ സാര്‍…?”

“മേഡമോ….ആരെയാ ചേട്ടനുദ്ദേശിക്കുന്നത്..?“

“കൂടെ അടുത്ത് നില്‍ക്കുന്ന പെങ്കൊച്ചിന്….?”

തിരിഞ്ഞ് നോക്കിയ പ്രകാശ്……….

“എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…….. എന്താ ഞാനീ കാണുന്നത്…? കൂടെ വന്ന രാധികയെ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല…”

“എന്തേ രാധികേ എറണാംകുളത്തേക്ക് പോയില്ലേ…..?”

“ഇല്ല. ഞാന്‍ കൂടെ വരാമെന്ന് വെച്ചു…“

പ്രകാശ് ആകെ ആശയക്കുഴപ്പത്തിലായി. അയാള്‍ തമാശക്ക് ചോദിച്ചതാണ്. “വേണമെങ്കില്‍ കൂടെ പോരേ” എന്ന്. അതിപ്പോള്‍ ഒരു വിനയായി.

“രാധിക ഇവിടെ നില്‍ക്ക്, നിനക്കെന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ വാങ്ങൂ. ഞാന്‍ ഒരു റബ്ബര്‍ ചെരിപ്പും ഇന്നര്‍ വെയറുകളും വാങ്ങി വരാം.”

രാധികയുടെ മനസ്സില്‍ അലകള്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എങ്ങോട്ടാണ് അവള്‍ പ്രകാശിന്റെ കൂടെ പോകുന്നതൊന്നും അവള്‍ക്കറിയില്ലായിരുന്നു. അവള്‍ വിചാരിച്ചു ക്ഷേത്രദര്‍ശനം കഴിഞ്ഞാലും വടക്കോട്ട് എപ്പോളും ട്രയിന്‍ ഉണ്ടാകുമല്ലോ. വൈകിയായാലും വീട്ടിലെത്താമല്ലോ.

പ്രകാശ് വൈകിട്ടത്തെ താമസത്തിനുള്ള സാധങ്ങളെല്ലാം വാങ്ങി തുണിക്കടയില്‍ തന്നെ തിരിച്ചെത്തി.

“അപ്പോ രാധിക എന്റെ കൂടെ പോരാന്‍ തീരുമാനിച്ചോ..?”

“ഉവ്വ്. തീരുമാനിച്ചു..”

“ഞാന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കില്ല. ഇവിടെ താമസിക്കാന്‍ പോകുകയാ ഇന്ന്. കാലത്ത് ഗുരുവായൂരിലെപ്പോലെ വാകച്ചാര്‍ത്തുണ്ടെങ്കില്‍ അതും കഴിഞ്ഞ് ഉഷപ്പൂജയും കഴിഞ്ഞേ തിരിച്ച് പോകുന്നുള്ളൂ.. ഞാന്‍ രണ്ട് ദിവസത്തെ ലീവിന് വേണ്ടി ബോംബെ ഓഫീസിലേക്ക് വിളിച്ചു. ലീവ് സാങ്ങ്ഷനായി.”

രാധിക ഇടിവെട്ടേറ്റപോ‍ലെ നിന്നു അവിടെ ഒന്നും ഉരിയാടാതെ അവളുടെ കണ്തടങ്ങള്‍ തുടുത്തു, കണ്ണുകള്‍ ചുവന്നു. പെട്ടെന്ന് ഒരു തീരുമാനത്തിലെത്താനായില്ല.

“കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പ്രകാശിനെ അറിയും. പക്ഷെ അയാളുടെ കൂടെ ഹോട്ടലില്‍ കഴിയേണ്ടി വരിക എന്നൊക്കെ ആലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. പരസ്പരം അടുത്തിടപെഴുകകയോ വീട്ടുകാര്യവും മറ്റും സംസാരിക്കുകയോ ഒന്നും ഇത് വരെ ചെയ്തിട്ടില്ല. പ്രകാശ് വിവാഹിതാനാണൊ എന്ന് പോലും എനിക്കറിയില്ല.”

കാത്തിരിക്കുവാന്‍ സാവകാശമില്ല. ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രകാശ് അയാളുടെ പാട്ടിന്പോകും.

“ശരി പ്രകാശ്.. നമുക്ക് എങ്ങോട്ടാണെങ്കില്‍ പോകാം…”

സമയം സന്ധ്യയോടടുത്തു. അവര്‍ ക്ഷേത്രദര്‍ശനം നടത്തി.

“പ്രകാശിന് തൃപ്പൂണിത്തുറയും കേരളം മുഴുവനും തന്നെയുമല്ല തെക്കേ ഇന്ത്യയിലെ ഓരോ മുക്കും മൂലയും ഹോട്ടലുകളും ലോഡ്ജുകളും എല്ലാം അറിയാം. ട്രാവലിങ്ങ് എക്സിക്ക്യൂട്ടിവായ അയാള്‍ കേരളത്തിലെ മേനേജര്‍ ആയിട്ട് രണ്ട് കൊല്ലം ആയതേ ഉള്ളൂ…”

ക്ഷേത്രദര്‍ശനം കഴിഞ്ഞ് അവര്‍ അവിടുത്തെ ഏറ്റവും നല്ല ഹോട്ടലില്‍ മുറിയെടുത്തു. രാധിക യാന്ത്രികമായി പ്രകാശിനെ അനുഗമിച്ചു. അവളുടെ മനസ്സില്‍ പലതും മിന്നിമറഞ്ഞു. രാധികയുടെ ജീവിതത്തിലെ വലിയ ഒരു ദുര്‍ഘടമോ വഴിത്തിരിവോ ആകും രാത്രി. അവളുടെ മനസ്സിനെ പലതും മഥിച്ച് കൊണ്ടിരുന്നു.

“രാധിക എന്താ ആലോചിക്കുന്നത്…….?”

“ഒന്നുമില്ല പ്രകാശ്…”

“നമുക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് പോയാല്‍ മതിയോ രാധികേ..?”

“എല്ലാം പ്രകാശിന്റെ ഇഷ്ടം…”

“ശരി എന്നാല്‍ മുറിയില്‍ പോയി മേല്‍ കഴുകി വരാം. എന്നിട്ട് ഭക്ഷണം കഴിക്കാം. എന്ത് ഭക്ഷണമാ രാധിക്കിഷ്ടം…?”

“എന്തായാലും വിരോധമില്ല..”

“എന്നാല്‍ ഇവിടുന്ന് തന്നെ കഴിക്കാം. ഞാന്‍ പലപ്പോഴും ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്, നല്ല ഭക്ഷണമാണ്‍. എന്തെന്നുവെച്ചാല്‍ ഹോട്ടലിന്റെ ഉടമസ്ഥനും അവരുടെ മക്കളും ഈ ഹോട്ടലില്‍ നിന്ന് തന്നെയാ കഴിക്കുന്നത്. നമ്മുക്ക് തികച്ചും ഹോമ്ലി ഫുഡ് കിട്ടും ഇവിടെ നിന്ന്”

രണ്ട് പേരും ഭക്ഷണം കഴിച്ച് തിരിച്ച് മുറിയിലെത്തി. രാധികയുടെ ഹൃദയമിടിപ്പ് കൂടി. അപരിചിതനെന്ന് പറഞ്ഞുകൂട. എന്നാലും ഒരു യുവാവിന്റെ കൂടെ ഹോട്ടലില്‍ അന്തിയുറങ്ങാന്‍ പോകുന്നു. ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല. എങ്ങിനെയാണ് എനിക്കിങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞത്. മറ്റൊരാളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ല ഞാന്‍ ഇവിടെ എത്തപ്പെട്ടത്. എല്ലാം അറിഞ്ഞുംകൊണ്ട് സ്വന്തം ഇഷ്ടത്തിന്.

പ്രകാശ് ഷര്‍ട്ട് ഊരി വാര്‍ഡ്രോബില്‍ ഇട്ടു. വാങ്ങിയ ജുബയും മുണ്ടും ഉടുത്തു. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു.

“രാധിക കിടന്നോളൂ……….. എനിക്കൊരു സിഗരറ്റ് വലിക്കണം. എന്നിട്ടേ കിടക്കൂ..”

രാധിക കിടന്നു. അവളുടെ മനസ്സ് ആകെ ആശങ്കാജനകമായിരുന്നു. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് അവള്‍ക്കേദേശരൂ‍പം ഉണ്ടായിരുന്നു. തന്റെ ചാരിത്ര്യം മറ്റൊരാള്‍ക്ക് കാഴ്ചവെക്കേണ്ടി വരും ഏത് നിമിഷവും. എന്തായിരിക്കും അനന്തരഫലം…?!

പ്രകാശ് സിഗരറ്റ് വലിച്ച് കട്ടിലിന്റെ മറ്റൊരു അറ്റത്ത് കിടന്നു. പ്രകാശ് കിടന്നയുടന്‍ ഉറങ്ങുന്ന കൂട്ടത്തിലാണ്‍. അയാള്‍ക്ക് ഫേന്‍ അധികം ഇഷ്ടമല്ല. അത് പോലെ മിതമായ തണുപ്പും. തലയിണ വെക്കാത്ത അയാള്‍ അതെടുത്ത് അവരുടെ ഇടക്ക് വെച്ചു.

ഇത് രാധിക തീരെ പ്രതീഷിച്ചില്ല. അവളുടെ ആഗ്രഹം പ്രകാശില്‍ ലയിക്കാനായിരുന്നു ആ രാത്രി.

പ്രകാശിന് പെട്ടെന്നുറങ്ങാനായില്ല. രാധികയുടെ വിയര്‍പ്പുഗന്ധം അയാള്‍ക്ക് അരോചകമായി.

“രാധിക മേല്‍ കഴുകിയില്ലേ… മാറിയുടുക്കാനൊന്നും വാങ്ങിയില്ലേ..?

“മേല്‍ കഴുകി.. പക്ഷെ മാറിയുടുക്കാനൊന്നും വാങ്ങിയില്ല. ഇങ്ങനെ ഇവിടെ താമസിക്കേണ്ടി വരുമെന്ന് കരുതിയില്ല.”

“എന്നാലൊരു കാര്യം ചെയ്യൂ.. നിന്റെ ബ്ലൌസ് അഴിച്ച് വെച്ച് എന്റെ ബേഗില്‍ ഒരു ജുബയും മുണ്‍ടും ഉണ്ട്. അതെടുത്ത് ധരിക്കൂ…”

രാധിക ജുബയും മുണ്‍ടും ധരിച്ച് വീണ്‍ടും കിടന്നു. പ്രകാശ് ഉറങ്ങിത്തുടങ്ങി. അയാള്‍ രാധികയെ ശ്രദ്ധിച്ചു.. അവള്‍ ഉറങ്ങിയിട്ടില്ല,

“എന്താ രാധിക ഉറങ്ങിയില്ലേ…? തണുപ്പ് കൂടുതലുണ്‍ടോ….?”

“ഇല്ലാ ഉറക്കം വരുന്നില്ല.. തണുപ്പ് കൂടുതലുണ്ട്..”

“എനിക്കും തണുക്കുന്നുണ്ട്. പക്ഷെ ഫേന്‍ കുറച്ചാല്‍ കൊതുകു കടിക്കും. ഹോട്ടലുകാരോട് പുതപ്പ് വാങ്ങാന്‍ മറന്നു. ഇനി ഈ പാതിരാക്ക് റൂം സര്‍വീസിന് വിളിക്കേണ്ട..

ഒരു ജീവനുള്ള പുതപ്പ് അടുത്ത് കിടക്കുന്നു. അതെടുത്ത് തണുപ്പകറ്റിയാലോ എന്ന് പ്രകാശ് ആലോചിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു. ഈ പെണ്ണിനെ എങ്ങിനെ വിശ്വസിക്കും. ഇത് പോലെ പലരുടേയും കൂടെ അന്തിയുറങ്ങുന്നവളാണെങ്കിലോ..?

“അല്ലെങ്കില്‍ ഇവള്‍ക്ക് എന്നെപ്പറ്റി എന്തറിയാം. ഞാനൊരു സഹയാത്രികന്‍ മാത്രം. ഒരു കൊല്ലം എന്നോട് മിണ്ടാതെ നടന്നവള്‍. എനിക്ക് അവളെപ്പറ്റിയും കാര്യമായൊന്നും അറിയില്ല. അവള്‍ പണിയെടുക്കുന്ന സ്ഥാപനം പോലും അറിയില്ല. ആളൊരു വിഐപി ആണെന്നറിയാം ആ സ്ഥാപനത്തില്‍. അതിലുപരി ഒന്നും അറിയില്ല.

“രാധിക ഇങ്ങനെ ഇടക്ക് വീട്ടില്‍ പോകാതിരിക്കാറുണ്ടോ…?”

“ഉണ്ട് കൊല്ലത്തിലൊരിക്കല്‍. ഓഡിറ്റിങ്ങ് സമയത്ത്.“

“അപ്പോള്‍ എവിടെയാ താമസിക്കാറ്…?“

“ഫീമെയിത്സ് സ്റ്റാഫെല്ലാം കൂടി എംജി റോഡിലുള്ള ഒരു ഹോട്ടലില് താമസിക്കും.”

“രാധികക്കെന്താ ജോലി. ഏത് ഫേമിലാ..”

“ഞാന്‍ ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍ ആണ്. എക്സ്പോര്‍ട്ടിങ്ങ് ഫേം ആണ്”

“എന്നെ പറ്റി രാധികക്ക് അറിയാമല്ലോ..? ഞാനവിടുത്തെ മേനേജര്‍ ആയിട്ട് അധികം ആയില്ല… രാധിക ഉറങ്ങിക്കോളൂ…. എനിക്കുറക്കം വരുന്നു… തണുപ്പധികം ഉണ്ടെങ്കില്‍ ഈ ബെഡ് ഷീറ്റ് ഊരി പുതച്ചോളൂ………”

പ്രകാശിനും ഉറങ്ങനായില്ല. മകരമാസത്തിലെ തണുപ്പില്‍ രണ്‍ടാളും വിറച്ച് കിടന്നു. പ്രകാശിന് ഉറക്കത്തില്‍ രണ്‍ട് തവണയെങ്കിലും മൂത്രമൊഴിക്കാന്‍ എണീക്കുന്ന പതിവുണ്ടായിരുന്നു.

അയാള്‍ സുഖനിദ്രക്കിടക്ക് എഴുന്നേറ്റപ്പോള്‍ കണ്ടത് തന്നോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന രാധികയേയാണ്. അപ്പോളാണയാള്‍ക്ക് മനസ്സിലായത് അവളുടെ ചൂടേറ്റാണ് അത് വരെ ഉറങ്ങിയത്. ഇടക്ക് വെച്ച തലയിണ ആരാ എടുത്ത് മാറ്റിയത്. ഉറക്കത്തില്‍ ഞാനോ അതോ സൌകര്യപൂര്‍വ്വം അവളോ..?

പ്രകാശ് മൂത്രമൊഴിച്ച് തിരികെ വന്ന് കിടന്നു. പിന്നെ അയാള്‍ക്കുറങ്ങാനായില്ല. രാധികയുടെ കൈകള്‍ അയാളുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് അയാള്‍ പരമാവധി ഒഴിവാക്കി.

സമയം മൂന്നരമണി കഴിഞ്ഞതേ ഉള്ളൂ… ഇനിയും രണ്ട് മണിക്കൂര്‍ കഴിഞ്ഞേ അമ്പല പരിസരം ഉണരൂ.. പ്രകാശ് 5 മണിക്കെഴുന്നേറ്റ് കുളിച്ചു. അപ്പ്പോളും രാധിക നല്ല ഉറക്കത്തിലായിരുന്നു.

പ്രകാശിന്റെ മനസ്സിലെ കുസൃതിത്തരങ്ങള്‍ അയാള്‍ കാട്ടിയാലോ എന്നയാള്‍ക്ക് തോന്നി. വേണ്ട അയാള്‍ പിന്മാറി… അവളെ ഇഷ്ടമാണെന്ന് അവള്‍ക്ക് തോന്നേണ്ട. ശല്യം ഒഴിഞ്ഞുപൊയ്കോട്ടെ.

അടുത്ത ആഴ്ചമുതല്‍ എറണാംകുളത്ത് തന്നെ താമസിക്കാം. എറണാംകുളം താമസം ശരിക്കും ഒരു സ്വര്‍ഗ്ഗം തന്നെയാ‍ണ്. പത്മക്കടുത്ത ലോഡ്ജില്‍ താ‍മസം. 6 മണിക്ക് ഓഫീസ് വിട്ടാല്‍ നേരെ സുബാഷ് പാര്‍ക്കില്‍ പോയിരിക്കും. 8 മണിയോട് കൂടി ലോഡ്ജിലെത്തി ഒരു കുളി പാസാക്കി ബാനര്‍ജി റോഡിലെ സലീമുക്കായുടെ ഹോട്ടലില്‍ നിന്ന് പൊറോട്ടയും മട്ടണ്‍ കറിയും. അത് കഴിഞ്ഞ് വീണ്ടും ലോഡ്ജിലെത്തി കുറച്ച് നേരം ജോര്‍ജ്ജും കൂട്ടരും ചീ‍ട്ട്കളിക്കുന്നത് നോക്കിയിരിക്കും. പിന്നീട് ബ്രോഡ് വേയിലുള്ള തിയേറ്ററിലുള്ള ഇംഗ്ലീഷ് സിനിമ കാണും. സെക്കന്‍ഡ് ഷോ കഴിഞ്ഞ് വരുമ്പോള്‍ പത്മ കഫേയില്‍ നിന്ന് നല്ലോരു നെസ്കഫേ ബ്ലേക്ക് കോഫി കുടിച്ച് ലോഡ്ജില് വന്നൊരു ഉറക്കം. ഹാ എന്തൊരു അടിപൊളി ജീവിതമായിരുന്നു.

ചില സായാഹ്നങ്ങളില്‍ പോഞ്ഞിക്കര പോയി അന്തിക്കള്ള് കുടിക്കും. അത് കഴിഞ്ഞ് ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്ന് പത്മ വരെ നടന്ന് വരും. ലോഡ്ജിലെത്തി ഒരു കുളി. പിന്നെ എന്നും സിനിമ, സിഗരറ്റ് വലി. ചീട്ടുകളി… അതൊക്കെ ഉപേക്ഷിച്ച് ആര്‍ക്ക് വേണ്ടിയാ ഞാന്‍ എന്നും വീട്ടിലേക്ക് വന്നത്………. ഈ നാറി പെണ്ണിനെ കണ്ടത് മുതല്‍ എന്റെ ജീവിത താളം തെറ്റിയോ…?

ഇവള്‍ ആളൊരു സുന്ദരി തന്നെ. സംശയമില്ല. എന്നോട് കഴിഞ്ഞ ഒരു കൊല്ലം മിണ്ടാതെ നടന്ന പെണ്ണാണ് ഇതാ എന്റെ കൂടെ കി’ടക്ക പങ്കിടാന്‍ വന്നത്. എങ്ങിനെ ഇവള്‍ക്കിത് കഴിഞ്ഞു. പ്രകാശിന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി ഇവളൊരു വേശ്യയാകുമോ..? എന്നാല്‍ ഡെറ്റോള്‍ ഒഴിച്ച് കുളിക്കണം. കണ്‍ടില്ലേ നേരം പുലര്‍ന്നിട്ടും പോത്ത് പോലെ കിടന്നുറങ്ങുന്നത്….?

+

“എടീ പെണ്ണേ…. അവളുടെ ഒരു കിടപ്പ് കണ്‍ടില്ലേ…? ജഗ്ഗിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്കൊഴിക്കാന്‍ തോന്നി….”

ഇവളൊരു വേശ്യ തന്നെ. അല്ലെങ്കില്‍ നേരത്തെ എണീറ്റ് കുളിക്കില്ലേ. ഉറങ്ങാതെ കിടക്കില്ലേ.. ഇവളെ ഇന്ന് തന്നെ ഒഴിവാക്കാം. നമുക്ക് ശരിയാവില്ല ഇവള്‍.

ഇവള്‍ ഉണരാതെ എനിക്ക് പുറത്തിറങ്ങാനും പറ്റില്ല. വാകച്ചാര്‍ത്തും തൊഴലും എല്ലാം പോയി ഈ നാശം കാരണം. പ്രകാശിന്‍ കലി കയറി. അയാള്‍ ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മുഖത്തേക്കെറിഞ്ഞു..

“ഞെട്ടിയുണര്‍ന്ന രാധിക……. അയ്യോ ഞാനറിഞ്ഞില്ല നേരം വെളുത്തത്……….“

പ്രകാശിന്റെ നോട്ടം അവളെ ഭയപ്പെടുത്തി. അയാള്‍ അവളെ തുറിച്ച് നോക്കി.

“നീ നിന്റെ തന്തക്ക് ഫോണ്‍ ചെയ്തിരുന്നോ ഇന്നെലെ…?

“ഞാന്‍ ആ തുണിക്കടയില്‍ നിന്ന് വിളിച്ച് പറഞ്ഞിരുന്നു….”

“ഇങ്ങ്നെ കിടന്നാല്‍ മതിയോ…? തിരിച്ച് പോകേണ്ടേ. വേഗം കുളിച്ച് റഡിയാകൂ… ഞാന്‍ ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്യാം. നമുക്ക് ഹോട്ടല്‍ ചെക്ക് ഔട്ട് ചെയ്ത് അമ്പലത്തില്‍ കയറി നേരെ വിടാം ഓഫീസിലേക്ക്….”

9 മണിയോടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇരുവരും എറണാംകുളത്തേക്കുള്ള ബസ്സില്‍ കയറി. പ്രകാശ് ജോസ് ബ്രദേര്‍സ് ജങ്ങ്ഷനില്‍ ഇറങ്ങി. പത്ത് മണിക്ക് മുന്‍പേ ഓഫീസിലെത്തി. തലേ ദിവസം നടന്ന സംഭവങ്ങളൊന്നും അയാളുടെ മനസ്സിലുണ്‍ടായിരുന്നില്ല.

രാധിക പല തവണ പ്രകാശിനെ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ റെസ്പോണ്ട് ചെയ്തില്ല. അത് അവളെ വല്ലാതെ വേദനിപ്പിച്ചു. പ്രകാശാണെങ്കില്‍ അവളില്‍ നിന്ന് പരമാവധി അകലുകയായിരുന്നു.

വൈകിട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ രാധികക്ക് പ്രകാശിനെ അവിടെ കാണാനായില്ല. പ്രകാശിനെ കാത്ത് കാത്ത് സാധാരണ പോകാറുള്ള പാസഞ്ചര്‍ പോകുകയും ചെയ്തു.

അവള്‍ കുഴങ്ങി. പ്രകാശിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇനി അടുത്ത വണ്ടി വരാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും എടുക്കും.

രാധിക വീണ്ടും പ്രകാശിനെ വിളിച്ചു. ഫോണ്‍ കിട്ടിയപ്പോള്‍ രാധിക സന്തോഷിച്ചു. പക്ഷെ പ്രകാശ്………….

“രാധികേ ഞാന്‍ വീട്ടിലേക്കില്ല. ഇന്നുമുതല്‍ എറണാംകുളത്ത് താമസിക്കാന്‍ പോകയാണ്‍. ലോഡ്ജിന്‍ പകരം ഒരു പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന്‍ കിട്ടിയിട്ടുണ്ട് കാരിക്കാമുറിയില്‍….”

“ഞാന്‍ പ്രകാശിനെ കാത്ത് കാത്ത് പാസഞ്ചര്‍ പോയി. ഇനി അടുത്ത ട്രെയിന്‍ എപ്പോളാണെന്ന് അറിയില്ല. ഞാന്‍ അങ്ങോട്ട് വരട്ടേ..?”

“അത് ശരിയാവില്ല. എന്തെങ്കിലും അത്യാവശ്യം വന്നാ‍ല്‍ എന്റെ പേജര്‍ നമ്പര്‍ അറിയാമല്ലോ…? വിളിച്ചോളൂ……… ബൈ…….”

രാധിക എന്ത് ചെയ്യണമെന്നറിയാതെ പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരുന്നു………..

(തുടരും)

അക്ഷരപ്പിശാചുക്കളുണ്‍ട്. താമസിയാതെ തുരത്താം.

++

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

“കഴിഞ്ഞ ഒരു വര്‍ഷമായി ഞാന് പ്രകാശിനെ അറിയും. പക്ഷെ അയാളുടെ കൂടെ ഹോട്ടലില് കഴിയേണ്ടി വരിക എന്നൊക്കെ ആലോചിക്കുമ്പോള് ഒരു എത്തും പിടിയും കിട്ടുന്നില്ല. പരസ്പരം അടുത്തിടപെഴുകകയോ വീട്ടുകാര്യവും മറ്റും സംസാരിക്കുകയോ ഒന്നും ഇത് വരെ ചെയ്തിട്ടില്ല. പ്രകാശ് വിവാഹിതാനാണൊ എന്ന് പോലും എനിക്കറിയില്ല.”

കുട്ടന്‍ ചേട്ടായി said...

kadha valare interesting avunnudu, baaki baagathinayi kathirikkunnu

ജെ പി വെട്ടിയാട്ടില്‍ said...

കഥയുടെ ഈ പോക്ക് കണ്ടിട്ട് ഒരു നോവലായി പരിണമിക്കുമോ എന്നൊരു തോന്നലുണ്ട്.

എറണാംകുളം വിശേഷം നിരത്തണമെങ്കില്‍ ചുരുങ്ങിയത് 200 പേജെങ്കിലും വേണം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

രാധികയെ പൂർൺനമായി അറിയാൻ കാത്തിരിക്കുന്നൂ