Friday, July 23, 2010

അപ്പുണ്ണി.... ചെറുകഥ.... ഭാഗം 4

മൂന്നാം ഭാ‍ഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/3.html


പാതിരായോടെ വൈദ്യന്മാര്‍ എത്തി. പച്ചമരുന്ന് ഒറ്റമൂലിയരച്ച് നെറ്റിയില്‍ പുരട്ടി. അകത്തേക്ക് സേവിക്കാനും നല്‍കി. പക്ഷെ അകത്തേക്ക് പോയില്ല മരുന്നുകള്‍.

വൈദ്യന്‍ കല്പിച്ചതനുസരിച്ച് സാവിത്രിക്കുട്ടി അപ്പുണ്ണിയെ മടിയില്‍ തലവെച്ച് കിടത്തി. വൈദ്യന്‍ വായില്‍ കയിലും കണ തിരുകി മരുന്ന് ഒഴിച്ച് കുടിപ്പിച്ചു.

നേരം പുലരായപ്പോള്‍ അപ്പുണ്ണി ഞെരങ്ങലോടെ കണ്ണ് തുറന്നു. തലക്കേറ്റ പ്രഹരത്താല്‍ അപ്പുണ്ണിക്ക് സ്ഥലകാ‍ല ബോധമുണ്ടായ പോലെ അനുഭവപ്പെട്ടു കുറച്ച് നേരത്തേക്ക്.

അപ്പുണ്ണി എന്തൊക്കെയോ അവ്യക്തമായി സംസാരിക്കാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ആരോരുമില്ലാത്ത പാപം. ഒരു ഹതഭാഗ്യന്‍. എന്തിനാ ഈശ്വരന്മാരെ എനിക്ക് ഇങ്ങിനെ ഒരു ബുദ്ധി തോന്നിയത്. സന്തോഷവാനായി അവിടെ കഴിഞ്ഞ ഒരു സഹജീവിയെ കഷ്ടപ്പെടുത്തും വിധം ഞാനിങ്ങോട്ട് കൊണ്ടുവന്നല്ലോ.? എന്തൊരു ശിക്ഷയാണ്‍, എന്തൊരു പരീക്ഷണമാണ്‍.

അപ്പുണ്ണി കാലത്തും ഒന്നും കഴിച്ചില്ല. ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. അപ്പുണ്ണിയെ കോഴിക്കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെറ്റിയിലെ ആഴമേറിയ മുറിവുണങ്ങാന്‍ പത്ത് ദിവസം കിടത്തി ചികിത്സിക്കേണ്ടി വന്നു. സാവിത്രി അത്രയും നാള്‍ സ്വന്തം ഭര്‍ത്താവിനെ പരിചരിക്കും വിധം അദ്ദേഹത്തെ നോക്കി.

ആരോഗ്യം തിരിച്ച് കിട്ടിയ അപ്പുണ്ണി കുറേശ്ശെ സംസാരിക്കാന്‍ തുടങ്ങി. അതും സാവിത്രിയോട് മാത്രം.

കിടത്തിചികിത്സയില്‍ അസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടു. അവര്‍ നിലമ്പൂരിലുള്ള വീട്ടിലെത്തി. അപ്പുണ്ണി പഴയതുപോലെ ആരോടും സംസാരിക്കാതെയായി.

എല്ലാ കുട്ടികളേയും അഛന്‍ തിരുമേനി അവരവരുടെ വീട്ടിലേക്കയച്ചിരുന്നു.

മാസങ്ങള്‍ കൊഴിഞ്ഞ് വീണു. അപ്പുണ്ണി അവിടെ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തലക്ക് മുറിവേറ്റതിന്‍ ശേഷം അപ്പുണ്ണിയില്‍ പല മാറ്റങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അയാള്‍ പണ്ടത്തെപ്പോലെ അലസനായിരുന്നില്ല. എന്തെങ്കിലും പണികള്‍ ചെയ്തിരിക്കും. മുറ്റത്തെ ചെടികള്‍ നടുക,പുല്ല് പറിക്കുക്, വിറക് വെട്ടുക അങ്ങിനെ പലതും. അരും ഒരു പണിക്കും നിര്‍ബ്ബന്ധിക്കാറില്ല. കണ്ടറിഞ്ഞ് എല്ലാ പണിയും ചെയ്യും.

വീട്ടില്‍ എന്തു ഒച്ചപ്പാടുണ്ടാക്കിയാലും അയാള്‍ ശ്രദ്ധിക്കാറില്ല. പക്ഷെ സാവിത്രിക്കുട്ടിയെ ആരെങ്കിലും ചീത്ത പറയുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ അപ്പുണ്ണിയുടെ സ്വഭാവം മാറും. അത് പോലെ പശുക്കളെ പട്ടിണിക്കിടുകയോ പശുക്കുട്ടികള്‍ക്ക് പാല്‍ ലഭിക്കാതിരിക്കുകയോ ചെയ്താലും അപ്പുണ്ണിക്ക് ദ്വേഷ്യം വരും.

അപ്പുണ്ണി ഒന്ന് സംസാരിച്ച് കാണാന്‍ അഛന്‍ തിരുമേനി പല വഴിപാടുകള്‍ ചെയ്തു. ജാതിയോ, കുലമോ, യഥാര്‍ഥ പേരോ, ജന്മ നക്ഷത്രമോ ഒന്നുമറിയില്ലെങ്കിലും അപ്പുണ്ണിക്ക് വേണ്ടി സാവിത്രി ആഴ്ചയില്‍ പല ദിവസവും ഉപവാസമനുഷ്ടിച്ചു.

കൊച്ചുകുട്ടികളെ വലിയ ഇഷ്ടമായിരുന്നു അപ്പുണ്ണിക്ക്. സമീപ വീടുകളിലെ കുട്ടികളെ ലാളിക്കാന്‍ പോകും ഇടക്ക്. ഒരു ദിവസം ഒന്നിനെ എടുത്തുംകൊണ്ട് ഇല്ലത്തേക്ക് വന്നത് പരിഭ്രാന്തിയുണ്ടാക്കി. കുറച്ച് കഴിഞ്ഞ് അതിന്റെ അമ്മ വന്ന് എടുത്തോണ്ട് പോയി.

“എന്നോട് ചോദിച്ചിട്ടാ കുട്ടിയെ എടുത്തത് തിരുമേനീ..”

“നില്‍ക്കൂ ശാന്തമ്മേ.. എന്താ അപ്പുണ്ണി ചോദിച്ചത്…? സംസാരശേഷിയില്ലല്ലോ അപ്പുണ്ണിക്ക്..?”

“സംസാരിക്കുമല്ലോ തിരുമേനി..?. അഛന്‍ തിരുമേനിക്ക് അത്ഭുതമായി.“

അങ്ങിനെയിരിക്കേ റേഡിയോവില്‍ ഒരറിയിപ്പ് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപ്പുണ്ണിയെ പോലെ തോന്നിക്കുന്ന ഒരാളെ നാല്‍ വര്‍ഷമായി കാണാനില്ലാ എന്ന്.

ആരാണ്‍ കൃത്യമായി കേട്ടതെന്നറിയാന്‍ അഛന്‍ തിരുമേനി ശങ്കുണ്ണ്യായരെ വായനശാലയിലേക്ക് അയച്ചു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളുമായി മനയിലെത്തി ഉടന്‍ അയാള്‍.

“എന്താ വല്ലതും അറിഞ്ഞോ നായരേ..?
“ഉവ്വ് തമ്പ്രാനേ…”

“ന്താന്നാച്ചാല്‍ പറയൂ… കേള്‍ക്കട്ടെ..! “

അവര്‍ പറഞ്ഞ ശരീരപ്രകൃതിയനുസരിച്ച് ആള്‍ ഇത് തന്നെ. പക്ഷെ യോജിക്കാത്തതാണ്‍ കേട്ട മറ്റു വിഷയങ്ങള്‍. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി മുതലായ ഭാഷകളും അനായാസേന സംസാരിക്കുമത്രേ.. വാഹനങ്ങള്‍ ഓടിപ്പിക്കുമെന്നും ഒരു കണ്ണിന്‍ കാഴ്ച കുറവാണെന്നും. പിന്നെ തൃശ്ശൂരിന്നടുത്ത ഒരു സ്ഥലത്തിന്റെ പേരിലായിരുന്നു വിളംബരം.

ശങ്കുണ്ണ്യായര്‍ സാവിത്രിക്കുട്ടിയോട് പറഞ്ഞോളൂ പോകുന്നതിന്‍ മുന്‍പ്.

സാവിത്രിക്ക് തീരെ വിശ്വസിക്കാനായില്ല കേട്ടത്. ഒരേ ശരീരപ്രകൃതിയില്‍ പലരും കണ്ടേക്കാം. പക്ഷെ ഇത്രയധികം ഭാഷാസ്വാധീനവും മറ്റുമുള്ള ആളാണെന്ന് ഒരിക്കലും വിശ്വാസയോഗ്യമല്ല. പിന്നെ കാഴ്ചക്കുറവ് അതും ഒരിക്കലും അല്ല..!!

“ശങ്കുണ്ണ്യായരേ… ഏതായാലും നാം കേട്ട വിവരം ആരോടും പറയേണ്ട. ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ തന്നെ ആ പറഞ്ഞ ആള്‍ അപ്പുണ്ണ്യേട്ടനല്ലാ എന്ന് തറപ്പിച്ചങ്ങ് പറഞ്ഞോളൂ….”

സാവിത്രിക്കുട്ടിയുടെ വ്യാകുലത ശങ്കുണ്ണ്യായരെ അത്ഭുതപ്പെടുത്തി. ഈ കുട്ടിക്ക് ഇതിലെന്ത് കാര്യം. ഈ റേഡിയോ വാര്‍ത്തപ്രകാരം ഈ ആളാണെങ്കില്‍ എന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലവും മറ്റും പിടി കിട്ടിയാല്‍ അവര്‍ വന്ന് കൊണ്ട് പോകില്ലേ…?

അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനാണ്‍ പറഞ്ഞിരിക്കുന്നത്. പിന്നെ രണ്ട് ഫോണ്‍ നമ്പറുകളും പറഞ്ഞിരുന്നു. അഹാരും കുറിച്ചെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.

മനസ്സ് വിഷമിച്ച സാവിത്രിക്കുട്ടി അഛന്‍ തിരുമേനിയുടെ അടുത്തെത്തി..

“അഛാ…”
“എന്താ മോളേ..?”

“എനിക്കെന്റെ അപ്പുണ്ണ്യേട്ടനെ നഷ്ടമാകുമോ..?”

നഷ്ടമാകുന്നത് ഒരു നല്ല കാര്യമല്ലേ മോളേ..? സല്പ്രവര്‍ത്തിയല്ലേ ? ഏതായാലും നമ്മുടെ ഇല്ലത്തേക്ക് ഒരു ഫോണ്‍ കണക്ഷനും റേഡിയോവും തരപ്പെടുത്താന്‍ ശങ്കുണ്ണ്യായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്…

വായനശാലക്കാര്‍ പറഞ്ഞു ഈ പരസ്യം കൂടെക്കൂടെ വരാറുണ്ടത്രെ. അതിനാല്‍ കേട്ടവരാരും ശ്രദ്ധിക്കാറും പ്രതികരിക്കാറും ഇല്ലത്രെ.

ഇനി ശങ്കുണ്ണ്യായര്‍ പോയി തിരക്കിയത് കാരണം അവരെല്ലാം കൂടുതല്‍ ജാഗരൂകരാകും അടുത്ത അറിയിപ്പ് കേള്‍ക്കുന്നത് വരെ. ആളെ കണ്ട് പിടിക്കാനായാല്‍ അവരും ഇതൊരു പുണ്യ്കര്‍മ്മമായി എടുക്കില്ലേ..?

അതിന്നിടക്ക് സാവിത്രിക്കുട്ടി അപ്പുണ്ണിയുടെ കാഴ്ച പരിശോധിക്കാന്‍ കണ്ണാശുപത്രിയില്‍ കൊണ്ട് പോയി. അപ്പോള്‍ റേഡിയോ വാര്‍ത്ത ശരിയാണെന്ന് ബോധ്യമായി. അവിടെ നിന്ന് കണ്ണടക്ക് കുറിച്ച് തരികയും തുള്ളിമരുന്ന് ഒഴിക്കാനും ഉപദേശിച്ചു.

സാവിത്രിയുടെ ഉള്ളില്‍ കരിനിഴല്‍ പരന്ന് തുടങ്ങി. സാവിത്രി അപ്പുണ്ണിയേയും കൂട്ടി അവരുടെ തലശ്ശേരിയിലുള്ള അമ്മാത്തേക്ക് താമസം മാറിയാലോ എന്ന് കൂടി ആലോചിച്ചു. പക്ഷെ അതിനൊന്നും അഛന്‍ തിരുമേനി സമ്മതിച്ചില്ല.

മകളുടെ ഉള്ളം അറിഞ്ഞ അഛന്‍ തിരുമേനിക്ക് ചില കാര്യങ്ങളില്‍ തന്റെ വിശ്വ്സ്ഥനായ ശങ്കുണ്ണി നായരുടെ അഭിപ്രായം ആരാഞ്ഞു.

“ശങ്കുണ്ണ്യായരേ..?“
“അടിയന്‍.”

“താനെന്റെ കൂടെ കൂടിയിട്ട് എത്ര നാളായി..?”
“എന്തേ തമ്പ്രാന്‍ ഇപ്പോള്‍ ഇങ്ങിനെയുള്ള ഒരു ചോദ്യം…?”

“എനിക്ക് വയസ്സേറെയായില്ലേ.? പോകാനുള്ള സമയമായെന്ന് ഒരുതോന്നല്‍ “
“അതൊന്നും നമ്മുടെ കയ്യിലല്ലോ അങ്ങുന്നേ. അതെല്ലാം ദൈവനിശ്ചയമല്ലേ..?”

“എടോ നായരേ.. ഞാന്‍ ഇല്ലാതാകുന്നതിന്‍ മുന്‍പ് എന്റെ സാവിത്രിക്കുട്ടിക്ക് ഒരു അന്തിത്തുണ കണ്ടുപിടിക്കണം. എന്നിട്ട് വേണം എനിക്ക് കണ്ണടക്കാന്‍…”

“ഞാനൊന്ന് ചോദിച്ചോട്ടെ നായരേ..?”
പറഞ്ഞോളൂ.. ഞാന്‍ കേള്‍ക്കാം…

“നമ്മുടെ അപ്പുണ്ണിയെക്കൊണ്ട് സാവിത്രിക്കുട്ടിക്ക് സംബന്ധം ചെയ്യിപ്പിച്ചാലോ..?”
“അത് വേണോ തമ്പ്രാനേ..?” അപ്പുണ്ണിയുടെ ജാതിയോ കുലമോ ഒന്നുമറിയില്ലല്ലോ നമുക്ക്…?”

“എടോ നായരേ.. ഭഗവാന്‍ ശ്രീകൃഷ്ണ ദാസനാണ്‍ അപ്പുണ്ണി. കൃഷ്ണന്റെ കുലമായിട്ട് നാം അപ്പുണ്ണിയെ സങ്കല്പിച്ച് സ്വീകരിക്കാം.അല്ലെങ്കിലും ഈ മനപ്പൊരുത്തമല്ലേ നമുക്ക് പ്രധാനം. ജാതിക്കും കുലത്തിനൊന്നും അവിടെ സ്ഥാനമില്ല എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നതും പഠിച്ചിരിക്കുന്നതും…”

ഞാന്‍ ആ വഴിക്ക് ചിന്തിച്ചില്ല തമ്പ്രാനേ. എന്നാല്‍ തമ്പ്രാന്‍ പറഞ്ഞ പോലെ നമുക്കാലോചിക്കാം.

“ഒരു സംശയം അങ്ങുന്നേ..?”
പറയൂ നായരേ.

“ഈ പറഞ്ഞ സംഗതിക്ക് സാവിത്രിക്കുട്ടി സമ്മതിക്കുമോ..?
“നൂറ് വട്ടം… മകളുടെ മനസ്സ് പിതാവ് വായിച്ച് കഴിഞ്ഞു…”

അപ്പുണ്ണി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നെങ്കില്‍ എന്റെ മോള്‍ ഇതിന്നകം ഗര്‍ഭം ധരിച്ചേനേ..!

“അപ്പോ അപ്പുണ്ണിയുടെ സമ്മതം..?!”

അവന്റെ സമ്മതം നമ്മള്‍ രണ്ട് പേരുമല്ലേ മൂളേണ്ടത്..?

“ശരി തമ്പ്രാന്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ നടക്കട്ടെ..”

എന്നാല്‍ നായരേ… നമുക്ക് ചടങ്ങുകളൊന്നും വേണ്ട. വായ്കുരവയും പന്തലും സദ്യവട്ടങ്ങളൊന്നും ഇല്ല.

നല്ല ദിവസം നോക്കി തെക്കിണിയില്‍ പത്മമിട്ട് ഭഗവതീ സേവ നടത്തിയതിന്‍ ശേഷം, കുടുംബ പരദേവതകളെ ധ്യാനിച്ച് ഭഗവാന്‍ കൃഷ്ണനെ സാക്ഷിയാക്കി നമ്മള്‍ രണ്ട് പേരും കൂടി അപ്പുണ്ണിയെ സാവിത്രിയുടെ അറയിലാക്കി വാതിലടക്കാം.

“പിന്നെയെല്ലാം ഭാഗ്യം പോലെ വരും…”

തിരുമേനി പറഞ്ഞ കാര്യങ്ങളും ദിവസവും മറ്റു കാര്യങ്ങളും ശങ്കുണ്ണിനായരുടെ ഭര്യ മുഖാന്തിരം സാവിത്രിക്കുട്ടിയെ മനസ്സിലാക്കി.

അഛന്‍ തിരുമേനിയുടെ കണക്ക് തെറ്റിയില്ല. മകള്‍ക്ക് പൂര്‍ണ്ണ സമ്മതം. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് അഛന്‍ തിരുമേനി വേണ്ടപ്പെട്ടവരെയെല്ലാം ഈ കാര്യം അറിയിച്ചു. ആരും ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായി.

++
ഒരു മാസത്തിന്‍ ശേഷം അഛന്‍ തിരുമേനി വീട്ടുകാരേയും അയലത്തുകാരേയും വിളിച്ച് കല്യാണസദ്യ ഒരുക്കി. അപ്പുണ്ണിയേയും സാവിത്രിക്കുട്ടിയേയും കൊണ്ട് വന്ന് കൊച്ച് പന്തലില്‍ ഇരുത്തി. എല്ലാവരും അനുഗ്രഹിച്ചു.

ഒന്നും അറിയാത്തവനെപോലെ അപ്പുണ്ണി സാവിത്രിയുടെ കൂടെ ഇരുന്നു. അങ്ങിനെ അപ്പുണ്ണി സാവിത്രിക്കുട്ടിയുടെ സംബന്ധക്കാരനായി.

മാസങ്ങള്‍ കഴിഞ്ഞു. സാവിത്രിക്കുട്ടിയുടെ മാസക്കുളി തെറ്റിയെന്ന വാര്‍ത്ത കാതോര്ത്തിട്ടാണ്‍ സാവിത്രിക്കുട്ടിയുടെ പിതാവ് ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുക.

പക്ഷെ ഒരിക്കലും ഒരു വാര്‍ത്ത കേള്‍ക്കാനായില്ല. സാവിത്രിക്കുട്ടിയുടെ സ്നേഹപരിചരണം കൊണ്ട് അപ്പുണ്ണി കൂടുതല്‍ പഴയ കാലങ്ങള്‍ ഓര്‍ത്ത് തുടങ്ങി. സാവിത്രിക്കുട്ടിയോട് മാത്രം എന്തെങ്കിലും സംസാരിക്കുമെന്നായി.

“എല്ലാം ഭഗവാന്‍ കൃഷ്ണന്റെ കടാക്ഷം.. സാവിത്രിക്കുട്ടി നെടുവീര്‍പ്പിട്ടു..”

അഛന്‍ തിരുമേനിയുടെ നിര്‍ബ്ബന്ധപ്രകാരം ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ അപ്പുണ്ണിയേയും കൊണ്ട് യാത്രയായി.

അവര്‍ക്ക് അമ്പലത്തില്‍ പഴയ കഴകക്കാരേയും മേല്‍ശാന്തിയേയും മ്റ്റു ജീവനക്കാരേയും കാണാനായില്ല.

അപ്പുണ്ണി കുറച്ച് നേരം പണ്ട് ഇരുന്ന അതേ സ്ഥാനത്ത് പോയി ഇരുന്നു. ക്ഷേത്രത്തില്‍ ഇന്ന് കിട്ടിയ വെള്ള നിവേദ്യം വാങ്ങിക്കഴിച്ചു. കൂടെ സാവിത്രിയും പരിവാരങ്ങളും ഉണ്ടെന്നും ഒന്നും അപ്പുണ്ണി അറിയുന്നില്ല.

സന്ധ്യക്ക് അമ്പലക്കുളത്തില്‍ നീന്തി മുങ്ങിക്കുളിച്ചു. ഈറന്‍ മാറാന്‍ പഴയ സ്ഥലത്ത് ഉണങ്ങാനിട്ടിരുന്ന തുണി അന്വേഷിച്ചു അപ്പുണ്ണി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മുന്‍പ് ഉണങ്ങാ‍നിട്ടിരുന്ന തുണിയാണ്‍ അപ്പുണ്ണി അന്വേഷിച്ചിരുന്നത്.

കുളക്കരയില്‍ ഉള്ള കച്ചവടക്കാര്‍ അപ്പുണ്ണിയെ തിരിച്ചറിഞ്ഞു. അതിലൊരാള്‍ ഇറങ്ങിവന്നു.

“എവിടെയായിരുന്നു അപ്പുണ്ണീ ഇത്രയും നാള്‍? എന്നെ മറന്നുവല്ലേ..?”
അപ്പുണ്ണി ഒന്നും ഉരിയാടാതെ കടയിലെത്തി കൈ നീട്ടിക്കാണിച്ചു.

കടയുടമസ്ഥന്‍ അപ്പുണ്ണിയുടെ കയ്യില്‍ രണ്ട് കദളിപ്പഴം, ഭഗവാന്‍ നേദിച്ച വെണ്ണയും നല്‍കി.

വെണ്ണയും പഴവും കഴിച്ച അപ്പുണ്ണി കുളത്തിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള തോട്ടില്‍ കൂടി നടന്ന് ഒരു നമ്പൂതിരി ഇല്ലത്തിന്റെ മുറ്റത്തെത്തി. കൂടെ സാവിത്രിയും കൂട്ടരും ഉണ്ടായിരുന്നെങ്കിലും അവര്‍ തോട്ടില്‍ തന്നെ നില കൊണ്ടു.

അപ്പുണ്ണി അവിടെ കുറച്ച് നേരം ഇരുന്നതിന്‍ ശേഷം ഒരു സ്ത്രീ ഇറങ്ങിവന്നു.

“എവിടാരുന്നു അപ്പുണ്ണീ ഇത്രനാളും . ഇന്ന് നീ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നാണ്‍ അദ്ദേഹത്തിന്റെ ശ്രാ‍ര്‍ദ്ധം. അവര്‍ അപ്പുണ്ണിയെ ശ്രാര്‍ദ്ധമൂട്ടി.”

അപ്പുണ്ണി തോട്ടിലൂടെ യാത്ര തുടര്‍ന്നു. അങ്ങിനെ മമ്മിയൂറ് അമ്പലമുറ്റത്തെത്തി. ഭഗവാനെ വണങ്ങിയതിന്‍ ശേഷം ആലത്തറയില്‍ കിടന്ന് വിശ്രമിച്ചു.

സാവിത്രിയും പരിവാരങ്ങളും എത്ര നിര്‍ബ്ബന്ധിച്ചിട്ടും തിരിച്ച് പോകാനൊരുങ്ങിയില്ല. അതിലിടക്ക് ഏതാണ്ട് 8 വയസ്സിന്‍ താഴെയുള്ള രണ്ട് ഉണ്ണി നമ്പൂതിരിമാര്‍ പട്ടുകോവണവുമുടുത്ത് അപ്പുണ്ണിയെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചു.

അപ്പുണ്ണി അവരെ മടിയിലിരുത്തി കൃഷ്ണനാമം പാടാന്‍ തുടങ്ങി..
“അച്ചുതം കേശവം രാമനാരായണം……………”

നാമജപം കേട്ട് സാവിത്രിക്കുട്ടി കോരിത്തരിച്ചു. കൂടെയുണ്ടായിരുന്ന പരിവാരങ്ങളും.

“കൃഷ്ണാ ഗുരുവായൂരപ്പാ…… ഭക്തവത്സലാ…. കാരുണ്യമൂര്‍ത്തേ……….”
എനിക്ക് വിശ്വസിക്കാനാവുന്നില്ല.. എനെ അപ്പുണ്ണ്യേട്ടന്‍ സംസാരിക്കുന്നു. എനിക്ക് ഇതിലധികം സന്തോഷം വേറെ ഒന്നുമില്ല ഭഗവാനേ…

അതിലിടക്ക് മടിയിലിരുന്ന ഉണ്ണി നമ്പൂതിരിമാര്‍ എങ്ങോ ഓടി മറഞ്ഞത് സാവിത്രിക്കുട്ടി ശ്രദ്ധിച്ചില്ല. സാവിത്രിക്കുട്ടി എത്ര നിര്‍ബ്ബന്ധിച്ചിട്ടും അയാള്‍ കൂടെ പോകാന്‍ വിസമ്മതിച്ചു. പിടിവിലി കണ്ട രണ്ട് അന്തര്‍ജനങ്ങള്‍ ഓടിയെത്തി.

“എന്താ കുട്ടീ ഈ കാണിക്കണ്‍. എന്തിനാ ആ പാവത്തിനെ പിടിച്ച് വലിക്കുന്നത്…?”
ഗുരുവായൂരപ്പന്റെ ഇഷ്ടദാസനാ. പെട്ടെന്ന് വലിച്ചാലൊന്നും പോരില്ല. സ്നേഹത്തോടെ വിളിച്ച് നോക്കൂ… ഏട്ടന്‍ വരും….”

“അല്ലാ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങള്‍ എവിടേക്കാ അപ്പുണ്ണിയെ കൊണ്ട് പോകുന്നത്..? ആരാണീ നിങ്ങള്‍..? നിങ്ങള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണ്‍ ഭാവമെങ്കില്‍ ഞാന്‍ കഴകക്കാരെ വിളിക്കും.. അന്തര്‍ജനം സാവിത്രിക്കുട്ടിയെ ഭീഷണിപ്പെടുത്തി……..”

സാവിത്രിയും കൂട്ടരും ചുരുങ്ങിയ വാക്കില്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും അന്തര്‍ജനത്തിന്‍ എന്തോ സംശയം പോലെ തോന്നി.

അപ്പോഴേക്കും ഉണ്ണി നമ്പൂതിരിമാരും അവരുടെ അമ്മമാരും രംഗത്തെത്തി. അപ്പുണ്ണിമാമയെ വിട്ട് തരില്ലായെന്നും ഞങ്ങള്‍ ഞങ്ങളുടെ ഇല്ലത്തേക്ക് കൊണ്ട് പോകയാണെന്നും പറഞ്ഞു..

“എന്തൊരു കഷ്ടമായി കൃഷ്ണാ.. ആര്‍ക്കൊക്കെ വേണം അപ്പുണ്ണ്യേട്ടനെ.. അപ്പുണ്ണ്യേട്ടനാണെങ്കില്‍ കുട്ടികളുടെ കൂടെ പോകാന്‍ തയ്യാറും……”

സാവിത്രിക്കുട്ടി അപ്പുണ്ണിയെ ഒരു വിധം അവിടെ നിന്ന് മോചിപ്പിച്ച് കൊണ്ട് പോന്നു. അവര്‍ പടിഞ്ഞാറെ നടയില്‍ കൂടി കുളവും പരിസരവും കാണിക്കാതെ അമ്പലത്തിന്റെ തെക്കേ ഭാഗത്തുകൂടി കിഴക്കേ നടയിലെത്തിച്ചു. പോകുന്ന വഴിയില്‍ തെക്കെ കുളത്തിലിറങ്ങാ‍ന്‍ സാവിത്രി തടഞ്ഞത് അപ്പുണ്ണിക്ക് തീരെ ഇഷ്ടമായില്ല…

“നടാ‍ടെയാണ് അപ്പുണ്ണിയുടെ മുഖം കറുത്ത് കാണുന്നത് സാവിത്രിയും കൂട്ടരും. അവര്‍ കിഴക്കേ നടയിലെത്തിയപ്പോള്‍ വഴിയരികിലുള്ള ഒരു സ്റ്റേഷനറി കടയിലേക്ക് ഓടിക്കയറി അപ്പുണ്ണി. ഒരു വയസ്സന്റെ മുന്നില്‍ ചെന്നു.“

“എവിടാരുന്നൂ അപ്പുണ്ണി നീ. ഞങ്ങളൊക്കെ വിചാരിച്ചു നീയ്യ് ഈ ദേശം വിട്ട് പോയെന്ന്. മേല്‍ ശാന്തിയദ്ദേഹം തീപ്പെട്ടുവെന്നറിഞ്ഞില്ലേ നീയ്യ്…”

അപ്പുണ്ണിയുടെ നയനങ്ങള്‍ നനഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു..

അപ്പുണ്ണി പോകാനൊരുങ്ങി.

“അപ്പുണ്ണീ നിക്കാ അവിടെ.. മേല്‍ ശാന്തിയദ്ദേഹം ഒരു സാധനം നിനക്ക് വേണ്ടി ഇവിടെ തന്നേല്പിച്ചിട്ടുണ്ട്.”

[തുടരും]

അടിക്കുറിപ്പ് :: എല്ലാ തവണത്തെപ്പോലെയും ഇപ്പോഴും അക്ഷരത്തെറ്റുകളുണ്ട്. പ്രധാനമായും. <ണ്> എന്ന് കാണുകയില്ല.അതിന് പകരം <ണ്‍> എന്നാണ് കാണുക. അത് പോലെയുള്ള മറ്റു അക്ഷരങ്ങളും. വേഡ് ഫോര്‍മാറ്റില്‍ എഴുതി കോപ്പി ചെയ്യുമ്പോളാണ് അങ്ങിനെ വരുന്നത്. അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ എഡിറ്റ് ചെയ്യാന്‍ പറ്റൂ..
അങ്ങിനെ വരാതിരിക്കുവാന്‍ എളുപ്പ വിദ്യ എന്തെങ്കിലും ഉണ്ടെങ്കില്‍ ബ്ലൊഗ് വെറ്ററന്മാര്‍ പറഞ്ഞ് തന്നാല്‍ ഉപകാരമായിരിക്കും


2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പാതിരായോടെ വൈദ്യന്മാര് എത്തി. പച്ചമരുന്ന് ഒറ്റമൂലിയരച്ച് നെറ്റിയില് പുരട്ടി. അകത്തേക്ക് സേവിക്കാനും നല്‍കി. പക്ഷെ അകത്തേക്ക് പോയില്ല മരുന്നുകള്.

വൈദ്യന്‍ കല്പിച്ചതനുസരിച്ച് സാവിത്രിക്കുട്ടി അപ്പുണ്ണിയെ മടിയില് തലവെച്ച് കിടത്തി. വൈദ്യന്‍ വായില് കയിലും കണ തിരുകി മരുന്ന് ഒഴിച്ച് കുടിപ്പിച്ചു.

Sukanya said...

ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍.