ഞാന്‍ പണ്ടെങ്ങോ ആരോടോ പറഞ്ഞു എന്റെ എഴുതിയാലും എഴുതിയാലും തീരാത്ത ബാല്യകാല ഓര്‍മ്മകള്‍ . ഞാന്‍ ബീഡി വലിയും കള്ളുകുടിയും എന്റെ ഏഴാം വയസ്സില്‍ തുടങ്ങി. എന്റെ ഗുരു മറ്റാരുമല്ല, എന്റെ അമ്മാവന്‍ തന്നെ.
ഞാനും അമ്മാമനും തമ്മില്‍ പ്രായം കൊണ്ട് അഞ്ചാറുവയസ്സിന് വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ കണക്കുകൂട്ടല്‍ . ഇനി ചോദിക്കാമെന്ന് വെച്ചാല്‍ അവന്‍ ഇപ്പോള്‍ പാതാളത്തിലോ, നരകത്തിലോ ഒക്കെ ആണ്. സ്വര്‍ഗ്ഗത്തിലല്ല എന്നുറപ്പ്. എവിടെയാണെങ്കില്‍ അവിടേക്ക് കത്തുകുത്തുകളോ, കമ്പിയോ ഫോണ്‍ സന്ദേശമോ ഒന്നും അയക്കാനുള്ള വഴി കാണുന്നില്ല.
എന്റെ ചേച്ചിയെ അഛന്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. നാട്ടിലെ വലിയ ജന്മിയും പണക്കാരനും ആയ ഒരാളുടെ ഏക മകളായിരുന്നു എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിക്കുന്ന എന്റെ അമ്മ. ചേച്ചിക്ക് 4 സഹോദരങ്ങളുണ്ടായിരുന്നു. അതില്‍ ഇളയവനായിരുന്നു എന്റെ ഗുരുവും വഴികാട്ടിയും. ഇളയ അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാനും അമ്മയെ ചേച്ചി എന്നു വിളിച്ചുതുടങ്ങിയത്. അവര്‍ എന്തുചെയ്യുന്നു, അതൊക്കെ ഞാനും ചെയ്യാന്‍ തുടങ്ങി.
ഇളയ അമ്മാവനെ നാട്ടിലെല്ലാവര്രും മുത്തു എന്നാണ് വിളിച്ചിരുന്നത്. പിന്നെ അതിനുമൂത്ത ശേഖരഞ്ഞാട്ടന്‍ , വേലഞ്ഞാട്ടന്‍ , ഏറ്റവും മൂത്ത ഒരു അങ്കിള്‍ ഉണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ ചരമമടഞ്ഞു. രണ്ടാമത്തെതും മൂന്നാമത്തെയും അമ്മാമന്മാരെ മുത്തു ചേട്ടന്‍ എന്ന് കൂട്ടി വിളിച്ചപ്പോള്‍ ഞാന്‍ അവരെ മാമന്‍ എന്ന് വിളിക്കാതെ ഇവന്‍ വിളിക്കുന്ന പോലെ വിളിച്ചുവന്നു. ഈ അമ്മാമനായ മുത്തുവിനെ ഞാന്‍ മുത്തു എന്ന് തന്നെ വിളിച്ചു. അമ്മാമനെന്നോ ഏട്ടനെന്നോ വിളിച്ചില്ല.
മുത്തു കുന്നംകുളം ഹൈ സ്കൂളിലും ഞാന്‍ വടുതല്‍ പ്രൈമറി സ്കൂളിലും ആണ്‍[ പഠിച്ചിരുന്നത്. അവന്‍ കാലത്ത് ചോറ്റുമ്പാത്രവും എടുത്ത് പിള്ളേരുടെ കൂടെ നടന്ന് പോകും, ചിലപ്പോള്‍ ഏഴരയുടെ ബാലകൃഷ്ണ ബസ്സില്‍ കയറിപ്പറ്റും. ആളൊരു വിരുതനാണെന്ന് പറഞ്ഞല്ലോ...? അവന് ബസ്സില്‍ പോകാനുള്ള സമ്മതപത്രം വീട്ടില്‍ നിന്ന് കൊടുത്തിട്ടില്ല. ബസ്സിനുള്ള കാശ് എന്നോട് മോഷ്ടിച്ച് കൊടുക്കാന്‍ പറയും. പകരമായി അവന്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ പാസ്സിങ് ഷോ സിഗരറ്റ് വാങ്ങിക്കൊണ്‍/ട് വരും.
വൈകുന്നേരം ശപ്പാട് കഴിഞ്ഞാലാണ് ഞങ്ങളുടെ കമ്പനി കൂടല്‍ . സാധാരണ വീട്ടില്‍ അടുക്കളപ്പണി , പ്രത്യേകിച്ച് മീന്‍ കൂട്ടാനുണ്ടാക്കുന്നത് അമ്മയാണ്. അമ്മയെന്ന് വെച്ചാല്‍ എന്റെ സ്വന്തം അമ്മയല്ല. എന്റെ ചേച്ചിയുടെ അമ്മ. നാട്ടിലെല്ലാവരും നാണ്യമ്മായി എന്ന് വിളിക്കും, ഞാന്‍ അമ്മയെന്നും.
നാലുമണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പിയും കടിയും ഉണ്ടാകും. മരക്കിഴങ്ങും അല്ലെങ്കില്‍ ചക്കരക്കിഴങ്ങും ഒക്കെ കടിയായിട്ടുണ്ടാകും. കിഴങ്ങിന്റെ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ കാവത്ത് പുഴുങ്ങിത്തരും, ഇതൊന്നും ഇല്ലെങ്കില്‍ റസ്ക് തരും. ചിലപ്പോള്‍ കടിക്കാനൊന്നും ഇല്ലെങ്കില്‍ അരിമണി വറുത്തതുണ്ടാകും അമ്മയുടെ സ്റ്റോക്കില്‍ . അമ്മക്കെന്നും നാലുമണിക്ക് കട്ടന്‍ കാപ്പിയും അരിമണി വറുത്തതും ആണ്. വീട്ടിലെ വിഐപി ആണ് അമ്മയെങ്കിലും വളരെ ലളിതമാണ് അമ്മയുടെ ജീവിതം. അമ്മ മാറുമറക്കാറില്ല. വെള്ളരിക്കാ പോലെ നീണ്ട മുലകള്‍ മറക്കാന്‍ ചെറിയ തോര്‍ത്ത് പോലെയുള്ള ഒരു തുണി പുതച്ച് കഴുത്തിനുമുകളിലായി കെട്ടിയിടും.
കാതില്‍ സ്വര്‍ണ്ണത്തിന്റെ തോട ഉണ്ട്, അമ്മയുടെ പ്രിയങ്കരമായ ഒരു സംഗതി എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങെനെ മുറുക്കിത്തുപ്പിക്കൊണ്ടിരിക്കും. പല്ലിന് വലിയ കുഴപ്പമില്ലെങ്കിലും ഒരു ചെറിയ ഉരലില്‍ അടക്ക ഇടിക്കും, പിന്നെ പട്ടപ്പുകയില ആണ് ഉപയോഗിക്കുക. സാധാരണ പുകയിലയേക്കാളും വില കൂടിയതും മുന്തിയ ക്വാളിറ്റിയും ആണ് പട്ടപുകയില. പുകയിലയില്‍ തേനും, വാസനദ്രവ്യവും മറ്റെന്തോ ഒക്കെ ചേര്‍ത്ത പട്ടപ്പുകയില ഉണങ്ങിയ വാഴപ്പോളകളിലാണ് ലഭിക്കുക. ഈ മണം പിടിച്ച് ഞാനും മുറുക്കിത്തുടങ്ങി.
നാലുമണി കാപ്പികുടി കഴിഞ്ഞാല്‍ കളിക്കാനോടും. കുറ്റിയും കോലും അല്ലെങ്കില്‍ തകുതുകുതു, അതൊന്നുമല്ലെങ്കില്‍ തെക്കോട്ടും വടക്കോട്ടും ഓട്ടം. ഇതൊക്കെ ആണ് അന്നത്തെ കളികള്‍ . ചിലപ്പോള്‍ കുറച്ച് നേരം കളിച്ചിട്ട് നേരെ എരുകുളത്തില്‍ പോയി കുളിക്കാന്‍ തുടങ്ങും. ഞങ്ങളുടെ നാട്ടലെ കുളത്തില്‍ രണ്‍/ട് പടവുകളിലായി ആണുങ്ങളും പെണ്ണുങ്ങളും കുളിക്കും. ആണുങ്ങളുടെ കടവില്‍ കൂടി പോത്തുകളേയും അവരുടെ ഭാര്യമാരേയും കുളിപ്പിക്കാന്‍ കൊണ്ട് വരും. ഞാന്‍ ഈ ഭാര്യമാരുടെ പുറത്ത് കയറി ഇരിക്കും. അപ്പോള്‍ അവര്‍ കുളത്തില്‍ നീന്താന്‍ തുടങ്ങും. ചിലര്‍ എന്നേയും കൊണ്ട് അടുത്ത പാടത്തിലെ കണ്ടത്തിലേക്ക് ഓടും. ഞാന്‍ എന്നാലും അവരുടെ പുറത്ത് നിന്ന് ഇറങ്ങില്ല.
ഒരു ദിവസം ഒരു പോത്ത് ഭാര്യ എന്ന് കണ്ടത്തില്‍ വീഴ്ത്തി. ഞാന്‍ വിട്ടില്ല. ഞാനവളുടെ മുല കുടിക്കാനൊരുങ്ങി. നല്ല സുഖമായിരുന്നു, കുളത്തിലെ തണുത്ത വെള്ളത്തില്‍ നിന്നെണീറ്റു വന്നുള്ള ചുടുപാല് കുടി. അങ്ങിനെ പോത്തിന്‍ പുറത്തും അവരുടെ ഭാര്യമാരുടെ പുറത്തുമായി സവാരി ചെയ്ത് കുളം കലക്കിയായിരിക്കും കരക്ക് കയറുക. വീട്ടിലെത്തുമ്പോള്‍ കണ്ണൊക്കെ ചുവന്ന് തുടുത്തിട്ടുണ്ടായിരിക്കും. ചിലപ്പോള്‍ ചേച്ചിയുടെ അടുത്ത് നിന്ന് അടിയും കിട്ടും. ചിലപ്പോള്‍ പൊതിരെ തല്ലുമ്പോള്‍ ഞാന്‍ പൂമുഖത്തേക്ക് ഓടും. പൂമുഖമെത്തിയാല്‍ സഡ്ഡന്‍ ബ്രേക്കിട്ട പോലെ ചേച്ചി നില്‍ക്കും. ഞാന്‍ പൂമുഖത്തെ അച്ചന്റെ കസേരക്കിടയില്‍ പളുങ്ങും.
ചേച്ചിയുറ്റെ അഛനെ ഞാനും അഛനെന്നാ വിളിക്കുക. അഛന്‍ മുട്ട് വരെയുള്ള മുണ്ട് മാത്രമേ ധരിക്കൂ.. പാറയില്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ചിലപ്പോള്‍ ഒരു ചെറിയ മണ്ട് എടുത്ത് തോളിലിടും. അഛന് എന്നെ വലിയ ഇഷ്ടമാ.. ചേച്ചിയെ എന്റെ പിതാവ് കല്യാണം കഴിച്ചെങ്കിലും പിതാവിനോട് ഈ അച്ചന്‍ മിണ്ടാറില്ല. തെറ്റായിരുന്നു മരണം വരെ. പക്ഷെ എന്റെ പിതാവിന് അമ്മായിയപ്പനെ ഇഷ്ടമായിരുന്നു. അച്ചനും നന്നായി മുറുക്കും. വായില്‍ പല്ല് കുറവാണ്, വെറ്റിലയും കളിയടക്കയും സാധാരണ പുകയിലയും കൂട്ടി മുറുക്കും. അതൊക്കെ വെക്കാന്‍ ഒരു കൊച്ചുചെല്ലപ്പെട്ടി ഉണ്ട്. ആഴ്ചയിലൊരിക്കല്‍ ആ പിച്ചള ചെല്ലപ്പെട്ടി പണിക്കാര്‍ എടുത്ത് കഴുകി പോളീഷ് ചെയ്യും. പിന്നെ തുപ്പാനൊരു തുപ്പക്കോളാമ്പിയും. അതെല്ലാം പൂമുഖത്ത് ഉണ്ടാകും.
കാപ്പി കുടി കഴിഞ്ഞുള്ള കളിയും കുളത്തിലെ കുത്തിമറിയലെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ചേച്ചിയുടെ വക കഞ്ഞുണ്ണ്യാദി എണ്ണ തേപ്പിച്ച് ഒരു കുളിയുണ്ട്. നെല്ലിപ്പടിവെച്ച കിണറ്റില്‍ നിന്ന് തണുത്ത വെള്ളം കോരി തലയിലൊഴിക്കും ആദ്യം. പിന്നെ താളി പതപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കും, വീണ്ടും ഒന്ന് രണ്ട് പാള വെള്ളം കോരി തലയിലൊഴിക്കും. അത് കഴിഞ്ഞാല്‍ ഉമ്മറത്തെത്തിയാല്‍ അലആക്കിയ വള്ളി ട്രൊഉസര്‍ ഇട്ട് തരും. എനിക്കപ്പോളെക്കും ഉറക്കം വന്നുതുടങ്ങും. സന്ധ്യാനേരത്ത് ഉറക്കം തൂങ്ങിയാല്‍ ചേച്ചിയുടെ കയ്യില്‍ നിന്ന് പെട കിട്ടും.
ഉടന്‍ തന്നെ സനന്ധ്യാനാമം ചൊല്ലാനിരിക്കും. അരമണിക്കൂര്‍ നാമം ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്. ചിലപ്പോള്‍ നാമം ചൊല്ലിക്കഴിയുമ്പോളേക്കും ഞാന്‍ തളര്‍ന്ന്‍ വീണുറങ്ങാന്‍ തുടങ്ങിയിരിക്കും. ചേച്ചിയങ്ങാനും അത് കണ്ട് വന്നാല്‍ നല്ല അടി കിട്ടും. ചേച്ചി സ്കൂള്‍ ടീച്ചറാണ്. അതിനാല്‍ കുട്ടികളെ തല്ലാന്‍ വലിയ ഇഷ്ടമാണ്.
നാമം ചൊല്ലിക്കഴിഞ്ഞാല്‍ ഞാന്‍ ചോറുണ്ണാന്‍ പലകയിട്ട് ഇരിക്കും. ഒരു മണ്ണെണ്ണ ചിമ്മിണി അടുത്ത് വെക്കും. അമ്മ കിണ്ണത്തില്‍ ചോറും ഒരു പിഞ്ഞാണത്തില്‍ മീന്‍ കൂട്ടാനും കൊണ്ടത്തരും. അമ്മ മീന്‍ കാച്ചുന്നത് ഞാന്‍ ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട്. മീന്‍ അടുപ്പത്ത് നിന്ന് ഇറക്കുന്നതിന് മുന്‍പ് ഉള്ളി കാച്ചും, ആ മണം കേട്ടാല്‍ ഒരു പിടി ചുടുചോറ് തിന്നാന്‍ തോന്നും. ചിലപ്പോള്‍ ചുടുചോറില്‍ ഒരു തുടം വെളിച്ചെണ്ണയും ഒഴിച്ച് തരും.
അങ്ങിനെ കുശാലായുള്ള ചോറൂണ് കഴിഞ്ഞാല്‍ നേരെ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറും. അവിടെ ഉണ്ടാകും അമ്മാമന്‍ മുത്തു. അവന്‍ ചിലപ്പോള്‍ എന്നെക്കാളും മുന്‍പ് ചോറുണ്ട് അവിടെ എത്തിയിട്ടുണ്ടാകും. മുത്തു കുന്നംകുളം സ്കൂളിലെ വെടായി പറയും. പിന്നെ ചിത്രം വരക്കും, അവന്‍ നന്നായി വരക്കും. അധികം ചുമരിലും മറ്റുമാണ് വരക്കുക. അതിന്നിടക്ക് ബീഡി വലിക്കും. കുറ്റിയാകുമ്പോള്‍ എനിക്ക് തരും. ഞാന്‍ ബീഡിക്കുറ്റി വലിച്ച് തൃപ്തിപ്പെടും.
"കുട്ടികള്‍ ഫുള്‍ ബീഡി വലിക്കാന്‍ പാടില്ല, കരള് കത്തും.."
അതാണെപ്പോഴും അവന്റെ ഡയലോഗ്.. ചിലപ്പോള്‍ അവന് ബീഡി ഇല്ലാതെ വരും. അപ്പോള്‍ എന്നെ മോട്ടിക്കാന്‍ അയക്കും. താഴെ ശേഖരഞ്ഞാട്ടനും വേലഞ്ഞാട്ടനും ബീഡി വലിക്കുന്നവരാണ്. ഞാന്‍ അവരുടോക്കെ കുശലം പറഞ്ഞ് ബീഡി മോട്ടിച്ച് തട്ടിന്‍ പുറത്തെത്തും. എന്നിട്ട് അമ്മാമനും മരോനും കൂടി കയ്യിലുള്ള ബീഡിയെല്ലാം വലിച്ച് കിടന്നുറങ്ങും.
ചില ദിവസങ്ങളില്‍ നല്ല എരിവുള്ള മീന്‍ കൂട്ടാനും കൂട്ടി ചോറുണ്ട് തട്ടിന്‍ പുറത്തെത്തിയാലൊരു പുക വിടാന്‍ ബീഡി സ്റ്റൊക്കുണ്ടാവില്ല. അപ്പോള്‍ എഷ്ട്റേയില്‍ നിന്ന് ബീഡിക്കുറ്റികള്‍ എടുത്ത് വലിക്കും, വലിയ കുറ്റികള്‍ അമ്മാമനും ചെറിയ കുറ്റികള്‍ മരുമകനും. എന്തൊരു ചേര്‍ച്ചയുള്ള അമ്മാമനും മരുമകനും അല്ലേ..?!!
[ഇവിടെ അവസാനിക്കുന്നു]