എനിക്കേറ്റവും കൂടുതല്‍ കൂട്ടുകാരുള്ളത് അമ്പലമുറ്റത്താണ്. അമ്പലമെന്ന് പറഞ്ഞാല്‍ ഏത് അമ്പലമാണെന്നറിയാമോ?
അച്ചന്‍ തേവര്‍ ശിവക്ഷേത്രം. കൂര്‍ക്കഞ്ചേരി. ഞാന്‍ പലവട്ടം പറഞ്ഞതാണ് ഈ അമ്പലത്തിനെപറ്റി. തൃശ്ശൂര്‍ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂര്‍ റൂടില്‍ രണ്ടാമത്തെ സ്റ്റോപ്പായ തങ്കമണി കയറ്റത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഒരു ലിങ്ക് തരാം ഇപ്പോഴോ, പിന്നീടോ അത് ക്ലിക്കിയാല്‍ കൂടുതല്‍ വിശേഷങ്ങളറിയാം.
എന്റെ പുതിയ കൂട്ടുകാരികളാണ് ആദിത്യയും അക്ഷയയും. ഇവര് വൈകിട്ട് ട്യൂഷന് കഴിഞ്ഞ് ഈ വഴിക്കാണ് വരിക. ഒരു ദിവസം ഞാന് അവരെ പിടിച്ച് നിര്‍ത്തി ദീപാരാധന കഴിയും വരെ.
രാമായണം വായിച്ച് കഴിഞ്ഞ് അവില് ശര്‍ക്കര പഴം എന്നിവ കൂട്ടിക്കുഴച്ച നിവേദ്യം കൊടുത്തു. പിന്നെ ഹനുമാന് സ്വാമിക്ക് നിവേദിച്ച വടയും. അവരെ ഞാന് ആദ്യം കണ്ട ദിവസം മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു. അതിനാല് ഗണപതിക്ക് നിവേദിച്ച ഉണ്ണിയപ്പവും കൊടുത്തു. കുട്ടികള്‍ക്ക് സന്തോഷമായി.
നിഷ്കളങ്കമായ ചിരിയാണവരുടേത്. അവര്‍ എന്നും വന്ന് തുടങ്ങി. ഞാന്‍ ഇന്നെലെ അയല്‍ക്കാരി ബ്ലുഫിയുടെ മന:സ്സമ്മതം പ്രമാണിച്ച് അവളുടെ വീട്ടിലായിരുന്നു. ഞാന്‍ ഇന്നെലെ വരാത്ത കാരണം ഇവര്‍ അന്വേഷിച്ചിരുന്നു. ഞാന്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രസാദം ലഭിക്കും. ചിലപ്പോള്‍ എന്റെ ഓഹരിയില്‍ നിന്നും അല്പം ഇവര്‍ക്ക് കൊടുക്കും.
ഇന്നെലെ ഞാന്‍ ഇവരുമായി കളിക്കുന്നത് കണ്ട് പത്മജ ടീച്ചര്‍ പറഞ്ഞു.
“പറ്റിയ കൂട്ടുകാര്‍. സമപ്രായക്കാര്‍..!!”
ടീച്ചര്‍ക്കറിയില്ല നമുക്ക് കിട്ടുന്ന ആനന്ദം ഇവരുമായി ഇടപെഴകുമ്പോള്‍. ഈ ടീച്ചര്‍മാര്‍ ചിലര്‍ക്ക് കുട്ട്യോളെ തല്ലിയിട്ടാ ആനന്ദം കിട്ടുക. പത്മജ ടീച്ചര്‍ ഏത് വകുപ്പിലായിരുന്നു എന്ന്‍ എനിക്കറിയില്ല. ഞാനീ നാട്ടില്‍ കുടിയേറിപ്പാര്‍ത്തതല്ലേ?
ഇവിടെ ഈ നാട്ടില്‍ പൂര്‍വ്വീകരായി താമസിക്കുന്നവര്‍ വിരളം. മിക്കവരും എന്നെപ്പോലെ പലയിടത്തുനിന്നും വന്ന് ചേര്‍ന്നവര്‍. എന്റെ അമ്പലത്തട്ടകം ഇതല്ല. എന്റെ ഒന്നാം ഭാര്യ ബീനാമ്മ പറയും “ നമ്മുടെ തട്ടകത്തിലെ ക്ഷേത്രം വെളിയന്നൂര്‍ ഭഗവതിയാണ്”. പക്ഷെ ഞാന്‍ മിക്കപ്പോഴും ഇവിടെയാണ് വരിക. അവള്‍ പണ്ട് ഇവിടെയും വന്നിരുന്നു. ഇവിടെ കാലില്‍ ചരല്‍ കുത്തുന്നുവെന്ന് പറഞ്ഞാണ് ഇവിടെ വരാതായത് അവള്‍.
പിന്നെ അവള്‍ക്ക് കുട്ട്യോളെ ഇഷ്ടമില്ല. രണ്ടെണ്ണത്തിനെ എനിക്ക് വേണ്ടി പെറ്റുവെന്ന് മാത്രം. ഒരു യന്ത്രത്തിനെപ്പോലെ. രണ്ടിനേയും നോക്കി വലുതാക്കിയത് ഞാനാ. കാലത്ത് ഓഫീസില്‍ പോകുന്നതിന് മുന്‍പ് കുളിപ്പിച്ച് സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതും കൂടി എന്റെ പണിയായിരുന്നു.
അവര്‍ കിടക്കുന്നതും കളിക്കുന്നതും യാത്രപോകുന്നതും എല്ലാം എന്റെ കൂടെ. രണ്ട് മൂന്നെണ്ണത്തിനേയും കൂടി പെറാന്‍ ഞാന്‍ അവളോട് പറഞ്ഞതാണ്. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. അവളാള് വലിയ സൂത്രക്കാരിയാണ്. അധികം പെറ്റാല്‍ ഗ്ലാമറ് പോകുമത്രേ?
അവള്‍ അവളുടെ തള്ളയുടെ നാലാമത്തെ സന്താനമാണ്. അവളുടെ അമ്മ ആറെണ്ണത്തിനെ പെറ്റു. അവളുടെ തള്ളയുടെ ഭംഗി അവള്‍ക്കോ അവളുടെ മൂന്ന് സഹോദരിമാര്‍ക്കോ ഇല്ല.
ഇവള്‍ക്ക് ഇപ്പൊളും പണ്‍ടും ഒരു ഗ്ലാമറും ഇല്ല. പിന്നെ കുട്ട്യോളെ പെറാന്‍ ഒന്നിനെ വേണമല്ലോ എന്നോര്‍ത്താ ഇവളെ ഞാന്‍ കെട്ടിയത്. പിന്നെ അടുക്കളപ്പണിക്കും. ഞാന്‍ ഇവളെ കാറോടിക്കാനും, ഡാന്‍സ് ചെയ്യാനും, തുണിയലക്കാനും, കുക്ക് ചെയ്യാനും എല്ലാം പഠിപ്പിച്ചു. ലോകം മുഴുവന്‍ കറങ്ങാന്‍ പോകുമ്പോള്‍ കൊണ്ടോയി. പക്ഷെ ഇവള്‍ക്ക് ഇപ്പോള്‍ പിള്ളേര്‍ മാത്രം മതി. അവറ്റകള്‍ക്ക് കുട്ട്യോളും കൂടി ആയപ്പോള്‍ ഈ തന്തയെ അവള്‍ക്ക് വേണ്ടത്രെ !!!
ഹൂം… നീ പൊയ്ക്കോ… എന്റെ രണ്ടാം ഭാര്യ ആനന്ദവല്ലിയുണ്ട് ഈ വീട്ടില്‍ തന്നെ. അത് അവള്‍ക്കും എനിക്കും മാത്രമറിയാവുന്ന മറ്റൊരു രഹസ്യം..
നാം കുട്ട്യോളുടെ കഥ പറഞ്ഞ എങ്ങോട്ടോ പോയി. ഈ കുട്ടന്‍ മേനോന്‍ പറയും. “പ്രകാശേട്ടാ ഈ പോസ്റ്റുകളൊക്കെ എഴുതിക്കഴിഞ്ഞ് പബ്ലീഷ് ചെയ്യുന്നതിന് മുന്‍പ് ഒന്ന് എഡിറ്റ് ചെയ്യ്” എന്നിട്ട് മതി കസര്‍ത്തുകളൊക്കെ. ഇങ്ങനെ ചറപറാ എന്നെഴുതിയാല്‍ ആരും വായിക്കില്ല.
“കുട്ടന്‍ മേനോന്‍ അസൂയയാണ്“ അല്ലെങ്കില്‍ ഒരോ ഓഫീസില്‍ മുഖാമുഖം ഇരിക്കുമ്പോള്‍ ഇതൊക്കെ ഒന്ന് എഡിറ്റ് ചെയ്ത് തന്നുകൂടെ. ഒന്നുമില്ലെങ്കിലും എന്നെക്കാളും മുപ്പത് വയസ്സ് ഇളയതല്ലേ ആ ചെക്കന്‍. അയാള്‍ക്കാണെങ്കില്‍ വീട്ടില്‍ ഒരു പണിയും ഇല്ല. വീട്ടുകാര്യങ്ങളെല്ലാം പെണ്ണും, അപ്പനും അമ്മച്ചിയും കൂടി നോക്കും. ഓഫീസിലാണെങ്കില്‍ എന്നെ ചീത്ത പറയുന്ന പണിയല്ലാതെ ഒരു പണിയും ഇല്ല.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ആള് വലിയ സഹായിയാണ്. ഇവിടുത്തെ പെങ്കുട്ട്യോള്‍ ഹാജരില്ലെങ്കില്‍ പ്രകാശേട്ടന് ചായയും കടിയും ഉണ്ടാക്കിത്തരും. നല്ല ഒരു കുക്കാണ് കുട്ടന്‍ മേനോന്‍. പെണ്ണും പെടക്കോഴിയുമെല്ലാം മാറി നില്‍ക്കും കുട്ടന്‍ മേനോന്റെ അരൂത്ത് നിന്ന്. നളപാചകമെന്നാ അക്ഷരാര്‍ത്ഥത്തില്‍ ഈ കുട്ടന്‍ മേനോനാണ്.
എന്റെ ബീനാമ്മ സ്ട്രൈക്ക് പിടിക്കുമ്പോള്‍ എനിക്ക് വീട്ടില്‍ വന്ന് ഭക്ഷണം ഉണ്ടാക്കിത്തരാമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും ഇത് വരെ ചെയ്ത് തന്നിട്ടില്ല. ഇന്നാള് കുറച്ച് നാരങ്ങാ അച്ചാര്‍ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ട് മോഹിപ്പിച്ചതല്ലാതെ ചെയ്ത് തന്നിട്ടില്ല.
ഒരിക്കല്‍ അയളുടെ വീട്ടില്‍ അയാള്‍ “ഒരു തരം വലിയ നാരങ്ങയുണ്ടല്ലോ?” അതിന്റെ പേര് മറന്നു. അത് ഉണ്ടാക്കിയ വീരസാഹസ കഥകള്‍ പറഞ്ഞു. എനിക്കത് കേട്ടു നാവില് വെള്ളമൂറി. എനിക്ക് ഒരു കുപ്പി കൊണ്ട്ത്തരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ചെറിയ തോതില്‍ തലയാട്ടി. അങ്ങിനെ നടാടെ ഒരു ചെറിയ കുപ്പി” ആ ഇപ്പോള്‍ ഓര്‍മ്മ വന്നു ആ നാരങ്ങയുടെ പേര്‍” ….”വടോപ്പുളി നാരങ്ങ “ കൊണ്ട് വന്ന് തന്നു.
കഴിഞ്ഞ ദിവസം എനിക്ക് ചാളക്കൂട്ടാന്‍ കൂട്ടണമെന്ന് കലശലായ മോഹം. എന്റെ കെട്ട്യോളുണ്ടല്ലോ ബീനാമ്മ. അവള്‍ പറയുന്നു. “എനിക് കയ്യില്‍ തരിപ്പും മുട്ട് വരെ വേദനയുമാണ്. ചാള നന്നാക്കാന്‍ പറ്റില്ല.” അതിനാല്‍ തല്‍ക്കാലം ചാളക്കൂട്ടാന്‍ കൂട്ടേണ്ട എന്ന്.
വയസ്സായ അവളുടെ ചിലപ്പോള്‍ ഈ കര്‍ക്കടകത്തില്‍ തട്ടിപ്പോയേക്കാവുന്ന കെട്ട്യോന്റെ ഒരു ആഗ്രഹം സാധിപ്പിച്ച് കൊടുക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.. എന്തൊരു പെണ്ണാണല്ലേ ഇത്. എന്ന് എനിക്ക് തോന്നിപ്പോയി.
അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടന്‍ മേനോന്‍ ഒന്നരക്കിലോ ചാള വെട്ടി കറി വെച്ച മഹാസംഭവം എന്നോട് പറഞ്ഞു. എന്നാല്‍ എന്റ് മേന് ന്നേ “അതില്‍ നിന്ന് ഒരു ചെറിയ ബൌള്‍ ചാളക്കൂട്ടാന്‍ കൊണ്ടത്തരാമോ” എന്ന് ചോദിച്ചപ്പോ കേട്ട മറുപടി ഞാന് ഇവിടെ എഴുതുന്നില്ല. എന്തിന് പറേണൂ അങ്ങിനെ ചാളക്കൂട്ടാന്‍ കൂട്ടാനുള്ള മോഹം മരണമടഞ്ഞു.!
ഇവിടെ ഞങ്ങളുടെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ ചാള, മുള്ളന്‍, വെളൂരി, കൊഴുവ തുടങ്ങിയ ചെറുമീനുകള്‍ വെട്ടിക്കിട്ടുകയില്ല. കാരണം അവര്‍ക്കതിന് നിന്നാല്‍ പിന്നെ ലാഭമുള്ള വലിയ മീനുകളുടെ കച്ചോടം പോകും.
അപ്പോള്‍ എന്നെപ്പോലെത്തെ ഹതഭാഗ്യരായ വയസ്സന്മാരായ സീനിയര്‍ സിറ്റിസണ്മാര്‍ എന്ത് ചെയ്യും. നാട്ടിലെന്റെ പാറുകുട്ട്യോട് പറഞ്ഞാല്‍ അവള്‍ കറി വെച്ച് തൃശ്ശൂരില്‍ കൊണ്‍ടത്തരും. അതിന് ഇവിടുത്തെ എന്റെ പെമ്പറന്നോത്തിക്ക് അതിനെ കണ്ടുകൂട.!
അതിനാല്‍ പ്രിയ സുഹൃത്ത് സുകന്യ പറഞ്ഞപോലെ ശിഷ്ടജീവിതം നയിക്കാം. സുകന്യയെ പിന്നീടൊരിക്കല്‍ പരിചയപ്പെടുത്താം. സുകന്യയോട് ചോദിച്ച് അവരുടെ ലിങ്ക് പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം…
അപ്പോ എന്റെ മേന്‍ ന്നേ എനിക്ക് ഇതൊക്കെ എഡിറ്റ് ചെയ്യാനുള്ള നേരം ഇല്ല. എനിക്ക് എന്റേതായ ഒരു “റൈറ്റിങ്ങ് സ്റ്റൈല്‍“ ഉണ്ട്. ഞാന്‍ ആരേയും അനുകരിക്കാറില്ല. ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതിയെന്ന് ഞാന്‍ പറയുന്നില്ല.
സോക്കേടുകളുടെ ഒരു കൂമ്മ്പാരമാണ് ഈ ജേപ്പി എന്ന ഞാന്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ എഴുതുമ്പോള്‍ മറക്കുന്നു. പണ്ട് ഇങ്ങനെ എഴുതി വെക്കുക മാത്രമാണ് ചെയ്തിരുന്നത്.ഇപ്പോള്‍ ബ്ലൊഗില്‍ പബ്ലീഷാക്കുന്നു.
ചിലര്‍ വായിക്കുന്നു. ചിലര്‍ എത്തിനോക്കുന്നു. ചിലര്‍ ഒന്നും മിണ്ടാതെ പോകുന്നു. എനിക്ക് സന്തോഷമേകാന്‍ അമ്പലമുറ്റത്തുള്ള കുരുന്നുകള്‍ ധാരാളം. പിന്നെ സുകന്യയെ പോലെ കുഞ്ഞൂസും മാണിക്യച്ചേച്ചിയും ബിലാത്തിപ്പട്ടണവും ചിതലും കൈതമുള്ളും മറ്റു കൂട്ടുകാരും കൂട്ടുകാരികളും ഉണ്ട്. വേണമെങ്കില്‍ താനും കൂടെ കൂടിക്കോ. ഒരു പൈന്ഡ് ചില്‍ഡ് ഫോസ്റ്റര്‍ തരാം. നക്കാന്‍ പാറുകുട്ടി ഇട്ട നാരങ്ങാ അച്ചാറും തരാം.
മേല്‍ പറഞ്ഞ കുട്ട്യോളുടെ ഒരു വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. വായനക്കാര്‍ക്കും ഈ അപ്പൂപ്പന്റെ കൂട്ടുകാരായി കൂടാം. അമ്പലമുറ്റത്തോ, വെട്ടിയാട്ടില്‍ മുറ്റത്തോ എവിടെയെങ്കിലും….
അവരുടെ ഒരു വിഡിയോ ക്ലിപ്പ് കാണുക.
6 years ago
5 comments:
എന്റെ പുതിയ കൂട്ടുകാരികളാണ് ആദിത്യയും അക്ഷയയും. ഇവര് വൈകിട്ട് ട്യൂഷന് കഴിഞ്ഞ് ഈ വഴിക്കാണ് വരിക. ഒരു ദിവസം ഞാന് അവരെ പിടിച്ച് നിര്‍ത്തി ദീപാരാധന കഴിയും വരെ. രാമായണം വായിച്ച് കഴിഞ്ഞ് അവില് ശര്‍ക്കര പഴം എന്നിവ കൂട്ടിക്കുഴച്ച നിവേദ്യം കൊടുത്തു. പിന്നെ ഹനുമാന് സ്വാമിക്ക് നിവേദിച്ച വടയും. അവരെ ഞാന് ആദ്യം കണ്ട ദിവസം മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു. അതിനാല് ഗണപതിക്ക് നിവേദിച്ച ഉണ്ണിയപ്പവും കൊടുത്തു.
video clip being uploaded. it may take little time, in case not seen now,pls c later
നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു... ആശം സകൾ
പുതിയ കൂട്ടുകാര്‍ കൊള്ളാലോ പ്രകാശേട്ടാ.....
വിഡിയോ ക്ലിപ്പ് ഇപ്പോള്‍ കാണാം. വീട്ടില്‍ ബാന്‍ഡ് വിഡ്ത്ത് കുറവായതിനാല്‍ പബ്ലീഷ് ചെയ്യാന്‍ സാധിച്ചില്ല.
എല്ലാവരും കാണൂ വിഡിയോ ക്ലിപ്പ്. എന്നും അമ്പലത്തില്‍ വരുന്ന പാവപ്പെട്ട കുട്ടികളാണ് ഇവര്.
അപ്പോൾ ഈ കുട്ടൻ മേനോൻ നളപാചകക്കാരനാണ് അല്ലേ...
Post a Comment