6 years ago
Saturday, June 5, 2010
പരിസ്ഥിതിയെ കൊല്ലുന്നവര്‍
നാടെങ്ങും പരിസ്ഥിതി വാരം ആഘോഷിക്കുകയാണല്ലോ. ഈ പോസ്റ്റ് വായിക്കുന്നവര്‍ എന്ത് ചെയ്തുവെന്ന് എനിക്കറിയില്ല.
പത്രമാദ്ധ്യമങ്ങളിലൂടെ നാം കേള്‍ക്കുന്നു. മരങ്ങള്‍ മുറിച്ച് മാറ്റുന്നു അനാവശ്യമായി. പകരം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുന്നില്ല. പനമ്പട്ട വെട്ടാന്‍ വന്നവര്‍ പനകളെത്തന്നെ ഇല്ലാതാക്കിയതും നാം ഈയിടെ പത്രത്തില്‍ വായിച്ചുവല്ലോ.
നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കേരളത്തില്‍ വഴിയോരങ്ങളില്‍ ധാരാളം മരങ്ങള്‍ ഉണ്ടായിരുന്നു ഒരു കാലത്ത്. വഴിനടക്കാര്‍ക്ക് വിശ്രമിക്കാനും പിന്നീട് വാഹനങ്ങളില്‍ പോകുന്നവര്‍ക്കും ഇടത്താവളമായി ഇരിക്കാനും ഉതകുന്നവയായിരുന്നു ഈ വൃക്ഷങ്ങള്‍. ഇപ്പോള്‍ റോഡിന് വീതി കൂട്ടാനും മരങ്ങളുടെ ഇലകളും അതില്‍ കൂടിയുള്ള വെള്ളവും വീണ് റോഡ് കേടുവരുമോ എന്ന ഭീതിയിലും ആണോ എന്ന് തോന്നുന്നു പലയിടത്തും റോഡരികിലുള്ള മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നു.
തൃശ്ശിവപേരൂരില്‍ നിന്ന് പൂങ്കുന്നം വഴി ഗുരുവായൂര്‍ക്ക് പോകുന്ന വഴിയില്‍ ധാരാളം വൃക്ഷങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ആ ഭാഗം ആകെ കുളിരായിരുന്നു. ഇപ്പോള്‍ മിക്ക മരങ്ങളും അവിടെ കാണാനില്ല. ഇനി മരങ്ങളുടെ പ്രായാധിക്യം കാരണമാണോ മുറിച്ച് മാറ്റിയതെങ്കില്‍ പകരം തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചില്ല അവിടുത്തെ മരം മുറിച്ച് മാറ്റിയവര്‍.
ഇങ്ങിനെ പരിസ്ഥിതിയെ കൊല്ലുന്നവരാണ് നമ്മുടെ കൂടെയുള്ളവര്‍. കുന്നുകള്‍ ഇല്ലാതാകുന്നു. പുഴകള്‍ക്ക് നേരെയും ഈ പ്രശ്നം തന്നെ. കണ്ണീര് തടാകങ്ങളും എന്ന് വേണ്ട ദൈവത്തിന്റെ നാടായ നമ്മുടെ കേരളത്തിലെ പാരമ്പര്യത്തിന്റെ പലതും ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു തൃശ്ശൂര്‍ ശക്തന് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് പിടിപ്പിച്ച വൃക്ഷത്തൈകള്‍ ആരോ വെട്ടി നശിപ്പിച്ചുവെന്നും കാരണം ചോദിച്ചപ്പോള്‍ പറഞ്ഞ വിശദീകരണം ആരും സ്വീകരിക്കാത്തതായിരുന്നു. പിന്നേയും അതേ സ്ഥാനത്ത് മരം നടലും, പിന്നെയും അത് നശിപ്പിക്കലും ഒക്കെ ആയി തുടര്‍ന്നെങ്കിലും ആരോ പിന്നെയും മരം നട്ടു. അതില്‍ ചിലതെല്ലാം നല്ല തണലുകള്‍ കൊടുക്കുന്നു.
ഇങ്ങിനെയൊക്കെയാണ് നമ്മുടെ നാട്ടിന്റെ സ്ഥിതി. എന്തെങ്കിലും കാര്യത്തിന് വേണ്ടിയാണ് മുറിക്കുന്ന മരം ഉപയോഗിക്കുന്നെങ്കില്‍ സാരമില്ല. പക്ഷെ വീട്ട് സാധനങ്ങള്‍ പണിയാനും മറ്റും ഉദ്യാനത്തിലെ മരം വെട്ടാന്‍ പാടില്ല. അത്തരം സ്ഥലങ്ങളിലെ മരങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയായി നില കൊണ്ടാല്‍ മുറിച്ച് മാറ്റേണ്ടത് അനിവാര്യമാണ്.
ഇനി അഥവാ അറിയാതെ മുറിക്കാന്‍ പാടില്ലാത്ത ഇടങ്ങളിലെ മരം മുറിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലത്ത് വൃക്ഷത്തെകള്‍ വെച്ച് അതിനെ പരിപാലിക്കണം.
പലസ്ഥലത്തും വൃക്ഷത്തൈകള്‍ നടുന്നത് ഒരു സല്‍ക്കര്‍മ്മമായി പലരും കരുതുന്നു. പക്ഷെ അത് പരിപാലിക്കുന്നുണ്ടോ അല്ലെങ്കില്‍ പരിപാലനത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്തുന്നുണ്ടോ എന്ന് ആരും ഓര്‍ക്കുന്നുണ്ടാവില്ല.
വെറുതെ ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ പോരല്ലോ. അവനെയോ അവളേയോ പ്രായപൂര്‍ത്തിയാകും വരെയെങ്കിലും പരിപാലിക്കണമല്ലോ? നാം വൃക്ഷത്തൈകളോട് അത്തരം സമീപനം വേണം. അതല്ലാതെ ഒരു ചെടി രാജകീയമായി നട്ട് പോയാല്‍ പോരാ എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
പലയിടത്തും പുതിയ റോഡിന്റേയും കെട്ടിടങ്ങളുടേയും ഉല്‍ഘാടനവേളയില്‍ നമ്മുടെ നാട്ടില്‍ പൂമരങ്ങളും, ചെടികളും നടുന്നത് കാണാം. അത് പൊതുമേഘലാ സ്ഥപനങ്ങളുടേതോ സര്‍ക്കാരിന്റെതോ ആണെങ്കില്‍ അതിനെ പരിപാലിച്ച് കാണാറില്ല. റോഡിന്റെ മീഡിയനുകളിലും മറ്റും ഉല്‍ഘാടന ദിവസം ചെടികള്‍ കാണാം. പിന്നെ നാല് മാസം കഴിഞ്ഞാല്‍ അത് കാട് പിടിച്ച് കിടക്കുന്നത് കാണാം.
ഞാന്‍ കുറച്ച് മാസങ്ങള്‍ മുന്‍പ് എറണാംകുളത്ത് പോകുമ്പോള്‍ ഇടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് വൈറ്റില വഴിപോകുന്ന ഡുവല്‍ ഗരേജ് വേയുടെ മീഡിയനില്‍ നട്ട് വളര്‍ത്തിയിരുന്ന ചെടികളും പുല്ലും കാട് പിടിച്ച കിടന്നിരുന്നു. അത് പണിത കാലത്തും എനിക്കാ വഴിയില്‍ കൂടി പോകേണ്ടാ കാര്യമുണ്ടായിരുന്നു. അന്ന് വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ച.
എന്നെ മാനസികമായി തളര്‍ത്തിയ ഒരു കാര്യം എന്റെ വീട്ടുമുറ്റത്തുണ്ടായി. ഞാന്‍ നട്ട് പിടിപ്പിച്ച വലിയ മരമായി തണല്‍ തന്നിരുന്ന ഒരു വലിയ സിന്നമണ്‍ മരത്തിന്റെ വലിയ കൊമ്പ് എന്റെ ഭാര്യ പണിക്കാരെ കൊണ്ട് വന്ന് മുറിച്ചുകളഞ്ഞത്. അന്ന് ഞാന്‍ കുടുംബസമേതം ഒരു കല്യാണത്തിന് പോകാന്‍ നില്‍ക്കുകയായിരുന്നു. എന്റെ ഉള്ളിലെ രോഷം ഞാന്‍ അടക്കി. അല്ലെങ്കില്‍ അവളുടെ കരണക്കുറ്റി ഞാന്‍ അടിച്ച് തെറിപ്പിച്ചേനേ.
എന്തിനാ അത് മുറിച്ച് മാറ്റിയെ എന്ന് ചോദിച്ചപ്പോള്‍ ആ നാശം പിടിച്ച പെണ്ണ് പറയുകയാ.
“ആ കൊമ്പിന്റെ അടിയില്‍ ഒരു മാവിനെ തൈയുണ്ട് അതിന് സൂര്യപ്രകാശം തട്ടിണില്ല”
അപ്പോ മാവിന് തൈ അവിടെ വെക്കുമ്പോള്‍ ആ മരം അവിടെ ഉണ്ടായിരുന്നില്ലേ? അത് യഥാസ്ഥാനത്ത് വെച്ചിരുന്നെങ്കില്‍ ഇതിന്റെ കൊമ്പ് വെട്ടണമായിരുന്നില്ലല്ലോ?
“ഞാന്‍ അത് അത്രകണ്ട് ചിന്തിച്ചില്ലാ…”
ഒരു മാവിന് തൈയിന് പകരം വര്‍ക്ഷങ്ങളായി ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു വലിയ മരത്തിന്റെ ശാഖ നിഷ്കരുണം മുറിച്ച് മാറ്റി.
പിന്നെ കാലത്ത് ഭഗവാന് കൃഷ്ണന് സമര്‍പ്പിക്കാനുള്ള പൂക്കള്‍ സമൃദ്ധിയായി തരുന്ന നന്ദ്യാര്‍വട്ടത്തിന്റെ മുകള്‍ ഭാഗം മുഴുവനും വെട്ടിമാറ്റി. അങ്ങിനെ വല്ലവരുടേയും പറമ്പിലേക്ക് പൂക്കള്‍ പറിക്കാന്‍ പോകേണ്ട ഗതികേടുണ്ടാക്കി.
ഇതിനൊക്കെ പകരമായി അവള് തനിയെ നട്ട് വളര്‍ത്തി ശുശ്രൂഷിച്ചിരുന്ന കരയാമ്പൂവിന്റെ മരങ്ങള്‍ക്ക് ഞാന്‍ കോടാലി വെച്ച് എന്റ് ദ്വേഷ്യം തീര്‍ത്താലോ എന്ന് കൂടി ആലോചിച്ചു.
അങ്ങിനെയാണെങ്കില്‍ ഞാനും പരിസ്ഥിതിയോട് കാണിക്കുന്ന ക്രൂരതയല്ലേ എന്നാലോചിച്ച് പോയി. അങ്ങിനെ പകരത്തിന് പകരമായി ചെയ്യാതെ കല്യാണം കഴിഞ്ഞ് വന്നപ്പോള്‍ നല്ല പുളിവാറ് വെട്ടി അവളുടെ ചന്തിയില്‍ നാല് പെട കൊടുത്തു. അതില്‍ പിന്നെ അവള് ഒരു മരച്ചില്ലകളും എന്നോട് ചോദിക്കാതെ വെട്ടിയില്ല. അവള്‍ക്കതൊരു പാഠമാകുകയും ചെയ്തു.
അങ്ങിനെയിരിക്കുമ്പോളാണ് എന്റെ മരുമകന് [മകളുടെ ഭര്‍ത്തവ്] ഞാന്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു പതിമുഖം മരത്തിന്റെ ഒരു കൊമ്പ് വെട്ടിക്കളഞ്ഞത്. ഞാന്‍ വൈകിട്ട് കാറ്റുകൊള്ളാനും എന്റെ വീട്ട് മുറ്റത്ത് തണലേകുകയും ചെയ്തിരുന്നതാണ് ഈ പതിമുഖം.
അവന്റെ കാറ് അതിന്നടിയില് പാര്‍ക്ക് ചെയ്യുമ്പോള്‍ ഒരു കമ്പ് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്നതിനാലണത്രെ അതിനെ മുറിച്ച് മാറ്റിയത്. എന്റെ വീട്ടുമുറ്റത്ത് 20 സെന്റില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉണ്ടായിട്ടും, വേറെ മാവ്, പ്ലാവ് തുടങ്ങിയ മരത്തണലുകള്‍ ഉണ്ടായിട്ടും പൂര്‍ണ്ണ ആരോഗ്യത്തോട് കൂടെ നിന്നിരുന്ന ഒരു മരത്തിന്റെ ശിഖരം വെട്ടി മാറ്റിയ അവനെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി.
പിന്നെ മകളുടെ ഭര്‍ത്താവ് എന്ന നിലക്ക് ഞാന്‍ പിന് വലിഞ്ഞു. ഇനി എന്നോട് ഉള്ള ദ്വേഷ്യം അവളോട് തീര്‍ത്താലോ എന്ന് വിചാരിച്ച് അവനെ വെറുതെ വിട്ടു.
ഇങ്ങിനെ വീട്ടിലായാലും സര്‍ക്കാരിന്റേതായാലും പരിസ്ഥിതിയെ ദ്രോഹിക്കുന്നവരെ എല്ലായിടത്തും കാണാം.
കൂടുതല്‍ ചെടികളും മരങ്ങളും നട്ട് വളര്‍ത്തി ഭൂലോക താപനത്തില്‍ നിന്നും മുക്തി നേടാനും ഭൂമിക്ക് തണലേകാനും മരങ്ങള്‍ സഹായകമാകുന്നു. പിന്നെ പഴങ്ങളും പുഷ്പങ്ങളും പ്രധാനം ചെയ്യുന്ന മരങ്ങളെ കൂടുതല്‍ സ്നേഹിക്കുക. അവരെ നമ്മുടെ സഹോദരങ്ങളായി കാണുക.
എല്ലാ പ്രകൃതിസ്നേഹികള്‍ക്കും നന്മ വരട്ടെ.
Subscribe to:
Post Comments (Atom)
8 comments:
വെറുതെ ഒരു കുട്ടിക്ക് ജന്മം കൊടുത്താല്‍ പോരല്ലോ. അവനെയോ അവളേയോ പ്രായപൂര്‍ത്തിയാകും വരെയെങ്കിലും പരിപാലിക്കണമല്ലോ?
നാം വൃക്ഷത്തൈകളോട് അത്തരം സമീപനം വേണം. അതല്ലാതെ ഒരു ചെടി രാജകീയമായി നട്ട് പോയാല്‍ പോരാ എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്.
നന്നായിട്ടുണ്ട് ലേഖനം. പരിസ്ഥിതി ദിനത്തില്‍ നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാം. ഓരോ തൈ ഓരോരുത്തരും നടുക. അത് തുടരുക.
ഈ വിഷയത്തില്‍ ഈ ലേഖനം കൂടി വായിക്കുക.
http://shukoorcheruvadi.blogspot.com/2010/06/blog-post.html
good post..
Manushyan Marathinum....!
Manoharam Prakashetta... Ashamsakal...!!!
മരം നട്ടു വളര്‍ത്തുന്നതും പരിപാലിക്കുന്നതും നല്ലതു തന്നെ. എന്നാള്‍ പെണ്ണുങ്ങളെ തല്ലുന്നത് നല്ലതല്ല,പ്രത്യേകിച്ച് പുളിവാറു കൊണ്ട് ചന്തിക്കു പെടക്കുന്നത്!.ഏതായാലും കരാണക്കുറ്റിക്കടിക്കാതിരുന്നത് നന്നായി.ഈ കമന്റ് ശ്രീമതിയെ കാണിക്കാന്‍ താല്പര്യപ്പെടുന്നു!
:-)
മരങ്ങൾ മാരണങ്ങളല്ലയീയുലകിൽ
വരങ്ങളാണെന്നോർക്കുക മർത്ത്യാ നീ
ഇന്നലെ നാമൊക്കെ അക്കാദമിയിൽ, വൈലോപ്പിള്ളിയുടെ ചിത്രത്തിനുകീഴെയിരുന്നു് അമ്മമലയാളത്തിനെപ്പറ്റി പറയുമ്പോൾ രാമനിലയത്തിനും സംഗീതനാടക അക്കാദമിക്കും മുന്നിൽ പിന്നെയും കുറേ മരങ്ങൾ പിടഞ്ഞുവീഴുകയായിരുന്നു... :(
എല്ലാരും കൂടി കളക്റ്റർക്കും ഐ.ജി.യ്ക്കും ഭീമഹർജി കൊടുത്തിട്ടുണ്ടു്. അവർ സമാശ്വസിപ്പിച്ചതു് നാളെ പോലീസ് സംരക്ഷണത്തോടെ വീണ്ടും മരം മുറിക്കൽ തുടരും എന്നാണത്രേ!
രാവിലെ എല്ലാവരും വീണ്ടും അവിടെ എത്തിച്ചേരാമെന്നു് ഏറ്റിട്ടുണ്ടു്. വന്നാൽ നമുക്കും വെറുതെ അറസ്റ്റുചെയ്യപ്പെട്ട് തിരിച്ചുപോവാം. ചത്തതിനൊക്കേ ജീവിച്ചിരിക്കാം.
Post a Comment