Friday, April 30, 2010
വാഴയിലയില്‍ പൊതിഞ്ഞ ഇലച്ചോറ്
+
കുറച്ച് നാളായി സജിതയേയും ശുഭയേയും കാണാറില്ല. എന്റെ സഹപ്രവര്‍ത്തകരായിരുന്നു ഒരിക്കല്‍ അവര്‍.
ഉച്ചഭക്ഷണമായാല്‍ എപ്പോഴും സജിത എന്നെ വിളിക്കും. എന്റെ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കും. സജിതയെക്കാളും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത് സന്ദീപാണ് ഹൂ വാസ് അവര്‍ ബോസ്സ്.
ഒരിക്കല്‍ ഞാന്‍ ഡൈനിങ്ങ് റൂമില്‍ എന്തിനോ പോയപ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ ചോറ് ഉണ്ണുന്നത് കണ്ടു ശുഭ.
+
“ഹായ് ഇലച്ചോറോ…….. ഹൂം നല്ല മണം. എനിക്ക് ഇലയില്‍ പൊതിഞ്ഞ ചോറ് വളരെ ഇഷ്ടമാ….”
എന്നും ഇങ്ങിനെയാണോ ഭക്ഷണം കൊണ്ട് വരാറ് ശുഭേ…..?
“ശുഭ മിണ്ടിയതും ഇല്ല. ഒരു ഉരുള കഴിച്ചോളൂ എന്നും പറഞ്ഞതും ഇല്ലാ..
+
എനിക്ക് ഒരു ഉരുള കിട്ടിയാലോ എന്നാശിച്ചു. സജിതയായിരുന്നെങ്കില്‍ ഞാന്‍ സ്വയം എടുത്ത് കഴിച്ചേനേ……
+
യാത്രാവേളയില്‍ എനിക്ക് എന്റെ ചേച്ചി ഇത് പോലെ വാഴയിലയില്‍ പൊതിഞ്ഞ ചോറ് തന്നുവിടുമയിരുന്നു. ഞാന്‍ അത് ഒരു മണിയാകുമ്പോളെക്കും തുറന്ന് ഭക്ഷിക്കും.\
+
പിന്നെ ഞങ്ങളുടെ പറമ്പില്‍ ധാരാളം വാഴയുണ്ടായിരുന്നു. ചേച്ചി പലപ്പോഴും എനിക്ക് വാഴയില മുറിച്ച് അതില്‍ ചോറ് വിളമ്പിത്തരുമായിരുന്നു.
പക്ഷെ വാട്ടിയ ഇലയില്‍ പൊതിഞ്ഞ ചോറും കൂട്ടാനും കൂടി തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്.
+
ഞങ്ങളുടെ ചെറുവത്താനിയിലെ വീട്ടില്‍ വിരുന്ന് കാര്‍ വന്നാല്‍ മിക്കതും വാഴയിലയിലാണ് ഭക്ഷണം വിളമ്പുക. ചൂടുള്ള സാമ്പാറൊഴിച്ച് ചോറും പപ്പടവും എല്ലാം കൂട്ടി കുഴച്ച് ഇലയില്‍ തിന്നുന്നത് ഒരു രസം തന്നെ. പിന്നെ പുളിഞ്ചിയും നാരങ്ങാക്കറിയുമെല്ലാം തൊട്ട് നക്കുന്നതിനും ഇലയിലെ ശാപ്പാട് തന്നെ വേണം.
+
പിന്നെ പായസം ശരിക്കും ആസ്വദിച്ച് കുടിക്കാന്‍ ഇലയില്‍ നിന്ന് കഴിക്കണം. ഇപ്പോളെല്ലാം സദ്യക്ക് പായസം ഗ്ലാസ്സിലാണ് വിളമ്പാറ്. ഞാന്‍ ഗ്ലാസ്സില്‍ നിന്ന് ഇലയിലേക്ക് ഒഴിച്ച് കഴിക്കുക പതിവാണ്.
+
അങ്ങിനെ കുറേ നാള്‍ക്ക് ശേഷം ആണ് ഇലയിലെ പൊതിച്ചോറ് കണ്ടത്. ഞാന്‍ ഇപ്പോള്‍ ശുഭയുമായി വളരെ അടുപ്പത്തിലാണ്. പക്ഷെ പിന്നീടൊരിക്കലും ശുഭ ഇലയില്‍ പൊതിഞ്ഞ ചോറ് തിന്നുന്നത് കണ്ടിട്ടില്ല.
+
ഞാന്‍ ഇടക്കിടക്ക് ചോദിക്കാറുണ്ട് ലഞ്ച് സമയത്ത്…
“ശുഭേ ഇന്നെന്താ ഭക്ഷണം… എന്നേയും വിളിക്കണേ….”
ഇന്ന് വീട്ടില് നിന്നൊന്നും കൊണ്ട് വന്നിട്ടില്ല ജെ പി സാറെ………
“അയ്യോ മോശമായി……. ഞാന്‍ ശുഭയുടെ ഭക്ഷണപ്പൊതിയില്‍ നിന്ന് ഒരു ഉരുള പ്രതീക്ഷിച്ചിരിക്കയായിരുന്നു……”
അതിനെന്താ ഞാന്‍ സസന്തോഷം ഊട്ടാലോ ജെ പി സാറിനെ. വീട്ടിലേക്ക് വന്നോളൂ……..\
“വീട്ടിലെ മേശപ്പുറത്തിരുന്ന് പ്ലെയിറ്റിലെ വിഭവങ്ങള്‍ എനിക്കിഷ്ടമില്ല……..”
“ശുഭ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ഇലയില്‍ പൊതിഞ്ഞ പൊതിച്ചോറുണ്ടല്ലോ…? അതിലെ ഒരു ഓഹരിയാണ് ഞാന്‍ ഉദ്ദേശിച്ചത്……..”
“ഓ…. പ്രശ്നമില്ല… ഇനി ഞാന്‍ കൊണ്ട് വരുമ്പോള്‍ സാറ് ഈ പ്രദേശത്തെങ്ങാനും ഉണ്ടെങ്കില്‍ ഞാന്‍ വിളിക്കാം………“
+
എന്ന് ശുഭ പറഞ്ഞതല്ലാതെ പിന്നെ ഒരിക്കലും ഞാന്‍ ശുഭയെ ഒരുമിച്ച് ഡൈനിങ്ങ് റൂമില്‍ കണ്ടില്ല.
[ഈ കൊച്ച് അനുഭവ കഥ ഇവിടെ അവസാനിക്കുന്നു.]
Wednesday, April 28, 2010
പാത്താനൊരിടം പാര്‍ട്ട് 2
+
ഇക്കൊല്ലം പൂരം പതിവിലും ഭംഗിയായി ആഘോഷിക്കുവാനുള്ള എല്ലാം ഒരുക്കങ്ങളും കോര്‍പ്പറേഷന് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. റോഡെല്ലാം പുതുക്കിപ്പണിതു. ഫുട്ട്പാത്തും സഞ്ചാരയോഗ്യമാക്കി. റോഡ് മുറിച്ച് കടക്കുവാനുള്ള സബ് വേയും എല്ലാം റെഡി. എല്ലാം കൊണ്ടും പതിവിലും മികച്ച സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍കരുതി. വേണ്ടത്ര കംഫര്‍ട്ട് സ്റ്റേഷനുകളും ഉണ്ടാകുമെന്ന് പ്രത്യാശിച്ചു.
ഞാന് അതൊന്നും ശ്രദ്ധിച്ചില്ല. പൂരം ആസ്വദിച്ചു, അതിനിടയില് വീട്ടില്‍നിന്ന് കൊണ്ട് വന്നിരുന്ന ഒരു കുപ്പി മിനറല് വാട്ടറും കുടിച്ചുതീര്‍ത്തു.
+
പിന്നെ എന്റെ കൂടെ എന്റെ കസിന്റെ ഫ്രണ്ടായ ഒരു സായ്പ്പും സാധാരണ വരാറുള്ള രണ്ട് അറബികളും ഉണ്ടായിരുന്നു. സായ്പിന്ന് ഇടക്കിടക്ക് വെള്ളം കുടിക്കണം. അങ്ങിനെ അയാള്‍ക്ക് സംഭാരം കുടിക്കണമെന്ന് കലശലായ മോഹം. ഞാന് എന്റെ പണ്ടത്തെ സംഭാരം കുടിച്ചുള്ള വയറിളക്കത്തെപ്പറ്റി ഓര്‍ത്തു.
ഞാന് അയാളൊട് പറഞ്ഞു.
“ഇറ്റ് ഈസ് നോട്ട് എ ഗുഡ് ഡ്രിങ്ക് ഏന്‍ഡ് നോട്ട് ഹൈജീനിക്......”
സായ്പ്പ് ഏതോ തോട്ടിന്‍പുറത്ത് താമസിക്കുന്നവനായിരിക്കാം. അതൊന്നും പ്രശ്നമില്ലാ എന്ന് പറഞ്ഞു. അതിന്നിടയില് അയാള് 10 പേക്കറ്റ് സംഭാരം വാങ്ങി. അത് കുടിക്കാനുള്ള പ്രോപ്പര് സ്ലോട്ട് സംവിധാനമൊന്നും ആ പ്ലാസ്റ്റിക് ബേഗിനില്ലാത്തതിനാല് എന്നോട് പൊട്ടിച്ച് കൊടുക്കാന്‍പറഞ്ഞു.
+
ഞാന് വീണ്ടും അയാളോട് പറഞ്ഞു.
“ദിസ് ഈസ് നോട്ട് എ ഗുഡ് ഡ്രിങ്ക്....ഐ ഷാല്‍ടേക്ക് യു ടു നിയര്‍സ്റ്റ് ഹോട്ടല്‍ഏന്‍ഡ് ഓഫര്‍യു എ ഗുഡ് ഫോസ്റ്റര് ബീയര്‍”
ലുക്ക് ജെ പി...ഐ നീഡ് റ്റു ടേസ്റ്റ് ദിസ് ഡ്രിങ്ക്, ബീയര് ഈസ് എവൈലബിലള്‍ ഓള് ഓവര് ദി വേള്‍ഡ്“
ഞാന് അയാളെ പരാമവധി നിരുത്സാഹപ്പെടുത്തി.
“റിച്ചാര്‍ഡ്... വെന്‍വി ഗോ ഹോം ഐ ഷാല്‍ടെല്ല് ബീനാമ്മ ടു മെയ്ക്ക് യു എ വന്‍ഡര്‍ഫുലള്‍ സംഭാരം ഡ്രിങ്ക്.......’
+
സായ്പ്പിന് അതൊന്നും കേള്‍ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അയാള്‍ക്ക് പൂരപ്പറമ്പില്‍നിന്ന് തന്നെ അത് കുടിക്കണം.
ഞാന്‍ ഒരു പൌച്ച് പൊട്ടിച്ച് കൊടുത്തു. അയാള് വളരെ നിര്‍ബ്ബന്ധിച്ച് ഒന്ന് എന്നെക്കൊണ്ട് കുടിപ്പിച്ചു. അത് അയാളുടെ ആചാര മര്യാദ. പിന്നെ ഒന്ന് അയാള്‍കുടിച്ചു. അങ്ങിനെ നാലെണ്ണം ഞാനും ആറെണ്ണം അയാളും കുടിച്ചു.
+
അരമണിക്കൂര് കഴിഞ്ഞപ്പോള്‍എനിക്ക് വലിയ മൂത്രശങ്ക. ഞാന് അയാളെ അവിടെ വിട്ട് പാത്തിയിട്ട് വരാമെന്ന് പറഞ്ഞു. ഒരിടത്തും താല്‍ക്കാലിക മൂത്രപ്പുരയോ അല്പം മറയോ കണ്ടില്ല. പാത്താന്‍...
പിന്നെ വിചാരിച്ചു... കുട്ട്യോള് പാത്ത്ണ പോലെ നിന്ന നില്പില്‍തന്നെ ട്രൌസറില് പാത്തിയാലോ എന്ന്. അത്രക്കും ബുദ്ധിമുട്ടായി. അല്ലെങ്കില് ഈ തിരക്കില് അയാളെ ഉപേക്ഷിച്ച് കുറുപ്പം റോഡ് വരെയോ പത്തന്‍സ് ഹോട്ടലിലോ എലൈറ്റ് ഹോട്ടലിലോ പോകണം. അതിന് ഈ മര്‍ക്കടനെ വിട്ട് പോകാനും വയ്യ.
ഞാന് അവനെ പത്ത് മിനിട്ട് ഉപേക്ഷിച്ച് ശ്രീമൂലസ്ഥാനത്ത് നിന്ന് തേക്കിന്‍കാടിന്റെ ഒരറ്റത്ത് കോളേജ് പിള്ളേര്‍നില്‍ക്കുന്ന ഒരിടത്ത് അവരോട് കാര്യം പറഞ്ഞ് കാര്യം സാധിച്ചു. എലൈറ്റ് ഹോട്ടലില് ഞങ്ങള്‍ഒരു മുറി എടുത്തിട്ടുണ്ടായിരുന്നു. അവിടെക്ക് പോകാനുള്ള ചാര്‍ജ്ജ് ഉണ്ടായിരുന്നില്ല.
+
ഞാന് വിചാരിച്ചുപോയി. ഇങ്ങനെയുള്ള ഒരു അവസ്ഥയില് ആണുങ്ങള്‍ക്ക് നാണം ഇല്ലെങ്കില്‍എവിടെയെങ്കിലും കാര്യം സാധിക്കാം. പക്ഷെ പെണ്ണുങ്ങളുടെ സ്ഥിതി എന്തായിരിക്കും. അതാണ് പല പൂരങ്ങളിലും പെണ്ണുങ്ങളെ കാണാത്തത്.
തൃശ്ശൂര്‍പൂരത്തിന് ആലിന്‍ചുവട്ടിലും എല്ലാ മരച്ചുവട്ടിലും ആളുകളാണ്. സൂചികുത്താനിടമില്ലാത്ത സ്ഥലത്താണോ പത്താനുള്ള ഇടം.
+
എല്ലാ പരിഷ്കാരങ്ങളും വന്നിട്ടും നമ്മുടെ നാട്ടിലെ ഈ പട്ടണത്തില്‍ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഒഴികെ എവിടെയും മൂത്രപ്പുര കാണാനില്ല. ഇനി വല്ലയിടത്തും പൊതു പുരകള് ഉണ്ടോ എന്ന് ഞാന്‍കണ്ടിട്ടില്ല. ഞാന് ഈ പട്ടണത്തിന്റെ ഓരോ മുക്കും മൂലയും അറിയുന്ന ആളാണ്.
ഞാന് സഞ്ചരിച്ചിട്ടുള്ള ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും പബ്ലിക്ക് ടോയ്ലറ്റ്സ് കണ്ടിട്ടുണ്ട്. യൂറോപ്പില് റോട്ടില് കൂടി പത്തടി നടന്നാല് ഇത്തരം വെല്‍കെപ്റ്റ് ഏന്‍ഡ് ഹൈജീനിക് പബ്ലിക് ടോയ്ലറ്റ്സ് കാണാന്‍കഴിയും.
അവിടെ വെന്‍ഡിങ്ങ് മെഷീനില്‍കൂടി ടൂത്ത് പേസ്റ്റും, സിഗരറ്റും, സോപ്പ് ഷാമ്പൂ തുടങ്ങിയ മറ്റുപല സാധനങ്ങളും ലഭിക്കും. ഇവിടെയും അത്തരം പരിക്ഷ്കാരങ്ങള് സമീപഭാവിയില് വരുമായിരിക്കാം...
+
പാത്തലിന്റെ കാര്യം പറഞ്ഞ് എങ്ങോട്ടോ പോയി.
എന്റെ ബാല്യത്തില് ഞാന്‍പായയില് പാത്തുന്ന കാര്യമാണ് പറഞ്ഞ് വന്നത്.
അങ്ങിനെ എന്നെ സ്കൂളിലെ കുട്ട്യോള്‍പായേപാത്തി എന്ന് വിളിക്കാറുണ്ട്. എനിക്കതില്‍ഒട്ടും വിഷമവും തോന്നിയിരുന്നില്ല.
ഞാന്‍വളര്‍ന്ന് വലുതായി, ഹൈ സ്കൂള്‍വിദ്യാഭ്യാസത്തിന് ബോര്‍ഡിങ്ങ് സ്കൂളില്‍ചേര്‍ന്നു. എന്റെ അമ്മക്ക് സര്‍ക്കീറ്റ് നടത്താനും അഛന് കൊളംബോയിലെ ആഡംഭരജീവിതം നയിക്കാനും ഈ ഞാനെന്ന പാവം അവര്‍ക്കൊരു വിനയായി കാണും. അല്ലെങ്കില് നല്ല സ്കൂളുകള് കുന്നംകുളത്തും വീടിന്നടുത്ത തൊഴിയൂരിലും ഒക്കെ ഉള്ളപ്പോള് എന്നെ തൃശ്ശൂരിലെ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബോര്‍ഡിങ്ങ് സ്കൂളില് നടതള്ളി.
+
ഞാന് രാത്രി ശാപ്പാടിന് പരമാവധി വെള്ളം മോര് എന്നീ വിഭവങ്ങള്‍ഒഴിവാക്കി. എന്നിട്ടും 10 മണിക്ക് കിടന്നാല്‍ഒരിക്കലെങ്കിലും മൂത്രമൊഴിക്കാതെ നേരം വെളുപ്പിക്കാന്‍പറ്റില്ല. എന്റെ വാര്‍ഡില്‍20 കുട്ടികളുണ്ടായിരുന്നു. അങ്ങിനെ 4 വാര്‍ഡുകളായിരുന്നു ആ ഹോസ്റ്റലില്‍. ഞാന്‍ഫസ്റ്റ് ഫോമിലായിരുന്നപ്പോള്‍ ശ്രീധരന്‍മാഷ് എനിക്ക് പാത്താന്‍മുട്ടുമ്പോള്‍ കൂടെ വരുമായിരുന്നു. ഒരു മൈല് അകലെയായിരുന്നു രാത്രി പാത്തണമെങ്കില് പോകേണ്ടിയിരുന്നത്.
ഒരിക്കല് ഞാന്‍രാത്രി ഏറെ വൈകി പാത്താന്‍മുട്ടുണു എന്ന് പറഞ്ഞപ്പോള്‍മാഷിന് എന്തോ രസിച്ചില്ല. പാവം മാഷ് ഇങ്ങിനെ ഓരോ കുട്ടിയും പല സമയങ്ങളില്‍ഇങ്ങനെ പാത്താന്‍പോണമെന്ന് പറഞ്ഞാല്‍പിന്നെ മാഷിനും ഉറങ്ങണ്ടെ.
മാഷ് കാലത്ത് എണീറ്റാല് ചൊറിയും ചിരങ്ങുമുള്ള കുളിപ്പിക്കാന് ഏറെ പണിപ്പെടും. കോള്‍ട്ടാര്‍സോപ്പ് കൊണ്ട് അത്തരം കുട്ട്യോളെ അമര്‍ത്തി തേക്കുമ്പോള് അവര് കരയുന്നത് കേള്‍ക്കാം.
+
പുലര്‍ച്ചെ 5 മണിക്ക് എണീറ്റ് തണുത്തെ വെള്ളത്തില് കുളിക്കണം. എളുപ്പമുള്ള കര്യമായിരുന്നില്ല. പക്ഷെ ചെയ്തല്ലേ പറ്റൂ. അല്ലെങ്കില്‍കടുത്ത ശിക്ഷയാണ്. പാതിരാ നേരത്തുള്ള അടിക്ക് ചൂടേറും. എനിക്ക് ഓരോ അടി കിട്ടുമ്പോളും ഞാന്‍എന്റെ പെറ്റ തള്ളയെ ശപിക്കാറുണ്ട്.
+
ഞാന് സെക്കന്റ് ഫോമിലേക്ക് ജയിച്ചപ്പോള്‍എന്നെ വേറെ വാര്‍ഡിലേക്കും, അങ്ങിനെ പോയി പോയി സിക്സ്ത് ഫോമിലെത്തിയപ്പോ ഞാന് വലിയ കുട്ടിയായി. അന്നും രാത്രി എനിക്ക് ഒറ്റക്കെഴുന്നേറ്റ് പാത്താന്‍പോകാന് വളരെ പേടിയായിരുന്നു.
അവിടെ കുട്ട്യോള് പ്രേതമുണ്ടെന്നും മറ്റും പറഞ്ഞ് പേടിപ്പിക്കും. ചിലപ്പോള്‍15 വയസ്സിലും ഞാന്‍പായയില്‍പാത്താറുണ്ട്. അപ്പോള് കിടക്കുന്നത് കിടക്കയിലായതിനാല് മൂതമെല്ലാം പഞ്ഞി കുടിക്കും. പിറ്റേന്ന് തോട്ടത്തില്‍കിടക്ക ഉണക്കാനിടേണ്ടതും എന്റെ പണി തന്നെ.
+
എന്റെ അടുത്ത സീറ്റ് പതി, ഗോപാലകൃഷ്ണന് എന്നിവരായിരുന്നെന്ന് തോന്നുന്നു. അവരില് ഗോപാലകൃഷ്ണന് ഞാന്‍എപ്പോ വിളിച്ചാലും കൂട്ടിന വരും. മഴ പെയ്താല് എനിക്ക് ഒന്നില് കൂടുതല് തവണ പാത്തേണ്ടി വരും. അപ്പോള് ഞാന് പതിയേയും ഗോപാല്‍ജിയേയും മാറി മാറി വിളിക്കും.
ഒരു തവണ രണ്ടാളും എന്നോടൊപ്പം വന്നില്ല. അന്നൊരു മഴദിവസമായിരുന്നു. ഞാന്‍ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് പാത്തി.
+
എന്റെ പഴയ കാര്യങ്ങള് അയവിറക്കി ഞാന്‍പലപ്പോഴും ചിരിക്കാറുണ്ട്. ഞാന്‍വളര്‍ന്ന് വലുതായി ബ്ലോപ്ലാസ്റ്റ് കമ്പനിയുടെ വില്പനയുടെ ചുക്കാന്‍പിടിക്കുന്ന കാലം. കേരളം, മദ്രാസ്, കര്‍ണ്ണാടകം എന്നീ സ്ഥലങ്ങളില്‍ചുറ്റിനടന്നിരുന്ന കാലം.
ഇത്രയും വലിയ ഒരു ടെറിറ്ററി എനിക്ക് ഒറ്റക്ക് ചെയ്യാന്‍പറ്റില്ലാ എന്ന് അധികൃതരെ അറിയിച്ചപ്പോള്‍എനിക്ക് കേരളം മാത്രമായി മറ്റു രണ്ട് റെപ്രസന്ററ്റീവുകളുമായി എന്നെ കേരളത്തിലെ സെയിത്സ് മേനേജരായി നിയമിക്കപ്പെട്ടു. ഞാന് 2 റീജയണല്‍ആപ്പീസുകള് ഡെവലപ്പ് ചെയ്തു. ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തും
+
തിരുവനന്തപുരത്ത് ചാല ബാസാറില്‍അന്ന് ഏറ്റവും നല്ല ഹോട്ടലായിരുന്നു ആ റീജണിലെ ആസ്ഥാനം. ഇപ്പോളും എനിക്ക് ഓര്‍മ്മ വരുന്നു. അന്നൊക്കെ ഒറ്റ മുറിയും ബാത്ത് അറ്റാച്ച്ട് അല്ല. പ്രത്യേകിച്ച് ആണുങ്ങള്‍ക്ക് കൊടുക്കാറുള്ള മുറികള്‍.
താമസിയാതെ തുടരും...
അകു: അക്ഷരപ്പിശാചുക്കള്‍ ഉടനീളം ഉണ്ട്. താമസിയാതെ അവരെ ഒതുക്കാം.
പാത്താനൊരിടം പാര്‍ട്ട് 1
എപ്പോഴും ഇങ്ങിനെ പാത്തിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവക്കാരനായിരുന്നു ഞാന് ചെറുപ്പം മുതല്‍. ഞാന്‍ നാലാം ക്ലാസ്സിലെ പഠിക്കുന്നവരെ പായയില് പാത്താറുണ്ടായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.
+
സ്കൂള്‍വിട്ടുവന്നാല്‍ കളിയൊക്കെ കഴിഞ്ഞ് അമ്മ കയ്യുണ്ണ്യാദി വെളിച്ചെണ്ണ തലയില് തേച്ച് അല്പനേരം കഴിഞ്ഞ് കുളിപ്പിക്കും. കുളി കഴിഞ്ഞാല് എറേത്ത് കെട്ടി ഞാത്തിയിട്ടുള്ള ഭസ്മത്തൊട്ടിയില്‍നിന്ന് ഭസ്മം എടുത്ത് ഒരു കുറി വരച്ച്, നാമം ചൊല്ലാനിരിക്കും.
ഞമനേങ്ങാട്ടെ തറവാട്ടിലാണെങ്കില് ഹേമയും, ഉമയും, രാധമോനും, ഭാനു തുടങ്ങിയ കുട്ടികളുണ്ടാകും കൂടെ കളിക്കാനും നാമം ചൊല്ലാനും ഒക്കെ. ഇവിടെ ചെറുവത്താനിയില് ചേച്ചിയുടെ വീട്ടിലാണെങ്കില് ഞാന് ഒരു കുട്ടി മാത്രം. പിന്നെ എന്റെ അഞ്ചാറ് വയസ്സ് മൂത്ത വേറൊരു കുട്ടി എന്റെ അമ്മാമനായ മുത്തു മാത്രം. പിന്നെയുള്ളത് എന്റെ ഇളയ സഹോദരന് ശ്രീരാമന്‍. അവന് അപ്പോള് പാല് കുടിമാറാത്ത പ്രായം.
+
ഈ സന്ദര്‍ഭത്തില്‍ഞാന്‍നാലാം ക്ലാസ്സില്‍പഠിക്കുന്ന കാലത്തെ അനുഭവങ്ങള് പങ്കുവെക്കാം. അങ്ങിനെ കാച്ചിയ എണ്ണതേച്ച് കിണറ്റിന് കരയില്‍നിന്ന് കുളി കഴിഞ്ഞ്, ഭസ്മം തൊട്ട് നാമം ചൊല്ലിത്തുടങ്ങുമ്പോളെക്കും ഞാന് ഏതാണ്ട് ഉറക്കം തൂങ്ങിത്തുടങ്ങും. അപ്പോ അമ്മ ചോദിക്കും.
“ടാ ഉണ്ണ്യേ അന്റെ ശബ്ദം ഒന്ന് കേക്കണില്ലല്ലോ....?
ഉവ്വ് അമ്മേ...ഞാന്‍ നാമം ചൊല്ലുണ് ണ്ട്... അമ്മക്ക് കേക്കാണ്ട.....
ഞാന് നാലാം ക്ലാസ്സില്‍പഠിക്കുമ്പോ എന്റെ അമ്മ എന്ന് ഞാന്‍വിളിക്കുന്ന അമ്മാമ്മക്ക് ഏതാണ്ട് 70 വയസ്സ് പ്രായം തോന്നിക്കും. എല്ലാരും അമ്മയെ നാണിമ്മായി എന്നാ വിളിക്കുക. വലിയ നാവാണ് നാണിയമ്മായിയുടെ. നാണിമ്മായിയുടെ ഏറ്റവും മൂത്ത സന്തനമാണ് ഞാന് ചേച്ചിയെന്ന് വിളിക്കുന്ന എന്റെ പെറ്റമ്മ.
+
[ഈ രണ്ട അമ്മമാരെപറ്റിയും ഞാന്‍എന്റെ പല കഥകളിലും വിവരിച്ചിട്ടുണ്ട്. അതിനാല്‍അവരെ കൂടുതല്‍പരിചയപ്പെടുത്തുന്നില്ല.]
+
അങ്ങിനെ നാമം ചൊല്ലിക്കഴിഞ്ഞാല് അടുത്ത പണി പഠിക്കലാണ്. അതായത് ഹോം വര്‍ക്ക്. അന്നത്തെ കാലത്ത് ഇപ്പോളത്തെ കുട്ടികള്‍ക്ക് ലഭിക്കുന്ന ടോര്‍ച്ചറിങ്ങ് ഒന്നുമില്ല. നേരത്തെ എണീക്കുക. സ്കൂളില്‍പോകുന്ന വരെ ട്യൂഷനോ വീട്ടിലിരുന്ന് പഠിപ്പോ, പിന്ന് സ്കൂളില്‍നിന്ന് വന്നാലും ട്യൂഷനോ അല്ലെങ്കില്‍ മാതാപിതാക്കന്മാരുടെ കടുത്ത ശിക്ഷാ സമ്പ്രദായത്തിലുള്ള വീട്ടിലെ പഠിപ്പിക്കല്‍.
+
ഞാന് എന്റെ സ്ലേറ്റും പുസ്തകവും എടുത്ത്, സ്ലേറ്റില് എന്തെങ്കിലും കുത്തിവരക്കും. എന്നിട്ട് അമ്മമ്മയെ കാണിക്കും. അമ്മക്ക് കണ്ണ് പിടിക്കില്ല പകല്‍സമയത്ത് കൂടി, പിന്നെ വൈകുന്നേരത്തെ കാര്യം പറയേണ്ടതില്ലല്ലോ. കമ്പിറാന്തലിന്റെ വെളിച്ചത്തില് അമ്മമ്മക്ക് ഒന്നും കാണില്ല.
ഞാന്‍സ്ലേറ്റ് നിറച്ച് കുത്തിവരച്ച് കാണിക്കും. അപ്പോ അമ്മമ്മ പറയും.
“ഇനി മോന്‍ചോറുണ്ടിട്ട് കിടന്നോ.......”
അമ്മമ്മക്ക് എപ്പോളും അടക്ക ചെറിയ ഉരലില് ഇടിക്കലും വെറ്റില മുറുക്കലും ആണ്.
+
അമ്മമ്മ ഓളിയിടും.......
“ട്യേ കുട്ടിമാളൂ......ന്റെ ഉണ്ണിക്ക് ചോറ് വിളമ്പിക്കൊടുക്ക്.........”
ഓന് ഉറക്കം വരുന്നു.... ഇനി അത്താഴപ്പട്ടിണി കിടന്ന് ആ ചെക്കന് ഉറങ്ങാന് തുടങ്ങും.
“നീയ് എവിടെ പോയി കെടക്കാ എന്റെ മോളെ.....”
ഞാന്‍ഇതാ വന്നു അമ്മേ....ശീമോന് ഒന്നുറങ്ങട്ടെ...... ന്നിട്ട് വരാം........
+
ഈ ഞാന് അപ്പോളെക്കും സ്ലേറ്റും പുസ്തകവും ഒന്നും അടുക്കി വെക്കാതെ ആ പായയില്‍തന്നെ കിടന്ന് ഉറങ്ങിയിട്ടുണ്ടാകും....
“ടീ കുട്ടിമാളൂ.... ദാ നോക്ക്യേ......... ആ ചെക്കന് അവിടെ കെടന്നുറങ്ങി......
അവനെ മൂതം ഒഴിപ്പിക്കാണ്ട് കെടത്ത്യാ ഇപ്പോ തന്നെ ആ പായയെല്ലാം നനക്കും.......
+
എന്താ ചെയ്യാ കുട്ട്യോള്‍ഇങ്ങനെ തുടങ്ങിയാല്‍. വയസ്സ് ഒന്‍പതായി. ന്നിട്ടും പായയില് പാത്തുന്ന ചെക്കന്‍. ഞാന്‍കൊറെ എണ്ണത്തിനെ പെറ്റിറ്റുണ്ട്. ഒന്നിനും ഇങ്ങനെത്തെ ഒരു സ്വഭാവം ഇല്ല.........
നാണിമ്മായി അടക്കയും വെറ്റിലയും വായിലിട്ട് പിറുപിറുത്തു.....
+
കുറെ കഴിഞ്ഞ് എന്റെ ചേച്ചി വന്ന് എന്നെ എണീപ്പിക്കാന് നോക്കും.
ഞാന്‍ അവിടെ നിന്ന് തീര എണീക്കാതെ തന്നെ കിടക്കും.
“ടാ എണീക്കടാ മോനേ....... ചേച്ചി ചോറ് തരാം.........”
ഉണ്ണി എവിടെ എണ്ണീക്കണ്....... തിരിഞ്ഞും മറിഞ്ഞും കിടക്കും.......
“അമ്മേ ഈ ചെക്കനെണീക്കിണില്ലാ...........”
അതൊന്നും പറഞ്ഞാല്‍പറ്റില്ല. നിന്റെ മോന്റെ കാര്യം നീ തന്നെയല്ലേ നോക്കണ്ടത്.
അവന് അത്താഴപ്പട്ടിണി ഇടാന് ഞാന് സമ്മതിക്കില്ല....
+
നാണിമ്മായി പാട് പെട്ട് എണീറ്റ് വടിയും കുത്തി ഉണ്ണീടരികില്‍വരും...
“ടാ മോനെ എണീക്ക്.... അമ്മ വെന്ത വെളിച്ചെണ്ണ കൊഴച്ച് ചൂടുള്ള ഉരുള മീന്‍കൂട്ടാനില്‍ മുക്കിത്തരാം മോന്.........”
അങ്ങിനെ ഓരോ സൂത്രമെല്ലാം പറഞ്ഞ് എന്നെ അവിടെ നിന്നെണീപ്പിക്കും.
എനിക്ക് ചുട് ചോറിനോടൊപ്പം വെളിച്ചെണ്ണയും ഉപ്പും കൂടി കുഴച്ച് കഴിക്കുന്നത് വളരെ പ്രിയമായിരുന്നു. എന്നെ ഊട്ടിയിട്ടെ കുടുംബത്തില് ആരും കഴിക്കൂ........
+
അങ്ങിനെ എന്നെ ഭക്ഷണം കഴിപ്പിച്ച് മൂത്രം ഒഴിപ്പിച്ച് അമ്മ കിടക്കുന്ന കട്ടിലില് കൊണ്ട് കിടത്തും. അമ്മയുടെ നല്ല കിടക്കയാണ്, പിന്നെ തണുപ്പ് വന്നാല്‍പുതക്കാന് നല്ല കമ്പിളിയും. അവിടെ കൊണ്ട് കിടത്തേണ്ട താമസം ഞാന് ഉറങ്ങീട്ടുണ്ടാകും.
+
അമ്മ പെട്ടെന്ന് എന്തെങ്കിലും കഴിച്ച് എന്റെ കൂടെ കുറച്ച് സമയം വന്ന് കിടക്കും. ഞാന് പൂര്‍ണ്ണമായും നിദ്രയെ പ്രാപിച്ചുകഴിഞ്ഞെന്ന് ഉറപ്പ് വരുത്തിയാല് എന്നെ എടുത്ത് കോണിച്ചുവട്ടില് ഒരു പായ വിരിച്ച് അവിടെ കിടത്തും.
+
എന്നിട്ട് അമ്മ അടുക്കളയില് പോയി ചേച്ചിക്കും മറ്റു മക്കള്‍ക്കും ചോറ് വിളമ്പിക്കൊടുക്കും. അഛനെന്ന് വിളിക്കുന്ന അച്ചാച്ചന് രാത്രി കഞ്ഞിയാണ് കഴിക്കുക. എനിക്ക് അച്ചാച്ചന്റെ പച്ചത്തേങ്ങ ചിരകിയിട്ട ഗോതമ്പ് കഞ്ഞി വളരെ ഇഷ്ടമാണ്. പക്ഷെ എനിക്ക് ഒരു പ്ലാവില കഞ്ഞിപോലും അച്ചാച്ചന് തരില്ല. കാരണം ഞാന് തന്നതിന്റെ ഇരട്ടി പായയില് വിളമ്പും അതിനാല്‍.
+
ചേച്ചിക്ക് കിടക്കാന് വീട്ടിനുള്ളിലെ പടിഞ്ഞാറെ അറ്റത്ത് ഒരു മുറി ഉണ്ട്. അവിടെ ശീമോനെയും കൊണ്ട് കിടന്നുറങ്ങും. ഞാന്‍പുലര്‍ച്ചത്തെ തണുപ്പില് ചെരിഞ്ഞ് കിടന്ന് അമ്മയെ കെട്ടിപ്പിടിക്കാന് തപ്പുമ്പോളാണ് മനസ്സിലാകുന്നത് എന്റെ ഉറക്കം കോണിച്ചുവട്ടിലാണെന്ന്. എനിക്ക് ദ്വേഷ്യവും സങ്കടവും എല്ലാം വരും. പക്ഷെ എഴുന്നേറ്റ് അമ്മയുടെ കൂടെ പോയി കിടക്കാന് വീട്ടില് രാത്രി കമ്പിറാന്തലോ ഒന്നും കാണില്ല. പിന്നെ രാത്രി എണീക്കുമ്പോളെനിക്ക് ദിക്കുകളൊന്നും ഓര്‍മ്മ വരില്ല.
അങ്ങിനെ വീണ്ടും ഉറക്കം ആരംഭിക്കും.
+
എനിക്ക് രാത്രികാലങ്ങളില് പാത്താന്‍എന്റെ പായയുടെ അടുത്ത് ഒരു മൂത്രകോളാമ്പി വെച്ചിട്ടുണ്ടാകും. അമ്മ കിടക്കുന്ന കട്ടിലിന്റെ അടിയില്‍ഒരു തുപ്പക്കോളാമ്പിയും. ചില ദിവസങ്ങളില്‍ഞാന് എണീറ്റ് ഇരുട്ടത്ത് തപ്പിയാല്‍കിട്ടുന്ന ഏത് കോളാമ്പിയിലും പാത്തിതുടങ്ങും. അങ്ങിനെ ചിലപ്പോള്‍അമ്മയുടെ തുപ്പക്കോളാമ്പിയിലും കാര്യം സാധിക്കും.
+
വീട്ടിലുള്ളവരെല്ലാം കിടക്കുന്നതിന്‍മുന്‍പ് പുറത്ത് പോയി പാത്തി, കിടക്കാന് പോയാല്‍പിന്നെ ഇടക്ക് എണീറ്റ് പാത്തുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. എന്നെയും പുറത്ത് കൊണ്ടോയി പാത്തിക്കാറുണ്ടായിരുന്നു. പക്ഷെ രാത്രികാലങ്ങളില്‍ എനിക്ക് പാത്താന്‍മുട്ടിയാല് ഞാന്‍കോളാമ്പി തേടി പോകാറില്ലായിരുന്നു. കിടന്ന കിടപ്പില്‍തന്നെ കിടന്ന് കാര്യം സാധിക്കും.
+
അങ്ങിനെ എന്റെ ഓര്‍മ്മ വെച്ചകാലം മുതല്‍തുടങ്ങിയതാണ്‍ഈ പാത്തല്‍കഥ. കഴിഞ്ഞ ദിവസം ഞാന് തൃശ്ശൂര് പൂരം കാണാന്‍പോയി. എന്ത് തടസ്സം വന്നാലും പൂരം കാണാന്‍ മറക്കാറില്ല. എന്റെ 25 കൊല്ലത്തെ വിദേശവാസത്തിന്നിടയിലും ഞാന്‍പൂരം അഡ്ജസ്റ്റ് ചെയ്താണ് ലീവില് വരാറ്.
ജീവിതകാലം മുഴുവന്‍ഈ പൂരം ആസ്വദിക്കാനായി കുന്നംകുളത്തുകാരനായ ഞാന് തൃശ്ശൂര് പൂരപ്പറമ്പിന്റെ തൊട്ടടുത്ത് സ്ഥലം വാങ്ങി വീട് വെച്ചു.
അങ്ങിനെ വര്‍ഷങ്ങളായി എല്ലാ പൂരവും മേളവും ആസ്വദിച്ചു.
+
കഴിഞ്ഞ കൊല്ലം ഞാന്‍പൂരം കാണുന്നതിന്നിടയില്‍ഒരു പയ്യന് കൊണ്ട് വന്ന് സംഭാരം കുടിച്ച് പിറ്റേ ദിവസം വയറിളകി വയ്യാണ്ടായി. അതിന്നാല് പൂരപ്പറമ്പില്‍നിന്ന് വെള്ളമോ, സംഭാരമോ വാങ്ങിക്കുടിക്കറില്ല.
പിന്നെ തൃശ്ശൂര്‍പൂരം നല്ല വേനല്‍കാലത്തായതിനാല്‍മൂത്രമെല്ലം വിയര്‍പ്പായി പോകും. അതിനാല്‍മൂത്രശങ്ക വരാറില്ല.
താമസിയാതെ തുടരും >>> വിഷയത്തിലേക്ക് വരുന്നതേ ഉള്ളൂ....
അകു: അക്ഷരപ്പിശാചുക്കള്‍ എന്നെ വിടുന്നില്ല. താമസിയാതെ ശരിയാക്കാം
Sunday, April 25, 2010
അച്ചന്‍ തേവര്‍ ക്ഷേത്രം പ്രതിഷ്ഠാദിനം 2010
ഇന്ന് [25-04-2010] ഞായറാഴ്ച്ച അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം.
കാലത്ത് ഗണപതി പൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇന്നെലെ തൃശ്ശൂര്‍ പൂരം ആയതിനാല്‍ ഒട്ടും വിശ്രമം ഉണ്ടായിരുന്നില്ല. പൂരപ്പറമ്പില്‍ നിന്ന് നേരെ വൈകിട്ട് ഇവിടെ എത്തി. ഇവിടെ വൈകിട്ട് ഭഗവത് സേവയോടെ ചടങ്ങുകള്‍ തുടങ്ങി.
+
ഇന്ന് കാലത്തെ ഗണപതി ഹോമം കഴിഞ്ഞ് വീട്ടില്‍ പോയി പ്രാതല്‍ കഴിഞ്ഞ് തിരിച്ച് വരാമെന്ന് കരുതിയാണ്. പക്ഷെ പ്രാതല്‍ അമ്പലത്തില്‍ നിന്ന് തന്നെ കഴിച്ചു, ഉച്ചക്ക് പ്രസാദ ഊട്ട് കഴിയും വരെ അവിടെ നില്‍ക്കേണ്ടി വന്നു. അമ്മമാരെയും കുട്ടികളെയും മറ്റു സുഹൃത്തുക്കളെയും കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു. വീട്ടില് ഇത്ര സന്തോഷം ഇല്ല.
+
കണ്ണൂരില്‍ ഡാന്‍സ് പഠിക്കുന്ന പെണ്‍കുട്ടിയുടെ പേര്‍ എത്ര പറഞ്ഞ് തന്നാലും മറക്കും. അവളും അവളുടെ അയല്‍ക്കാരിയും കാലത്ത് വന്നിരുന്നു. അവരൊത്ത് അല്പസമയം ചിലവഴിച്ച് കൊണ്ടിരുന്നപ്പോള്‍ മോഹനേട്ടനും പ്രൊഫസര്‍ സാറും വന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ സ്റ്റാഫ് ജയയും സഹായി ശോഭ ടീച്ചറും കടന്ന് വന്നു. അവിടേയും കുറച്ച് സമയം കളഞ്ഞു.
+
അങ്ങിനെ ഇരിക്കുമ്പോള്‍ അമ്പലത്തിലെ പുതിയ മേളക്കാരന്‍ ഗോപിയേട്ടനെ പരിചയപ്പെട്ടു. അദ്ദേഹം ഇടക്ക വായിക്കുന്നത് കുറച്ച് പകര്‍ത്തി. അതിന് ശേഷം അദ്ദേഹം വിശ്രമിക്കുന്നതിന്നിടയില്‍ എനിക്ക് ഒരു കീര്‍ത്തനം വായിച്ച് തരാമെന്ന് ചോദിച്ചപ്പോള്‍, പിന്നീടാകം എന്ന് പറഞ്ഞു.
+
വീണ്ടും ഞാന്‍ ഒരു പിഞ്ചുകുഞ്ഞിനെ നോട്ടം വെച്ചു. കഷ്ഠിച്ച് 6 മാസം ആയ കുഞ്ഞ്. അതിന്റെ അമ്മയെ പരിചയപ്പെട്ടപ്പോള്‍ എന്നെ അറിയുമെന്ന് പറഞ്ഞു. അവരോടെ എന്റെ പേരക്കുട്ടിയായ ആദിത്യനെ കുറിച്ച് സംസാരിച്ചു. അവിടെ നില്‍ക്കവേ ഗൌരി ടീച്ചറും മോളിക്കുട്ടി എന്ന് വിളിക്കുന്ന ബീനച്ചേച്ചിയും കടന്ന് വന്നു. അങ്ങിനെ മോളിക്കുട്ടിയുമായി ഏതാണ്ടോക്കെ പേശി നില്‍ക്കവേ ആയിഷ ചേച്ചി വന്നു.
+
അവിടെ നിന്ന് ഞാന്‍ ആലത്തറയിലേക്ക് നീങ്ങി. അല്പം സ്പെഷല്‍ ഓക്സിജന്‍ ശ്വസിച്ച് നില്‍ക്കുമ്പോള്‍ നേരത്തെ പറഞ്ഞ ജയയേയും അമ്പലത്തില്‍ എന്നും ദീപാരാധനക്ക് വരുന്ന ശോഭയേയും കണ്ടു. അവരുമായി അമ്പലത്തിലെ വിശേഷങ്ങള്‍ പറയുന്നതിന്നിടക്ക് എന്റെ പുതിയ കൊഡാക്ക് കേമറായില്‍ അവരുടെ ഫോട്ടോ പകര്‍ത്തി.
അപ്പോഴാണ് ജയ പറഞ്ഞത് അവര്‍ "മിന്നുകെട്ട്" എന്ന സീരിയലില്‍ അഭിനയിച്ച കാര്യം. അപ്പോള്‍ അവരുമായി അല്പം സിനിമാ സീരിയല്‍ വിശേഷം പങ്കു വെച്ചു. ഞാന്‍ പുതിയതായി എടുക്കുന്ന ആല്ബത്തെ കുറിച്ചും സംസാരിക്കാനിടയായി.
+
ശേഷം വിശേഷങ്ങള്‍ പിന്നീടെഴുതാം. ആല്‍മരച്ചുവട്ടില്‍ കണ്ടുമിട്ടിയ ശ്രീമാന്‍ രാജനോട് ഒരു കവിതയോ കീര്‍ത്തനമോ ചൊല്ലിത്തരാമെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ നാല് വരി കീര്‍ത്തനം ഇവിടെ പങ്കുവെക്കാം.
+
കീര്‍ത്തനം അപ് ലോഡായില്ല. ക്ഷമിക്കണം. പിന്നീട് വീണ്ടും ശ്രമിക്കാം.
എല്ലാ വര്‍ഷവും പ്രതിഷ്ടാദിനത്തിന്‍ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഇക്കൊല്ലവും ഉണ്ടായിരുന്നു. അത് ഏതാണ്ട് 12 മണിക്ക് തുടങ്ങി. നടുവേദന ആയതിനാല്‍ ഇക്കൊല്ലം ഞാന്‍ വിളമ്പാന്‍ നിന്നില്ല. പക്ഷെ തലേന്നാള്‍ രാത്രിയും ഇന്ന് കാലത്തും ദഹണ്ഡത്തിന്‍ സഹായിച്ചു. ഇന്നെലെ പാചകപ്പുരയില്‍ നിന്ന് രാത്രി വെപ്പുകാരൊത്ത് ഭക്ഷണവും കഴിച്ചാണ്‍ വീട്ടിലെത്തിയത്.
ചുരുക്കം പറഞ്ഞാല്‍ ഇന്നെലെ രാത്രി തൊട്ട് ഇന്ന് ഉച്ചവരെ അച്ചന്‍ തേവരുടെ സന്നിധിയിലായിരുന്നു ഭക്ഷണം എന്ന് ചുരുക്കം.
+
ക്ഷേത്രപരിസരത്ത് ഇരിക്കുവാനും ആലില്‍ ചുവട്ടില്‍ വിശ്രമിക്കാനും വലിയൊരു സുഖവും അനുഭൂതിയുമാണ്‍. അത് പറഞ്ഞറിയിക്കുവാന്‍ വയ്യ.
അവിടെ ചിലപ്പോള്‍ ഭാസ്കരേട്ടനും ബാലകൃഷ്ണേട്ടനും സുകുമാരേട്ടനും ഒക്കെ കൂടുമ്പോള്‍ ഞാന്‍ പരദൂഷണം പറയാറുണ്ട്. എല്ലാം എന്റെ സമപ്രായക്കാരാണ്.. അതും ഒരു രസമല്ലേ.
പിന്നെ എന്റെ പ്രായക്കാരായ മീരച്ചേച്ചിയും പ്രേമച്ചേച്ചിയും മോളിക്കുട്ടിച്ചേച്ചിയും സരസ്വതിച്ചേച്ചിയും വത്സലാണ്ടിയും പിന്നെ അല്പം ഗൌരവക്കാരിയായ പത്മജ ടീച്ചറും സന്ധ്യാനേരത്ത് ദീപാരാധക്ക് കൂട്ടാകാറുണ്ട്. ഇവരില്‍ വത്സലയൊഴിച്ച് പക്ഷെ പ്രമീളചേച്ചിയെയും കൂടി ചേര്‍ത്ത് ഞാന്‍ ഒരു ഡിവോഷണല്‍ ആല്‍ബം ചെയ്തിരുന്നു. കോപ്പികള്‍ സൌജന്യമായി ആര്‍ക്ക് വേണമെങ്കിലും അമ്പലത്തില്‍ വന്നാല്‍ സൌജന്യമായി തരാവുന്നതാണ്‍. തപാലായും അയക്കാവുന്നതാണ്‍ കുറച്ച് പേര്‍ക്ക്.
+
സുകുമാരേട്ടനും ഞാനും തീറ്റപ്രിയരാണ്‍. അമ്പലത്തിലുണ്ടാക്കുന്ന പായസം, അട, വട, ഉണ്ണിയപ്പം, അവില്‍ മുതലായ നിവേദ്യങ്ങള്‍ മിക്കവാറും ഞങ്ങള്‍ തന്നെയാണ്‍ ബാക്കിയുള്ളതെല്ലാം തിന്നു തീര്‍ക്കുക. കഴകം വാരസ്യാര്‍ ചിലപ്പോള്‍ നേരത്തെ സ്ഥലം വിടും അപ്പോള്‍ പൂജാപാത്രങ്ങള്‍ കഴുകാനും ഞങ്ങള്‍ തന്നെയാവും ഉണ്ടാകുക.
ചിലപ്പോള്‍ അവിടെ കെട്ടിഞാത്തിയിട്ടുള്ള ഭഗവാന്‍ നിവേദിക്കാനുള്ള കദളിപ്പഴവും ഞാനും സുകുമാരേട്ടനും കൂറ്റി സാപ്പിടും. ഭഗവാന്‍ ഞങ്ങളോട് അതൃപ്തിയൊന്നും ഉണ്ടാകാറില്ല.
+
ഇപ്പോഴത്തെ പൂജാരിയുടെ നിവേദ്യങ്ങളുടെ നിര്‍മ്മാണം അത്ര രസം പോരാ. പണ്ടൊരു കൃഷ്ണന്‍ പൂജാരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശര്‍ക്കരപായസം ശബരിമല അരവണപായസത്തിന്റേത് പോലെ തന്നെ. ഞാന്‍ പായസ വട്ടക തുടച്ച് തുടച്ച് സേവിക്കും. ചിലപ്പോള്‍ അധികം വരുന്നത് വീട്ടില്‍ കൊണ്ടോയി കുറേശ്ശെ കഴിക്കും. ബീനാമ്മക്ക് കൊടുക്കാറില്ല.
പിന്നെ വിശേഷദിവസങ്ങളില്‍ ഉണ്ടാക്കാറുള്ള അട, അപ്പം, അവില്‍ നിവേദ്യം മുതലായവയുടെ ടേസ്റ്റ് ഒന്ന് പ്രത്യേകം തന്നെയാണ്‍. കൃഷ്ണന്‍ തിരുമേനി ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടും:ബക്ഷേത്രത്തില്‍ ഒതുങ്ങിക്കൂടിയിരിക്കയാണ്‍.
+
"അച്ചന്‍ തേവര്‍ക്ക്" കഷ്ടകാലമാണ്‍. ഈശ്വരന്മര്‍ക്കുമുണ്ടല്ലോ കഷ്ടകാലം. ഇവിടെ നടവരവ് കുറവാണ്‍. കാരണം സമീപപ്രദേശങ്ങളില്‍ വടക്കുന്നാഥനുള്‍പ്പെടെ 6 മറ്റു ശിവക്ഷേത്രങ്ങളും, വെളിയന്നൂര്‍ ഭഗവതി, കുളശ്ശേരി നരസിംഹമൂര്‍ത്തി, ചെട്ടിയങ്ങാടി മാരിയമ്മന്‍, പട്ടാളം റോഡ് ഭദ്രകാളി മുതലായ മറ്റുക്ഷേത്രങ്ങളും ഉണ്ട്. അതിനാല്‍ ഓരോരുത്തര്‍ക്കും അവരുടെ തട്ടകത്തിലെ ക്ഷേത്രങ്ങളുണ്ട്.
അച്ചന്‍ തേവര്‍ ക്ഷേത്രവും, കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രവും, കീഴ്തൃക്കോവില്‍ ശിവക്ഷേത്രവും ഒരു ചതുരശ്രകിലോമീറ്ററിനുള്ളിലാണ്‍.
+
ഇതില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണ ഗുരുവാണ്‍. അവിടെ കല്യാണമണ്ഡപവും, സ്കൂളും, കോളേജും എല്ലാം ഉണ്ട്. അവിടേയാണ്‍ കൂടുതല്‍ ഭക്തര്‍. അവിടെ നടവരവും സാമ്പത്തിക ഭദ്രതയും കൂടുതലാണ്‍. തൊട്ട് കിടക്കുന്ന എന്റെ അച്ചന്‍ തേവര്‍ക്ക് എന്നും കഷ്ടകാലം തന്നെ. ഇവിടെ ചുറ്റമ്പലം, പ്രദിക്ഷണ വഴി, അന്ന ദാന മണ്ഡപം മുതലായവ പണി ഏതാണ്ട് കഴിഞ്ഞു. ഇനിയും ഒരു ലക്ഷം രൂപ കൂടി കിട്ടിയാല്‍ മറ്റുപണികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഭക്തരില്‍ നിന്ന് തന്നെ പിരിക്കണം.
+
എല്ലാം പണിപ്പെട്ടിട്ടണെങ്കിലും ഭഗവാന്റെ കടാക്ഷം കൊണ്ട് സാധിക്കുമെന്ന വിശ്വാസമാണെനിക്കുള്ളത്. ഞാന്‍ ഒരു വര്‍ഷം സെക്രട്ടറിയും, മറ്റൊരു വര്‍ഷം പ്രസിഡണ്ടും ആയിരുന്നു. ഇപ്പോള്‍ രക്ഷാധികാരിയാണ്‍. എല്ലാ വിശേഷങ്ങള്‍ക്കും വളരെ സജീവം. കഴിയുമ്പോളോക്കെ സന്ധ്യാനേരത്ത് ഞാന്‍ അവിടെ ഉണ്ടാകും. എനിക്ക് നല്ല മൂഡാണെങ്കില്‍ ഞാന്‍ തൃപ്പുക കഴിയും വരെ അവിടെ ഉണ്ടാകും.
+
വെള്ള നിവേദ്യം കഴിക്കാനാരും ഇല്ല്ലാത്തതിനാല്‍ ശോഭ വന്ന് കൊണ്ടോകും. അതിനാല്‍ ആരും ഇല്ലെങ്കിലും എനിക്ക് കൂട്ടായി ശോഭയുണ്ടാകും അവിടെ. എന്റെ കാലിലെ വാതരോഗം കാരണം നിലത്ത് വെള്ളമുണ്ടെങ്കില്‍ ഞാന്‍ അവിടെ അധികം നില്‍ക്കാറില്ല. ഇപ്പോള്‍ രോഗത്തിന്‍ ശമനം ഉണ്ട്. എല്ലാം തേവരുടെ കടാക്ഷം എന്നേ പറയേണ്ടൂ.
+++
ഇന്ന് പ്രസാദ ഊട്ടിന്‍ ധാരാളം ഭക്തജനങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവസാന പന്തിയിലാണ്‍ ഉണ്ടത്.
കുന്നംകുളത്തിനടുത്ത എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന ശ്രുതിയേയും കണ്ടു. അവള്‍ കോളേജ് മാഗസിനില്‍ "ചന്ദ്രയാനെ"പറ്റി എഴുതിയ ലേഖനം ഞാന്‍ വായിച്ചുവെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് വളരെ സന്തോഷമായി. അവള്‍ എന്റെ ഒരു പഴയ സുഹൃത്താണ്‍. പണ്ടത്തെപ്പോലെ ഇപ്പോള്‍ അമ്പലത്തില്‍ വരാറില്ല.
+
തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ ഭക്തര്‍ കുറവായിരിക്കുമെന്നായിരുന്നു എന്റെ നിഗമനം. കാലത്ത് അല്പം കുറവായിരുന്നു.പക്ഷെ 11 മണി കഴിഞ്ഞപ്പോളേക്കും ഭക്തരുടെ പ്രവാഹമായിരുന്നു. എനിക്ക് സന്തോഷമായി. ഒരിക്കല്‍ ഊട്ടിന്‍ വെച്ച ചോറ് മുഴുവനും കഴിഞ്ഞ ചരിത്രമുണ്ടായിരുന്നു.
അതിനാല്‍ ഞങ്ങള്‍ ഇത്തവണ ഒരു ചാക്ക് പൊന്നി അരി കരുതിയിരുന്നു. പക്ഷെ അത് എടുക്കേണ്ടി വന്നില്ല.
ഇക്കൊല്ലത്തെ പാല് പായസം അതിവിശേഷമായിരുന്നു. ഞാന്‍ കഴിച്ചില്ല. എന്റെ പങ്ക് ഞാന്‍ എന്റെ അടുത്ത് ഇരുന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ മേനോന്‍ സാറിന്‍ നല്‍കി.
എനിക്ക് എന്തോ കഴിക്കാന്‍ തോന്നിയില്ല. അത് മറ്റൊരാള്‍ക്ക് ഉപകാരമായി.
++
എന്തിന്‍ പറേണൂ ഇക്കൊല്ലത്തെ അച്ചന്‍ തേവരുടെ പ്രതിഷ്ഠാദിനം കെങ്കേമമായി. ഒരു കാര്യത്തില്‍ മാത്രം ഞാന്‍ അതൃപ്തനായിരുന്നു. ക്ഷേത്രം തന്ത്രി ശ്രീ അഴകത്ത് ശാസ്ത്ര ശര്‍മന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്റെ തേവര്‍ക്ക് സാമ്പത്തിക പരാധീനത ഉള്ളതിനാലാണോ അദ്ദേഹം വരാതിരുന്നത് എന്ന് എനിക്ക് തോന്നി. പരാധീനത ഉള്ള ദേവനെയല്ലേ കൂടുതല്‍ ഇഷ്ടപ്പെടേണ്ടത് എന്ന് എനിക്ക് തോന്നിപ്പോയി.
അടുത്ത വര്‍ഷം അദ്ദേഹത്തെ കൊണ്ട് വരാന്‍ തേവരോട് തോന്നിപ്പിക്കാന്‍ പറയാം. ശാസ്ത്ര ശര്‍മ്മന്റെ പൂജ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അദ്ദേഹത്തിന്റെ വൈകിട്ടത്തെ ഭഗവത് സേവ കാണേണ്ടത് തന്നെയാണ്‍. 1001 ശ്ലോകങ്ങള്‍ കാണാപാഠമായി അക്ഷരസ്പുടതയോടെ ചൊല്ലുന്നത് കേട്ടാല്‍ മതിവരില്ല.
+
പിന്നെ പൂജകളുടെ ക്വാളിറ്റിയും സൂപ്പര്‍ ആണ്‍. അതിനെ മറികടക്കാന്‍ കഴിയുന്ന ആരേയും ഈ ജെപി കണ്ടിട്ടില്ല. ഞാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രകാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. പട്ടാമ്പിക്കടുത്താണ്‍ അദ്ദേഹത്തിന്റെ ഇല്ലം. നല്ല ഹോസ്പിറ്റാലിറ്റിയാണ്‍ അദ്ദേഹത്തിന്റെത്. പിന്നേയും പിന്നേയും അദ്ദേഹത്തെ പോയി കാണാന്‍ തോന്നും. ചെന്നാല്‍ ചായയും കാപ്പിയും ആഹാരവും വിശ്രമിക്കാനുള്ള സ്ഥലവും എല്ലാം ലഭിക്കും. എന്നെപ്പോലെത്തന്നെ ഒരു രോഗിയാണദ്ദേഹം.
+
എന്റെ അമ്മ പറയാറുണ്ട്....
"ഉണ്ണ്യേ നിനക്ക് പ്രഷറും പ്രമേഹവും ഒന്നും ഇല്ലല്ലോ മോനേ..."
പിന്നെ നിനക്ക് ആരോഗ്യപരമായി ഒരു കഷ്ടപ്പടും ഇല്ലല്ലോ...
"എന്റെ വേദന എനിക്കല്ലേ അറിയൂ ചേച്ചീ.........."
അതെന്താട മോനേ..... ഞാന്‍ നിന്നെ പെറ്റതല്ലേ..........
"ഞാന്‍ അതൊന്നും ഇപ്പോ പറേണില്ലാ ചേച്ചീ........."
പെറ്റ തള്ളമാര്‍ക്കൊന്നും അത് കേട്ടാല്‍ സഹിക്കില്ലാ..........
എന്നൊക്കെ പറഞ്ഞ് ഞാന്‍ ചേച്ചിയുടെ മുന്നില്‍ നിന്ന് തടി തപ്പും.
++
നാം അനുഭവിക്കുന്നത് കര്‍മ്മഫലമാണ്‍. അതെനിക്കറിയാം.
കഷ്ടതയുടെ ഭാരം അല്പം കുറക്കാന്‍ ഈശ്വരസാന്നിധ്യം വളരെ ഏറെയാണ്‍ എന്നാണ്‍ എന്റെ വിശ്വാസം.
നമ്മെ കൂടുതല്‍ പാപം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനും ഈശ്വരസാന്നിധ്യം ഉപകരിക്കും.
+
എല്ലാ ബ്ലോഗ് വായനക്കാരെയും അച്ചന്‍ തേവര്‍ അനുഗ്രഹിക്കട്ടെ !!!!!!
Thursday, April 22, 2010
TRICHUR POORAM SAMPLE FIRE WORKS - part 2
++
ജനക്കൂട്ടം ഏതാണ്ട് ആറ് മണിയോട് കൂടി സ്വരാജ് റൌണ്ടില്‍ തമ്പടിച്ചിരുന്നു. ആനച്ചമയങ്ങളും, പൂരം എക്സിബിഷനും കാണാനുള്ള ആളുകളുടെ തിരക്കില്‍ റൌണ്ട് തികച്ചും തിരക്കോട് തിരക്ക്. റൌണ്ടില്‍ ചുമ്മാ അങ്ങട്ട് നിന്നാല്‍ മതി. കണ്‍ വെയര്‍ ബെല്‍ട്ടിനെ പോലെ താനെ നാം നീങ്ങിക്കൊള്ളും. ചില വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ ഷട്ടറിട്ടു.
ഈ വര്‍ഷം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നല്ലൊരു വിഭാഗം പെണ്ണുങ്ങളും കുട്ടികളും ഉണ്ടായിരുന്നു. ആദ്യം തിരികൊളുത്തിയ പാറമേക്കാവാണെന്ന് തോന്നുന്നു നല്ല പൊട്ടല്‍ പൊട്ടി. രണ്ടാമത്തെ തിരുവമ്പാടിയാണെന്ന് തോന്നുന്നു അത്ര ചൂട് പോരാ. എന്നാല്‍ അമിട്ടുകള്‍ രണ്ടാളുകളും നല്ലവണ്ണം ചാര്‍ത്തി.
+
എന്റെ voice of trichur ബ്ലോഗില്‍ ഞാന്‍ ചെറിയൊരു വെടിക്കെട്ടിന്റെ വിഡിയോ ക്ലിപ്പ് കൊടുത്തിട്ടുണ്ട്.
http://voiceoftrichur.blogspot.com/2010/04/blog-post_22.html
തിരക്കായതിനാല്‍ ആനച്ചമയവും, തിരുവമ്പാടി - പാറമേക്കാവ് ഗോപുരങ്ങളുടെ അലങ്കാരക്കാഴ്ചകളും, പിന്നെ നടുവിലാല്‍ - നായ്കനാല്‍ മുതലായ അലങ്കാര പന്തലുകളും വീക്ഷിക്കാനോ, ഫോട്ടോ എടുക്കാനോ പറ്റിയില്ല.
പിന്നെ കാലിലെ വാത രോഗം തീരെ വിട്ടുമാറിയിട്ടില്ല - അതിനാല്‍ ഓടി എത്താനും പ്രയാസം. വാഹനം റൌണ്ടിലേക്ക് പ്രവേശിക്കുവാന്‍ നിവൃത്തിയില്ല. എനിക്ക് നടത്തം വലിയ പ്രശ്നമില്ല, പക്ഷേ ഓട്ടവും തിരക്കിലുള്ള പ്രയാണവും അസാധ്യം.
+
മറ്റെന്നാള്‍ [24-04-2010] ആണ് പൂരം. കാലത്ത് 9 മണിക്ക് തന്നെ പകല്‍ പൂരം കാണാന്‍ പൂരപ്പറമ്പിലെത്തും. ഇക്കൊല്ലം ലണ്ടനില്‍ നിന്നും മസ്കത്തില്‍ നിന്നും അതിഥികള്‍ ഉണ്ട്. അതിനാല്‍ രസമായിരിക്കും. എനിക്കവരുടെ കൂടാന്‍ ഓടാന്‍ പറ്റില്ല. അതിനാല്‍ ഓഫീസിലെ നിര്‍മ്മലയെയും ശങ്കരേട്ടനെയും കൂട്ടി അയക്കണം. വെള്ളക്കാര്‍ക്കും മറ്റു വിദേശിയര്‍ക്കും ഇരിക്കാന്‍ പ്രത്യേക ഇരിപ്പടം ദേവസ്വം വക കെട്ടിയിട്ടുണ്ട്.
പക്ഷെ ഈ വാതരോഗിക്ക് സീറ്റില്ല.
പകല്‍ പൂരം പരമാവധി കേമറയില്‍ പകര്‍ത്തണം. കുടമാറ്റത്തിന് നല്ലൊരു സ്ഥലം നില്‍ക്കാന്‍ കിട്ടിയാല്‍ ഭാഗ്യമായി. അല്ലെങ്കില്‍ ഈ കൊല്ലത്തെ കുടമാറ്റത്തിന്റെ പടങ്ങള്‍ എടുക്കാന്‍ പറ്റിയെന്ന് വരില്ല.
+
പൂരത്തിന്റെ പിറ്റേന്ന് പുലര്‍ച്ചക്കുള്ള വെടിക്കെട്ട് വിഡിയോ എടുക്കാന്‍ പരിപാടി ഉണ്ട്. ആരോഗ്യം അനുവദിച്ചാല്‍ മതിയായിരുന്നു. ബീനാമ്മക്ക് തിമിരത്തിന്നുള്ള സര്‍ജ്ജറി കഴിഞ്ഞിട്ടുണ്ട്. എന്നേക്കാളും ആരോഗ്യം ഉണ്ട് അവള്‍ക്ക്. അവളെ മസ്കടിച്ച് പൂരപ്പറമ്പിലേക്ക് കൊണ്ട് പോകണം. അവളും നല്ലൊരു ഫോട്ടോഗ്രാഫറാണ്. അവള്‍ക്ക് പോപ്പ് കോണും, ഐസ് ക്രീമും പൂരപ്പറമ്പിലെ വലിയ ഇഷ്ടമാണ്. അത് സമൃദ്ധിയായി വാങ്ങിക്കൊടുത്താല്‍ മതി. പിന്നെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ബലൂണും പീപ്പിയും വേണം അവള്‍ക്ക്. പിന്നെ പൂരം കഴിഞ്ഞാല്‍ പൂരപ്പറമ്പിലെ പൊടിയും അഴുക്കും നിറഞ്ഞ ഈന്തപ്പഴവും, ഉഴുന്നാടയും, പൊരിയും അവള്‍ക്ക് പ്രിയമാണ്.
അതൊക്കെ വാങ്ങിക്കൊടുക്കാം എന്ന് ഏറ്റാലേ മൂപ്പര്‍ വരികയുള്ളൂ. അവള്‍ വന്നാല്‍ അവളുടെ കൈയും പിടിച്ച് എനിക്ക് സധൈര്യം നടക്കാം. പൂരം കഴിഞ്ഞാല്‍ പിന്നെ അവള്‍ പറയുന്നതൊന്നും ഞാന്‍ വാങ്ങിക്കൊടുക്കില്ല. അതിനാല്‍ പരമാവധി അവളെന്നെ വസൂല്‍ ചെയ്യും, എന്നാലും വേണ്ടില്ല.
എന്തായാലും ഓള് ന്റെ കെട്ട്യോളല്ലേ..?
+
Sunday, April 18, 2010
പൂരനിലാവ്
തൃശ്ശൂര് പൂരം കൊടിയേറി - - - ഭാഗം 2
http://voiceoftrichur.blogspot.com/2010/04/blog-post.html
ഇന്ന് കാലത്ത് 11.10 മണിക്ക് തന്നെ ഞാന്‍ തിരുവമ്പാടിയിലെത്തി. നേരത്തെ കൊടിമരത്തിന്റെ അടുത്ത് നില്‍ക്കാമെന്ന പ്രതീക്ഷയോടെ. പക്ഷെ തിരുവമ്പാടി തിരുമുറ്റം എന്നെപ്പോലത്തെ കുട്ട്യോളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.
എനിക്ക് കണ്ടാല്‍ മാത്രം പോരല്ലോ, പടം ഒപ്പിയെടുക്കുകയും വേണമല്ലോ>
എന്റെ സാധാരണ കേമറ കൂടാതെ രഞ്ജിഷ് ലണ്ടനില്‍ നിന്ന് കൊണ്ട് തന്നിട്ടുള്ള പുതിയ കൊഡാക്ക് കേമറയും കയ്യിലുണ്ട്. പക്ഷെ സൌകര്യമായി നിന്ന് ഒരൊറ്റ ക്ലിക്കുപോലും ചെയ്യാനായില്ല. രണ്ട് കേമറയിലും കൂടി എടുത്തിട്ടുള്ളതില് നല്ലത് ഇവിടെ പ്രദര്‍ശിപ്പിക്കാം.
+
മീഡിയ ചാനലുകാരും പത്രക്കാരും ഒരു ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുന്നത് കണ്ടു. പക്ഷെ എനിക്ക് ആ സ്ഥലത്തേക്ക് പോകാനായില്ല തിരക്കു കാരണം. കൊടി 11.30 മണിക്ക് പെട്ടെന്ന് പൊക്കി. സാവധാനം ആണെങ്കില്‍ ഒന്ന് രണ്ട് നല്ല ക്ലിക്കടിക്കാമായിരുന്നു. പിന്നെ തിരുമുറ്റം ഇപ്പോള്‍ കോണ്‍ക്രീറ്റ് സൌധമാക്കിയിരിക്കുന്നതിനാല്‍ വെളിച്ചം നന്നേ കുറവ് അതിനാല്‍ നല്ല ഫോട്ടോഗ്രാഫി നടക്കില്ല അണ്‍ലെസ്സ് യു ഹേവ് വെരി ബ്രൈറ്റ് ഫ്ലാഷ്.
എന്നാലും ഉള്ളത് കൊണ്ട് ഓണം എന്ന മഹത് വചനം ഉള്‍ക്കൊണ്ട് ഞാനും ചില ഷോട്ട്സ് എടുത്തു. എന്റെ കയ്യില്‍ കേനണ്‍ന്റെ സോഫിസ്റ്റിക്കേറ്റഡ് കേമറ ഉണ്ട്. അത് തൂക്കി നടക്കണമെങ്കില്‍ എനിക്ക് ഒരു സഹായിയെ വേണം.
+
ഇന്ന് കാലത്ത് തിരുവമ്പാടി നടക്കലുള്ള ഒരു ബ്ലോഗറെ പരിചയപ്പെട്ടു. അവരെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ പറ്റിയില്ല. ഇത്തരം തിരക്ക് പിടിച്ച അന്ത:രീക്ഷത്തില്‍ ഒരു സഹായി കൂടി നല്ലതാണ്‍. രണ്ട് പേരുടെ കൂട്ടായ്മ, രണ്ട് കേമറകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചാല്‍ ഏതിലെങ്കിലും നല്ലത് കിട്ടുമല്ലോ. കഴിഞ്ഞ വര്‍ഷം ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും കൂടിയാണ്‍ പയറ്റിയത്. അതിന്നാല്‍ നല്ലത് ലഭിച്ചു. പിന്നെ അയാള്‍ എന്നെക്കാളും ചെറുപ്പമായതിനാല്‍ ഏത് തിരക്കിലും ആനകളുടേയും പെണ്‍പുലികളുടെ ഇടയിലൂടെയെല്ലാം ഊളയിട്ട് പോയി കാര്യം നടത്തും. എനിക്കാണെങ്കില്‍ അത്രയും ഫാസ്റ്റില്‍ ഊളയിടാനുള്ള ആരോഗ്യവും മറ്റും പോരാ. പിന്നെ ഈ വയസ്സന്‍ കേമറയും തൂക്കി തിരക്കിലേക്ക് ഊളയിടുന്നത് എല്ലാവര്‍ക്കും ഇഷ്ടമായെന്ന് വരില്ല.
+
തിരുവമ്പാടിയിലെ കാര്യം പെട്ടെന്ന് അവസാനിപ്പിച്ച് ഞാന്‍ പാറമേക്കാവിലേക്കോടി. പോകുന്ന വഴി പുതിയതായി പരിചയപ്പെട്ട പ്രസന്നയുടെ വീട്ടില്‍ പോയി പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അതെടുക്കാന്‍ നിന്നാല്‍ പാറമേക്കാവിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. തന്നെയുമല്ല ഒരാളെ നടാടെ കാണുമ്പോള്‍ ഉടനെ ഓടിപ്പോരാനും പറ്റില്ലല്ലോ.
അപ്പോള്‍ വിചാരിച്ചു പാറമേക്കാവിലെ കൊടിയേറ്റം കഴിഞ്ഞ് മടങ്ങും വഴി പ്രസന്നയുടെ വീട്ടില്‍ പോകാമെന്ന്.
പക്ഷെ അതും നടന്നില്ല. പാറമേക്കാവിലെ പരിപാടി ഏതാണ്ട് പൂര്‍ണ്ണതയെത്തിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഞാനാകെ വേനല്‍ ചൂടില്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അതിനാല്‍ മടക്കം യാത്രയില്‍ പുതിയ സുഹൃത്തിനെ കാണാന്‍ കഴിഞ്ഞില്ല.
+
പാറമേക്കാവിലെ കൊടിയേറ്റ സമയം ഞാന്‍ അവിടെ എത്തിയ്ല്ലാ എന്ന് തോന്നുന്നു. എനിക്ക് കൊടിമരം കാണാനായില്ല. ഞാന്‍ അവിടെ ആനകളെയും മേളങ്ങളേയും ശ്രദ്ധിക്കാന്‍ വേഗം പുറത്ത് കടന്നു.
നാലോ അഞ്ചോ ആനകളെ പുറത്ത് നിര്‍ത്തി നല്ല മേളം കൊഴുപ്പിച്ചു. മേളത്തിന്‍ ചുക്കാന്‍ പിടിക്കുന്നത് പെരുവനം കുട്ടന്‍ മാരാരാണോ എന്ന് ചോദിച്ചാല്‍ എനിക്ക് ഈ മേളക്കാരുടെ പേരൊന്നും ഓര്‍മ്മ വരുന്നില്ല. ഞാന്‍ മേളം ആസ്വദിക്കുന്നതിന്നിടയില്‍ നല്ല കുറച്ച് ക്ലിപ്പ്സ് എടുത്തു. പിന്നെ എനിക്ക് ഉയരം കൂടുതലുള്ളതിനാല്‍ വിചാരിച്ചതിലും അധികം ഷോട്ട്സ് എടുക്കാനായി.
+
തലയില്‍ വെക്കാന്‍ ഒരു തൊപ്പി കരുതിയിരുന്നു. പക്ഷെ അത് ശകടത്തില്‍ നിന്നെടുക്കാന്‍ മറന്നു. അതിനാല്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എന്റെ തലയില്‍ രോമം കുറവായതിനാല്‍ ചൂടിനെ താങ്ങാനായില്ല. എന്താ സൃഷ്ടികര്‍ത്താവ് ഈ വയസ്സന്മാരുടെ തലയിലെ രോമങ്ങള്‍ ഇങ്ങിനെ പൊഴിക്കുന്നത് എന്ന് മനസ്സിലായില്ല. ചെറുപ്പത്തില്‍ കുറച്ച് രോമം കൊടുത്ത് വയസ്സാകുമ്പോളല്ലേ കൂടുതല്‍ കൊടുക്കേണ്ടതെന്ന് തോന്നിപ്പോയി.
+
അപ്പോ തല്‍ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാം. എനിക്ക് പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. നോക്കിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഇനി ആദ്യമായി കാണാന്‍ പോകുന്ന പ്രസന്നയുടെ വീട്ടിലേക്ക് ഉച്ച ഭക്ഷണ സമയത്ത് പോകുന്നതും ശരിയല്ലല്ലോ എന്ന് കരുതി. പിന്നെ വിയര്‍ത്ത് കുളിച്ചതും വേറെ ഒരു കാരണം.\
ഞാന്‍ അവിടെ നിന്ന് നേരെ എലൈറ്റ് ഹോട്ടലില് കയറി ഒരു ഫ്രഞ്ച് സ്റ്റൈല്‍ സ്നാനം ചെയ്ത്, നന്നായി ഒന്ന് രണ്ട് ഫോസ്റ്ററടിച്ച് മിനുങ്ങി. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ എന്റെ വിയര്‍പ്പെല്ലാം പമ്പ കടന്നു. പക്ഷെ എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. ബാറിലെ സ്നേക്ക്സിനൊന്നും എന്റെ വിശപ്പടക്കാന്‍ പറ്റിയില്ല.
+
വീക്കെന്‍ഡായതിനാല്‍ മക്കളും മരുമക്കളും എല്ലാം കൂടി വീട് നിറയെ ആളുകള്‍. അവരെന്നെ ശാപ്പാടിന്‍ കാത്തിരിപ്പുണ്ടാകും എന്നോര്‍ത്ത് ഞാന്‍ വീട്ടിലേക്കോടി. അവിടെ ചെന്ന ഉടന്‍ ഒരു വിശദമായ കുളി കഴിഞ്ഞ് ഉഗ്രന്‍ പൂരം സ്പെഷല് ശാപ്പാട് ഉണ്ടാക്കിയിരുന്നു ബീനാമ്മ.
ആവോലിക്കറിയും, എന്റെ ഇഷ്ടവിഭവമായ ചേനയിട്ട കാളനും പിന്നെ പയറുപ്പേരിയും, പിന്നെ പിള്ളേര്‍ക്ക് മസ്കറ്റ് ചിക്കന്‍ ഫ്രൈയും.
+
എന്താണീ മസ്കറ്റ് ചിക്കന്‍ ഫ്രൈ എന്ന് നിങ്ങള്‍ക്ക് തോന്നിക്കാണും. അതൊരു വലിയ കഹാനിയാണ്‍. അതിനാല്‍ ഇവിടെ വിവരിക്കുന്നില്ല. പിന്നീടാകാം അല്ലേ.
ഫ്രൈയൊന്നും ഞാന്‍ ഊണിന്റെ കൂടെ കഴിക്കാറില്ല.
വൈകിട്ട് വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ ബീനാമ്മ തരും.
മരുമകള്‍ 4 മാസം മുന്‍പെ ഒരു ഷിവാസ് റീഗലും, ബാലന്റയിനും തന്നിരുന്നു. ഷിവാസില്‍ അല്പം ബാക്കിയുണ്ട്.
പിന്നെ അവള്‍ കഴിഞ്ഞ മാസം സിങ്കപ്പൂരില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് ഒരു ലിറ്റര്‍ ബ്ലേക്ക് ലേബല്‍ കൊണ്ട് വന്ന് തന്നിരുന്നു. ഞാന്‍ അവളെ തമാശക്ക് ചിലപ്പോള്‍ ചീത്തയൊക്കെ വിളിക്കും. അവള്‍ക്കതില്‍ പരിഭവം ഇല്ല. ചിലപ്പോള്‍ പരിഭവം ഉണ്ടായേക്കാം. ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. ഞാനെല്ലാം നല്ല സ്പിരിട്ടില്‍ എടുക്കും.
അവള്‍ ഒരു സുന്ദരിക്കുട്ടിയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്‍ എന്നെപ്പോലെ. പക്ഷെ ഈ അവസാനത്തെ റിസഷന്‍ കാരണം അവള്‍ക്ക് നല്ലൊരു പ്ലെയിസ് മെന്റ് ഇത് വരെ കിട്ടിയിട്ടില്ല.
+
പൂരം കൊടിയേറ്റത്തിന്റെ കാര്യം പറഞ്ഞ് നാം ‘പവിഴമല്ലിയെ’ ക്കുറിച്ചും സ്കോച്ച് വിസ്കിയെക്കുറിച്ചെല്ലാമായി സംസാരം.
പൂരത്തിന്റെ അന്ന് കുട്ടന്‍ മേനോന്റെ ഫ്രണ്ടായ ‘ഡില്‍ഡോ’ യുടെ ഉടമസ്ഥന്‍ എത്തുന്നുണ്ട്. ഞങ്ങള്‍ പകല്‍ പൂരം കഴിഞ്ഞാല്‍ എന്റെ വസതിയില്‍ ഒരു മേളം തീര്‍ക്കാന്‍ പരിപാടിയുണ്ട്.
ബീനാമ്മ നട്ട കശുമാവിന്‍ തണലില്‍ ഇരുന്ന്. ബ്ലേക്ക് ലേബല്‍ ഈ കുട്ട്യോള്‍ക്ക് കൊടുക്കാന്‍ വെച്ചിരിക്കയാണ്‍. വീട്ടുമുറ്റം ഈ കശുമാവിന്റെ ഇലകള്‍ക്കൊണ്ട് നിറഞ്ഞിരിക്കയാണെങ്കിലും തണലുണ്ടല്ലോ എന്നോര്‍ത്ത് വെട്ടിക്കളഞ്ഞിട്ടില്ല.
പിന്നെ ബീനാമ്മ നട്ടതായതിനാല്‍ അതിന്റെ മാങ്ങക്ക് മധുരമില്ല. അവളെപ്പോലെ സുന്ദരിയല്ല ഈ മാങ്ങ. അവളൊരു കറുത്ത സുന്ദരിയും മാങ്ങോ മഞ്ഞ സുന്ദരിയും. സാധാരണ സുന്ദരിമാര്‍ക്ക് മധുരം ഉണ്ടാകുമല്ലോ.
മാധുര്യമില്ലാത്തതിനാല്‍ ഒരിക്കല്‍ നുകര്‍ന്നാല്‍ പിന്നെ ആരും ആ മാംഗോയെ തേടി വരാറില്ല. അങ്ങിനെ ചിലപ്പോള്‍ മുറ്റം നിറയെ മഞ്ഞ സുന്ദരിമാര്‍ മലര്‍ന്ന് കിടക്കുന്നത് കാണാം.
+
പൂരത്തിന്റെ അന്ന് പകല് പൂരം കഴിഞ്ഞാല്‍ ഈ മഞ്ഞ സുന്ദരിയേയും കണ്ട് ഡില്‍ഡോയുടെയും പച്ചക്കുതിരയുടേയും കൂടി ഈ ഞാനൊന്ന് വിലസുന്നുണ്ട്.
+
പിന്നേയ് ഇന്ന് വടക്കുന്നാഥന്‍ തേക്കിന്‍ കാട്ടിലിന്ന് മോഹന്‍ സിത്താരയുടെ നേതൃത്വത്തിലുള്ള സംഗീത നിശയും അതിന് ശേഷം വേറെ ആരുടേയൊ നൃത്തവും ഉണ്ട്. ഇപ്പോല്‍ ഭാരതീയ സമയം 6.20 പി എം. ഞാന്‍ അങ്ങോട്ട് കുതിക്കട്ടേ.
പിന്നെ സൌകര്യം പോലെ കാണാം. പൂരത്തിന്‍ എല്ലാ ബോഗേര്‍സിനും സ്വാഗതം.
നോണ്‍ ബ്ലോഗേര്‍സിനും. പക്ഷെ ബ്ലൊഗേര്‍സിന് പ്രത്യേക സ്വാഗതം !!
Friday, April 16, 2010
ഷീല ചേച്ചീ - മെയ് ഐ കം ഇന്‍
വേണ്ടുവോളം വായു സഞ്ചാരമുള്ള മുറിയല്ലായിരുന്നു അവന് കിട്ടിയത്. അതിനാല്‍ അവന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എല്ലാ ആശുപത്രിയിലും വേണ്ടുവോളം എസി മുറികള്‍ ലഭ്യമല്ലല്ലോ? അവനാണെങ്കില്‍ അല്പം പോഷ് ലൈഫ് നയിക്കുന്ന ആളായതിനാല്‍ ചൂടില്‍ കിടക്കാന്‍ വൈമനസ്യം കാണിച്ചു.
ഞാന്‍ ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ എസി മുറികളൊന്നും ഒഴിവില്ലാ എന്ന് മനസ്സിലായി. ഞാന്‍ മോനോട് പറഞ്ഞു. എസി മുറികളിലൊന്നും കാര്യമല്ല. പിന്നെ ആയുര്‍വേദത്തിന് അധികം തണുപ്പ് ഉചിതമല്ല്ല താനും.
അങ്ങിനെയിരിക്കുമ്പോളാണ് അവിടുത്തെ ഒരു ഏസി മുറിയില്‍ ഞാന്‍ അറിയുന്ന പേരിലുള്ള ഒരാളുണ്ടെന്ന് മനസ്സിലായത്. ഏതായാലും സംശയനിവൃത്തി തീര്‍ക്കാന്‍ അവരുടെ മുറിയില്‍ പോയി. ഞാന്‍ ഉദ്ദേശിച്ച ഷീല ചേച്ചി തന്നെ എന്ന് മനസ്സിലായി.
ചേച്ചിക്ക് മറ്റെല്ലാരേയും പോലെ ആദ്യം അലോപ്പതി ചികിത്സയായിരുന്നു. ഫലിക്കാതെ വന്നപ്പോള്‍ ആയുര്‍വ്വേദം ആകാമെന്ന് വെച്ചു. ഇന്നത്തെ കാലത്ത് ആരും തന്നെ ആദ്യം ആയുര്‍വേദം ചെയ്യുന്നില്ല. എല്ലാരും മറ്റു മരുന്നുകളൊന്നും വേണ്ടത്ര ഫലിക്കുന്നില്ലാ എന്ന് കരുതുമ്പോള്‍ ആയുര്‍വേദാം ആകാമെന്ന് കരുതുന്നു. പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ആയുര്‍വേദത്തിന്റെ വില എല്ലാര്‍ക്കും താങ്ങില്ല. അതിനാല്‍ പലരും ആയുര്‍വേദത്തിനോട് വിമുഖത കാണിക്കുന്നു.
പണ്ടൊക്കെ പ്രത്യേകിച്ച് എന്റെ ചെറുപ്പക്കാലത്ത് ആയുര്‍വേദ കടയില്‍ നിന്ന് കഷായത്തിനും മറ്റുമുള്ള പച്ചമരുന്നുകള്‍ ലഭിക്കുമായിരുന്നു. വൈദ്യന്മാര്‍ മരുന്നുകളൊക്കെ വീട്ടില്‍ ഉണ്ടാക്കി കഴിക്കാന്‍ പറയുമായിരുന്നു. അപ്പോള്‍ വില തുച്ചം, ഗുണമോ ഇന്നത്തെക്കാളും മെച്ചവും. ഇന്നെത്തെ കാലത്ത് ആയുര്‍വേദ മരുന്നുകള്‍ പലതും മോഡേണ്‍ മെഡിസിനെ പോലെ ഗുളികകളും, കാപ്സ്യൂളുകളും, റെഡിമെയ്ഡ് ബോട്ടല്‍ഡ് കഷായങ്ങളും അരിഷ്ടങ്ങളും മറ്റുമായി.
ഇവയുടെ ഒക്കെ ഉല്പാദന ചിലവ് വളരെ കൂടുതലാണ്. അപ്പോള്‍ സ്വാഭവികമായും വലിയ വിലക്ക് വിറ്റാലേ അവര്‍ക്കും മുതലിക്കൂ. പണ്ടത്തെ കാലത്ത് ആയുര്‍വേദ കിടത്തി ചികിത്സ ഗവണ്മേണ്ട് തലത്തിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രൈവറ്റ് ആശുപത്രികള്‍ വന്നപ്പോള്‍ സാധാരണക്കരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന വിലയല്ല. പണ്ട് വീട്ടില വന്ന് ഉഴിച്ചലും, പിഴിച്ചല്‍, കിഴി മുതലായ ചികിത്സകള്‍ ചെയ്യാനാളുണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ആശുപത്രികളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. പണക്കാര്‍ക്ക് മാത്രം പറ്റും ഇടമായിക്കൊണ്ടിരിക്കയാണ്. വില കുറവുള്ള ചിലയിടങ്ങില്‍ ഇല്ലാതില്ല. അങ്ങിനെ മോനെ കാണാന്‍ പോകുമ്പോള്‍ വല്ലപ്പോഴും ഷീല ചേച്ചിയേയും കണ്ട് കൊണ്ടിരുന്നു. അങ്ങിനെ എന്റെ കുടുംബ ചരിത്രം ചേച്ചിക്കും, ചേച്ചിയുടെത് എനിക്കും മനസ്സിലായിത്തുടങ്ങി.
ചേച്ചിയുടെ ഹസ്സ് മോഹനേട്ടന്‍ വിദേശജീവിതം ഏതാണ്ട് അവസാനിപ്പിച്ച് നാട്ടിലൊതുങ്ങിത്തുടങ്ങി എന്നെപ്പോലെ.
പക്ഷെ ഞങ്ങളുടെ രണ്ട് പേരുടേയും ജീവിതം വ്യത്യസ്ഥ സ്റ്റൈലുകളിലാ. മൂപ്പര്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്നു. ഞാനാണെങ്കില്‍ ആരോഗ്യം ഉണ്ടെങ്കില്‍ അടിച്ച് പൊളിച്ച് നടക്കുന്നു. എന്റെ വേ ഓഫ് ലൈഫ് ഷീലച്ചേച്ചിക്കിഷ്ടപ്പെട്ടു.
എന്നോട് ചേച്ചി പറഞ്ഞു, മോഹനേട്ടന് കമ്പനി കൊടുക്കാന്‍. ഞാന്‍ ഏറ്റു മോഹനേട്ടന്‍ വരികയാണെങ്കില്‍.
ഞാന്‍ വൈകുന്നേരം കുറച്ചധികം നടക്കാന്‍ പോകും. എന്റെ വീട്ടില്‍ നിന്നിറങ്ങി ആദ്യം അച്ചന്‍ തേവരെ വണങ്ങിയ ശേഷം, നേരെ വെളിയന്നൂര്‍ക്കാവിലെത്തി വെളിയന്നൂര്‍ അമ്മയെ തൊഴുത്, നേരെ കുളശ്ശേരിയിലെത്തി അവിടെത്തെ ലക്ഷ്മി നരസിംഹമൂര്‍ത്റ്റി, പാര്‍ത്ഥസാരഥി, ഹനുമാന്‍ സ്വാമി എന്നിവരുടെ മുന്നി തലകുനിച്ച്, ചെട്ടിയങ്ങാടിയിലെ മാരിയമ്മനെ തൊഴുത് നേരെ സ്വരാജ് റൌണ്ടിലെത്തും, അപ്പോളെക്കും ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കും.
മോഹനേട്ടനും ഷീല ചേച്ചിയും ചോദിച്ചു
എന്റെ ചേച്ച്യേ... ഇനി വാഹനമിടിച്ച് ചാവാന്‍ ആണ് യോഗമെങ്കില്‍ അങ്ങിനെയായിക്കൊള്ളട്ടെ. നമുക്ക് വിധിയെ തടുക്കാനാവില്ലല്ലോ. എനിക്ക് തിരക്കില്‍ കൂടി നടക്കാനിഷ്ഠം. തിരക്കിലാണെങ്കില്‍ വണ്ടികള്‍ കാണാം, ജനങ്ങളെ കാണാം. ഇടക്ക് പെട്ടിക്കടകളില്‍ കയറി വേണമെനില്‍ ഒരു ആപ്പ് ചായ കുടിക്കാം. ചിലപ്പോള്‍ നല്ല ചൂടു പരിപ്പുവടയും കിട്ടും. ചില സമയത്ത് സന്ധ്യകഴിഞ്ഞാല്‍ സ്വരാജ് റൌണ്ടില്‍ നല്ല ചൂട് കപ്പലണ്ടി ഉന്ത് വണ്ടിയില്‍ കിട്ടും. നമുക്കൊരു തമാശയും അവര്‍ക്ക് ബിസിനസ്സും.
അങ്ങിനെ നടന്ന് നടന്ന് തൃശ്ശൂര്‍ തേക്കിന്‍ കാട്ടില്‍ പ്രവേശിച്ച് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് മൂന്ന് പ്രദക്ഷിണം വെച്ച്, അവിടെയുള്ള ഉപദേവന്മാരെയെല്ലാം കണ്ട്, നാലമ്പലത്തിനുള്‍ലിലെ ശിവന്‍, പാര്‍വ്വതി, ഗണപതി, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവരെ വണങ്ങി പുറത്ത് കടക്കുന്നു.
പുറത്തുള്ളവരെ വണങ്ങാന്‍ ചില ചിട്ടകളുണ്ടെങ്കിലും അങ്ങിനെ പലരും പോകുന്നില്ല. ഞാന്‍ പോകുന്ന വഴി പറയാം.
ആദ്യം ഗോശാല കൃഷ്ണന്‍, പിന്നെ സിംഹോദരനാണെന്ന് തോന്നുന്നു. പിന്നെ നടന്ന് പരശുരാമന്‍, പിന്നെയും നടന്നാല്‍ ഒരു ദേവനെ കാണാം, പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ നിന്ന് ഒരു ചെറിയ പൊത്തില്‍ കൂടി നോക്കിയാല്‍ ശിവന്റെ അമ്പലത്തിലെ താഴികക്കുടം കാണാം. അതും കഴിഞ്ഞ് പോകുമ്പോല്‍ വ്യാസ ശിലയാണെന്ന് തോന്നുന്നു. അവിടെത്തെ ആല്‍ത്തറയില്‍ ആളുകള്‍ "ഹരിശ്രീ ഗണപതായേ നമ:" എന്ന് എഴുതും, അത് കഴിഞ്ഞ് അയ്യപ്പസ്വാമിയെ വണങ്ങി, നേരെ വേട്ടക്കരന്റെ അവിടെ തൊഴുത്, നാഗങ്ങളെ വണങ്ങി, തിരികെ പടിഞ്ഞാറെ മുറ്റത്തുള്ള ശ്രീ ചക്രം, ശ്രീ ശങ്കരാചാര്യര്‍ എന്നിവരെ തൊഴുത് വേണം ഉള്ളില്‍ പ്രവേശിക്കാന്‍. എല്ലാം തൊഴുത് വരുമ്പോള്‍ കുറച്ച് സമയം എടുക്കും. ചിലപ്പോള്‍ കൈ നിറയെ ശര്‍ക്കരപ്പായസം ലഭിക്കാറുണ്ട്.
അങ്ങിനെ വടക്കുന്നാഥന്റെ അടുത്ത് പോയതിന്‍ ശേഷം നേരെ തിരുവമ്പാടി ക്ഷേത്രത്തില്‍ കണ്ണനെയും കൂട്ടരെയും തൊഴുതതിന് ശേഷം, അമ്പലത്തിന്റെ പുറകിലുള്ള വിഘ്നേശ്വരന്റെ അമ്പലത്തില്‍ പോയി, പുറത്ത് കടന്ന് നേരെ പാട്ടുരായ്കല്‍ ജംങഷനിലെത്തും. അവിടെ നിന്ന് വലത്തോട്ട് പോകുമ്പോള്‍ ഒരു അയ്യപ്പ ഷേത്രമുണ്ട്. അവിടേയും കയറി കുറിവരച്ച് നേരെ അശ്വിനി ആശുപത്രി വഴി നേരെ വടക്കെ ബസ് സ്റ്റാന്‍ഡിലുള്ള അശോകേശ്വരം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചിലപ്പോള്‍ വടക്കേ ചിറയുടെ വക്കത്ത് കൂടി കുറച്ച് ഉലാത്തി, പക്ഷികളേയും മീനുകളേയും കണ്ട് അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലും പോയി അവിടെയുള്ള നവഗ്രഹങ്ങളേയും വണങ്ങി തിരിച്ച് നടന്ന് പാലസ് റോഡില്‍ പ്രവേശിച്ച് അവിടെയുള്ള മിഥുനപ്പള്ളി ഷേത്രത്തില്‍ പോയി തിരികെ പാലസ് റോഡില്‍ കൂടി നടന്ന് പാറമേക്കാവ് ക്ഷേത്രത്തിലെത്തി അമ്മയെ തൊഴുതതിന്‍ ശേഷം അവിടെ നിന്ന് വലിയ ഒരു കുറി കൂടി തൊടുന്നു.
ക്ഷീണമുണ്ടെങ്കില്‍ പാറമേക്കാവ് അമ്പലത്തില്‍ വിശ്രമിക്കാന്‍ ഇരിക്കാന്‍ ധാരാളം സ്ഥലമുണ്ട്. ചൊവ്വ വെള്ളി എന്നീ ദിവസങ്ങളില്‍ 11നും 12നും ഇടക്കാണെങ്കില്‍ സൌജന്യ ഭക്ഷണവും [അന്നദാനം] ലഭിക്കും. പാറമേക്കാവില്‍ നിന്ന് പുറത്ത് കടന്ന് നേരെ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ കൂടി നടന്ന് പട്ടാളം റോഡില്‍ കൂടി നടക്കുമ്പോള്‍ വീണ്ടും രണ്ട് മാരിയമ്മന്‍ ഷേത്രങ്ങള്‍ കാണാം. അവിടെയും കുമ്പിട്ട് കുറികള്‍ വരച്ച ശേഷം ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിന്നടുത്തുള്ള ഇരട്ടച്ചിറ ക്ഷേത്രത്തിലും പോകും.
അപ്പോളെക്കും വിയര്‍ത്ത് കുളിച്ചിരിക്കും. അതാണ്‍ എന്റെ വൈകിട്ടെത്തെ സവാരി സ്റ്റൈല്‍. ശക്തന്‍ നഗറിലെത്തിയാല്‍ ടിബി റോഡില്‍ കൂടി നടക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ ചില ദു:ശ്ശീലങ്ങള്‍ ഉണ്ടാകാറുണ്ട്. പിന്നെ എന്തെങ്കിലും ദു:ശ്ശീലങ്ങള്‍ ആണുങ്ങളായാല്‍ വേണ്ടേ ?
ടിബി റോഡ് എന്റെ സൌധത്തിന്ന് വളരെ അടുത്താണ്‍. അവിടെ ആറ് സ്റ്റാര്‍ ഹോട്ടലുകളുണ്ട്. അതില്‍ ഏതിലെങ്കിലും കയറി തണുത്ത ഫോസ്റ്റര്‍ അടിക്കും. എനിക്ക് ഡ്രാഫ്റ്റ് ബീയര്‍ വളരെ ഇഷ്ടമാണ്. കേരളത്തില്‍ പബ്ബുകളും ഡ്രാഫ്റ്റ് ബീയറുകളും ലഭ്യമല്ല. ഞാന്‍ വിദേശത്ത് നടക്കാന്‍ പോകുന്ന ഒരു റൂട്ടുണ്ട്.
"എന്തിനാ ജെപീ താന്‍ ഹോട്ടലില്‍ കയറി അടിക്കുന്നത്. ബെവറേജ് ഷോപ്പില്‍ നിന്ന് തുഛമായ വിലക്ക് ബീയര്‍ കിട്ടുമല്ലോ. വീട്ടില്‍ തണുപ്പിച്ച് കുടിക്കാമല്ലോ?.."
എന്റെ മോഹനേട്ടാ അവിടെയാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം. കാര്യമൊക്കെ ശരിയാ. പക്ഷെ ഈ ബാറിലിരുന്ന്, അതും എക്സിക്യുട്ടീവ് ബാറിലിരുന്ന് ബീയര്‍ നുണയുന്ന രസം വീട്ടിലിരുന്നാല്‍ കിട്ടില്ല. പിന്നെ എല്ലാരും ഇങ്ങനെ പണം മാത്രം നോക്കി വീട്ടിലിരുന്ന് കഴിച്ചാല്‍, ഹോട്ടലുകാര്‍ക്കും ജീവിക്കേണ്ടെ.
എന്നാല്‍ നമുക്ക് നാളെ തന്നെ ഈവനിങ്ങ് സവാരി തുടങ്ങാം ഇല്ലേ ?
മോഹനേട്ടനോടും ചേച്ചിയോടും തമാശ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. എന്റെ മകനെ പത്ത് ദിവസം കഴിഞ്ഞ് ഡിസ് ചാര്‍ജ്ജ് ചെയ്തു. ചേച്ചി അവിടെ തന്നെ കിടപ്പാ. ചേച്ചിക്ക് വീട്ടിലായാലും ആശുപത്രിയിലായാലും എല്ലാം ഒരു പോലെ. ചേച്ചി ഏകാന്തത ഇഷ്ഠപ്പെടുന്ന ആളെ പോലെ തോന്നി. എന്റെ വീരസാഹസ കഥകളൊക്കെ ചേച്ചിയോട് ഞാന്‍ വിളമ്പി. ചേച്ചിക്ക് എന്നെ വളരെ ഇഷ്ഠപ്പെട്ടു.
അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്ക് ഇന്ന് ചെട്ടിയങ്ങാടിയില്‍ ചില ഷോപ്പിങ്ങും മറ്റുമുണ്ടായിരുന്നു. സാധാരണ ചെട്ടിയങ്ങാടി മുതലായ സ്ഥലത്ത് ഞാന്‍ സ്കൂട്ടറിലാണ്‍ സവാരി. ഇപ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ എന്റെ സ്കൂട്ടര്‍ സവാരി ഏതാണ്ട് നിലച്ചമട്ടാണ്. എന്റെ കഴുത്തിന്‍ ചില കുഴപ്പങ്ങളുള്ളതിനാല്‍, എനിക്ക് ഹെല്‍മറ്റ് സുഖം പകരുന്നില്ല. ഇത് വരെ ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ചിട്ടില്ല. താമസിയാതെ തന്നെ പിടിക്കപ്പെടാം.
കാറും കൊണ്ട് ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ഹൈ റോഡ്, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പോയാല്‍ പാര്‍ക്കിങ്ങ് വലിയ പ്രശ്നമാണ്. അവിടെയെങ്ങാനും അടിയന്തിരമായി പാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ഉടന്‍ പോലീസ് വന്ന് പിടിക്കും. ഇവിടങ്ങളില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ സ്ഥിതി തികച്ചും ദയനീയമാണ്.
ഞാന്‍ കഴിഞ്ഞ ദിവസം പാര്‍ക്കിങ്ങ് സംവിധാനമുള്ള സ്വരാജ് റൌണ്ടില്‍ ബീനാമ്മയേയും കൊണ്ട് ഷോപ്പിങ്ങിന് പോയി. എനിക്ക് വര്‍ക്കീസിലായിരുന്നു പോകേണ്ടിയിരുന്നത്. ആ ഭാഗത്തൊന്നും ഒഴിവുണ്ടായിരുന്നില്ല. ബീനാമ്മയെ തെക്കേ ഗോപുരത്തിന്റെ അവിടെ ഇറക്കി, പാര്‍ക്കിങ്ങ് നോക്കി നോക്കി ഞാന്‍ ബാനര്‍ജി ക്ലബ്ബിന്റെ അവിടെയാണ്‍ പാര്‍ക്കിങ്ങ് കിട്ടിയത്.
ഈ അവസരത്തിലാണ് മൊബൈല്‍ ഫോണിന്റെ ഗുണം എനിക്ക് തികച്ചും മനസ്സിലായത്. കാറ് കിടക്കുന്നത് വടക്കേ റൌണ്ടിലും ബീനാമ്മ നില്‍ക്കുന്നത് ഒരു കിലോമീറ്റകലെ തെക്കെ റൌണ്ടിലും. ഞാന്‍ ബീനാമ്മയോടോതി. "എടീ പെമ്പറോന്നോത്തി, നിനക്ക് ഷോപ്പിങ്ങിന് കണ്ട ഒരു സമയം. ഞാന്‍ വെറുമൊരു ഡ്രൈവറെ പോലെ പാര്‍ക്കിങ്ങും നോക്കി നടക്കുന്നു."
"നിന്റെ ഷോപ്പിങ്ങ് കഴിഞ്ഞാല്‍ ഒരു ഓട്ടോ പിടിച്ച് ബാനര്‍ജി ക്ലബ്ബിന്റെ മുന്‍ വശത്ത് വാ. ഞാന്‍ അവിടെ ഉണ്ടാകും"
കേട്ടോ പെരുമ നാട്ടുകാരെ, പാര്‍ക്കിങ്ങ് വിശേഷങ്ങള്‍. അതേ സമയം എന്റെ വീട്ടില്‍ നിന്ന് വര്‍ക്കീസിലേക്കുള്ള ദൂരവും, വര്‍ക്കീസില്‍ നിന്ന് ബാനര്‍ജി ക്ലബ്ബിലേക്കുള്ള ദൂരവും ഏതാണ്ട് ഒപ്പമാണുതാനും. എന്നാലും ചില ഭാര്യമാര്‍ക്ക് ഈ പാവം ഭര്‍ത്താക്കന്മാരെ പീഠിപ്പിക്കുന്നത് ഒരു തരം തമാശയാ.
ഭാര്യമാരെ പിണക്കാനും പറ്റില്ലല്ലോ. അവര്‍ ഉടനെ പ്രതികരിക്കും. ചിലപ്പോള്‍ നേരാ നേരത്ത് ഭക്ഷണം തരില്ല. എനിക്കാണെങ്കില്‍ ഭക്ഷണസ്റ്റൈല്‍ വളരെ സ്പെഷല്‍ ആണ്. വൈകുന്നേരം ചപ്പാത്തിയോ ചുടുദോശയോ വേണം. പിന്നെ സ്മോള്‍ അടിക്കുമ്പോള്‍ പീനട്ട് മസാലയും, സ്ക്രാമ്പിള്‍ഡ് എഗ്ഗും വേണം. ഈ നശൂലത്തിനെ പിണക്കിയാല്‍ അന്നത്തെ കാര്യം പോക്കാ...
അവിടെ മോഹനേട്ടനും ഉണ്ടായിരുന്നു. ചേച്ചിയും ചേട്ടനും വിശേഷങ്ങള്‍ കുറെ പറഞ്ഞു. ചേച്ചിയുടെ മകള്‍ ലോങ്ങ് ലീവിലാണ്. വീട്ടില്‍ വെറുതെ ഇരിക്കുന്നതിന്‍ പകരം എന്തെങ്കിലും ജോലി കിട്ടിയാല്‍ പോകാമെന്നുണ്ട് എന്ന് പറഞ്ഞു.
ചേച്ചിക്കോ, ആ മോളുട്ടീക്കോ, മോഹനേട്ടനോ അറിയില്ലല്ലോ നാട്ടിലെ ശമ്പളനിലവാരം. നാട്ടില്‍ ഒരു ഫീമേയില്‍ ഓഫീസ് അസിസ്റ്റണ്ടിന് ലഭിക്കുന്നത് ശരാശരി 3000 രൂപയാണ്. ഒരു റിക്രൂട്ടിങ്ങ് കണ്‍സല്‍റ്റന്‍ഡ് കൂടിയായ എനിക്ക് നല്ല വിജ്ഞാനമുണ്ട് ഈ വിഷയത്തില്‍.
ഞാന്‍ എന്റെ വെബ് സൈറ്റ് ഡവലപ്പ്മെന്റ് സ്റ്റുഡിയോവില്‍ അവര്‍ക്ക് ജോലി കൊടുക്കാമെന്ന് ഏറ്റു. പക്ഷെ ശമ്പളമില്ലാതെ. എന്തെങ്കിലും കൊടുക്കാം ബിസിനസ്സ് ഉണ്ടായാല്‍.
മോഹനേട്ടന്‍ നാട്ടിലെ ഏവറേജ് പ്രൈവറ്റ് സ്ഥപനത്തിലെ ശമ്പള നിലവാരം കേട്ടിട്ട് അതിശയമായി. ഇന്നത്തെ കാലത്ത ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലെ ഒരു കുടുംബം മുന്നോട്ട് പോകൂ. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ശമ്പളക്കൂടുതലുണ്ടെങ്കില്‍ വലിയ പരിക്കില്ലാതെ കഴിഞ്ഞ് കൂടാം. അല്ലെങ്കില്‍ കടം വാങ്ങി മുടിയും. ഇതാണ് നാട്ടിലെ അവസ്ഥ.
ജീവിത നിലവാരം കൂടിക്കൂടി വരുന്നു. അതേ സമയം വരുമാനത്തില്‍ പലര്‍ക്കും വര്‍ധനവില്ല. ബസ്സുകൂലിയും, പെട്രോള്‍ ഡീസല്‍ വില വര്‍ധനയും എല്ലാം കൊണ്ടും സാധാരണ കുടുംബത്തിന് പിടിച്ച് നില്ക്കാന് പറ്റാത്ത അവസ്ഥയാണ്.
5000 മുതല്‍ ആറായിരം ഉറുപ്പിക ഉണ്ടെങ്കില്‍ അഛനും അമ്മയും രണ്ട് കുട്ടികളുള്ള ഒരു കുടുംബം കഷ്ടിച്ച് ജീവിച്ച് പോകുന്നു എന്ന് കേട്ടപ്പോള്‍ മോഹനേട്ടന്‍ അത്ഭുതം.
"എങ്ങിനെയാണ് ജെപി അത് സാധിക്കുക. ഞാനും എന്റെ പത്നിയും അടങ്ങുന്ന വീട്ടില്‍ ഇതിന്റെ ഇരട്ടിയാകുന്നു. എനിക്ക് വിശ്വസിക്കാനാകുന്നില്ല."
വിശ്വസിച്ചേ മതിയാകു മോഹന്‍ ജീ.. ഇതാണ് ഇവിടുത്തെ അന്ത:രീഷം. എല്ലാം കേട്ട് ഷീല ചേച്ചി എന്ന്നെ നോക്കി.
" അപ്പോ എന്റെ മോളുടെ കാര്യം രക്ഷയില്ലാ എന്നാണോ പറയുന്നത് ജേപീ? "
ആട്ടെ ചേച്ചി എന്താണ് മോളുടെ ഫീല്‍ഡ്. അവളൊരു ഐടി ഗേളാണ്. സോഫ്റ്റ് വെയര്‍
"എന്നാല്‍ തൃശ്ശൂര്‍ പണി കിട്ടുന്ന കാര്യം എളുപ്പമല്ല" കേരളത്തില്‍ കൊച്ചിന്‍ ആന്‍ഡ് ട്രിവാന്‍ഡ്രം മാത്രമേ രക്ഷയുള്ളൂ. "അതിലും ഭേദം എന്റെ കുട്ടിക്ക് യുഎസ്സിലേക്ക് മടങ്ങുകയാണല്ലോ" തല്ക്കാലം എന്റെ കൂടെ കൂടട്ടെ. പിന്നീടാലോചിക്കാം ചേച്ചീ
"ആരും ഒന്നും ഉരിയാടിയില്ല"
എനിക്ക് പോകാന്‍ തിരക്കുണ്ട് ചേച്ചീ,പിന്നെ കാണാം. മകളെ 3 മണിക്ക് ആശുപത്രിയിലെത്തിക്കണം.
"ഞാനും ആ വഴിക്കാ. മോഹനേട്ടനും മോളും എന്റെ കൂടെ പോന്നു" അവരെ അച്ചന്‍ തേവരുടെ മുന്നിലിറക്കി, ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു.
[ചില അക്ഷരപിശാചുകള്‍ കടന്ന് കൂടിയിട്ടുണ്ട്. നോട്ട് പേഡില്‍ പ്രോസസ്സ് ചെയ്ത് കോപ്പി ഏന്‍ഡ് പേസ്റ്റുചെയ്യുമ്പോളാണ് ഈ വികൃതികള്‍. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ?]
Wednesday, April 14, 2010
വിഷുക്കൈനീട്ടം
ഞാന് കാലത്ത് നേരത്തെ എഴുന്നേറ്റ് ആദ്യം എന്റെ കൃഷ്ണന് പൂക്കള്‍ അര്‍പ്പിച്ച ശേഷം അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോയി വൈകിയാണെങ്കിലും അവിടുത്തെ വിഷുക്കണി കണ്ടു.
ഒരു മാസമായി വയറ്റില്‍ അസുഖമായതിനാല്‍ എന്റെ കസിനായ ഡോ: ഷീബയുടെ പരിചരണത്തിലാണ് ഞാന്‍. ഭക്ഷണത്തിന് അരമണിക്കൂറ് മുന്‍പ് കഴിക്കാനുള്ള മരുന്ന് കഴിച്ചാണ് അച്ചന്‍ തേവരെ കാണാന്‍ പോയത്. ഉടന്‍ തിരിച്ച് വരാമെന്ന ധാരണയില്‍.
അവിടെ തൊഴുത് പ്രദക്ഷിണം വെച്ചപ്പോഴാണ് തോന്നിയത് പാറമേക്കാവമ്മയെ ഒന്ന് കണ്ട് വണങ്ങണമെന്ന്. അതിനാല്‍ നേരെ അങ്ങോട്ട് വിട്ടു. അമ്മയെ കണ്ട് മനം കുളിര്‍ത്തു.
അവിടെ ചെന്നപ്പോള്‍ എന്റെ പാറുകുട്ടിയെ പോലെ ഒരു പെണ്‍കുട്ടി പച്ചപ്പാവാടയും ബ്ലൌസുമിട്ട് കൈയില്‍ തട്ടുമായി നില്‍ക്കുന്നത് കണ്ടു. പാറുകുട്ടിയുടെ ചെറുപ്പത്തിലേ അതേ രൂപം. ഇത്രമാത്രം രൂപ സാദൃശ്യമോ?
പാറമേക്കാവ് നടപ്പുരയില്‍ നാമസങ്കീര്‍ത്തനം ആലപിക്കുന്നുണ്ടായിരുന്നു ചിലര്‍. അത് അല്പനേരം കാണാന്‍ മറന്നില്ല.
എന്റെ പേരക്കിടാവ് സുഖമായിരിക്കുന്നു. ഇന്ന് കാലത്ത് അവന്റെ കുളി ചെറുതായിരുന്നു. മെയ്ഡ് ലീവില്‍ പോയതിനാല്‍ മകള്‍ തന്നെ ഒരു കാക്കക്കുളി ചെയ്തു കൊടുത്തു.
എന്നും കണ്ണടച്ച് കിടക്കുന്ന കുട്ടിയെ എടുത്ത് അരമണിക്കൂര്‍ എണ്ണ തേച്ച്, കാല്‍ മണിക്കൂറ് കുളിപ്പിക്കും. മൊത്തം സമയവും കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.ഇന്നേക്ക് 28 കഴിഞ്ഞു. ഞാന്‍ ഈ കരച്ചില്‍ കേട്ട് കേട്ട് തോറ്റു. ഞാന്‍ ആ സമയത്ത് നടക്കാന്‍ പോകും. ഇങ്ങിനെയൊക്കെയാണോ നിങ്ങളുടെ വീട്ടിലെ കുട്ടികളേയും കുളിപ്പിക്കുക. മകന്‍ ശ്വാസം മുട്ടി കരയുന്ന പോലെ കാണിച്ചാലും തള്ളക്കും തള്ളയുടെ തള്ളക്കും പണിക്കാരിക്കും ഒരു വേവലാതിയുമില്ല. ഈ അപ്പൂപ്പന് കണ്ട് നില്‍ക്കാനോ കേള്‍ക്കാനോ ഉള്ള ശക്തി ഇല്ല.
ദയവായി ഈ വിഷയത്തെപ്പറ്റി പ്രതികരിക്കുക.
ഈ കൊല്ലം ബീനാമ്മ ഞങ്ങള്‍ക്ക് വിഷു ഊട്ടിയില്ല. ഈ നിമിഷം വരെ ഒരുക്കങ്ങളൊന്നും അടുക്കളയില്‍ കണ്ടില്ല. പ്രധാന കാരണം എപ്പോഴും കൊച്ചുമകന്റെ കൂടെ വേണം. മകള്‍ക്കാണെങ്കില്‍ പ്രസവത്തിന് ശേഷം അല്ലറചില്ലറ അസ്വാസ്ഥ്യങ്ങള്‍.
കാലത്ത് ഒരു ഇഞ്ചിമ്പുളി വെക്കുന്നത് കണ്ട്. വിഷുക്കട്ട ഉണ്ടാക്കിയോ എന്നറിയില്ല. കൊല്ലത്തിലൊരിക്കലാ ഉണ്ടാക്കാറ്. ചില വര്‍ഷത്തില്‍ സുജേച്ചി കൊണ്ട് വന്ന് തരാറുണ്ട്. ഇപ്പോ സുജേച്ചിക്കും വയസ്സായി. സുജേച്ചി എന്ന് വിളിക്കുന്നത് അമ്മയിയേയാണ്.
കഴിഞ്ഞ വര്‍ഷം എന്നെ ഒരു ദിവസം ഉണ്ണാന്‍ വിളിച്ചപ്പോള്‍ എന്റെ കസിന്‍ ഷീല എനിക്ക് വിഷുക്കട്ട ഉണ്ടാക്കിത്തന്നത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. പിന്നീട് ഷീലയുടെ വീട്ടില്‍ പോകാനൊത്തില്ല. ഇനി ഒരു ദിവസം വിഷുക്കട്ട ആവശ്യപ്പെട്ട് ഷീലയുടെ വീട്ടില്‍ പോകണം. ഷീലയെ അടുത്തൊരു അവസരത്തില്‍ പരിചയപ്പെടുത്താം.
എനിക്ക് ചെറുപ്പത്തില്‍ വിഷുക്കൈനീട്ടം തരിക എന്റെ അച്ചമ്മ [പിതാവിന്റെ അമ്മ] യും മറ്റുചിലപ്പോള്‍ അച്ചാച്ചനും [മാതാവിന്റെ അഛന്‍] ആണ്. അന്ന് അവര്‍ ഒരു വെള്ളിനാണയം തരും.
ചില ക്ഷേത്രങ്ങളില്‍ നാണയത്തുട്ടുകള്‍ വിഷുക്കൈനീട്ടമായി കൊടുക്കാറുണ്ട്. ഇത്തവണ അച്ചന്‍ തേവര്‍ അമ്പലത്തില്‍ വിഷുക്കണിക്ക് വലിയ മിനുക്കുണ്ടായിരുന്നില്ല. വാല്‍ക്കണ്ണാടിയും ചക്കയും മറ്റും കണ്ടില്ല.
ഞാന്‍ പ്രസിഡണ്ടും സെക്രട്ടറിയും ഒക്കെ ആയ കാലത്ത് എല്ലാം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് ആളുകളേറെ, പക്ഷെ പ്രവര്‍ത്തനമണ്ഡലത്തില്‍ കാണുന്നില്ല. അതാണ് സ്ഥിതി.
അവര്‍ ഉള്ളതിനാല്‍ അവരാണല്ലോ മുന്‍ കൈയ്യെടുക്കേണ്ടത്.
ഇപ്പോള്‍ സമയം രാവിലെ 9.51. ചിലപ്പോള്‍ ഉച്ചയാകുമ്പോളെക്കും സുജേച്ചിയുടെ വീട്ടില്‍ നിന്ന് വിഷുക്കട്ടയും പരിപ്പുകറിയും ഇഞ്ചിമ്പുളിയും വന്നേക്കാം. അല്ലെങ്കില്‍ ഉള്ളത് ഭക്ഷിക്കാം അല്ലേ.
തൃശ്ശൂരില്‍ ഓണത്തിന് അമ്പിസാമിയുടേയും കണ്ണന്‍ സാമിയുടേയും വീട്ടില്‍ നിന്ന് വിഭവസമൃദ്ധമായ ഊണ് വാഴയില അടക്കം പാര്‍സലായി ലഭിക്കും. പക്ഷെ വിഷുവിനുള്ള ഭക്ഷണം ആരും തരുന്നതായി കേട്ടിട്ടില്ല.
എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്മനിറഞ്ഞ വിഷു ആശംസിക്കുന്നു.
വിഷു 2010 - with less ചടങ്ങുകള്‍ !!
എന്റെ വസതിയില്‍ ഇക്കൊല്ലം വലിയ ചടങ്ങുകള്‍ ഇല്ല. കാരണം ബീനാമ്മക്ക് പേരക്കുട്ടിയെ പരിചരിക്കേണ്ട കാരണം അടുക്കളയില്‍ കയറാന്‍ നേരമില്ല. ഹൌസ് മെയ്ഡ് വിഷുവിന് അവധിയെടുത്ത് സ്ഥലം വിട്ടു. എല്ലാ കൊല്ലവും ഒരു വിഷുക്കണി വെക്കാറുണ്ട്. ഇക്കൊല്ലം അതുണ്ടാവില്ല എന്നാ തോന്നണേ.
ലക്ഷക്കണക്കിന് രൂപ തന്തയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ട് പോയിട്ടുള്ള ഒരു മകനുണ്ടിവിടെ. എന്റെ ചെറിയ പെന്‍ഷന്‍ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നന്നേ ബുദ്ധിമുട്ടുന്ന കാലമാണ്. സാധനങ്ങളുടെ വില കയറ്റവും, വരുമാനത്തിലെ വര്‍ദ്ധനമില്ലായ്മയും കാരണം പിടിച്ച് നില്‍ക്കാനാകുന്നില്ല ചിലപ്പോള്‍.
മാസാമാസം എന്തെങ്കിലും തന്ന് സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മകന് സൌകര്യപ്പെടില്ലാ എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ ശരിക്കും ദു:ഖിതനായി ഞാന്‍.
ഗ്രാമത്തിലെ അടുത്ത വീട്ടിലെ നിഷ്കളങ്കമായ കുട്ടികളുടെ മുഖം കാണുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.
നാളെ വിഷുവാണല്ലോ..?
കുട്ടികളുടെ ഒരു പാട്ട് ആസ്വദിക്കൂ....
Saturday, April 10, 2010
ആനയെ നടയിരുത്തുമ്പോള്‍
ക്ഷേത്രങ്ങളില്‍ ആനയെയും മറ്റു മൃഗങ്ങളേയും നടയിരുത്തുമ്പോള്‍ ഭാവിയില്‍ അതിന്റെ ആഹാരത്തിനും മറ്റു ചിലവുകള്‍ക്കായി ഒരു നിശ്ചിത തുക ദേവസ്വത്തില്‍ അടക്കണമെന്ന ചടങ്ങുണ്ട്. ഈ ആചാരം നില നിന്ന് പോകുന്നു.
+
കഴിഞ്ഞ ആഗസ്ത് മാസത്തില്‍ എന്റെ വീട്ടിലും ഒരു ആനയെ നടയിരുത്തി. പക്ഷെ ശരിക്കും ഉള്ള ഒരു ആനയായിരുന്നില്ല. ഒരു വലിയ എയര്‍ കണ്ടീഷണര്‍. മകന് വിവാഹസമ്മാനമായി അവന്റെ ചെറിയ അമ്മാന്‍ അവന്‍ വിഹരിക്കുന്ന എന്റെ വീട്ടിലാണ് നടയിരുത്തിയത്. പക്ഷെ ഇവിടെ അമ്പലത്തിലേത് പോലെ നിശ്ചിത തുക കെട്ടിവെച്ചില്ല.
+
ഇപ്പോളെന്തായി മഴയത്തും വെയിലത്തും അവനും അവന്‍ ഇല്ല്ലാത്ത സമയത്ത് ആ മുറിയില്‍ കഴിയുന്നവരെല്ലാം അത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു.
+
അവര്‍ക്കറിയുമോ ഇപ്പോഴത്തെ ഇലക്ട്രിസിറ്റിക്കുള്ള തീ പിടിച്ച വില. ഇവിടുത്തെ ഒരു പെമ്പിറന്നോത്തിയുണ്ട്. അവളും അനാവശ്യമായി അവിടെ സമയം ചിലവഴിക്കുന്നു. ടിവി കാണാനും അവളുടെ അമ്മയുടെ പതിനാറടിയന്തിരം ഉണ്ണാനും എല്ലാം അവിടെ.
+
ഈ വീട്ടില്‍ മെയിന്‍ ബെഡ് റൂമില്‍ കാലങ്ങളായി വേറെ ഒരു ഭീമന്‍ ഉണ്ട്. അവനെ വല്ലപ്പോഴും അതും അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാറുണ്ട്. അവനെ തീറ്റിപ്പോറ്റാന്‍ തന്നെ മെനക്കെടുന്ന ഈ സാഹചര്യത്തില്‍ - ഈ ആനയെ നടയിരുത്തിയത് വലിയ അന്യായമായി പോയി.
+
എന്നാ ഇതൊക്കെ കണ്ടറിഞ്ഞ് ഒരു ചെറിയ പെന്‍ഷന്‍ തുക മാത്രം കൊണ്ട് ജീവിക്കുന്ന തറവാട്ടിലെ കാരണവരെ എന്തെങ്കിലും തന്ന് സഹായിക്കുക എന്ന് മകനോ അവന്റെ പരിവാരങ്ങളൊ ചിന്തിക്കുന്നില്ല.
+
വയസ്സ് കാലത്ത് സ്വസ്ഥമായി ഉള്ള കഞ്ഞിയും കുടിച്ച് കഴിഞ്ഞുകൂടുവാന്‍ പിള്ളേര്‍ സമ്മതിക്കുകയില്ലാ എന്ന് വെച്ചാല്‍ വലിയ കഷ്ടം തന്നെ. എനിക്കാണെങ്കില്‍ ആരോഗ്യമുള്ള കാലത്ത് നന്നായി അദ്ധ്വാനിച്ച് രാജകീയമായ സ്റ്റൈലില്‍ ജീവിച്ച് പോന്നു. ഇപ്പോള്‍ വരുമാനം കുറഞ്ഞപ്പോള്‍ പലതും വേണ്ടെന്ന് വെച്ചു. ആഴ്ചയില്‍ ഒരു കെയ്സ് ഫോസ്റ്റര്‍ ബീയര്‍ വാങ്ങുമായിരുന്നു. ഇപ്പോള്‍ മാസത്തില്‍ 6 കുപ്പിയിലൊതുക്കി എന്ന് പറഞ്ഞാ പോരെ പൂരം.
+
കര്‍ത്താ ചേട്ടനും, മാണിക്യ ചേച്ചിയും എന്റെ മറ്റു പല വളരെ അടുത്ത ബ്ലോഗ് സുഹൃത്തുക്കളും പറഞ്ഞിരുന്നു പേഴ്സണല്‍ വിഷയങ്ങള്‍ ബ്ലോഗാന്‍ പാടില്ലാ എന്ന്.
ഞാന്‍ അതില്‍ ഒരു കഴമ്പും കാണുന്നില്ല. കഴിഞ്ഞ മാസം ഞാന്‍ ഒരു പേഴ്സണല്‍ വിഷയം ബ്ലോഗിയിരുന്നു. അതിന്റെ ഫലം രണ്ടാഴ്ചക്കുള്ളില്‍ എനിക്ക് കിട്ടിയിരുന്നു. പ്രശ്നം സോള്‍വാകുകയും എനിക്ക് സന്തോഷമാകുകയും ചെയ്ത വിവരം മേല്‍ പറഞ്ഞവര്‍ക്കും എന്റെ മറ്റു അഭ്യുദയകാംക്ഷികള്‍ക്കും ബോധ്യപ്പെട്ടതാണല്ലോ.
+
പണ്ട് ഞാന്‍ ഇത്തരം ഒരു പേഴ്സണല്‍ വിഷയം എഴുതിയതിനെതിരെ ദുബായില്‍ നിന്നോ അബുദാബിയില്‍ നിന്നോ ഒരു ബ്ലോഗര്‍ എനിക്ക് പാര വെച്ചിരുന്നു. ഞാന്‍ ആ പ്രസ്തുത വിഷയത്തില്‍ നിന്നും പിന്‍ വാങ്ങിയിരുന്നു ചില പ്രത്യേക കാരണങ്ങളാല്‍ - ആരെയും ഭയന്നിട്ടല്ല. ഇവിടെത്തെ കഥാപാത്രങ്ങള്‍ എന്റെ സ്വന്തം കുടുംബക്കരായതിനാല്‍ ഈ സന്ദേശം ഒരു മൂന്നാമനില്ലാതെ അവരിലേത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഫലപ്രാപ്തി കാണാനാകുമെന്ന് ഞാന്‍ പ്രത്യാശിക്കട്ടെ.
+
വീണ്ടുമൊരിക്കല്‍ കൂടി ഗൂഗിളിന് എന്റെ വിനീതമായ നമസ്കാരം - ഇത്തരം ഒരു സൌജന്യ പ്ലാറ്റ്ഫോം ഒരുക്കിത്തന്നതില്‍.
+
എല്ലാ കുടുംബത്തിലും കാണുന്ന സമാനമായ പ്രശ്നങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത് ഇവിടെ. നമ്മളുടെ മക്കള് ഈ ഭൂമിയില്‍ ജനിച്ചതില്‍ അവര്‍ തെറ്റുകാരല്ല. അവരെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി, വേണ്ട വിദ്യാഭ്യാസം കൊടുത്ത്, പൊതുജനത്തിനും നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും ഉപയോഗമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാക്കണം.
എന്ന് വെച്ച് എപ്പോഴും അവരെ വടിയെടുത്ത് കാളകളെ തെളിക്കുന്ന പോലെ പിന്തുടരാന്‍ പാടില്ല.
അവര്‍ സ്വയം കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യണം പ്രായപൂര്‍ത്തിയായാല്‍.
+
സാധാരണ കുടുംബങ്ങളില്‍, ഇവിടേയും അമ്മമാരാണ് മക്കളെ അധികവും ലാളിക്കുന്നതും, ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് പോകുന്നതും. എന്ന് വെച്ച് എല്ലാം അമ്മയെ പഴിക്കണമെന്നല്ല ഞാന്‍ പറയുന്നത്. അമ്മക്ക് മക്കളെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
+
ശിഷ്ടകാലം ഉള്ളത് പോലെ ജീവിക്കുക - ആരുടെയും നേരെ കൈ നീട്ടാതെ എന്നാണ് എന്റെ രീതി. പക്ഷെ നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടുംബത്തിലെ ആളുകളെ എങ്ങിനെ നേരിടണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
+
ആനയെ നടയിരുത്തിയ ചെറിയമ്മാനോട്, ആനയെ തിരികെ കൊണ്ട് പോകാന്‍ പറഞ്ഞാലോ, അതോ മകനോട് ആനയെ അവന്റെ പണിസ്ഥലത്തേക്ക് കൊണ്ട് പോകാന്‍ പറഞ്ഞാലോ, ഇനി അവര്‍ക്ക് അതിന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു ആറ്ക്കെങ്കിലും ഉപയോഗിക്കാന്‍ വിലക്കോ, സൌജന്യമായോ ഈ ആനയെ കൊടുത്താലോ എന്നൊക്കെ ഈ വയസ്സന്‍ ചിന്തിക്കുന്നു.
+
രണ്ടായിരത്തില്‍ കൂടുതല്‍ ഇവിടെ ഈ വലിയ വീട്ടില്‍ എനിക്കും എന്റെ പെമ്പറന്നോത്തിക്കും ബില്ല് വരാറില്ല. കഴിഞ്ഞ മാസം 7000 രൂപ ബില്ല് വന്നപ്പോള്‍ ഞാനൊഴികെ ആരും ഞെട്ടിയില്ല.
സര്‍ച്ചാര്‍ജ്ജും വര്‍ദ്ധനയും മറ്റുമായി നമ്മുടെ ഗവണ്മേണ്ടിന് പിടിച്ച് നില്ക്കാന് പറ്റാത്ത അവസ്ഥയായതിനാല്‍ നാം അഡ്ജസ്റ്റ് ചെയ്യുകയും സഹകരിക്കുകയും വേണമല്ലോ? ഞാന്‍ അതിനോട് പൂറ്ണ്ണമായും യോജിക്കുന്നു.
+
വീട്ടിലുള്ളവര്‍ എപ്പോളും FM റേഡിയോവിലും TV യിലും വരുന്ന പ്രസ്താവനകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നുണ്ടല്ലോ. സന്ധ്യാനേരത്ത് ഒരു വിളക്കെങ്കിലും അണക്കൂ. അല്ലെങ്കില്‍ ഫ്രിഡ്ജ് ഒരു മണിക്കൂര്‍ ഓഫ് ചെയ്യൂ. ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. കാരണം എന്റെ പണമാണ് എനിക്ക് സേവ് ചെയ്യേണ്ടത്.
+
ഊര്‍ജ്ജവും വെള്ളവും അമൂല്യമാണ്. അതിനെ നാം അത്യാവശ്യത്തിന്‍ മാത്രം ഉപയോഗിക്കുക. എന്റെ വീട്ടിലെ അംഗങ്ങളെല്ലാം എന്നെ എന്തിനാ ഇത്രമാത്രം ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
+
ചെറിയ വരുമാനത്തില്‍ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ഞാന്‍. വൃദ്ധസദനത്തിലേക്ക് ചേക്കേറിയാലോ എന്നാലോചിച്ചു. പക്ഷെ എന്റെ പെമ്പറന്നോത്തി അങ്ങോട്ടില്ലത്രെ. അവളുടെ കാര്യം ഞാന്‍ തന്നെ നോക്കേണ്ടേ. അവളെ അവളുടെ മോന് ഇഷ്ടമാ. പക്ഷെ അത് എത്ര നാള്‍ എന്ന് അവള്‍ക്കറിയില്ല. മകന്‍ ഇനി മക്കളും മറ്റുമായി ജീവിക്കാന്‍ തുടങ്ങിയാല്‍ ഇനി അവളെ കാണാനൊന്നും വരാന്‍ പറ്റിയെന്ന് വരില്ല. തന്നെയുമല്ല ഈ വാത്സല്യം കൊടുക്കാന്‍ അവന്റെ എടാകൂടം സമ്മതിച്ചെന്ന് വരില്ല.
+
വീട്ടില്‍ ഇന്നത്തെ കാലത്ത് മുഴുവന്‍ സമയം ഒരു മെയ്ഡിനെ വെക്കണമെങ്കില്‍ തന്നെ നമ്മുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വേണം. പിന്നെ മറ്റു ചിലവുകള്‍. ഇതൊക്കെ സേവ് ചെയ്യാനും സ്വസ്ഥതയും സന്തോഷവും പ്രധാനം ചെയ്യുന്ന നല്ല രീതിയില്‍ നടത്തുന്ന ഓള്‍ഡ് ഏയ്ജ് ഹോം തൃശ്ശൂരിലും ഗുരുവായൂരിലും എല്ലാം ഉണ്ട്. അങ്ങോട്ട് പൊയ്കൂടെ നമുക്ക് ബീനാമ്മെ??. എന്തിനാ ഈ ഊരാക്കുടുക്കില്‍ നാം കിടന്ന് വലയുന്നത്.
+
മോന്റെ വീട്ടില്‍ അവനോട് കൂടി ശിഷ്ടകാലം കഴിയാമെന്ന് വെച്ചാല്‍ അത് അവനും അവള്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഇനി നമുക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായാല്‍ അവനും ഇതൊക്കെ തന്നെ ചെയ്തേക്കാം. ഏതെങ്കിലും വൃദ്ധസദനത്തില്‍ നമ്മെ കൊണ്ട് തള്ളും. ഇപ്പോളാണെങ്കില്‍ നമ്മുടെ സൌകര്യാര്‍ത്ഥം നമുക്ക് നല്ലൊരിടം തിരഞ്ഞെടുക്കാം.
+
എനിക്കിഷ്ടം വെങ്ങിണിശ്ശേരിയിലെ നാരാണതപോവനം പോലെത്തെ ആശ്രമം ആണ് ശിഷ്ടകാലം ചിലവിഴിക്കാന്‍ . അല്ലെങ്കില്‍ ഞാന്‍ പഠിച്ച ശ്രീരാമകൃഷ്ണാശ്രമം. നമ്മുടെ സ്വത്തുക്കള്‍ വിറ്റ് ഒരു ഭാഗം ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൊടുത്താല്‍ അവര്‍ നമ്മളെ ആയുഷ്കാലം പരിചരിക്കുമല്ലോ? നിയമ വശങ്ങളൊന്നും എനിക്കറിയില്ല.
+
കുടുംബ പാരമ്പര്യമനുസരിച്ച് ഞാന്‍ അറുപതാമത്തെ വയസ്സില്‍ പരലോകം പ്രാപിക്കേണ്ടവനായിരുന്നു. അഛനും, വല്യയഛനും, പാപ്പനും, വലിയഛന്റെ മകനും എല്ലാം അറുപതില്‍ പോയി. എന്നെ മാത്രം ഈ ഭൂമിയില്‍ വിട്ടിട്ട്. എല്ലാം അനുഭവിക്കുക തന്നെ അല്ലേ.
എന്റെ അച്ചന്‍ തേവരേ, കൃഷ്ണാ ഗുരുവായൂരപ്പാ !!!
+
അടിക്കുറിപ്പ്:-
[അക്ഷരപ്പിശാചുകളുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. word pad ല്‍ പ്രോസസ്സ് ചെയ്ത് ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന പ്രശ്നങ്ങളാണ്‍. ഇതിനെ എങ്ങിനെ മറികടക്കാമെന്ന് ആരെങ്കിലും ഉപദേശിച്ച് തന്നാല്‍ ഉപകാരമായിരിക്കും]
MY GRAND SON AADITHYA
Friday, April 9, 2010
മസ്കറ്റിലെ ഫ്രഷ് മീന്‍ - ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>
അങ്ങിനെ മീന്‍ തിന്ന് തിന്ന് കുറച്ച് കാലം എനിക്ക് മീന്‍ കിട്ടാത്ത ഒരു അവസ്ഥയുണ്ടായി. എന്നെ എന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പാടത്തും പറമ്പിലും കളിച്ച് നടക്കല്‍ നിര്‍ത്താനായി ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തു.
+
അവിടെ പല സൌകര്യങ്ങളുണ്ടായിരുന്നെങ്കിലും - വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. കാലാന്തരത്തില്‍ ഞാന്‍ ആ സാഹചര്യത്തില്‍ പൊരുത്തപ്പെട്ടു.
കാലത്ത് ഇഡ്ഡലി, ദോശ, പുട്ട് അല്ലെങ്കില്‍ ഉപ്പ്മാ... അങ്ങിനെയും ഉച്ചക്ക് വിഭവസമൃദ്ധമായ സാമ്പാറും, അവിയല്‍ - ഓലന്‍, മെഴുക്കുപുരട്ടി, പപ്പടം, അച്ചാര്‍, രസം, മോര്‍ മുതലായവയുള്ള ഊണ്. വൈകിട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ചായയും പലഹാരവും, പിന്നെ വൈകിട്ടുള്ള ഭക്ഷണവും നല്ലത് തന്നെ.
+
അങ്ങിനെ ഞാനും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഒരു വെജിറ്റേറിയന്‍ ആയി. എനിക്ക് മത്സ്യ മാംസാദികളില്‍ വിരക്തിയനുഭവപ്പെട്ടു. മദ്ധ്യവേനലവധിക്ക് നാട്ടിലെത്തിയാല്‍ ചേച്ചി മീനും, ഇറച്ചിയൊക്കെ ഉണ്ടാക്കി എന്നെ സല്‍ക്കരിക്കും. പക്ഷെ എനിക്കതില്‍ ഒട്ടും തൃപ്തി തോന്നിയിരുന്നില്ല.
എനിക്ക് വേണ്ടി മാത്രം പച്ചക്കറിയുണ്ടാക്കാന്‍ ആ മാതൃഹൃദയം മറന്നില്ല. കുന്നംകുളത്ത് പോയി പച്ചക്കറിയും മറ്റും അന്നന്ന് പോയി വാങ്ങിക്കാന്‍ വേലായുധേട്ടനെ വിടും.
+
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തില്‍ അവസാനിച്ചതിന് ശേഷം ഞാന്‍ നാട്ടിലെ പിള്ളേരുടെ കൂടെ കൂടി പിന്നേയും പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനും, കള്ള് കുടിക്കാനും, ബീഡി വലിക്കാനുമൊക്കെയുള്ള നല്ല ശീലങ്ങള്‍ ശീലിച്ച് തുടങ്ങി. വീണ്ടും മത്സ്യമാംസാദികള്‍ ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങളിലേക്ക് നീങ്ങി.
+
ഗതി കെട്ട എന്റെ വീട്ടുകാര്‍ എന്നെ നാട്ടില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് കരുതി, തുടര്‍ എന്നെ ഹൈദ്രാബിദിലേക്ക് നാട് കടത്തി.
ഞാന്‍ അവിടെ എത്തിയതും എന്റെ ഭക്ഷണസ്റ്റൈല്‍ എല്ലാം മാറി. അവിടെ തൊട്ടടുത്ത് കടല്‍ ഇല്ലാത്തതിനാല്‍ ഫ്രഷ് സീ ഫിഷ് കിട്ടുമായിരുന്നില്ല. സമീപത്തുള്ള ഹുസൈന്‍ സാഗറിലെ മീനും, വളര്‍ത്തു മത്സ്യങ്ങളും മറ്റും.
ഞാന്‍ അവിടെ എന്റെ ചേട്ടന്റെ കൂടെ [കസിന്‍] ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ കഴിയുന്നതും വെജിറ്റേറിയന്‍ ആയിരുന്നു. അങ്ങിനെ വീണ്ടും എനിക്ക് മത്സ്യം വേണ്ടെന്നായി.
+
അവിടെ എന്റെ പ്രധാന ആഹാരം വൈകിട്ടത്തെതായിരുന്നു. കാലത്ത് കോളേജില്‍ പോയാല്‍ ഞാന്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദിന്റെ മുന്നിലെത്തെ ഇറാനി ഹോട്ടലിന്‍ നിന്ന് സമൂസയും ചായയും കഴിക്കും. പിന്നെ ജൂക്ക് ബോക്സില്‍ നാണയമിട്ട് പാട്ട് കേള്‍ക്കും. ഉച്ചക്ക് ഹുസൈന്‍ സാഗര്‍ വഴി സെക്കന്തരാബാദിലെ വീട്ടിലേക്ക് തിരിച്ച് വരതെ പകരം ചാര്‍മിനാര്‍ ചൌരാസ്ഥക്കടുത്ത റൂഡി ഫ്രാന്‍സിസിന്റെ വീട് വഴി പോകും. അവന്റെ അമ്മ എന്തെങ്കിലും തരും. അതൊക്കെയായിരുന്നു എന്റെ ഉച്ച ഭക്ഷണം. ഇവിടെ ഒന്നും മീന്‍ ഉണ്ടായിരുന്നില്ല.
+
എന്റെ താമസസ്ഥലത്ത് മിക്കവാറും ഞാനും എന്റെ ചേച്ചി [കസിന്‍] മാത്രമായിരിക്കും. ചേട്ടന്‍ ഓഫീസ് കാര്യങ്ങളില്‍ തിരക്കും, പലപ്പോഴും ടൂറും ആയിരിക്കും.
വൈകുന്നേരത്തെ ആഹാരത്തിന് ഞാന്‍ ചേച്ചിയെ സഹായിക്കും. ചപ്പാത്തിയും, മെയ്ഡ് ഇന്‍ ഇംഗ്ലണ്ട് എന്ന സലാഡും ആയിരിക്കും.
+
ഞാന്‍ ചപ്പാത്തി കുഴച്ച് പരത്തിക്കൊടുക്കും. ചേച്ചി ചുട്ടെടുക്കും. മിക്കപ്പോഴും ചേട്ടനില്ലെങ്കില്‍ ഞങ്ങള്‍ അടുക്കളയിലിരുന്ന് തന്നെ കഴിക്കും. ചേട്ടന്‍ വരുമ്പോള്‍ ഗോല്‍ക്കൊണ്ട ബ്രാന്‍ഡി സേവയുണ്ടാകും പലപ്പോഴും. എനിക്ക് ചിലപ്പോള്‍ കുപ്പിയുടെ അടിയില്‍ അല്പം വെച്ചിട്ട് തരാറുണ്ട്. പണ്ടത്തെ ബ്രാന്ഡിയെല്ലാം വളരെ സ്വാദുള്ളതായിരുന്നു.
+
ഫ്രഷ് മീനിന്റെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ ഒക്കെ പോകുന്നു. അന്നത്തെ കാലത്തും ഇന്നും ഗള്‍ഫ് ഒരു സ്വപ്നം തന്നെ യുവാക്കള്‍ക്ക്. ഞാന്‍ ഹൈദരാബാദിലിരുന്ന് ഗള്‍ഫ് സ്വപ്നം നെയ്തു. അഛനോട് വിസ വാങ്ങാന്‍ പതിനായിരം രൂപ ചോദിച്ചപ്പോള്‍ - അഛന്‍ പറഞ്ഞു. വിസ പണം വാങ്ങിപ്പോകുന്നതെല്ലാം നിയമവിരുദ്ധം ആണ്.
+
പണ്ടൊക്കെ ഗള്‍ഫിലേക്ക് ആളുകള്‍ പോയിരുന്നത് ബോംബെയില്‍ നിന്ന് തീരെ സൌകര്യങ്ങളില്ലാത്ത കപ്പലുകളിലായിരുന്നു.
അഛനെന്നോടോതി - മോനെ നീ ശരിയായ മാര്‍ഗ്ഗത്തിലൂടെ എമ്പ്ലോയ്മെന്റ് വിസ സമ്പാദിച്ച് എന്റെ അടുത്ത് വരികയാണെങ്കില്‍ നിന്നെ ഞാന്‍ കൊച്ചിയില്‍ നിന്ന് ബോംബെ വഴി പ്ലെയിനില്‍ രാജകീയമായി യാത്രയാക്കാം എന്ന്.
+
അങ്ങിനെ എന്റെ പരിശ്രമത്തിന്റെ ഫലമായി ബോംബെയിലെ ടര്‍ണര്‍ മോറീസണ്‍ എന്ന കമ്പനിയും എന്റെ അടുത്ത സുഹൃത്തും അയല്‍ വാസിയായ സൈനുദ്ദിനും ചേര്‍ന്ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 40 വര്‍ഷം മുന്‍പ് ഞാനും സ്വപ്നഭൂമിയായ ഗള്‍ഫില്‍ കാല് കുത്തി.
+
എന്റെ മസ്കത്തില്‍ ആദ്യകാല ജീവിതം വളരെ വേദനാജനകമായിരുന്നു. അന്ന് അവിടെ വെള്ളം, വിദ്യുഛക്തി മുതലായവ വേണ്ടുവോളം ഉണ്ടായിരുന്നില്ല. താമസ സൌകര്യം എനിക്ക് കിട്ടിയിരുന്നത് ആദ്യം കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെങ്കിലും വേനല്‍ കാലമായപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു.
+
ഒരു കൃസ്തുമസ്സ് സന്ധ്യയിലായിരുന്നു ഞാന്‍ ഗള്‍ഫിലെത്തിയത്. എയര്‍പോര്‍ട്ടില്‍ എന്റെ സുഹൃത്തായ സൈനുദ്ദീനും അദ്ദേഹത്തിന്റെ സബ് ഓര്‍ഡിനേറ്റായ സിറിയക്കാരന്‍ ഇബ്രാഹിമും കൂടി എന്നെ സ്വീകരിക്കാനെത്തിയിരുന്നു.
+
എന്നെ നേരെ കൂട്ടിക്കൊണ്ട് പോയത് സൈനുദ്ദീന്റെ സുഹൃത്തായ പെരേരയുടെ വീട്ടിലേക്കായിരുന്നു. അവിടെ കൃസ്ത്തുമസ്സ് രാത്രി പൊടിപൊടിക്കുകയായിരുന്നു. ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നത് ഹാഫ് സ്കര്‍ട്ട് അണിഞ്ഞ, മധുരമായി ചിരിക്കുന്ന ഗോവന്‍ പെണ്‍കുട്ടികളായിരുന്നു.
+
ഞാന്‍ അന്നാണ് വയര്‍ നിറയുവോളം ജോണിവാക്കര്‍ റെഡ് ലേബല്‍ കുടിച്ചത്. പിന്നെ റോത്ത് മേന്‍ സിഗരറ്റും, എന്നല്ല എനിക്കാവശ്യമായതെല്ലാം ആ ഒറ്റ രാത്രി കൊണ്ട് എനിക്ക് ലഭിച്ചു.
ഞാന്‍ വളരെ കൃതാര്‍ഥനായിരുന്നു. ഞാന്‍ ശരിക്കും വിചാരിച്ചു ഗള്‍ഫ് ഒരു സ്വപ്നലോകം തന്നെ എന്ന്.
+
അവിടെ നിന്ന് പാതിരാക്ക് എന്നെയും സൈനുദ്ദീനെയും സിറിയന്‍ ഫ്രണ്ട് സൈനുദ്ദീന്റെ താമസ സ്ഥലത്ത് ഇറക്കി വിട്ടു. വളരെ രാജകീയ സ്റ്റൈലിലുള്ളതായിരുന്നു സൈനുദ്ദീന്റെ അക്കോമഡേഷന്‍. എനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു.
+
പിറ്റേ ദിവസം എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ട് വിട്ടു. ജോലിയെല്ലാം ഇഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസം ഞാന്‍ എന്റെ സുഹൃത്തിന്റെ വി ഐ പി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചതിന് ശേഷം എനിക്ക് അലോട്ട് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോയി.
+
ടൌണില്‍ നിന്ന് മാറി മണലാരണ്യത്തിന്റെ നടുവിലായി ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ടൌണ് ഷിപ്പിലായിരുന്നു എനിക്കുള്ള പോര്‍ട്ടാകേബിന്‍. എല്ലാ സൌകര്യങ്ങളും ഉള്ള അതില്‍ ശീതീകരണ യന്ത്രം മാത്രമുണ്ടായിരുന്നില്ല. ഡിസമ്പര്‍ മാസമായതിനാല്‍ വലിയ തണുപ്പായിരുന്നു. രണ്ട് കമ്പിളിപ്പുതപ്പ് കൊണ്ട് പുതച്ചാലും മാറാത്ത തണുപ്പ്.
+
ഞാന്‍ മസ്കത്തില്‍ നിന്ന് മത്രാ, റൂവി വഴി രാത്രി എന്റെ കേമ്പിലെത്തണം. സ്വന്തം വാഹനത്തിലേ ആ സ്ഥലത്തെത്താന്‍ പറ്റൂ. റൂവി പോലീസ് സ്റ്റേഷന്റെ അവിടുന്ന് നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്ത് ഒരു ലൈറ്റ് ടവര്‍ കാണാം. അതില്‍ കണ്ണും നട്ട് വണ്ടി ഓടിക്കണം. മണ്ണും പാറക്കഷണങ്ങളും ഉള്ള ഡസര്‍ട്ടില്‍ കൂടിയുള്ള ലേന്‍ഡ് ഡ്രോവറില്‍ കൂടിയുള്ള രാത്രി യാത്ര ശ്രമകരമായിരുന്നു. ഒന്നുകില്‍ ഒരു 4 വീല്‍ ലേന്‍ഡ് ഡ്രോവര്‍ അല്ലെങ്കില്‍ മിനി മോക്ക് എന്നീ വാഹനങ്ങളായിരുന്നു എനിക്ക് ഉപയോഗിക്കാന്‍ കിട്ടിയിരുന്നത്.
+
ചൂട് കാലമായതോടെ പ്രസ്തുത കേമ്പിലെ ജീവിതം ദു:സ്സഹമായി തുടങ്ങി. നല്ല എക്കോമഡേഷന്‍ ഇല്ലെങ്കില്‍ ഞാന്‍ തിരിച്ച് പോകാന്‍ തുനിയുകയായിരുന്നു.
എന്റെ മാതാവിനെഴുതി ഇവിടുത്തെ വിശേഷം.
"ഉള്ള കഞ്ഞി കുടിച്ച് ഇവിടെ കഴിയാം മോനേ..മോന്‍ അവിടെ കിടന്ന് കഷ്ടപ്പെടേണ്ട. നാട്ടിലേക്ക് തിരിച്ച് വന്നോളൂ..."
" ആ മാതൃഹൃദയം നൊന്തു..."
+
ഞാന്‍ എന്റെ പ്രശ്നങ്ങളെല്ലാം സിറിയക്കാരന്‍ ഇബ്രാഹിമിനോടോതി. അദ്ദേഹം എന്നെ വിലക്കി. നീ വന്ന കാര്യം സാധിക്കാതെ മടങ്ങരുത്. നീയൊരു ആണ്‍കുട്ടിയാണ്. പൊരുതണം. ആവശ്യമുള്ളതെല്ലാം നേടിയെടുക്കണം. ശ്രമിക്കണം.
എന്നെ അവിടുത്തെ ലെഫ്റ്റ് ഹേന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ ഓടിപ്പിച്ച് പരിശീലിക്കുവാനും, അറബി പഠിക്കുവാനും ആ യുവാവ് സഹായിച്ചു.
+
ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ ലീവില്‍ വന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായി. ആറുമാസത്തിനുള്ളില്‍ പെണ്ണിനെ മസ്കത്തിലെത്തിച്ചു.
+
നാട്ടില്‍ പുഴയോരത്ത് ജനിച്ച് വളര്‍ന്ന എന്റെ ശ്രീമതിക്ക് ഒരു ദിവസം പോലും മീനില്ലാതെ ചോറുണ്ണാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ മീന്‍ വേണമെന്നും ഇല്ല.
എവിടെ നോക്കിയാലും കടലും മീനുമാണ് മസ്കത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും.
+
അങ്ങിനെ എന്റെ പെണ്ണ് വന്നപ്പോള്‍ എനിക്ക് കമ്പനി ഒരു വോക്സ് വേഗന്‍ "ബീറ്റിത്സ്" വാഹനം തന്നു. അതില്‍ ഏസി ഉണ്ടായിരുന്നില്ല. പുറകില്‍ എഞ്ചിന്‍ ഉള്ള ജര്‍മ്മന്‍ വാഹനമാണ്. നല്ല ഡ്രൈവിങ്ങ് കംഫര്‍ട്ടുള്ള വാഹമാണ് ബീറ്റിത്സ്. ഇന്നും വോക്സ് വേഗന്‍ കമ്പനി ആ വാഹനം നിര്‍മ്മിക്കുന്നു.
+
കുടുംബമായി മസ്കത്തില്‍ എത്തിയെങ്കിലും അവിടെ ഫേമിലിക്ക് താമസിക്കാന്‍ ഉള്ള കെട്ടിടങ്ങള്‍ കുറവായിരുന്നു. ഞങ്ങള്‍ 3 പേര്‍ കൂടി ലൈന്‍ മുറി പോലുള്ള ഒരു വീട് വാടക്കെടുത്തു. ആണുങ്ങള്‍ പണിക്ക് പോയാല്‍ 3 പെണ്ണുങ്ങളും കൂടി ചോറും കറിയും വെക്കും. താമസസ്ഥലം ഒരു കടല്‍ക്കരയിലെ ഗ്രാമത്തിലായിരുന്നു. മീന്‍ സമൃദ്ധം. കറി വെക്കാന്‍ സമയത്ത് പോയി വാങ്ങാം. പക്ഷെ ആ കടല്‍ കരയിലെ എതാണ്ട് അമ്പത് വീടുകള്‍ക്കായി മാത്രമായിരുന്നു അവിടെത്തെ മീന്‍ പിടിക്കല്‍ . അതിനാല്‍ വലിയ മീനുകള്‍ കിട്ടിയിരുന്നില്ല.
+
കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടി. മെച്ചപ്പെട്ട താമസ സൌകര്യങ്ങളും, വാഹനങ്ങളും, വിദേശയാത്രയും മറ്റും. അങ്ങിനെയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. അതോടെ പടി പടിയായി എനിക്ക് ഉയര്‍ച്ചയായിരുന്നു.
+
താമസം ഒരു മള്‍ട്ടിസ്റ്റോറി ബില്‍ഡിങ്ങിലെ ഫ്ലാറ്റിലേക്ക് മാറി. ശ്രീമതിക്ക് എങ്ങിനെയെങ്കിലും എന്നും മീന്‍ ഞാനെത്തിക്കുമായിരുന്നു. എനിക്കാണെങ്കില്‍ മീന്‍ ഫ്രഷ് ആയത് നോക്കി വാങ്ങിക്കാനറിയുമായിരുന്നില്ല.
എനിക്ക് എന്റെ പെമ്പറന്നോത്തി പറഞ്ഞ് തരും. ചെകിള തുറന്ന് നോക്കണം. ചുവന്ന കളറുണ്ടെങ്കില്‍ ഫ്രഷ് ആയിരിക്കും. പിന്നെ വലിയ മീനിന്റെ പുറത്ത് കുത്തി നോക്കണം എന്നൊക്കെ. നാല് മാസം കൊണ്ട് ഞാനതിലെല്ലാം എക്സ്പറ്ട്ട് ആയി എന്ന് പറഞ്ഞാല്‍ പോരേ.
+
എനിക്ക് വലിയ മീനൊന്നും നോക്കി വാങ്ങാനറിയില്ലായിരുന്നു. അവിടെ വെട്ടി വെച്ച മീനൊക്കെ പരിശോധിച്ച് വാങ്ങണമെങ്കില്‍ നല്ല എക്സ്പറ്ട്ട് കാര്‍ക്ക് തന്നെയേ പറ്റൂ.
ഒരു ദിവസം ഞാന്‍ എന്റെ കെട്ട്യോളേയും കൊണ്ട് മാര്‍ക്കറ്റില്‍ പോയി. അവള്‍ അവിടെ ഒക്കെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ ഒരു ‘അറിക്ക്യ’ പെട്ടു. ഒരു നല്ല പീസ് വെട്ടി വാങ്ങിക്കുകയും ചെയ്തു.
എന്നിട്ട് എന്നോട് പറഞ്ഞു,
"ഇത്രയും നല്ല മീനുകള്‍ ഉണ്ടായിട്ടും നിങ്ങളെന്താ ഇത്ര നാള്‍ ഇതൊന്നും വാങ്ങിക്കൊണ്ടോരാഞ്ഞേ..?
എനിക്കറിയോ ഇതിന്റെ സ്വാദും മറ്റും....
+
അങ്ങിനെ അവള്‍ കൂടെ കൂടെ എന്റെ കൂടെ മാര്‍ക്കറ്റിലേക്ക് വരും. സാധാരണ വെള്ളിയാഴ്ചയാണ് അവിടെ അവധി. അന്ന് വലിയ തിരക്കായിരിക്കും. അന്ന് അല്പം വിലയും കൂടും. ആ ദിവസം ഒരു വിധം പേരെല്ലാം മീനാ ക്വാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങനെത്തും.
ലെബനീസ് സുന്ദരിപ്പെണ്ണുങ്ങളും അവിടെ ധാരാളം കാണും. അവര്‍ക്കും വലിയ മീന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ചിലപ്പോള്‍ അവരെ നോക്കി ലൈനടിക്കാനും മറക്കില്ല. എന്റെ ഓഫീസില്‍ ഒരു ലെബനീസ് പെണ്ണുണ്ടായിരുന്നു. "നജാത്ത്" പെണ്ണുങ്ങളുടെ വേഷം പേന്റും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടുമാണ്. അവളെ കണ്ടാല്‍ നല്ല അറിക്ക്യ മീനിനെ പോലിരിക്കും.
നജാത്ത് പല്ല് തേക്കില്ല, എന്നും കുളിക്കില്ല. ഒരു പാട് പെര്‍ഫ്യൂം അടിക്കും.
അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് അധികം പോകില്ല.
+
അങ്ങിനെ മസ്കത്ത് മീനാ കാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ പോയാല്‍ കടലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് കയറ്റുന്നതിന്‍ മുന്‍പേ വള്ളത്തില്‍ നിന്ന് തന്നെ ഇഷ്ടമുള്ള പെടക്കുന്ന മീന്‍ "റിയലി ഫ്രഷ്" വാങ്ങാം. 5 മിനിട്ട് കൊണ്ട് വീട്ടിലെത്താം. ആ ഫ്രഷ് മീനിന്റെ കറിക്ക് സ്വാദ് വേറെ തന്നെ.
അവിടത്തുകാര്‍ അറിക്ക്യക്ക് "സുറുമായ്" എന്നാ പറയുക. പക്ഷെ ഇത്ര നല്ല മീനുണ്ടെങ്കിലും മസ്കത്തിലെ അറബികളുടെ ഇഷ്ടമീന്‍ നമ്മള്‍ "കുടുത" എന്ന് വിളിക്കുന്ന ചുവന്ന മാംസമുള്ള മീനാണ്. ആ മീനാണ് അവരുടെ നേഷണല്‍ ഫിഷ്.
+
മസ്കത്തിലെ അറബികള്‍ക്ക് എന്നും ഫിഷ് അല്ലെങ്കില്‍ മട്ടണ്‍ ബിരിയാണി ആണ്. അരിയും മീനും ഒരേ പാത്രത്തിലിട്ട് വേവിക്കും. മീന്‍ കറി വെക്കുകയാണെങ്കില്‍ അതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. അവര്‍ ചെറുനാരങ്ങയും, വെളുത്തുള്ളിയും ധാരാളം കഴിക്കും. എന്നും മീന്‍ അവര്‍ക്ക് കിട്ടും. അവിടെ മഴക്കാലം എന്നൊന്നില്ലല്ലോ? വല്ലപ്പോഴും പത്ത് കൊല്ലത്തിലൊരിക്കല്‍ ഒരു മഴ കിട്ടിയെന്ന് വരാം. അവിടുത്തെ കൃഷിയും ജീവിതവുമെല്ലാം മഴയെ ആശ്രയിച്ചല്ലതാനും.
+
പിന്നെ ഈന്തപ്പഴം അവര്‍ എന്നും കഴിക്കുന്നു. സഹം എന്ന ഒരു വില്ലേജിലാണ് ഏറ്റവും അധികം ചെറുനാരങ്ങ വിളയുന്നത്. അവിടെ പെട്രൊളിയം കൂടാതെ പലതും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് കിണറുകളിലെ വെള്ളം കൂടതെ ഡിസാലിനേഷന്‍ പ്ലാന്റില്‍ കൂടി കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടി വെള്ളം ലഭിക്കുന്ന സംഭരണികള്‍ ധാരാളം.
+
അങ്ങിനെ റെഫ്രിജറേറ്റ് ചെയ്യാത്ത "ഫ്രഷ് ഫിഷ്" ഞാന്‍ ആദ്യമായി കഴിച്ചത് മസ്കത്തില്‍ നിന്നാണ്. എന്റെ ശ്രീമതിക്ക് എന്നും "സുറുമാ ഫിഷ്" വേണ്ടിയിരുന്നു ഒരു നാളില്‍. അങ്ങിനെ ഞാനും ഒരു മീന്‍ തീറ്റക്കാരനായി. എന്നും സുറുമാ ഫിഷ് കഴിച്ചാല്‍ തടി കൂടും. മെല്ലിച്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ തടിയനായി കുറേ കാലം. ടൌണിലെ മീന്‍ വില്‍ക്കുന്ന കടയില്‍ അലുവാ കഷണം പോലെത്തെ അറിക്ക്യ മീന്‍ വെട്ടി വാങ്ങാം. എന്നോട് എന്റെ പെണ്ണ് പറയും നടുക്കഷണം നോക്കി വാങ്ങിക്കാന്‍. എന്നും ‘സുറുമായ്’ മീന്‍ തിന്ന് അവളും കൂടുതല്‍ സുന്ദരിയായി. ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു മസ്കത്തില്‍ വെച്ച്. അവളാണ് എന്റെ “രാക്കമ്മ”. എന്റെ പ്രിയതമയായ “ബീനാമ്മയെ” നിങ്ങള്‍ക്കെല്ലാം അറിയുമല്ലോ>>?
+
25 കൊല്ലം ജീവിച്ച മണലാരണ്യത്തിലെ വിശേഷം പറയാന്‍ അല്ലെങ്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പെട്ടൊന്നും പറ്റില്ല. ഇനി വേറെ ഏതെങ്കിലും അവസരത്തില്‍ മറ്റെന്തെങ്കിലും പറയാം.
\++\
[ഇവിടെ അവസാനിക്കുന്നു]
മസ്കറ്റിലെ ഫ്രഷ്മീന്‍ - ഭാഗം 1
ഞാന് എന്റെ ചെറുപ്പം മുതലേ മീന്‍ കഴിക്കാറുണ്ട്. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ കുട്ടാപ്പു ഏട്ടന്റെ പീടികയുടെ മുന്നിലുള്ള കിണറ്റുകരയില്‍ മൊയ്തീന്‍ കുട്ടിയും അദ്ദേഹത്തിന്റെ വാപ്പയും പടിഞ്ഞാറെ കടലില്‍ നിന്ന് മീന്‍ കൊണ്ട് വരുന്നതും കാത്ത് ഞങ്ങള് നില്‍ക്കും.
+
സാധാരണയായി വൈകിട്ടേ ഞങ്ങളുടെ നാട്ടില്‍ മീന്‍ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ കുന്നംകുളത്തുള്ള പാറയില്‍ അങ്ങാടിയില്‍ പോകണം.
അങ്ങിനെ ഏതാണ്ട് നാലഞ്ച് മണിയാകുമ്പോളെക്കും മീനെത്തും. മീന്‍ അകലാട് കടപ്പുറത്തും നിന്ന് അണ്ടിക്കോട്ട് കടവ് വഴി, നായരങ്ങാടിയില്‍ കൂടി, ചക്കിത്തറ തോട് കടന്ന് വടുതല്‍ സ്കൂളിന്റെ മുന് വശത്ത് കൂടി വരണം ചെറുവത്താനി മുക്കിലേക്ക്.
+
അന്നത്തെ കാലത്ത് കാവിന്മേല്‍ രണ്ട് കൊട്ടയിലാണ് മീന്‍ കൊണ്ട് വരിക. എനിക്ക് എന്റെ ബാല്യത്തില്‍ എപ്പോഴും അത്ഭുതം ഉണ്ടാക്കുന്നതാണ് ഇത്രയും ദൂരം ഇത്രയും ഭാരം കാവിന്മേല്‍ കൊണ്ട് വരുന്നത്.
+
മൊയ്തീന്‍ കുട്ടിയുടെ വീട്ടുകാര്‍ എന്താ കൊണ്ട് വരുന്നത് എങ്കില്‍ അതാണ് അന്നാട്ടുകാരുടെ കൂട്ടാന്‍. ചെറുമീനാണെങ്കില്‍ ചാള, അയല, വെളൂരി, മാന്തള്‍ എന്നിവ ഉണ്ടാകും. വലിയതാണെങ്കില്‍ തിരണ്ടി അല്ലെങ്കില്‍ അറിക്ക. ഇതൊക്കെ കൊടുന്ന ഉടനെ വെട്ടി ചെറിയ പീസുകളാക്കി ഓരി വെക്കും. ഓരോ ഓരിക്ക് ഇത്ര വില എന്നുണ്ട്. സാധാരണക്കാര്‍ക്ക് വില പിടിച്ച ഇത്തരം വെട്ട് മീന്‍ വാങ്ങാന്‍ കഴിവുണ്ടാവില്ല. അത്തരം വീട്ടുകാര്‍ ഉണക്ക മീന്‍ വാങ്ങി തൃപ്തിപ്പെടും.
+
ചിലപ്പോള്‍ ഇവരുടെ കയ്യിലോ അടുത്ത കടയിലോ ഉണക്ക മീനുണ്ടാകും. ചെമ്മീന്‍, അയല, മാന്തള്‍ എന്നീ വിഭവങ്ങള്‍ മാത്രം. പച്ചത്തേങ്ങ അരച്ച്, മഞ്ഞളിട്ട് വെച്ച ഉണക്ക മീന്‍ കറി എനിക്ക് ഇഷ്ടമാണ്. മഴക്കാലത്ത് കടല്‍ അടച്ചാല്‍ ഉണക്കമീന്‍ തന്നെ ശരണം.
+
മഴക്കാലത്ത് കടല്‍ മീന്‍ സുലഭമായി കിട്ടാതെ വരുമ്പോളുള്ള കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ - എന്റെ ബാല്യം എന്റെ മനസ്സില്‍ വീണ്ടും വിരിയുന്നു.>>>>>>>>>>>>>
+
ഞങ്ങളുടെ നാട്ട് കാര്‍ക്ക് ഒരു ദിവസം കൂട്ടാന്‍ വെക്കാന്‍ മീനില്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളുടെ മുഖം വാടും. മഴക്കാലത്ത് കായല്‍ മീന്‍ കിട്ടും. കടു,കണ്ണന്‍ മുതലായവ. ഞാന്‍ ചിലപ്പോള്‍ പാടത്ത് മീന്‍ പിടിക്കാന്‍ പോകും. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് മഴക്കാലത്ത് വെള്ളം മൂടി ഒരു കായല്‍ പോലെയാകും. അപ്പോള്‍ പാടങ്ങളും തോടുകളും നിറഞ്ഞൊഴുകും. പാടങ്ങളുടെ അടുത്തുള്ള കൊച്ചുതോട്ടില്‍ അയലത്തെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തിയും മറ്റും ഉപയോഗിച്ച് മീന്‍ പിടിക്കും. മറ്റുചില ഒറ്റില്‍ കുത്തി മീനെ പിടിക്കും. ചിലര്‍ തോട്ടില്‍ തടയണപോലെ കെട്ടി വലവെച്ച് മീനെ പിടിക്കും.
+
എനിക്ക് ഈ വിദ്യയൊന്നും അറിയില്ല. ഞാന്‍ വെള്ളം നിറഞ്ഞ കണ്ടത്തിലും ചെറുതോട്ടിലും നടന്ന് മീനെ പിടിക്കും. എനിക്ക് ചെറുപ്പത്തില്‍ പ്രധാന വിഭവമായ കടുവിനെയും കണ്ണനേയും തിരിച്ചറിയില്ല. ചിലപ്പോള്‍ സന്തോഷത്താല്‍ ഒന്നിനെ കയ്യില്‍ കിട്ടും. കടുവിന്റെ കുത്തേറ്റാല്‍ മീനെ ചിലപ്പോള്‍ എറിഞ്ഞ് കളഞ്ഞ് പാടവരമ്പില്‍ ഇരുന്ന് വിശ്രമിക്കും.
+
ഒരു ദിവസം ഞാന്‍ പാടത്തിന്റെ വല്യരമ്പില്‍ ഇരുന്ന് കരയുന്നത് കണ്ട് പാറുകുട്ടീ.
"എന്താ ഉണ്ണ്യേട്ടാ കരേണത്...?
നീ പോടി പെണ്ണേ
"അവളുടെ ഒരു ശൃംഗാരം..."
"കടു കുത്തിയതാണോ..?
ഹൂം..........
+
അതേയ് കടു കുത്തുന്നതൊക്കെ പാടത്ത് സാധരണയാ. അതിന് കരയാന്‍ ഇരുന്നാല്‍ വൈകുന്നേരം വരെ കരയാനെ നേരമുണ്ടാകൂ.
"ഞാന്‍ എത്രനേരമായി മീന്‍ പിടിക്കാന്‍ വന്നിട്ട്. പിടിക്കുന്നതൊക്കെ ഈ കടുക്കള്‍"
അതിനെ മീന്‍ പിടിക്കാനൊരു സൂത്രം ഉണ്ട്. പിന്നെ കടു കുത്തിയാല്‍ പെട്ടെന്ന് വേദന മാറാന്‍ വേറെ ഒരു സൂത്രം.
+
"എന്താ പാറൂട്ടീ ആ സൂത്രങ്ങള്‍..."
അതേയ് മീനെ പിടിക്കുമ്പോള്‍ തല ഭാഗം നടുക്കില്‍ അമര്‍ത്തിപ്പിടിക്കണം. മൊത്തം കൈ കൊണ്ട് ചുറ്റിപ്പിടിക്കാന്‍ പാടില്ല.
+
"പാറൂട്ട്യേ ആ മീനെ എങ്ങിനെയും പിടിക്കാം. പക്ഷെ ഈ കടുകുത്തിയാല്‍ വേദന മാറുന്ന സൂത്രമൊന്ന് പറയൂ വേഗം. ഇനിയും എന്റെ കയ്യില്‍ കിട്ടുന്നത് ശരിയാംവണ്ണം പിടിക്കാത്ത കടുവാണെങ്കിലോ.."
+
"ന്നെ ചീത്ത പറയോ ഉണ്ണ്യേട്ടാ...."
ല്ല്യാന്നേ, ഒന്ന് വേഗം പറാ എന്റെ പെണ്ണേ.
"നിക്ക് വിശ്വാസമില്ല ന്റെ ഉണ്ണ്യേട്ടനെ"
ന്നാ നീ പോ
"ന്റെ ഉണ്ണ്യേട്ടനല്ലേ..ഞാന്‍ പറഞ്ഞ് തരാം..."
"അതേയ് കടു കുത്തിയ സ്ഥലത്ത് മൂത്രം ഒഴിച്ചാല്‍ മതി"
+
ശ്ശി പോടീ......... ഉണ്ണി പാറൂട്ടിയെ ചളി വാരി എറിഞ്ഞു.
പാറൂട്ടി ജീവനും കൊണ്ടോടി.....
+
ഉണ്ണി പാടവരമ്പില്‍ അല്പം നേരം ഇരുന്ന് ചിന്തിച്ചു.
ഇനി ഈ പെണ്ണ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?
+
ശരി എന്തായാലും മീന്‍ പിടിക്കല്‍ തുടരാം.
അരമണിക്കൂര്‍ കൊണ്ട് ഒരു കൂട നിറയെ കടുവിനേയും കണ്ണനേയും ഒക്കെ കിട്ടി. ആരും കുത്തിയില്ല.
ഉണ്ണി കൂടയില്‍ കയ്യിട്ട് മീനുകളെ തലോടി. ആരും കുത്തുന്നില്ലല്ലോ. മരുന്ന് ഒന്ന് പരീക്ഷിക്കാന്‍.
+
ഉണ്ണി തല്‍ക്കാലം പിടിച്ച മീന്‍ തോളില്‍ ചുമന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍. മാളോര്‍ കടവ് വഴി തിരിഞ്ഞു. സമയം സന്ധ്യയോടടുത്ത് തുടങ്ങിക്കാണും. ചെറുതോട്ടില്‍ വള്ളിയമ്മു മീന്‍ പിടിക്കുന്നത് കണ്ടു.
"വള്ള്യമ്മൂ..........."
എന്താ ചെക്കാ...........
"അന്റെ കയ്യില്‍ കടുവുണ്ടോ...?
ഇയ്യ് ആ കൊട്ടേല്‍ കയ്യിട്ട് നോക്കിക്കോ>>>>>>>>>>>>
+
ഉണ്ണി കൊട്ടേല്‍ കയ്യിട്ടതും കടു കുത്തി...........
ഉണ്ണി വേഗം കയ്യില്‍ പാത്തി.............
ഹാ എന്തൊരു തമാശ ... വേദന പെട്ടെന്ന് ശമിച്ചു....
+
അപ്പോ പാറൂട്ടി പറഞ്ഞത് ശരിയാ..........
ഉണ്ണിക്ക് കൂടുതല്‍ മീന്‍ പിടിക്കാന്‍ ആവേശമായി...
+
[മസ്കറ്റ് വിശേഷങ്ങളിലേക്ക് അല്പനേരത്തിനുള്ളില്‍ തിരിയാം. ഘാന ഘാക്കെ ആയേഗാ....]
+