Wednesday, December 31, 2008

എന്റെ പാറുകുട്ടീ … [ഭാഗം 5]

നാലാം ഭാഗത്തിന്റെ തുടര്‍ച്ച........>>>

നേരം പുലര്‍ന്ന് കൊണ്ടിരിക്കുന്നു.ആള്‍ക്കൂട്ടം തെല്ലൊന്ന് കുറഞ്ഞു.
ഉണ്ണിയുടെ കാറ് വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു..
ഉണ്ണി കാറില്‍ നിന്നിറങ്ങി ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയില്‍
തൊഴുതതിന് ശേഷം ഉമ്മറത്തേക്ക് കയറി. വീട്ടിലെ ആള്‍ക്കൂട്ടം കണ്ടിട്ട് ഉണ്ണിക്കൊന്നും തോന്നിയില്ല..

"മോനെ ഉണ്ണ്യേ...എന്താ ഇതൊക്കെ കഥ?"

"എന്താ തുപ്രമ്മാനെ?"

"അല്ലാ മോനിതൊന്നും മനസ്സിലായില്ലാന്നുണ്ടോ? നീയെപ്പോ പോയതാ ഇന്നെലെ വീട്ടീന്ന്? ഇവിടെ നിന്റെ പാറുകുട്ടീം ഓള്ടെ അമ്മയും....... പിന്നെ നമ്മടെ ചുറ്റുപുറത്തെ വീട്ടുകാരും ആരും ഇന്നെലെ ഉറങ്ങീട്ടില്ല.മോന്റെ ആപ്പീസില്‍‌ ഫോണ്‍
ചെയ്ത് ചോദിച്ചപ്പോള്‍ അങ്ങ്ട്ട് ചെന്നില്ലാ എന്ന് കേട്ടപ്പോ ഞങ്ങടെ ചങ്കു പൊട്ടി.അണക്ക് കൊഴപ്പമൊന്നുമില്ലല്ലോ എന്റെ മോനെ? ഇയ്യെന്താ ഒന്നും മിണ്ടാത്തെന്റെ ഉണ്ണ്യേ?ഇയ്യ് എന്തെങ്കിലും ഒന്ന് പറാ..
ആ പാറുകുട്ടീടെ
നെലോളി കേട്ടിട്ടാ ഞങ്ങളെല്ലാരും ഇവിടെ എത്തിയത്."
തുപ്രമ്മാന്‍‌ ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞു.

"എനിക്കൊന്നും ഇല്ലാ എന്റെ തുപ്രമ്മാനെ".

"പിന്നെ ഇയ്യെന്താ പാറുകുട്ട്യോട് പറയാതിരുന്നേ ഇന്ന്
വരില്ല്യാന്ന്...
അങ്ങിനേച്ചാല്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ല്യാരുന്നു. ന്റെ ഉണ്ണ്യേ! ആ കുട്ടിക്ക് അത് താങ്ങാനുള്ള കെല്പൊന്നും ഇല്ലാ ട്ടോ."

"എനിക്ക് സ്വസ്ഥത കിട്ടാണ്ടാകുമ്പോ..... ഞാന്‍ ഇങ്ങനൊക്കെയാ."

"അത് ഞങ്ങക്കൊക്കെ അറിയാകുന്നതല്ലേ? അന്നെ ഞാന്‍ ചെറുപ്പത്തീ കണ്ട് തൊടങ്ങിയതല്ലേ ന്റെ ഉണ്ണ്യേ?.. ഇയ്യ് ഇങ്ങിനെ വീട്ടീ വരാതിരിക്ക്യാ എന്നൊക്കെ തുടങ്ങ്യാ എങ്ങനാ ന്റെ മോനെ?."

അയലത്തെ തുപ്രമ്മാനെ ഉണ്ണിക്ക് വളരെ ബഹുമാനമാണ്.. തുപ്രമ്മാന്റെ രണ്ടാമത്തെ മകന്‍ ഉണ്ണിയുടെ കളിക്കൂട്ടുകാരനാണ്. സമ:പ്രായക്കാരനും. ഉണ്ണി തുപ്രമ്മാനോടെ കാര്യമായി മറുത്തൊന്നും പറഞ്ഞില്ലാ. പുലര്‍ച്ചക്കുള്ള തണുപ്പില്‍ മയങ്ങിക്കിടന്നിരുന്ന പാര്‍വതി വീട്ടിലെ ശബ്ദകോലാഹലം
കേട്ടുണര്‍ന്ന് വന്ന് നോക്കിയപ്പോള്‍ ഉമ്മറത്ത് നില്‍ക്കുന്ന ഉണ്ണിയെ കണ്ടു. പരിസരം ബോധം നശിച്ച പാര്‍വ്വതി, ഓടി വന്നു ഉണ്ണിയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. ഉണ്ണി പാര്‍വതിയെ നീക്കി മാറ്റാന്‍ ശ്രമിച്ചിട്ടും പെട്ടെന്ന് പറ്റിയില്ല.
ഇതെല്ലാം കണ്ട് നിന്ന അയല്‍ക്കാര്‍ അമ്പരന്നു. അവര്‍ തമ്മില്‍ പറഞ്ഞു....

"ഈ പാറുകുട്ടിക്ക് ഉണ്ണിയെ ജീവനാ.".

കിഴക്കേലെ അമ്മുകുട്ടി പറഞ്ഞു...

"എന്നിട്ടാണോ ആ ചെക്കനെ തള്ളേം മോളും കൂട്ടി ഇടക്കിങ്ങനെ ശുണ്ടി പിടിപ്പിക്കണ്?."


"അവള്‍ നല്ലോണം കരയട്ടെ എന്റെ ഉണ്ണ്യേ.മോനവിടെ തന്നെ
നിക്ക്.."

പാര്‍വതിയുടെ മുഖത്ത് നേരിയ മന്ദഹാസം തുടുത്തു. ഉണ്ണ്യേട്ടനെ കണ്ടതിനാല്‍ പാര്‍വതിയുടെ ഉള്ളം കുളിര്‍ത്തു.

"ഈ ഉണ്ണ്യേട്ടന് എന്നെ തീരെ ഇഷ്ടല്ല്യാ അല്ലേ?
ഇന്നെലെ എവിടെയാ താമസിച്ചേ.?."

ഉണ്ണി ഒന്നും ഉരിയാടാത്തതിനാല്‍ പാര്‍വതിയുടെ മുഖം പിന്നേയും വാടി...

ഉണ്ണി അകത്തേക്ക് കയറിപ്പോയി.ആള്‍ക്കൂട്ടം പിരിഞ്ഞു
.
ഉണ്ണീടെ അമ്മായി ഒന്നും പറഞ്ഞില്ല....
'എന്റെ മോന്‍ വന്നല്ലോ' എന്ന് പറഞ്ഞു നെടുവീര്‍പ്പിട്ടു.

ഉണ്ണി വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി.പാര്‍വതി പെട്ടെന്നങ്ങ്ട്ട്
ഉണ്ണിയോട് പിന്നെ മിണ്ടാന്‍ ധൈര്യപ്പെട്ടില്ല. വിളിക്കുമ്പോള്‍ പോകാമെന്ന് കരുതി.ഉണ്ണി ഉണരുന്നതും കാത്തിരുന്നു പാര്‍വതി.പത്ത് മണിയായിക്കാണും. ഉണ്ണി ഉറക്കത്തില്‍ നിന്നെണീറ്റു.കുളിച്ച് പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞപ്പോ മണി പതിനൊന്ന്..

"പാര്‍വതീ................"

"എന്താ ഉണ്ണ്യേട്ടാ...."
പാര്‍വതി ആ വിളി കേക്കാനിരിക്കയായിരുന്നു...

"ഉണ്ണ്യേട്ടനെന്താ ഇപ്പൊ കുടിക്കേണ്ടത്? ദിനചര്യകളൊക്കെ തെറ്റിയില്ലേ?."

"എല്ലാത്തിനും നീയല്ലേ കാരണക്കാരി?."

പാര്‍വതി മിണ്ടാതെ നിന്നു........

"ഹൂം.......... എന്നാ നീ പോയി ചായ കൊണ്ടു വാ.."

ക്ഷണ നേരം കൊണ്ട് പാര്‍വതി ചായയുമായെത്തി.......
"ദാ ഉണ്ണ്യേട്ടാ ചായ.."

ചായ മൊത്തിക്കുടിക്കുന്നതിന്നിടയില്‍ ഉണ്ണി ചോദിച്ചു...
"നീയെന്താ ഇന്ന് സ്കൂളില്‍ പോ
കാഞ്ഞേ?."

"എനിക്ക് വയ്യാഞ്ഞിട്ടാ.."

"എന്താ നിനക്ക് വയ്യായ.."
പാര്‍വതി പിന്നേയും മിണ്ടാതെ നിന്നതെ ഉള്ളൂ..

"ഇപ്പൊ സമയമെത്രയായി.?"

"പന്ത്രണ്ട് മണിയാകാറായി..."

"എന്നാലെ...നീ ഉച്ചക്ക് ശേഷം സ്കൂളില്‍ പൊയ്കോ.ഞാനും ഓഫീസിലെക്ക് പോകുവാ.."

"അപ്പോ ഭക്ഷണം കഴിക്കേണ്ടെ?.."

"ഏയ് വേണ്ടാ...എനിക്ക് ഓഫീസിലേക്ക് ഭക്ഷണം കൊണ്ടരണോട് ഞാന്‍ ഇന്ന് വേണ്ടെന്ന് പറഞ്ഞിട്ടില്ല...."

" അമ്മ
ഉണ്ണ്യേട്ടന് ചോറും കൂട്ടാനും നേരത്തെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.."

"ആങഃ...... അത് നമുക്ക് രാത്രി കഴിക്കാം
>>
ഉണ്ണി യാത്ര പറഞ്ഞു ഓഫീസിലേക്ക് നീങ്ങി, പാര്‍വ്വതി സ്കൂളിലേക്കും..
ഓഫീസിലെത്തിയ ഉണ്ണിയോട് സ്റ്റാഫ് പ്രത്യേകിച്ചൊന്നും ചോദിച്ചില്ല.ഓഫീസിലെ മൊത്തം സ്റ്റാഫിനും ഉണ്ണിയെ പേടിയും, ബഹുമാനവുമാണ്.വളരെ സ്ട്രിക്റ്റ് ആയ ഉണ്ണിയെ കയ്യിലെടുക്കാന്‍ അവിടെ ആര്‍ക്കും ഇത് വരെ സാധിച്ചിട്ടില്ല..
പെണ്ണുങ്ങള്‍ കുറെ ശ്രമിച്ചു..കുമാരേട്ടന്‍ ആവുന്നതും ശ്രമിച്ചു....
പറ്റിയില്ല.ഓഫീസ് സമയം. 9.30 മുതല്‍ 6.00 മണി വരെ
എല്ലാവരും കാലത്ത് കുളിച്ചിരിക്കണം.ആണുങ്ങളില്‍ ശങ്കരേട്ടനൊഴിച്ച് എല്ലാര്‍ക്കും യൂണിഫോം ഉണ്ട്...അവര്‍ക്ക് ധരിക്കാനുള്ളത് ഓഫീസിലെ വാര്‍ഡ്രോബില്‍ കാലത്ത് തയ്യാര്‍. വീട്ടില്‍ നിന്ന് ഇട്ടു വരുന്ന വസ്ത്രം ഊരി അതില്‍ വെച്ച്, യൂണിഫോം ധരിച്ചേ ജോലി ചെയ്യുന്നിടത്തെക്ക് പ്രവേശിക്കാനാകൂ..ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്താനോ താടി വെക്കുവാനോ പാടില്ല.നിത്യവും ഷേവ് ചെയ്യണം.ഇനി താടി വെക്കണമെന്നുള്ളവര്‍ക്ക്..... ആകാം, പക്ഷെ ആഴ്ചയിലൊരിക്കല്‍ ട്രിം ചെയ്യണം...
പെണ്ണുങ്ങള്‍ക്കും ഓഫീസ് ഡിസിപ്ലിന്‍ ഉണ്ട്.അവരുടെ വേഷം സാരി.
ആഴ്ചയില്‍ 5 ദിവസം ഓഫീസില്‍ നിന്ന് കൊടുക്കുന്ന പ്രത്യേക ഡിസൈനില്‍ ഉള്ള സാരി ധരിക്കണം.ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എല്ലാം ശനിയാഴ്ചയും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം.എന്ന് വെച്ച് കോമാളി വസ്ത്രമൊന്നും ധരിക്കാന്‍ സമ്മതിക്കില്ലാ.
പ്രത്യേകിച്ച്, പെണ്ണുങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, നിഴലടിക്കുന്ന ബ്ലൌസുകള്‍ പാടില്ല.. കഴുത്തിന്റെ വട്ടം ഓഫീസ് യൂണിഫോമിനനുസരിച്ചുള്ള വട്ടമേ പാടുള്ളൂ.എല്ലാര്‍ക്കും ചന്ദനക്കുറിയും, അതിന്ന് മേലെ ചെറിയ കുങ്കുമക്കുറിയും ഇടാവുന്നതാണ്.വിവാഹിതര്‍ നെറുകയില്‍ കുങ്കുമം ധരിക്കുന്നുവെങ്കില്‍ മിതമായ നിരക്കില്‍ മാത്രം... അത് നെറുകയില്‍ ആവണമെന്ന് വളരെ നിര്‍ബന്ധം. സൈഡിലോ മറ്റോ ഇട്ട് കണ്ടാല്‍ പിന്നെ ആ ആളുടെ കാര്യം പോക്കാ,ആണുങ്ങള്‍ പുകവലി, മദ്യപാനം മുതലായവ പാടില്ല.ആണുങ്ങളും പെണ്ണുങ്ങളും നഖങ്ങള്‍ ശരിക്ക് വൃത്തിയോടെ മുറിച്ചിരിക്കണം. പാദരക്ഷകള്‍ വളരെ വൃത്തിയില്‍ സൂക്ഷിച്ചിരിക്കണം..
അങ്ങിനെ സാധാരണക്കാര്‍ക്ക് പെട്ടെന്ന് പറ്റുന്നതല്ല ഉണ്ണിയുടെ ഓഫീസിലെ ചിട്ട വട്ടങ്ങള്‍.ഇതൊക്കെ സഹിച്ചിട്ടെന്താ ഇത്രയും ആളുകള്‍ ഈ കമ്പനിയില്‍ തന്നെ വിടാതെ നില്‍ക്കണ്.അതിന്റെ രഹസ്യം എല്ലാവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അറിയാം.പട്ടണത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന കമ്പനിയാ ഉണ്ണിയുടേത്. പോരാതെ പല അലവന്‍സുകളും..
മതിയായ കാരണങ്ങളില്ലാതെ ഓഫീസില്‍ വരാന്‍ വൈകിയാല്‍, പിന്നെത്തെ കാര്യം പറയാതിരിക്കുകയാ ഭേദം.ഒരു മാസത്തില്‍ രണ്ടില്‍ കൂടുതല്‍ സമയം വൈകിയാല്‍, പിന്നെ അടുത്ത മാസം പണിയുണ്ടാവില്ല.എല്ലാ പണിക്കാരോടും ആവശ്യത്തില്‍ കവിഞ്ഞ അടുപ്പം കാണിച്ചിരുന്നില്ല.അതിനാല്‍ ആര്‍ക്കും ഉണ്ണിയെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ലാ..
"ശങ്കരേട്ടാ."
"എന്താ സാറെ"

"എനിക്കിന്ന് കുറച്ച് നേരത്തെ ഇറങ്ങണം,ജോലിക്കാരോടൊക്കെ
ഞാന്‍ 6 മണിക്ക് മുന്‍പെ തിരിച്ചെത്തുമെന്ന് പറഞ്ഞാല്‍ മതി...
ബാങ്കിലേക്കുള്ള കടലാസ്സുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഒപ്പിടാന്‍ എടുത്തോളൂ."
"ശരി സാര്‍."
"ഞാന്‍ ദാ എത്തി"

"ഇതെന്താ പിബൊ കമ്പനിക്ക് ഒരു പേയ്മെന്റ് ചെക്ക് ?
അവര്‍ക്ക് നേരത്തെ കിട്ടിയാല്‍ തരക്കേടില്ലാ എന്ന് പറഞ്ഞിരുന്നു..
അവരോടല്ലെ നമ്മള്‍ ആറുമാസം മുന്‍പുള്ള ഒരു ടെണ്ടറിന് നാലു ശതമാനം ഡിസ്കൌണ്ട് ചോദിച്ചിരുന്നത്.എന്നിട്ടെന്താണവര്‍ തന്നത് ?"
"അവര്‍ ഒന്നും തന്നില്ലാ പിന്നെ അതോട് കൂടി വേറെ ഒന്നും പറഞ്ഞില്ലെ?"
"അത്... അത്................"
"ആ ശങ്കരേട്ടനതൊക്കെ അങ്ങ്ട്ട് മറന്നുവല്ലേ.?എനിക്കിതൊന്നും മറക്കാന്‍ പറ്റില്ല.ഇങ്ങോട്ടുണ്ടായാല്‍ മാത്രമേ അങ്ങോട്ടും ഉള്ളൂ. ഇംഗ്ലീഷുകാര്‍ പറയാറില്ലേ...'ഗിവ് ആന്റ് ടേക്ക് ' ഈ ചെക്ക് ഇപ്പോള്‍ ഒപ്പിടാന്‍ പറ്റില്ല. ഇപ്പോ കൊടുക്കേണ്ട..ഡ്യൂ ഡേറ്റിന് മതി."

"ഓകെ സാര്‍."
ഉണ്ണി വീട്ടില്‍ പോകുന്ന വഴി പാര്‍വ്വതിയുടെ സ്കൂളില്‍ കയറി...
"ആരാ ഇത്...... ഉണ്ണി സാറോ?
"എന്നെ സാറെന്ന് ദയവായി വിളിക്കരുത് എന്റെ ശാരദ ടീച്ചറെ.
ഞാന്‍ ഇവിടുത്തെ ഒരു വിദ്യാര്‍ത്ഥിയും, ടീച്ചറുടെ ശിഷ്യനും അല്ലേ?"
"അതൊക്കെ ശരിയാ. നമ്മള്‍ സമൂഹത്തെ ബഹുമാനിക്കണമല്ലോ,ഈ ഗ്രാമത്തില്‍ വെച്ച് ഏറ്റവും ധനികനും, വിദ്യാ സമ്പന്നനും, ഈ സ്കൂളിലേക്ക് തന്നെ പല തവണ പണമായും, വസ്തുക്കളുമായും സഹായിച്ച ഒരു വ്യക്തിയെന്ന നിലായിലാ ഞാന്‍ അങ്ങിനെ സംബോധന ചെയ്തത്.
എന്താ ഇന്ന് ഈ വഴിയെ.?"
"എനിക്ക് പാര്‍വ്വതിയുടെ ക്ലാസ്സ് ടീച്ചറെ ഒന്ന് കണ്ടാല്‍ തരക്കേടില്ലാ."
"ഉണ്ണി ഇവിടെ ഇരുന്നോളൂ. ഞാന്‍ ഇപ്പോ വിളിപ്പിക്കാം."
"അത് വേണ്ട ടീച്ചറേ. ടീച്ചര്‍ അനുവദിക്കുകയാണെങ്കില് ഞാന്‍ അവിടെ പോയി കണ്ടോളാം."
"ശരി , എന്നാല്‍ അങ്ങിനെയാകട്ടെ.ഞാന്‍ ക്ലാസ്സ് മുറി വരെ....
അല്ലെങ്കില്‍ ഒരു പക്ഷെ ആ ടീച്ചര്‍ ഉണ്ണിയോട് ഹെഡ് മിസ്ട്രസ്സിന്റെ അനുവാദം വാങ്ങി വരാന്‍ പറഞ്ഞേക്കും."
അങ്ങിനെ ശാരദ ടീച്ചറും ഉണ്ണിയും പാര്‍വ്വതിയുടെ ക്ലാസ്സ് മുറിയിലെത്തി.........
ശാരദ ടീച്ചര്‍ തിരികെ പോയി......
"ഞാന്‍ ഉണ്ണി........."
"പറഞ്ഞു കേട്ടിട്ടുണ്ട്..."
"ഞാന്‍ പാര്‍വ്വതിയുടെ ഗാര്‍ഡിയന്‍ ആണ്."
"അതും എനിക്കറിയാം.."
"എങ്ങിനെ ഉണ്ട് ഇവള്‍ പഠിത്തത്തില്‍?"
"മോശമാണ് സാറെ."
"എങ്ങിനെ മെച്ചപ്പെടുത്താനാകും?"
"ക്ലാസ്സില്‍ ശ്രദ്ധ കുറവാണവള്‍ക്ക്..ഹോം വര്‍ക്കുകളൊന്നും ശരിക്ക് ചെയ്യാറില്ല...
എങ്കിലും, പ്രോമോഷനുള്ള മാര്‍ക്കൊക്കെ അവള്‍ നേടും...
കുറുമ്പ് കുറച്ച് കൂടുതലാ."
"അതിന് നല്ല അടി കൊടുത്തോളൂ... ടീച്ചര്‍.."
ടീച്ചര്‍ പാര്‍വ്വതിയെ ഉണ്ണിയുടെ അടുത്തേക്ക് വിളിച്ചു.പാര്‍വ്വതിക്ക് വളരെ സന്തോഷമായി, അവളുടെ ഉണ്ണ്യേട്ടനെ സ്കൂളില്‍ കണ്ടപ്പോ..
"ഇനി ഇപ്പോ സ്കൂള്‍ വിടുന്നതിന് പതിനഞ്ച് മിനിട്ടേ ഉള്ളൂ...സാറ് വേണമെങ്കില് പാര്‍വ്വതിയെ നേരത്തെ കൊണ്ട് പൊയ്കോളൂ....."
ടീച്ചര്‍ അത് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പേ പാര്‍വ്വതി പുസ്തക കെട്ടെടുക്കാന്‍ നീങ്ങി.
"വേണ്ടാ ടീച്ചറെ.അവള്‍ ശരിക്കുള്ള സമയത്ത് വന്നാല്‍ മതി.."
"ഉണ്ണ്യേട്ടാ ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ വന്നോളാം."
"വേണ്ടാ... നീ നേരത്തെ വീട്ടിലെത്തിയാല്‍ നിന്റെ അമ്മയുടെ ചീത്ത കേള്‍ക്കേണ്ടെ ?"
"ഉണ്ണ്യേട്ടന്റെ മുന്നില്‍ വെച്ച് എന്നെ ചീത്ത പറേയ് ? അമ്മ വിറക്കും അതിനൊക്കെ. ഉണ്ണ്യേട്ടന്റെ മുന്നില്‍ വെച്ച് അങ്ങിനെ പറയാനുള്ള ചങ്കൂറ്റവും ഒന്നും എന്റെ അമ്മക്കില്ലാ."
"ഞാന്‍ പോകുവാ....നീ ബെല്ലടിക്കുമ്പോള്‍ സാവധാനം വന്നാല്‍ മതി."
"ദെന്തൊരു ഉണ്ണ്യേട്ടനാ ?"
'എന്നെ ആ കാറില്‍ കയറ്റിയൊന്നു കൊണ്ടോയിക്കൂടെ ഉണ്ണ്യേട്ടന്..
എനിക്ക് ഒന്ന് ഷൈന്‍ ചെയ്യാമായിരുന്നു! ഇവിടുത്തെ പിള്ളേരുടെ മുന്നില്‍.........!! ശ്ശോ! ഇനി രക്ഷയില്ലാ‍!! ............
[തുടരും]

Copyright © 2009 All Rights Reserved

9 comments:

മാണിക്യം said...

ജെപി. നവവത്സരാശംസകള്‍ !
ഇന്നു പാറുകുട്ടി അഞ്ചാം ഭാഗം തന്നതിനു വളരെ നന്ദി .. ജെപി ഓരോ ഭാഗം കഴിയും തോറും കഥ പറയുന്ന രീതി വളരെ മെച്ചപെടുന്നു, പോസ്റ്റിന്റെ ഭംഗിയും കൂടിയിരിക്കുന്നു, ഉണ്ണിയേട്ടാന്റെ വ്യക്തിത്വം വായനക്കാരില്‍‌ എത്തിക്കാന്‍ ഈ പോസ്റ്റില്‍ സാധിച്ചു..
അതേ സമയം സസ്പെന്‍സ് പോകാതെ കഥ മുന്നൊട്ട്പോകുന്നു... പാറുകുട്ടി .. :)
കൊള്ളാം കൌമാരത്തിന്റെ വികൃതി ന്നന്നായി വരച്ചു കാട്ടുന്നുണ്ട് ... ഓരോ കഥാപാത്രങ്ങളും മികവോടെ മനസ്സില്‍ നില്‍ക്കുന്നു
“തുപ്രമ്മാന്‍‌”
നന്നായി തിളങ്ങി ഈ പോസ്റ്റില്‍....

“ പുതുവത്സരാശംസകള്‍”

സ്നേഹപൂര്‍വ്വം മാണിക്യം

ജെപി. said...

മാണിക്യചേച്ചീ
അഭിനന്ദങ്ങള്‍ക്ക് ഒരായിരം നന്ദി.
പാറുകുട്ടി ഇനിയും ഒരു പാട് ലക്കങ്ങളുണ്ട്.
തെറ്റുകളും മറ്റുമുണ്ടെങ്കില്‍ ചൂണ്ടികാണിക്കാന്‍ മറക്കരുത്.
ഞാനൊരു അമേച്ചര്‍ എഴുത്തുകാരനാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ച്ചക്ക് അനിവാര്യമാണ്.
WISH YOU AND YOUR FAMILY A VERY HAPPY AND PROSPEROUS LIFE.

J said...

മാഷെ നവവത്സരാംശസകള്‍
ഈ പാറുകുട്ടി വളരെ നന്നാവുന്നുണ്ട്..
എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. തനി നാട്ടിന്‍ പുറം മനസ്സില്‍ തെളിയുന്നു.
ആരാ മാഷെ ഈ പാറുകുട്ടി. ഉണ്ണ്യേട്ടന്‍ സാറു തന്നെയെന്ന നിഗമനത്തിലാണ് എന്റെ മക്കള്‍.
അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ.

SreeDeviNair said...

ജെ.പി സര്‍,

നവവത്സരത്തില്‍
സന്തോഷത്തിന്റെ,
ഒരായിരംനവകുസുമങ്ങള്‍
പുഞ്ചിരിയുമായിമുന്നില്‍
നിരന്നുനില്‍ക്കാന്‍ഈശ്വരന്‍.
സഹായിക്കട്ടെ...

സസ്നേഹം,
ശ്രീദേവിനായര്‍.

മാളൂ said...

ഉണ്ണിയേട്ട്ന്‍ ആളു കൊള്ളാല്ലൊ.. ആകെ മൊത്തം ഒരു മൂശേട്ടാ!!
[ശരിക്കും പെരുപ്പിച്ച് കാണിക്കുന്ന
‘കറ്റ്’ ഇല്ല ഉണ്ണിയേട്ടന്‍]
ഹും ! മോങ്ങാന്‍ ഇരിക്കുന്ന പാറുക്കുട്ടി
എന്തിനാ ചുമ്മ കരയുന്നേ അതു കൊണ്ടാ ഉണ്ണ്യേട്ടന്‍ ഇത്ര മൂച്ചെടുക്കുന്നത്
ഈ ആറ്റിട്യൂടും കൊണ്ട് ഇന്ന് ഒരു പെണ്ണിനും ജീവിക്കാന്‍ പറ്റില്ല,
വിവേകത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും
പ്രാപ്തരാവണം പെണ്‍ കുട്ടികള്‍ .

“കണ്ണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച് ആ കാവ്യഭാവനയുടെ കാലം ഒക്കെ പോയി.”
കരഞ്ഞു കാണിച്ചാല്‍ ആരുടെയും മനസ്സലിയില്ല ഇന്ന്,
മാത്രമല്ല് ‘ഛേ! കഴിവുകെട്ടവള്‍ ’
എന്ന് കരുതും അത്ര തന്നെ!
തൊട്ടാവടികള്‍ക്കുള്ളതല്ല ഇന്നത്തെ ലോകം..
ഏതായലും കഥ നന്നാവുന്നു !വരട്ടെ ബാക്കി കൂടി മുഴുവന്‍ വായിച്ചിട്ട് ..
വിമര്‍ശനം ആവാം.. അതല്ലേ നല്ലത് ?

വിജയലക്ഷ്മി said...

Tthngalkkum kudumbathhinum ,Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"thudarkatha nannaayrikkunnu...aduthha bhaagam vegam pratheekshikkunnu...
sasneham
vijayalakshmi.

ബിന്ദു കെ പി said...

പാ‍റുക്കുട്ടി അഞ്ചാം ഭാഗവും വായിച്ചു. എഴുത്ത് കൂടുതൽ കൂടുതൽ നന്നായി വരുന്നുണ്ട് അങ്കിൾ..

ജെപി. said...

ബിന്ദു
പയറ്റിത്തെളിഞ്ഞു എന്ന് പറയുന്ന പോലെ, ഈ പാവം എഴുതി തെളിഞ്ഞുവല്ലേ.
പരാമര്‍ശം കേട്ടതില്‍ വളരെ സന്തോഷം.
എന്നെ ബ്ലൊഗില്‍ കൂടി ഞാനാക്കിയതിന്റെ ഒരു പങ്ക് ബിന്ദുവിനും ഉണ്ടല്ലോ.
ബിന്ദു, മാണിക്യം, സുനില്‍ കൃഷ്ണന്‍, പ്രതിഭ, സന്തോഷ് എന്നിവരുടെ കൂട്ടായ ശ്രമമാണ് ഞാനെന്ന ബ്ലോഗറെ ടെക്നിക്കല്‍ സൈഡില്‍ സഹായിച്ചത്.
മലയാളം തെറ്റുകൂടാതെ എഴുതാന്‍ നിങ്ങളെന്നെ സഹായിച്ചു. ബ്ലൊഗിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാന്‍ എന്നെ ഏറെ സഹായിച്ചത് ബിന്ദു തന്നെ.
ഇപ്പോള്‍ ആശയങ്ങള്‍ക്കൊത്ത് എന്റെ തൂലിക ചലിക്കുന്നു.
ഞാന്‍ എല്ലാവരേയും സ്തുതിക്കുന്നു.
തുടര്‍ന്നും ഉള്ള സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ?
സ്നേഹത്തോടെ
നിങ്ങളുടെ ജെ പി

Sureshkumar Punjhayil said...

Prakashetta.. Comment idan kurachu vaiki... Ashamsakal...!!!