Sunday, August 1, 2010

അഞ്ജനമണി നാഗക്കളം


ഇന്നെല [ആഗസ്റ്റ് 1-2010] തൃശ്ശിവപേരൂര്‍ ലളിതകല അക്കാദമിയില്‍ ഉണ്ടായ കളമെഴുത്ത് മേക്കാട് നാഗമ്മയുംസംഘവും വരച്ച അഞ്ജനമണിനാഗക്കളം ആയിരുന്നു. 7 മണിയാകുമ്പോളെക്കും കളം വരച്ച് കഴിഞ്ഞു. പിന്നീട് പുള്ളുവന്‍ കുടവും, നന്തുണിയും ചേര്‍ത്തി പാടിയ പാട്ട് കര്‍ണ്ണ മനോഹരമായിരുന്നു. നല്ല അക്ഷരസ്ഫുടതയോടുള്ള പാട്ട്. അടുത്ത കാലത്തൊന്നും ഇത്ര ക്ലിയര്‍ ആയി നാഗക്കളം പാട്ടുകള്‍ കേട്ടിട്ടില്ല. പക്ഷെ പാട്ട് അരമണിക്കൂറിലധികം ഉണ്ടായില്ല.

പാട്ടിനെ തുടര്‍ന്ന് രണ്ട് കന്യകകളായ പതിനഞ്ച് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും, പത്ത് വയസ്സിന് താഴ്യുള്ള മറ്റൊരു പെണ്‍കുട്ടിയും, പിന്നെ പത്ത് വയസ്സിന് താഴ്യുള്ള ഒരു ആണ്‍കുട്ടിയുമായിരുന്നു കളത്തില്‍ തുള്ളാന്‍ ഇരുന്നത്.

പക്ഷെ രണ്ട് പെണ്‍കുട്ടികള്‍ മാത്രം തുള്ളി കളം മായ്ച്ചു. കളം പാട്ട് കേട്ട കുട്ടികള്‍ ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് തുള്ളിയത്. ഏതാണ്ട് അഞ്ചൂറ് പേര് കളം കാണാന്‍ എത്തിയിരുന്നു.

ജൂലായ് 21 ന് തുടങ്ങിയ കളമെഴുത്തില്‍ എനിക്ക് എല്ലാ കളങ്ങളും കാണാ‍നായില്ല. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഇന്നെലെത്തെ കളമാണ് മൊത്തം പരിപാടിയുടെ നിലവാരത്തില്‍ എനിക്കിഷ്ടമായത്.

ഞമനേങ്ങാട്ട് എന്റെ തറവാട്ടില്‍ ഞങ്ങള്‍ക്ക് സര്‍പ്പക്ക്കാവ് ഉണ്ട്. പണ്ട് എന്റെ പിതാവ് സിലോണിലും, പാപ്പന്‍ സിംഗപ്പൂരിലും ഉണ്ടായിരുന്ന കാലത്താണ് പതിനാല്‍ ദിവസം നീണ്ട പാമ്പിനാളം [സര്‍പ്പക്കളം] എനിക്ക് കാണാനായത്. അതിന്‍ ഗുരുവായൂരിന്നടുത്തുള്ള കോട്ടപ്പടിയില്‍ നിന്നാണ് പുള്ളുവന്മാര്‍ വന്നിരുന്നത്. ഈ കളം നടക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സോ മറ്റോ കാണും.

കളത്തില്‍ തുള്ളാന്‍ വരുന്ന കന്യകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വൈകിട്ട് ഞങ്ങളുടെ വീട്ടിലായിരുന്നു ഭക്ഷണവും രാത്രിയിലെ താമസവും. ഞമനേങ്ങാട് വട്ടമ്പാടത്തുള്ള ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട് തറയിലെ വീട് എന്നാണ് അറിഞ്ഞിരുന്നത്. ചുറ്റും വട്ടന്‍ കൊയ്യുന്ന പാടം, അതിന്റെ നടുവില്‍ ഏതാണ്ട് പത്ത് ഏക്കര്‍ വരുന്ന ഒരു തറ്യിലായിരുന്നു വീട്.

മുത്തഛന്റെ കാലത്ത് കളരിത്തറ ഉണ്ടായിരുന്നത്രെ. ഏറ്റവും അവസാനമായി കളരി അഭ്യസിച്ചത് ഞാനായിരുന്നു. ഇപ്പോള്‍ കളരിത്തറയോ അഭ്യാസികളോ അവിടെ ഇല്ല. എന്നാലും കടത്താനാട്ടില്‍ നിന്ന് പൊന്നും പണവും ഭൂമിയും തന്ന് സല്‍ക്കരിച്ച് വാഴിച്ച തണ്ടാനായിരുന്നു എന്റെ മുത്തഛന്‍ ചോഴിത്തണ്ടാന്‍.

ഈ തണ്ടാന്റെ മകന്റെ മകനാണ് ഞാന്‍ എന്ന ജെ പി. ഇന്ന് ഞങ്ങളുടെ തറവാട് ജീര്‍ണ്ണിച്ച് അവകാശികളായ പാപ്പന്റെ മക്കള്‍ അതെല്ലാം അന്യാധീനപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സ്വത്തുക്കളല്ലേ അന്യാധീനപ്പെടുള്ളൂ. പക്ഷെ കളരി ദൈവങ്ങളും, പാമ്പിന്‍ കാവ്, രക്ഷസ്സ്, കുടുംബ ദേവതയായ ഭുവനേശ്വരിയും, മുത്തന്‍പ്പന്മാര്‍, ചാത്തന്‍, കരിങ്കുട്ടി എന്നീ ദേവീ ദേവന്മാരെല്ലാം എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നു.

ലളിതകല അക്കാദമിയില്‍ ഞാന്‍ കളം കാണാന്‍ പോകുമ്പോള്‍ ഞാന്‍ എന്റെ ബാല്യം അയവിറക്കാറുണ്ട്. ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും ഐശ്വര്യമായ ഒരു കുടുംബക്ഷേത്രവും, അമ്പലപ്പുരയും, പാമ്പിന്‍ കാവും എന്റെ സ്വപ്നമാണ്.

കുടുംബ പരദേവതകളും, നാഗങ്ങളും എന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ.!!!!

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

പിന്നീട് പുള്ളുവന് കുടവും, നന്തുണിയും ചേര്‍ത്തി പാടിയ പാട്ട് കര്‍ണ്ണ മനോഹരമായിരുന്നു. നല്ല അക്ഷരസ്ഫുടതയോടുള്ള പാട്ട്. അടുത്ത കാലത്തൊന്നും ഇത്ര ക്ലിയര് ആയി നാഗക്കളം പാട്ടുകള് കേട്ടിട്ടില്ല. പക്ഷെ പാട്ട് അരമണിക്കൂറിലധികം ഉണ്ടായില്ല.

പാട്ടിനെ തുടര്‍ന്ന് രണ്ട് കന്യകകളായ പതിനഞ്ച് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും, പത്ത് വയസ്സിന് താഴ്യുള്ള മറ്റൊരു പെണ്‍കുട്ടിയും, പിന്നെ പത്ത് വയസ്സിന് താഴ്യുള്ള ഒരു ആണ്‍കുട്ടിയുമായിരുന്നു കളത്തില് തുള്ളാന് ഇരുന്നത്.

A.FAISAL said...

നന്നായിരിക്കുന്നു...!
സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...!!

പാര്‍ത്ഥന്‍ said...

ഈ നാഗക്കളം ആദ്യമായാണ് കാണുന്നത്. നിറങ്ങളുടെ കൂടിച്ചേരലും രൂപഭംഗിയും അതിശയിപ്പിക്കുന്നു. പക്ഷെ പാരമ്പര്യ രീതിയിലുള്ള നിറങ്ങൾ കൂടാതെ കുങ്കുമം ഉപയോഗിച്ചതായി തോന്നുന്നു. അത് അനുഷ്ഠാന കലയിൽ മായം ചേർക്കലാണ്. കോട്ടപ്പടിയിലെ പുള്ളുവൻ (അപ്പുഞ്ഞൻ & ഫാമിലി) ഇത്തരം കളം വരക്കുന്നത് ഇതുവരെയും കണ്ടിട്ടില്ല. അതിനുള്ള അവസരം അവർക്ക് കിട്ടിക്കാണില്ല.

ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. ഇത്തരം അനുഷ്ഠാന കലകൾ പ്രദർശിപ്പിക്കുന്നത് നല്ലതാണ്. കാവുകളുടെ വിശ്വാസത്തിൽ ചെയ്യുന്ന സർപ്പം തുള്ളൽ പരസ്യമായ വേദികളിൽ അവതരിപ്പിക്കുന്നത് അതിനെ പരിഹസിക്കുന്നതായി തോന്നുന്നു.

poochakanny said...

ഇത്തരം കളങ്ങളുടെ വീഡിയോ കണ്ടിട്ടുണ്ട് നേരിട്ട് കാണുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇത്തവണത്തെ കേരള യാത്രയിലും ആകും എന്ന് തോന്നുന്നില്ല. എപ്പോളെങ്കിലും ആകാം. ചിത്രങ്ങള്‍ ഇവിടെ ഇട്ടതിനും
കുറിപ്പ് ഇട്ടതിനും അങ്കിളിനോട് പ്രത്യേകം നന്ദി.