Tuesday, January 10, 2012

എന്നാലും അവളങ്ങിനെ ചെയ്തുവല്ലോ... ?

ഇക്കൊല്ലം പതിവിനുവിപരീതമായി ഗീത സ്വാമിപൂജക്ക് ക്ഷണിച്ചു. ഇടക്കാലത്ത് അവളുടെ വിളിയുണ്ടായിരുന്നില്ല. പകരം ശ്രീരാമനായിരുന്നു വിളിക്കാറ്.

ഞങ്ങളുടെ വീട്ടില്‍ ചെറായില്‍ നിന്ന് അയ്യപ്പന്മാര്‍ ശബരിമലക്കുള്ള യാത്രാമദ്ധ്യേ കെട്ടിറക്കി അത്താഴം കഴിക്കാന്‍ വരുന്ന പതിവുണ്‍ട് വര്‍ഷങ്ങളായി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവരുടെ കൂടെയാണ്‍ മലക്ക് പോയിരുന്നത്.

പുന്നയൂര്‍ക്കുളത്തിന്നടുത്ത് ചെറായിലുള്ള പുരാതന തറവാട്ടുകാരാണ് ശബരിമലക്ക് പണ്ട് നടന്ന് പോയിരുന്നത്. എന്റെ ഗ്രാമമായ ചെറുവത്താനി ചെറായില്‍ നിന്ന് ഏതാണ്‍ട് പത്തുകിലോമീറ്റര്‍ വരും.

പണ്ടൊക്കെ അയ്യപ്പ്മനാര്‍ എന്റെ തറവാട്ടില്‍ വന്ന് വൈകിട്ട് കുളികഴിഞ്ഞ്, രണ്ട് മണിക്കൂര്‍ ഉടുക്കുകൊട്ടി അയ്യപ്പചരിത്രം പാടും. എന്നിട്ട് അത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ച് പുലര്‍ച്ചയോടെ നടത്തം തുടങ്ങും. എരുമേലിയില്‍ ചെന്ന് പേട്ടതുള്ളി മലചവിട്ടും. അങ്ങിനെ ദിവസങ്ങളെടുക്കം സന്നിധാനത്തിലെത്താന്‍.

ഇന്ന് നടന്ന് പോകുന്നവര്‍ വിരളം. എന്നാലും അയ്യപ്പന്മാര്‍ ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടില്‍ ഒരു നേരത്തെ അന്നത്തിന് വരും. വര്‍ഷങ്ങളായുള്ള ചടങ്ങ് പരമ്പരകളായി നിലനിര്‍ത്തുന്നു. ഇപ്പോളുള്ള കൃഷ്ണക്കുട്ടി സ്വാമിയുടെ പിതാവിന്റെ കൂടെ ആയിരുന്ന് ഞാന്‍ ആദ്യം മല ചവിട്ടിയത്. അദ്ദേഹത്തിന്ന് വെളിച്ചപാടിന്റെ പോലെ നീട്ടിയ തലമുടി ഉണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല.

അദ്ദേഹത്തിന്റെ താവഴിയായി ഇപ്പോള്‍ മകന്‍ കൃഷ്ണന്‍ കുട്ടി ആ ചടങ്ങ് നിര്‍വ്വഹിക്കുന്നു. സാധാരണ അവര്‍ സന്ധ്യ്യാകുമ്പോളെക്കും എത്തുക പതിവായിരുന്നു. ഇപ്പോള്‍ എയര്‍ കണ്ടീഷന്‍ഡ് വാഹനമൊക്കെ ആയപ്പോള്‍ പതിവിന് വിപരീതമായി ഏഴ് മണി കഴിഞ്ഞാണ് എത്തിയത്.

അയ്യപ്പന്മാര്‍ വരുന്ന ദിവസം ഒരു ഉത്സവമായി ഞങ്ങള്‍ നാട്ടുകാരെയെല്ലാം ക്ഷണിക്കും. നിറയെ ലൈറ്റിടും. തോരണങ്ങളും.

അയ്യപ്പന്മാര്‍ എത്തി ശ്രീരാമന്‍ അവരുടെ കാല്‍ കഴുകാന്‍ കിണ്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുത്തു. വീട്ടിലെ പ്രധാന ഹോളില്‍ അവര്‍ കെട്ടിറക്കി, ദേഹശുദ്ധി വരുത്തി ഭജന തുടങ്ങി. ആരും ഉടുക്ക് കൊട്ടിയില്ല, അല്ലെങ്കില്‍ ആര്‍ക്കും ഉടുക്കുകൊട്ടിപ്പാടാന്‍ അറിയുമായിരിക്കില്ല.

പ്കരം വട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൊട്ടിപ്പാടി. ആ ഉപകരണത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല. ഒരു മണിക്കൂറ് ഭജന പാടി അവര്‍ ഭക്ഷണത്തിന് ഇരുന്നു. അവരെ ഊട്ടിയതിന് ശേഷമേ വീട്ടുകാരും നാട്ടുകാരും കഴിക്കൂ…

അയ്യപ്പന്മാര്‍ കഴിച്ചതിന് ശേഷം വീട്ടുകാരും നാട്ടുകാരും ഉണ്ണാനിരുന്നു. ഞാനും എന്റെ ശ്രീമതി ബീനയും ചടങ്ങിന് തൃശ്ശൂരില്‍ നിന്നെത്തിയിരുന്നു. അവിടെ ഹംസക്കായെയും മൈനത്തായേയും കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്തു ചടങ്ങിനും ഇവര്‍ ക്ഷണിക്ക്പ്പെടും, അതുപോലെ അവരുടെ വീട്ടിലെ ചടങ്ങിനും.

ഹംസക്കായുടെ മോന്റെ നിക്കാഹിന് എന്നെ ക്ഷണിക്കാന്‍ മറന്നു. ഞാന്‍ തൃശ്ശൂരിലായ കാരണം പെട്ടെന്ന് അവര്‍ ഓര്‍ത്തില്ല. തന്നെയുമല്ല പുതിയാപ്ല വിദേശത്ത് നിന്നെത്തിയത് തലേ ദിവസമായിരുന്നത്രെ.

പുതിയാപളയേയും പെണ്ണിനേയും ഞങ്ങള്‍ ന്യൂ ഇയര്‍ ഈവിന്‍ തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്‍ടിരുന്നു. ഇന്നെത്തെ ചടങ്ങിന് അവരെ കണ്ടില്ല. അവര്‍ ഹണിമൂണ്‍ ടൂറിലായിരുന്നു.

എല്ലാം കൊണ്ടും എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ദിനമെങ്കിലും ഞാന്‍ എന്തൊക്കെയോ ചിന്തിച്ച് ഒരു മൂലക്കിരുന്നു. എന്റെ കാലിലെ അസുഖം ഒരു പ്രശ്നവും ആയിരുന്നു. അയ്യപ്പന്മാര്‍ക്കിടയില്‍ ചെരുപ്പിട്ട് നടക്കുവാനും പറ്റാത്ത അവസ്ഥയിലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെയുള്ള ഒരു സ്വാമിപൂജക്കാണ് ഞാന്‍ ആദ്യ്മായി പാറുകുട്ടിയെ പരിചയപ്പെട്ടത്. ഇന്നവളെ അവിടെ കണ്ടില്ല. കൂട്ടത്തില്‍ പലരേയും.

പതിനൊന്ന് മണിയാകുമ്പോളേക്കും അയ്യപ്പന്മാര്‍ അടുത്ത താവളം ലക്ഷ്യമാക്കി പിരിഞ്ഞു, കൂട്ടത്തില്‍ നാട്ടുകാരും. ഞാനും ബീനയും ഔട്ട് ഹൌസില്‍ ഉറങ്ങി.

കാലത്തെണീറ്റ് കുളിക്കാന്‍ ശുഭ ചൂടുവെള്ളം കൊണ്ട് തന്നു. തറവാട്ടില്‍ ധാരാളം വിറകുള്ളതിനാല്‍ പണിക്കാര്‍ കാലത്ത വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി ഇടും, ആവശ്യക്കാര്‍ അലുമിനിയം പാട്ടയില്‍ എടുത്തോണ്‍ട് പോകും. എനിക്ക് കുളിക്കാനുള്ളത് ശുഭ കൊണ്ടത്തരും. തറവാട്ടിലെ പണിക്കാരിത്തി പെണ്‍കുട്ടിയാണ് ശുഭ.

പണിക്കാരിയാണെങ്കിലും ശുഭയെ അത്തരത്തില്‍ കാണാറില്ല. ഒരു അംഗത്തെപ്പോലെ തന്നെ. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം വീട്ടുകാരൊന്നിച്ച്. ശുഭക്ക് എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിലുണ്ട്. ഞാന്‍ ഇടക്ക് ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാറുണ്ട് അവള്‍ക്ക്. ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ.

ഞാന്‍ തറവാട്ടില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരാഴ്ചയാണ് പോയി താമസിക്കുക. ഇപ്പോള്‍ കിട്ടനും ചുക്കിയും ഇല്ലാത്തതിനാല് പണ്ടത്തെപ്പോലെ പോകാറില്ല.

അയലത്തെ വീട്ടിലെ ഷെല്‍ജി, ഗ്രീഷ്മ, തക്കുടു, ചിടു എന്നിവര്‍ ഞാന്‍ എത്തുമ്പോള്‍ വരും. ഇന്ന് ചിടുവുമായി മാത്രം വര്‍ത്തമാനം പറഞ്ഞു. മറ്റുള്ളവരോടൊന്നും സൊള്ളാന്‍ ഞാന്‍ പോയില്ല. എന്തോ ഓര്‍ത്ത് അങ്ങിനെ ഒരു മൂലക്കിരുന്നു.

അമ്മിണിയേട്ടത്തി കയറി വന്നപ്പോളാണ് മൌനത്തെ കെട്ടഴിക്കാനായത്. അമ്മിണിയെട്ടത്തിയുടെ കെട്ടിയോന്‍ വേലായുധേട്ടന്‍ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആളായിരുന്നു. പിന്നെ പശുവിനെ കറക്കാനും എല്ലാത്തിനും വേലായുധേട്ടന്‍ തന്നെ ആയിരുന്നു. വേലായുധേട്ടന് ഇടാന്‍ എന്റെ അച്ചന്‍ അമേരിക്കന്‍ കൌബോയ് തൊപ്പി കൊളംബോയില്‍ നിന്ന് കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ നല്ലവനായ വേലായുധേട്ടന്‍ അകാലത്തില്‍ ചരമമടഞ്ഞു.

കാലത്തെ കുളിഞ്ഞപ്പോള്‍ ഗീത ഒരു കപ്പ് നല്ല പാല്‍ചായ ഉണ്‍ടാക്കിത്തന്നു. സാധാരണ ഞാന്‍ സുലൈമാനി ആണ് കുടിക്കാറ്. തറവാട്ടില്‍ പോകുമ്പോളാ പാല്‍ചായ കുടിക്കാറ്. വടക്കേലേ രഘവേട്ടന്റെ വീട്ടീന്ന് ആണ്‍ ചായക്കുള്ള പാല് കാലത്ത് കിട്ടുക. ചായ കുടിച്ചതിന്‍ ശേഷം പുട്ടും കടലയും പപ്പടവും കൂട്ടി ഒരു ഹെവി പ്രാതല്‍. വയര്‍ ശരിക്കും നിറഞ്ഞു.

പെട്ടിയെല്ലാം പാക്ക് ചെയ്ത് ബീനയേയും കൂട്ടി കപ്ലിയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അതിന് ശേഷം വെട്ടിയാട്ടില്‍ കുടുംബക്ഷേത്രത്തിലും പോയി തൊഴുതു. ഇത്തവണ തറവാട്ടമ്പലത്തില്‍ പോയപ്പോള്‍ വണ്ടി മറ്റൊരു വീട്ടുമുറ്റത്താണ് നിര്‍ത്തിയത്. ഒന്ന് രണ്ട് വീട്ടുമുറ്റത്ത് കൂടി അമ്പലത്തില്‍ കയറി തൊഴുതു. പാമ്പിന്‍ കാവിലും തൊഴുതു. മടക്കം ഒരു കുടുംബവീട്ടില്‍ കയറി ജയന്തിയോട് കുശലം പറഞ്ഞു.

മകരമാസത്തിലെ തിരുവോണം നാളിലാണ് തറവാട്ടമ്പലത്തിലെ പ്രതിഷ്ടാദിനം. അവരുടെ ക്ഷണപ്രകാരം ഞാനും ബീനയും എത്താമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.

വാഹനം കുന്നംകുളം ലക്ഷ്യമാക്കി ഞാന്‍ ഡ്രൈവ് ചെയ്തിരുന്നെങ്കിലും എന്റെ ഓര്‍മ്മ്കള്‍ വീണ്ടും പാറുകുട്ടിയില്‍ ചെന്നെത്തി. ഒരിക്കലും തറവാട്ടില്‍ പോയാല്‍ പിറ്റേ ദിവസം തിരിക്കാറില്ല. ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചേ തിരിക്കൂ…

എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന്‍ കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര്‍ ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍.

[ഈ കഥ അല്പം നീണ്‍ടതാണ്‍, ചുരുക്കി അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാം]

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന് കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര് ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര് ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

"ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ"എന്നൊരു വാക്കാല്‍
ഒരു പച്ചപിടിച്ച ഗ്രാമവും അവിടെ വലിയൊരു തറവാടും അതിലെ നല്ലവരായ കാരണവന്മാരും കണ്മുന്നില്‍ തെളിയുന്നതു പോലെ,ചെറിയ ചെറിയ വാക്കുകള്‍ക്കൊണ്ട് വായനക്കാരനെയും താങ്കളുടെ സ്മൃതിമധുരമായ ലോകത്തിലേക്കാനയിക്കുന്നുണ്ട് .

കുട്ടന്‍ ചേട്ടായി said...

ഇന്ന് നാട്ടിലൊന്നും ഭജനയും ഉടുക്ക് കൊട്ട് പറ്റും കേള്‍ക്കണേ ഇല്ല, കലികാലം തന്നെ. പണ്ടൊക്കെ ഭജന ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല ഭിക്ഷയും കിട്ടുമായിരുന്നു, അതെല്ലാം ഇനി ഓര്മ മാത്രം.
പിന്നെ ഒരു സംശയം എന്നാലും അവളങ്ങനെ ചെയ്തുവല്ലോ ? എന്നത് കൊണ്ട് ആരെയാണ് ഉദ്ദേശിച്ചത് ?

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്നാലും അവളങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നൂ..!