Sunday, December 4, 2011

അമ്പിളീ നീയവിടെ ഉണ്ടോ…ഭാഗം 2

അഛമ്മയും പാപ്പനും കൂടി ഞങ്ങളെ ചതിച്ചെന്നറിഞ്ഞപ്പോള്‍ എന്റെ സിരകളിലെ രക്തം തിളച്ചു. വീരശൂരപരാക്രമിയായ ഒരു അച്ചാച്ചന്റെ പേരക്കുട്ടിയായ എന്നില്‍ പ്രതികാരാഗ്നി ജ്വലിച്ചു. രണ്ടെണ്ണത്തിന്നേയും വെട്ടിനുറുക്കി വെട്ടിയാടന്‍ എന്ന പേര്‍ നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചു.

ഞങ്ങള്‍ ഞമനേങ്ങാട്ടുകാരായത് എങ്ങിനെയെന്നുവെച്ചാല്‍. അതൊരു ചരിത്രമായാണ്‍ ഞാന്‍ പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. അന്ന് ഞമനേങ്ങാട്ട് ദേശത്ത് ഒരു നാഥനില്ലാ കളരിപോലെയായിരുന്നു. ആര്‍ക്കും എന്തും ചെയ്യാം എന്നൊരു സ്ഥിതി. അധികവും മാപ്പിള സമുദായക്കാരായിരുന്നു.

അവര്‍ പൊറുതിമുട്ടിയപ്പോള്‍ കടത്തനാട്ട് നിന്ന് ഒരു പടയാളിയും അഭ്യാസിയായ എന്റെ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി അവിടെ തണ്ടാനായി വാഴിച്ചു. ആറടി അഞ്ചിഞ്ച് ഉയരവും അതിനൊത്ത തടിയും, കാതില്‍ കടുക്കനും കുടുമയും ഉള്ള ഒരു അജാനബാഹുവായിരുന്നു എന്റെ അച്ചാച്ചനായ ചോഴി തണ്ടാന്‍.

ഞങ്ങളുടെ തറവാട് വലിയ ഒരു പാടത്തിന്റെ നടുവിലുള്ള ഒരു തറയില്‍ ആയിരുന്നു. അവിടെ കളരി ദൈവങ്ങളും, അമ്പലപ്പുരയും, പാന്‍പിന്‍ കാവും രക്ഷസ്സ്, കരിങ്കുട്ടി, ചാത്തന്‍ മുതലായ ദൈവങ്ങളും, ശവമടക്കാനുള്ള വലിയ ഒരു പറമ്പും ഉണ്ടായിരുന്നു. എന്റെ പൂര്‍വികന്മാരെക്കൂടാതെ എത്ര പേരെ അവിടെ അടക്കിയിട്ടുണ്ടെന്ന് എനിക്കറിയില്ല.

എല്ലാ വര്‍ഷവും അവിടെ പാന്മ്പിനാളം ഉണ്ടാകും. കളത്തിലിരുന്ന് ആടാനുള്ള കുമാരിമാരെ തറവാട്ടില്‍ തന്നെ പാര്‍പ്പിക്കും. ചുരുങ്ങിയത് ഏഴുദിവസം പാമ്പിന്‍ കളം ഉണ്ടായിരിക്കും. അന്ന് എല്ലാ ദിവസവും വൈകിട്ട് നാട്ടുകാര്‍ക്കെല്ലാം ഭക്ഷണവും നല്‍കിയിരുന്നു.

കോട്ടപ്പടിയിലെ പുള്ളുവരായിരുന്നു കാര്‍മ്മികത്വം വഹിച്ചിരുന്നത്. നേരം വെളുക്കുന്ന വരെ ഉണ്ടാകും കളം. ഞമനേങ്ങാട്ട് നാട്ടില്‍ ഞങ്ങളുടെ തറവാട്ടില്‍ മാത്രമെ അന്നത്തെ കാലത്ത് പാമ്പിനാളം നടത്തിക്കണ്ടിട്ടുള്ളൂ..

വെട്ടിയാട്ടില്‍ തണ്ടാന്‍ കുടുംബം ഞമനേങ്ങാ‍ട്ടും കൊച്ചനൂരും ആയി കുറച്ച് വീടുകള്‍ മാത്രമേ ഇപ്പോഴും ഉള്ളൂ. മൂലകുടുംബം കടത്തനാട്ടായതിനാല്‍ ഇവിടെ അംഗസംഖ്യ കുറവാ‍ണ്‍.

ഞങ്ങളുടെ കുടുംബക്കാര്‍ക്ക് ചില അവകാശങ്ങളുണ്‍ടായിരുന്നു കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍. ക്ഷേത്രത്തിന്റെ ചുറ്റുള്ള ഭൂമി മിക്കതും എന്റെ മാതാവിന്റെ പിതാവ് കല്ലായില്‍ മാക്കുണ്ണിയുടെ അധീനതിയില്‍ ആയിരുന്നു.

കൂടാതെ കപ്ലിയങ്ങാട് ഭരണി വേല നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് തട്ടിന്മേല്‍ കളിയുണ്ടാകും. 2 തട്ടുകളേ കെട്ടാന്‍ പാടുള്ളൂ. അതില്‍ തെ

ക്കേ മുറ്റത്തെ തട്ട് നിര്‍മ്മിക്കാനും സംരക്ഷിക്കാനും ഉള്ള അവകാശം എന്റെ കുടുംബത്തിന്നായിരുന്നു.

കപ്ലിയങ്ങാട് ഭരണി കുറച്ചുദിവസം നീണ്ട് നില്‍ക്കുന്നതാണ്‍. ആദ്യം പറയര്‍ വേലയാണ്‍. അന്ന് മൂക്കാന്‍ ചാത്തനും, കാളിയും കരിങ്കാളിയും ഒക്കെ ഉണ്ടാകും. പിറ്റേ ദിവസം ആണ്‍ ഭരണി വേല എന്ന് തോന്നുന്നു. അവിടെത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും പലതും ഓര്‍മ്മ വരുന്നില്ല.

ഭരണി വേലക്ക് തലേദിവസം നാട്ട് താലം ഉണ്ടായിരുന്നു. പെണ്ണുങ്ങള്‍ താലമെടുത്ത് അഞ്ചുപത്ത് കിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് എത്തുമായിരുന്നു. അവരെല്ലാം പുലര്‍ച്ചയോടെ ക്ഷേത്രപരിസരത്തുള്ള പാടത്ത് വന്ന് തമ്പടിക്കും.

നേരം പുലരുമ്പോളേക്കും വെളിച്ചപ്പാട് തുള്ളി വന്ന് അവരെ അരിയെറിഞ്ഞ് അമ്പലമുറ്റത്തേക്ക് ആനയിക്കും. ആദ്യം കയറ്റുന്നത് വെട്ടിയാട്ടില്‍ തറവാട്ടിലെ നാട്ട് താലമായിരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ചുരുങ്ങിയത് 100 താലങ്ങള്‍ ചെണ്ട മേളത്തോടെ ആയിരിക്കും. വീട്ടില്‍ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട് അമ്പലത്തിലെക്ക്. രാത്രി പന്ത്രണ്‍ട് മണി കഴിഞ്ഞിട്ടായിരിക്കും താലം പുറപ്പെടുക. താലം എടുക്കുന്നവര്‍ക്ക് അന്ന് എന്റെ വീട്ടില്‍ നിന്നായിരിക്കും ഭക്ഷണം. അന്ന് ഒരു ഉത്സവം തന്നെ ആയിരിക്കും തറവാട്ടില്‍.

“ഇന്ന് ഈ തറവാട് പാപ്പന്‍ കൊള്ള്രുതാത്തവനായതിനാല്‍ അന്യാധീനപ്പെട്ടു എന്ന് പറയാം. എന്റെ പിതാവിനാണ്‍ തറവാട് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകയാണ്‍ ഞാന്‍ ഇന്ന്!!”

എല്ലാം ഒരു യോഗം. നമ്മളാഗ്രഹിക്കുന്നത് പോലെ അല്ലല്ലോ ജീവിതം. എല്ലാം ദൈവനിശ്ചയമല്ലേ. ഞങ്ങളുടെ കുടുംബത്തിലെ എന്റെ ചില അമ്മായിമാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണം പിടിച്ചില്ല. അവരുടെ ജീവിതം പരിതാപകരമായിരുന്നു.

പരേതയായ എന്റെ അമ്മ പറയാറുണ്ട്.”ഉണ്ണ്യേ എത്രയോ ജീവിതങ്ങള്‍ പിടഞ്ഞ ഭൂമിയാണ്‍ നമ്മുടെ വെട്ടിയാട്ടില്‍ തറവാട്. അതിന്റെ അനന്തരഫലങ്ങള്‍ തലമുറകളാല്‍ അനുഭവിക്കപ്പെട്ടിരിക്കുന്നു..”

കഴിഞ്ഞ തലമുറക്കാര്‍ക്കായിരുന്നു ആ മുജ്ജന്മപാപഭാരമെല്ലാം. എല്ലാവര്‍ക്കുമില്ല, ചിലര്‍ക്ക് മാത്രം. ഈ തലമുറയിലുള്ളവര്‍ക്കെല്ലാം നല്ല വിദ്യാഭ്യാസവും അന്തസ്സും അഭിമാനവുമുള്ള ജോലിയും എല്ലാം ലഭിച്ചു.

“എന്റെ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നൂറുനൂ‍റുപേജുകള്‍ എഴുതാനുണ്ട്. വാതരോഗവും കാഴ്ചക്കുറവും എന്നെ തളര്‍ത്തുന്നു. ഇനി എന്റെ പേരക്കുട്ടികള്‍ വലുതായി വരുന്നതിന്‍ മുന്‍പേ ഞാന്‍ കണ്ണടച്ചില്ലെങ്കില്‍ എല്ലാം എഴുതി വെക്കാമായിരുന്നു..”

എന്റെ അച്ചാച്ചന്‍ എന്തിനാ രണ്ട് പെണ്ണിനെ കെട്ടിയതെന്ന് എനിക്ക് എത്ര ഓര്‍ത്തിട്ടും മനസ്സിലായില്ല. ആരോഗ്യദൃഢഗാത്രനായ എന്റെ അച്ചാച്ചന്‍ സുന്ദരിയായ അഞ്ചടി ഒമ്പത് ഇഞ്ച് ഉയരമുള്ള വെളുത്ത കുമ്പളങ്ങപോലെ വലിയ മുലകളുള്ള ഒരു പെണ്ണുണ്ടായിരുന്നു. ആ നാട്ടിലെ സുന്ദരിയായിരുന്നത്രെ എന്റെ വെളുത്ത അച്ചമ്മയായ നാട്ടുകാര്‍ വിളിക്കുന്ന കാളിയമ്മായി. കാളിയമ്മായി മറുമറക്കാറില്ല.

അവര്‍ക്കും സുന്ദരമാരായ രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്മക്കളും. എന്റെ അഛനും പാപ്പനു ആറടിയില്‍ കൂടുതല്‍ ഉയരമുള്ള സുന്ദരമാരായിരുന്നു. അമ്മായിമാരില്‍ ഏറ്റവും സൌന്ദര്യം അവസാനത്തെ അമ്മായിക്കായിരുന്നു. അമ്മായിമരെല്ലാം ചെറുപ്പത്തില്‍ സിലോണില്‍ ആയിരുന്നു. [ഇപ്പോഴത്തെ ശ്രീലങ്ക] എന്റെ പിതാവ് കൊളംബോയിലുള്ള ഏതാനും ഹോട്ടലുകളുടെ ജനറല്‍ മേനേജര്‍ ആയിരുന്നു.

കൂടാതെ എന്റെ വലിയച്ചന്‍, [കറുത്ത അച്ചമ്മയുടെ മകന്‍] കൊളംബോയില്‍ ഡോ‍ക്ടര്‍ ആയിരുന്നു. അങ്ങിനെ വെട്ടിയാട്ടിലെ മിക്ക അംഗങ്ങളും അഛാച്ചനും അച്ചമ്മയും ഒഴിച്ച് ശ്രീലങ്കയിലായിരുന്നു. പാപ്പന്‍ സിലോണില്‍ പോകുന്നതിന്‍ പകരം മലയേഷ്യയില്‍ പോയി. അവിടെത്തെ വലിയ ബിസിനസ്സുകാരനായി. പാരമ്പര്യം കാത്ത് സൂക്ഷിക്കാനായി അവിടെ നിന്ന് ഒരു ചൈനക്കാരിയെ ജീവിതത്തിലേക്ക് കൂട്ടി. അവസാനക്കാലത്ത് നാട്ടില്‍ വന്ന് സെറ്റില്‍ ചെയ്യാന്‍ വന്നപ്പോള്‍ അതില്‍ നിന്നൊരു ചൈനീസ് പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

മകളായ ആ പെണ്‍കുട്ടിയുമായി നാട്ടില്‍ എത്തിയാലുണ്ടാ‍കുന്ന അങ്കം പിന്നെ പറയാനുണ്ടോ. ഇവിടുത്തെ പെണ്ണ് എങ്ങിനെ പ്രതികരിച്ചുവെന്ന്‍ ഞാന്‍ ഇവിടെ എഴുതുകയാണെങ്കില്‍ ഒരുപാട് എഴുതണം. ചുരുക്കത്തില്‍ ആ പെണ്‍കുട്ടി ഞങ്ങളുടെ കുടുംബത്തില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. ഇന്നൊക്കെയാണെങ്കില്‍ അതൊക്കെ അന്വേഷണവിധേയമാക്കാമായിരുന്നു. ഇന്ന് പാപ്പനും ചെറിയമ്മയും ആ താവഴിയില്‍ ആരും ജീവിച്ചിരുപ്പില്ല.

ചെയ്ത പാപങ്ങള്‍ക്കൊക്കെ ഉള്ള ശിക്ഷ ഏറ്റുവാങ്ങി നരകിച്ച് നരകിച്ചാണ്‍ ചെറിയമ്മ മരിച്ചത്. ഞാന്‍ കാണാനേ പോയില്ല. എന്റെ കൊച്ചുപെങ്ങള്‍ മരിക്കാന്‍ ഇടയായതില്‍ പിന്നെ ഞാന്‍ എന്റെ തറവാട്ടുമുറ്റത്ത് കാല്‍ കുത്തിയിട്ടില്ല. അതിന്‍ എത്രയോ മുന്നേ ഞങ്ങളെ അവിടെ നിന്ന് പടിയിറക്കിയിരുന്നെങ്കിലും ഞാന്‍ അവിടെ ഇടക്ക് പോകുമായിരുന്നു കുടുംബപരദേവതകളെ കാണാനും വിളക്ക് വെക്കാനും.

തറവാട് ലഭിച്ച ആള്‍ അമ്പലപ്പുരയും പാമ്പിന്‍ കാവും മറ്റു ദേവതകളേയും പരിപാലിക്കണമെന്നായിരുന്നു കരാറെങ്കിലും പാപ്പന്‍ മലയേഷ്യയിലും ചെറിയമ്മയും മക്കളും നാട്ടിലുമായിരുന്നു. ചെറിയമ്മയും മക്കളും അന്തിത്തിരി പോലും കൊളുത്തിയിരുന്നില്ല. അമ്പലപ്പുരക്ക് മെയിന്റനന്‍സ് ഒന്നും ചെയ്യാതെ അമ്പലപ്പുര നിലം പൊത്തി. പരദേവതകളുടെ ശാപം ഏറ്റുവാങ്ങി ഇഞ്ചിഞ്ചായി അവര്‍ യാത്രയായി.

ഇപ്പോഴത്തെ തലമുറയിലുള്ള രണ്ടാളില്‍ ഒരാള്‍ക്കാണ്‍ തറവാട്ടുഭൂമിയുടെ പകുതി ഭാഗം കിട്ടിയത്. പണ്ട് അമ്പലപ്പുരയും പാമ്പിന്‍ കാവും അതിനോട് ചേര്‍ന്ന ഭൂമിയും പൊതുസ്വത്തായി ആണ്‍ സംരക്ഷിക്കപ്പെട്ടിരുന്നത് എന്നാണ്‍ എന്റെ പിതാവ് പറഞ്ഞ എന്റെ ഓര്‍മ്മ.

ശേഷിച്ച പാമ്പിന്‍ കാവും ചിത്രകൂടവും രക്ഷസ്സിന്റെ തറയും പാപ്പന്റെ മക്കളിലൊരാല്‍ തകര്‍ത്തുതരിപ്പണമാക്കി ആ പുണ്യഭൂമി തരിശുനിലം പോലെ ആക്കി. ഇപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തുവെന്നാണ്‍ നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം.

അച്ചനമ്മമാര്‍ ചെയ്ത പാപഫലമായി ഇളയ സന്തതി മാനസികാസ്വാസ്ഥ്യം വന്നവനെപ്പോലെ ആരുമില്ലാതെ അലഞ്ഞ് നടക്കുന്നു. അവനായിരുന്നു തറവാട് വീട്. അത് അവനും അന്യാധീനപ്പെടുത്തി.

തറവാടിനോട് ചേര്‍ന്ന് കിടന്നിരുന്ന പാടത്ത് നാട്ടുകാര്‍ക്കെല്ലാം ഉപകാരമായി ഒരു സ്കൂ‍ള്‍ ഉയര്‍ന്നു. ആ തറവാട്ടിലെ കുറച്ച് മണ് തരികള്‍ക്ക് അങ്ങിനെ ഒന്നിന്‍ രൂപം കൊടുക്കാനായത് പുണ്യമായി.

ഞാന്‍ ജനിച്ചുവീണ എന്റെ തറവാട് ഒരു പൈതൃകസ്വത്തായി കൊണ്ട് നടക്കാഞ്ഞതിനാല്‍ എന്റെ മനസ്സിലെ തറവാട് എന്റെ അമ്മക്ക് സ്ത്രീധനമായി ലഭിച്ച ഭൂമിയില്‍ എന്റെ പിതാവ് പണിതുയര്‍ത്തിയ സ്മാരകമാണ്‍.

അമ്പത് കൊല്ലത്തെ പഴക്കമേ ഉള്ളുവെങ്കിലും ഞങ്ങളുടെ പുതിയ തറവാട് ഒരു ഇരുനൂറ് കൊല്ലമെങ്കിലും പഴക്കം തോന്നിക്കാവുന്ന ഗൃഹാതുരത്വം സൃഷ്ടിക്കുന്ന ഒരു സ്മാരകമായി നിലകൊള്ളുന്നു.

എന്നെ പ്രസവിച്ചത് എന്റെ പിതാവിന്റെ വീട്ടിലാണ്‍. സാധാരണ ഈഴവ കുടുംബങ്ങളില്‍ സ്ത്രീകള്‍ പ്രസവിക്കുക പെണ്ണുങ്ങളുടെ വീട്ടിലാണ്‍. എന്തുകൊണ്ട് ഞാന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രസവിക്കേണ്ടി വന്നു എന്നത് വലിയൊരു ചരിത്രമാണ്‍. ഞാന്‍ എന്റെ ബ്ലൊഗില്‍ തന്നെ ചിലയിടത്ത് ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.

ചെറുവത്താനിയിലെ ഏറ്റവും ധനികനായ ഒരുത്തന്റെ മകളെ അത്രയും ധനശേഷിയില്ലാത്ത ഒരു കുടുംബത്തിലെ ഒരുത്തന്‍ പ്രേമിച്ച് സംഭവബഹുലമായ രീതിയില്‍ വിവാഹം കഴിച്ചോണ്ട് പോന്നു. അതായിരുന്നു അതിന്റെ തുടക്കം.!!!

അതൊക്കെ എഴുതിക്കഴിയുമ്പോള്‍ നമ്മുടെ അമ്പിളിയുടെ കഥ പറച്ചില് നീളും. അതിനാല്‍ ഇനി അടുത്ത ലക്കത്തിലേ അമ്പിളിയുടെ കഥയിലേക്ക് പ്രവേശിക്കാനാകൂ…….

Btw: ഇവിടെയും അക്ഷരപ്പിശാചുക്കളുണ്ട്. മലയാളം ടെപ്പ് ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളാണ്‍ ഇതൊക്കെ എന്ന് ബ്ലൊഗര്‍മാരല്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാവില്ല. ഓണ്‍ലൈനില്‍ മലയാ‍ളം യൂണിക്കോഡ് ഫോണ്ടുകളെ ചേരൂ. അക്ഷരപ്പിശാചുക്കളെ താമസിയാതെ തുരുത്താം. സദയം ക്ഷമിക്കുക.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞങ്ങള് ഞമനേങ്ങാട്ടുകാരായത് എങ്ങിനെയെന്നുവെച്ചാല്. അതൊരു ചരിത്രമായാണ് ഞാന് പഴമക്കാര് പറഞ്ഞ് കേട്ടിട്ടുള്ളത്. അന്ന് ഞമനേങ്ങാട്ട് ദേശത്ത് ഒരു നാഥനില്ലാ കളരിപോലെയായിരുന്നു. ആര്‍ക്കും എന്തും ചെയ്യാം എന്നൊരു സ്ഥിതി. അധികവും മാപ്പിള സമുദായക്കാരായിരുന്നു.

അവര് പൊറുതിമുട്ടിയപ്പോള് കടത്തനാട്ട് നിന്ന് ഒരു പടയാളിയും അഭ്യാസിയായ എന്റെ അച്ചാച്ചനെ കൊല്ലിനും കൊലക്കും അധികാരം നല്‍കി അവിടെ തണ്ടാനായി വാഴിച്ചു. ആറടി അഞ്ചിഞ്ച് ഉയരവും അതിനൊത്ത തടിയും, കാതില് കടുക്കനും കുടുമയും ഉള്ള ഒരു അജാനബാഹുവായിരുന്നു എന്റെ അച്ചാച്ചനായ ചോഴി തണ്ടാന്.

രാജഗോപാൽ said...

വെട്ടിയാട്ടിൽ കുടുംബ പുരാണം അസ്സലാകുന്നുണ്ട്. അപ്രിയ സത്യങ്ങൾ തുറന്നെഴുതാനുള്ള ധൈര്യം അഭിനന്ദനാർഹം തന്നെ. മധ്യകേരളത്തിലെ ഈഴവകുടുംബത്തിന്റെ നേർച്ചരിത്രം കൂടിയാണ് ഇത്.
ജെ.പിയുടെ മാസ്റ്റർപീസ് എന്ന് ഭാവിയിൽ വിശേഷിപ്പിക്കപ്പെടാവുന്ന കൃതിയാവും ഇത്. ആയുരാരോഗ്യവും മനസ്സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർഥന.

Muralee Mukundan , ബിലാത്തിപട്ടണം said...

കുടുംബപുരാണം എല്ലാം തുറന്നെഴുതുമ്പോൾ ,ബന്ധുജനങ്ങളുടെ ശത്രുത കൂടി ഏറ്റ് വാങ്ങേണ്ടി വരും കേട്ടൊ ജയേട്ടാ.