Thursday, August 5, 2010

മണലാരണ്യത്തില്‍ നിന്നൊരു മാലാഖ


എന്റെ ജീവിതത്തിലെ ധന്യമായ നിമിഷമായിരുന്നു മിനിഞ്ഞാന്ന് [ആഗസ്റ്റ് 3]. ഞാന്‍ വളരെ അധികം സന്തോഷിച്ച ദിവസം അല്ലെങ്കില്‍ ആനന്ദാനുഭൂതിയില്‍ നിര്‍വൃതി പൂണ്ട നിമിഷങ്ങള്‍.

എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച ദിവസം എനിക്ക് ഒരു മകന്‍ പിറന്ന ദിവസമാണ്. മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ്. പിന്നിടൊരു മകള്‍ ഉണ്ടായെങ്കിലും പ്രത്യേകമായൊരു അനുഭൂതി തോന്നിയില്ല. എന്റെ മക്കളെ നിങ്ങളെല്ലാവരും അറിയുമല്ലോ. എന്നാലും വീണ്ടും എഴുതാം. മകന്‍ മള്‍ട്ടിനാഷണല്‍ ബാങ്കില്‍ മേനേജര്‍, മകള്‍ കൊച്ചിയിലെ പ്രശസ്ത ആര്‍ക്കിറ്റെക്റ്റ്.

എന്റെ മകള്‍ ഒരു കൊച്ചുസുന്ദരിക്കുട്ടിയാണ്. അവള്‍ക്കൊരു പുന്നാര മകന്‍ പിറന്നു നാലുമാസം മുന്‍പ്. അന്നാണ് ഞാന്‍ പിന്നീട് മതിമറന്ന് ആനന്ദിച്ചത്.

ഇപ്പോ ഇതാ വീണ്ടും. തികച്ചും അവിശ്വസനീയമായ ഒരു അവസ്ഥയില്‍. ഇന്നെത്തെ കാലത്ത് ഏതൊരു മോഡേണ്‍ ജീവിയും ഇന്റര്‍നെറ്റില്‍ സജീവമാണല്ലോ? ഞാനും എന്റെ വിദേശവാസത്തിന്നിടയില്‍ അതുമായി അടുപ്പത്തിലായി. ഇപ്പോള്‍ വേറെ ഒരു പണിയുമില്ലെങ്കില്‍ ഞാന്‍ അതിനെ പരിണയിച്ചിങ്ങനെ കഴിയും. ഗൂഗിളാണ് എന്റെ പ്രിയതോഴന്‍. എന്റെ പേരക്കുട്ടിക്ക് ഗൂഗിള്‍ എന്ന പേരിടണമെന്നതായിരുന്നു എന്റെ ആഗ്രഹം. പകഷെ കുട്ടി അവന്റെ തന്തയുടേതാണല്ലോ> അപ്പോ എന്റെ ഡിമാന്റിന് പ്രശസ്തിയില്ലായിരുന്നു. അവനെ ആദിത്യ എന്ന് വിളിക്കുന്നു.


ഞാന്‍ മിനിഞ്ഞാന്ന് വെന്ത വെളിച്ചെണ്ണ തേച്ച് കുളിച്ച് വീ‍ട്ടില്‍ നിന്ന് പുട്ടും ചെറുപയറും കഴിച്ച് ഓഫീസില്‍ പോകാന്‍ ഡ്രസ്സ് ചെയ്തപ്പോള്‍ ഒന്നുംകൂടി കിടന്നുറങ്ങിയാലോ എന്ന് തോന്നി. ട്രൌസര്‍ ഊരുന്നത് കണ്ടപ്പോള്‍ ബീനാമ്മ പറഞ്ഞു. “ ഇവിടെ ഇരിക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല. എങ്ങോട്ടെങ്ങാനും പോയ്ക്കോണം. എന്റെ വീട്ടുപണിയൊന്നും നടക്കില്ല നിങ്ങള്‍ ഇവിടെ ഇരുന്നാലും, കിടന്നാലും”. ഞാന്‍ അങ്ങിനെ ട്രൌസര്‍ മേല്‍പ്പോട്ട് കയറ്റി കുടയും വടിയുമെടുത്ത് ഓഫീസിനെ ലക്ഷ്യമാക്കി നടന്നു.

എവിടെ കിടന്നാ ഒരു മണിക്കൂറ് കിടന്നുറങ്ങാന്‍ പറ്റുക. നാട്ടിന്‍ പുറത്തായിരുന്നെങ്കില്‍ ആരുടെയെങ്കിലും വീട്ടിലെ തിണ്ണയില്‍ കിടന്നൊന്ന് മയങ്ങാമായിരുന്നു. മനുഷ്യന്‍ ഉറക്കം വന്നാല്‍ ഉറങ്ങാ‍ന്‍ സമ്മതിക്കാത്ത ഭാര്യമാരും ഈ നാട്ടിലുണ്ടേ?! അവള്‍ക്കാണെങ്കില്‍ ഉറക്കം കുറവാണ്. പാതിരക്കെല്ലാം റാന്തലും കത്തിച്ച് അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്നതുകാണാം.

വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ വഴിയില്‍ വെച്ച് ശകുനം കണ്ടത് മെഴ്സിയെയാണ്. മെഴ്സി എന്നെക്കണ്ട് പതിവുപോലെ മന്ദസ്മിതിച്ചു. പുഞ്ചിരിയുള്ള മുഖമാണ് മെഴ്സിയുടെ എപ്പോഴും. വഴിയില്‍ നിന്ന് രണ്‍ട് മിനിട്ട് സംസാരിച്ചു. സാധാരണ അവരുടെ വീട്ടില് കയറിയാല്‍ കാപ്പിയും തീറ്റസാധനങ്ങളും ഒക്കെ തന്ന് സല്‍ക്കരിക്കും.

അവര്‍ക്കും കാലത്ത് വീട്ടുപണി കാണുമല്ലോ? എന്നെ വീട്ടിന്നകത്തേക്ക് ക്ഷണിക്കുകയാണെങ്കില്‍ അവിടെ കിടന്നുറങ്ങാമായിരുന്നു ഒരു അരമണിക്കൂറ്. മെഴ്സി അന്ന് ചായകുടിച്ചിട്ട് പോകാമെന്നൊന്നും പറഞ്ഞില്ല. ഒരുപക്ഷെ എന്നെപ്പോലെത്തെ ഒരു വയസ്സന്‍ അവിടെയും ഉണ്ട്. അതിനെ ഉന്തിത്തള്ളി ഓഫീസിലേക്ക് വിട്ടിട്ടുണ്ടാവില്ല.

ഈ പെണ്ണുങ്ങള്‍ക്കെന്തിന്റെ കേടാ… വയസ്സയാലും ഈ സീ‍നിയര്‍ സിറ്റിസന്മാരോട് ഒരു ബഹുമാനവും കാണിക്കാത്തെ. കാലത്ത് എന്താച്ചാ കഴിച്ചിട്ട് അവര്‍ ഉറങ്ങുകയോ, ഉറങ്ങാതിര്‍ക്കുകയോ എന്തെങ്കിലും ചെയ്തോട്ടേ. ഇവര്‍ക്കെന്ത് കാര്യം..?>>> എന്റെ ബീനാമ്മേ……. ആനന്ദവല്ലിയാണ് നിന്നേലും ഭേദം……

അങ്ങിനെ വഴിയിലൊന്നും തങ്ങാ‍തെ നേരെ ഓഫീസിലെത്തി. പതിവുപോലെ കുട്ടന്‍ മേനോന്റെ അഭിവാദ്യവും കുശലം പറച്ചിലും.. “എന്താ പ്രകാശേട്ടാ വിശേഷം. എന്താ ഇന്ന് ബീനാമ്മ സ്പെഷല്‍..?” പ്രത്യേകിച്ചൊന്നും ഇല്ലന്റെ മെന്‍ന്നേ..? ഈ വീട്ടിലെ പെണ്ണുങ്ങളെ കൊണ്ട് തോറ്റു. കാലത്തെ കുളിയും തേവാരവും കഴിഞ്ഞ് ഒന്നും കൂടെ കിടന്നുറങ്ങാമെന്ന് വെച്ചാലുള്ള അങ്കം മേന്ന്നോട് അവതരിപ്പിച്ചു.

അങ്ങിനെ ഓഫീസിലെത്തെ പുതിയ മെയിലുകളും, ബസ്സും, ഫേസ് ബുക്കും, ബ്ലോഗും ഒക്കെ പരതുന്നതിന്നിടയില്‍ ഗൂഗിളിലെ ചാറ്റ് റൂമില്‍ തൃശ്ശൂരിലുള്ള എന്റെ അയല്‍ക്കാരന്‍ പയ്യന്‍സ് ഹരി ഹെലോ പറഞ്ഞെത്തി. “എന്താ ഈ ചെറുക്കന്‍ കാലത്ത് ക്ലാസ്സിലൊന്നും പോകേണ്ടേ.” ഇവനെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്കോളര്‍ഷിപ്പിലൂടെ സിങ്കപ്പൂര്‍ക്ക് പഠിക്കാന്‍ വിട്ടിരിക്കയാണ് അവന്റെ ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കന്മാര്‍.

അവന്‍ കാലത്തെ എന്റെ പണിക്കിടയില്‍ ചാറ്റാന്‍ വന്നു. “ഹെലോ ബിസിയാണൊ അങ്കിള്‍..?’
ബിസിയൊന്നുമല്ല പറയൂ എന്താ പുതിയ വിശേഷങ്ങള്‍. നീയും നിന്റെ പെങ്ങളും പുറത്ത് പഠിക്കാന്‍ പോയപ്പോള്‍ “അഞ്ജന മകീര്യം – ധാര, പിന്‍ വിളക്ക്, പുഷ്പാഞ്ജലി തുടങ്ങിയുള്ള വഴിപാടുകളൊന്നും അച്ചന്‍ തേവരില്‍ കാണാറില്ലല്ലോ”

“സാറെന്താ പറയുന്നത്… ഞാന്‍ ഹരിയല്ല. അഞ്ജുവാണ്.”
ചുമ്മാ തമാശ പറയല്ലടാ മോനെ. ചിക്കി ചിക്കി സ്പൈസിയൊന്നും കേള്‍ക്കാന്‍ പറ്റിയ സമയമല്ല ഇപ്പോള്‍. പണിത്തിരിക്കാ. നേരത്തിന് പണിയെടുത്തില്ലെങ്കില്‍ കുട്ടന്‍ മേനോന്‍ മാമുണ്ണാന്‍ പോകാന്‍ സമ്മതിക്കില്ല.

“സാറേ ഞാന്‍ പറയുന്നത് കേള്‍ക്ക്. ഞാന്‍ ഹരിയല്ല. അഞ്ജു തന്നെ.“ തന്നെയോ? എന്നാല്‍ നിന്റെ ഫോട്ടോ പോട്.
ഫോട്ടോ ജിടോക്കിലുണ്ട്. അതെയോ>>?
പക്ഷെ എനിക്ക് പെട്ടെന്ന് ജിടോക്കിലേക്ക് ചാടാന്‍ പറ്റിയില്ല.
അല്പം കഴിഞ്ഞ് ചാടി നോക്കിയപ്പോള്‍ എന്റെ കണ്ണ് പിടിക്കുന്നില്ല. അവ്യക്തമായ ഒരു കിളിയുടെ രൂപം.

“കണ്ടോ അങ്കിളേ…. അത് തന്നെയാ ഞാന്‍. “ അപ്പോ നീ എങ്ങിനെ ഹരിയുടെ ഐഡി യില്‍ വന്നു.” എനിക്കറിയില്ല അങ്കിളേ? സത്യമായിട്ടും എന്നെ വിശ്വസിക്ക്……………

കാലത്ത് തന്നെ ഈ ചെക്കന് വേറെ പണിയൊന്നുമില്ല. അവന്റെ തന്തയോട് വിളിച്ച് പറയണം. ഞാന്‍ ചാറ്റ് റൂമില്‍ നിന്ന്‍ പുറത്ത് കടന്നു. അല്പം കഴിഞ്ഞ് അവള്‍ പിന്നേയും എന്നോട് ചാറ്റിക്കൊണ്ടിരുന്നു. ഞാനൊന്നും മിണ്ടിയില്ല.

അവള്‍ എന്റെ വിടാതെ പിന്‍ തുടര്‍ന്നു. അങ്കിളേ അങ്കിളേ എന്നും പറഞ്ഞും കൊണ്ട്. ഞാന്‍ കുട്ടന്‍ മേനോനോട് പറഞ്ഞു. ഈ ചാറ്റ് ഐഡിയുടെ ഇമിറ്റേഷന്‍ കൌണ്ടര്‍. കുട്ടന്‍ മേനോന്‍ ജീ സെറ്റിങ്ങ്സ്ലില്‍ പോയി പരതിയപ്പോ ഹരിയുടെ പേരുണ്ട് മുകളില്‍ താഴെ ഈ പെണ്‍കുട്ടിയുടെ ജിമെയില്‍ ഐഡിയും.

“പ്രകാശേട്ടാ അത് സ്പാം ആയിരിക്കും. അവളെ തലാക്ക് ചെയ്യ്. എന്നിട്ട് പണിയില്‍ ശ്രദ്ധിക്ക്. ഒന്നരമണിക്ക് രേഖ വരും. അവള്‍ക്ക് സിസ്റ്റം കൈമാറേണ്ടതാണ്. രേഖ ചെയ്യുന്ന പീയെച്ച്പ്പി പണി എന്റെ പ്ലാറ്റ് ഫോമിലൂടെയാണത്രെ.

“ശരി എന്റെ മേന്‍ ന്നേ. പക്ഷെ എനിക്ക് ഗൂഗിളില്‍ നിന്ന് പുറത്ത് കടക്കാന്‍ പറ്റില.“ സ്മിതയും കതിരാഞ്ചിയും യുഎസ്സില്‍ നിന്ന് ടെക്നിക്കല്‍ റിപ്പോര്‍ട്ട്സ് ട്രാന്‍സ്ഫര്‍ ചെയ്ത് കൊണ്‍ടിരിക്കുന്നു. “സാരമില്ല പ്രകാശേട്ടാ ഈ അഞ്ചു വൈറസ്സിനെ ബ്ലോക്ക് ചെയ്യാം. ഞാന്‍ നമ്മുടെ സര്‍വ്വര്‍ മേനേജ് മെന്റില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടേ..?! “

അങ്ങിനെ ഞാന്‍ ഈ പെണ്‍കുട്ടിയെ തഴഞ്ഞ് പണിയില്‍ ശ്രദ്ധിക്കുന്നതിന്നിടയില്‍ ഓള് പിന്നേയും പോപ്പ് അപ്പായി വന്ന്………… “അങ്കിളേ ഈ ശങ്കരേട്ടനാണോ .. കുട്ടന്‍ മേനോന്‍…..? എന്നൊരു ഒറ്റ ചോദ്യം കൊണ്ട് ഞാന്‍ ഫ്ലാറ്റായി………….. എന്ന് പറഞ്ഞാല്‍ പോരേ?“

എന്റെ ബ്ലോഗ് വായിക്കുന്നയാളാണ് ഈ പെണ്‍കുട്ടി. എന്റെ ബ്ലൊഗില്‍ ഞാന്‍ ഇന്ന് വരെ ഏതാണ്ട് ആയിരത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ നൂറില്‍ നൂറ് ശതമാനവും വായിച്ചിരിക്കുന്നു ഇവള്‍. അപ്പോളെനിക്ക് മനസ്സിലായി ഇത് ഹരിയല്ല. ഹരിയുടെ ക്ലാസ്സ് മേറ്റ്സ് ആയിരിക്കുമെന്ന്.

ഈ പെണ്‍കുട്ടി എന്നെ വിടില്ലാ എന്ന മട്ടായപ്പോള്‍ അവള്‍ പിന്നേയും………… പാറുകുട്ടിയെ എന്തിന്നാ അങ്കിള്‍ ഇങ്ങനെ തല്ലുന്നത് എന്നൊക്കെയായി ചോദ്യം. “ഞാന്‍ പാറുകുട്ടീ എന്ന നോവല്‍ 43 അദ്ധ്യായം മുഴുവന്‍ വായിച്ചു.” അങ്കിളേ? രേഖയാണോ … നോവലിലെ നിര്‍മ്മല എന്നൊക്കെ ചോദിച്ചപ്പോള്‍ എനിക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു.

എന്നാലും എന്റെ മനസ്സിലൊരു ആശങ്ക. എന്തെങ്കിലും വൈറസ്സ് വിതച്ച് സര്‍വ്വര്‍ തകരാറിലാകുമോ എന്ന ചീത്ത വിചാരം വന്നു. നെറ്റില്‍ എന്തും സംഭവിക്കാം. എന്നാലും ഒരു പെണ്‍കിളിയല്ലേ ഇനി ചീത്ത വിളിക്കണ്ട അവളെ.

ഹലോ അഞ്ജുജൂ നീ അഞ്ജു തന്നെയെന്ന് ചുമ്മാതാ‍ങ്ങ് സമ്മതിക്കാന്‍ പറ്റില്ല. ഇങ്ങോട്ട് ഫോണ്‍ ചെയ്യൂ…………. ഫോണ്‍ നമ്പറും കൊടുത്തു…
അതാ വരുന്നു നിമിഷങ്ങള്‍ക്കകം ബഹറിനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. കണ്ട്രി കോഡെല്ലാം ശരിയാണ്. അങ്ങിനെ അഞ്ജുവുമായി വോയ്സ് ടോക്ക് നടത്തി. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

തന്നെയുമല്ല ജീവിതത്തിലെ മറ്റൊരു ധന്യമായ നിമിഷവും.”

എന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചിരിക്കുന്ന് ഈ ലോകത്തിലെ ഒരേ ഒരാള്‍. എന്റെ ബ്ലൊഗില്‍ നോവലുകളും യാത്രാ വിവരണങ്ങളും ഗോസ്സിപ്പുകളും, കവിതകളും, ലേഖനങ്ങളും ചില പര്‍ട്ടിക്കുലര്‍ സബ്ജക്റ്റ്സിനെ പറ്റിയുള്ള ഫീച്ചേറ്സും എല്ലാം ഉണ്ട്. ഈ പെണ്‍കുട്ടി എല്ലാം വായിച്ചിരിക്കുന്നു.

അങ്കിളേ ചീരൂസ് കഫേയിലുള്ള ചക്കരക്കാപ്പിയും, സായ്‌വിന്റെ കടയിലെ പോത്തിറച്ചിയും പൊറോട്ടയും എല്ലാം എനിക്കും കഴിക്കണം… എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി സാറിനേയും സാറിന്റെ കഥാപാത്രങ്ങളേയും.

“ഏറ്റവും ഇഷ്ടായത് നോവലിലെ പാറുകുട്ടിയെ… ഞാന്‍ ആ പാറുകുട്ടിയായി ജീവിക്കയാണ്.“ എന്റെ ജീവിത ശൈലി ആ കഥാപാത്രത്തിനോട് ലയിച്ച് കിടക്കുന്നു. പിന്നെ എന്റെ “വുഡ്ബി“ യും ഒരു ഉണ്ണിയേട്ടനാണ്.

“അതെയോ…………. വിശ്വസിക്കാനാവുന്നില്ല…. എന്തൊക്കെയുള്ള ഒരു കോ ഇന്‍സിഡന്‍സ്….”
ശരി കേള്‍ക്കട്ടേ പറയൂ………….. “അവള്‍ അങ്ങിനെ ഞാന്‍ ലഞ്ചിന് പോകുന്നത് വരെ നെറ്റില്‍ വീണ്ടും സജീവമായി ചാറ്റിക്കൊണ്ടിരുന്നു.“ ചിലപ്പോള്‍ അവള്‍ ഇമോഷനാകും. ചിലപ്പോള്‍ ചിരിക്കും, കരയും. അങ്ങിനെ എനിക്ക് വളരെ സന്തോഷമായ ദിവസം തന്നെയായിരുന്നു.

പിന്നെ ചോദിച്ചു……….. ആരാ ഈ സീപ്പിക്കുട്ടി. ഞാന്‍ ചെറിയ പാറുകുട്ടിയെ സങ്കല്‍പ്പിച്ച് എഴുതിയ ഒരു പോസ്റ്റാണ്. “ ഈ സീപ്പിക്കുട്ടി സാങ്കല്പികമോ യാഥര്‍ഥ്യമോ?”“ ഈ മാലാഖക്ക് ഇങ്ങിനെ പലതും അറിയണം.

“പിന്നേയ് അഞ്ജുട്ടീ കഥയില്‍ ജീവനുള്ളവരും പാവകളും പലരും ഉണ്ട്. അതിനെപ്പറ്റിയെല്ലാം ചോദിച്ച് ശരിയായ വിവരം എല്ലാം തരണമെങ്കില് നമ്മള് അന്യോന്യം അടുത്തറിയുകയും മനസ്സിലാക്കുകയും വേണം. ഏതോ ഒരു അഞ്ജുട്ടി വന്ന് അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞാല്‍ പറ്റില്ലല്ലോ..?

യാഥര്‍ഥ്യത്തിന് ചായം കൊടുത്തും, തൂപ്പും തൂവലും തിരുകിയും ചിലപ്പോള്‍ മോടി പിടിപ്പിക്കും. അനുഭവങ്ങളും ഓര്‍മ്മകളും സാങ്കല്പികതയും ഒക്കെയല്ലേ കഥകളും കവിതകളും ഒക്കെ ആയി വിടരുന്നത്. മനസ്സിലായോ എന്റെ അഞ്ജുട്ടീ… ഏതാനും നിമിഷങ്ങള്‍ കൊണ്ട് നീയെന്നെ കീഴടക്കിയല്ലോ എന്റെ പുന്നാരമോളേ.

“അങ്കിളെ ഞാന്‍ ഇപ്പോള്‍ ഫോണ്‍ വിളിച്ചില്ലേ. ഇപ്പോള്‍ എന്നെ മനസ്സിലായില്ലേ. സ്പാം അല്ലെന്ന്.” ആ അങ്ങിനെ ഒരു ശബ്ദം കേട്ടു. ഞങ്ങള്‍ ഒരു ദിവസം കൊണ്ട് ആത്മാര്‍ഥ സുഹൃത്തുക്കളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ>

അങ്ങിനെ ഞാന്‍ തിരിച്ച് വീട്ടിലെത്തി ലഞ്ചിന്. അവള്‍ പിന്നെ ഫോണിലായിരുന്നു ചാറ്റിങ്ങ്. ഞാന്‍ പലതും ഓര്‍ത്തു ഉച്ചമയക്കിലാണ്ടു. എനിക്ക് “പ്രോബസ് ക്ലബ്ബിന്റെ” മീറ്റിങ്ങിന് തൃശ്ശൂര്‍രുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ സന്ധ്യക്ക് എത്തേണ്ടിയിരുന്നതിനാല്‍ ഞാന്‍ വൈകിട്ട് ഓണ്‍ലൈനില് ഉണ്ടാവില്ല എന്നറിയിച്ചിരുന്നു.

ഞാന്‍ രാത്രി പത്തരമണിക്ക് മീറ്റിങ്ങ് കഴിഞ്ഞെത്തി. എന്നെ വരവേറ്റത് വീട്ടുപടിക്കല്‍ ഒരു കുട്ടി സ്നേക്കായിരുന്നു. അവന്‍ വീട്ടിനകത്തേക്ക് കയറിപ്പറ്റാനാവാതെ വിഷമിക്കുകയായിരുന്നു. എന്റെ കാറിന്റെ ശബ്ദം കേട്ട് അവനൊന്ന് പരുങ്ങിക്കാണും. ഞാന്‍ ബീനാമ്മയെ വിളിച്ചുകൂവി. എനിക്ക് വീട്ടിന്നകത്തേക്ക് കയറാതിരിക്കാനും വയ്യ. അവനോട് പോകാന്‍ പറഞ്ഞിട്ടും പോകാതെ അവിടെ തന്നെ കിടന്ന് കളിക്കുകയായിരുന്നു.

ഞാന്‍ കതക് തുറന്നതും അവന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. ബീനാമ്മ വരുന്നതിന് മുന്‍പേ അവനെ ഞാന്‍ മെല്ലെ മെല്ലെ പുറത്താക്കി. ബീനാമ്മ പറഞ്ഞു, കുട്ടിയാണ് അപ്പോള്‍ അതിന്റെ തള്ളയും പരിസരത്ത് കാണും. എന്നോട് ജനല്‍ തുറന്നിടാതെ കിടക്കാന്‍ പറഞ്ഞു. എനിക്ക് ജനല്‍ അടച്ചതിനാല്‍ ഉറക്കം വന്നില്ല.

എന്റെ വീട്ടില്‍ അഗതിയായ ഒരു പട്ടി പ്രസവിച്ച് കിടക്കുന്നുണ്ട്. 4 മക്കളുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കുന്നതിന് ലഷ്മിക്കുട്ടി സമ്മതിക്കുന്നില്ല. ഞാന്‍ കുട്ട്യോളുടെ അടുത്തേക്ക് പോകുമ്പോള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് അങ്ങോട്ട് പോകുന്നത് തടയും. പണ്ട് ഞാന്‍ ചെറുയാത്രകള്‍ പോകുമ്പോള്‍ എന്റെ വീട്ടുപടിക്കല്‍ കാവലായി കിടക്കാറുണ്ട്. ചിലപ്പോള്‍ ഞാന്‍ നടക്കാന്‍ പോകുന്ന വഴിയില്‍ അവളെ കാണാറുണ്ട്.

കൊക്കാല സെന്ററില്‍ ഉള്ള തട്ട് കടയില്‍ നിന്ന് അവള്‍ക്കൊരു ബോട്ടി+ബീഫ് വാങ്ങിക്കൊടുക്കണം ഇടക്ക് ബീനാമ്മ കാണാതെ. അവള്‍ക്ക് ഈ തെരുവ് പട്ടികളെ ഞാന്‍ സ്നേഹിക്കുന്നത് ഇഷ്ടമല്ല. വളരെ സ്നേഹമാണ് എനിക്ക് ലക്ഷ്മിക്കുട്ടിയെ. അവള്‍ക്ക് എന്നേയും.

അടുത്ത വീട്ടിലെ മല്ലികയുടെ വീട്ടിലെ പൂച്ചക്കുട്ടികള്‍ ചിലപ്പോള്‍ ഇങ്ങോട്ട് മതില്‍ ചാടി വരാറുണ്ട്. ഞാന്‍ അവരില്‍ ചിലരെ എന്റെ ബെഡ് റൂമിലേക്ക് കൊണ്ട് വരാറുണ്ട്. പക്ഷെ ബീനാമ്മ്മ ഞാന്‍ കാണാതെ അവരെ ഓട്ടിക്കും. ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ രണ്‍ട് പേര്‍ മാത്രം. ധാരാളം ഫുഡ് ബാക്കി വരും. ഒന്നും ഇവറ്റകള്‍ക്ക് കൊടുക്കില്ല എന്റെ പ്രിയപത്നി.

ഒരു കൊല്ലം മുന്‍പ് ഞങ്ങള്‍ക്ക് ജൂലി എന്ന പേരുള്ള ഒരു ഡേഷ് പട്ടിയുണ്ടായിരുന്നു. തുണികള്‍ അലക്കിയിട്ടാല്‍ ബീനാമ്മയുടെ തിരഞ്ഞ് പിടിച്ച് അവള്‍ ചിലപ്പോള്‍ അവിടെയും ഇവിടേയും കൊണ്ടിടും. ഒരിക്കല്‍ കടിച്ച് കിറിയതിനാല്‍ അവള്‍ക്ക് അടി കിട്ടി. പിന്നെ കീറാറില്ല.. ജൂലിക്ക് വേലി ചാട്ടം കൂടുതലായിരുന്നു. ചാടി ചാടി ഞങ്ങള്‍ക്ക് പിന്നീടത് പ്രശ്നങ്ങള്‍ വരുത്തി വെച്ചു. അങ്ങിനെ ജൂലിയെ സുഹൃത്ത് അശോകന് വളര്‍ത്താന്‍ കൊടുത്തു. അവള്‍ ഉണ്ടായിരുന്നെങ്കില്‍ മക്കളും മരുമക്കളുമായി വീട് നിറയെ കുട്ട്യോളെ കാണാമായിരുന്നു..

ഏതായാലും ലക്ഷ്മിക്കുട്ടികളെ കുട്ടികളെ താലോലിക്കണം അവള്‍ എടുത്തോണ്ട് പോയില്ലെങ്കില്‍. ഫോട്ടോ എടുക്കാന്‍ അവള്‍ സമ്മതിക്കുന്നില്ല. എല്ലാവരും ഏതാണ്ട് ഒരേ നിറമാണ്. ലക്ഷ്മിക്കുട്ടിയുടെ അത്ര ഭംഗി മക്കള്‍ക്ക് കാണാനില്ല. ചിലപ്പോള്‍ വലുതായാല്‍ സൌന്ദര്യം വന്നേക്കും.
++++
ഈ കഥയുടെ എന്‍ഡിങ്ങ് പിന്നീട് ശരിയാക്കാം. എന്നെയും കുട്ടന്‍ മേനോനെയും ഇവിടെ കാണാം. ഞങ്ങള്‍ ബ്ലോഗേര്‍സ് ഒത്തു ചേര്‍ന്ന ഒരിടം. www.annvision.com4 comments:

ജെ പി വെട്ടിയാട്ടില്‍ said...

“സാറെന്താ പറയുന്നത്… ഞാന് ഹരിയല്ല. അഞ്ജുവാണ്.”
ചുമ്മാ തമാശ പറയല്ലടാ മോനെ. ചിക്കി ചിക്കി സ്പൈസിയൊന്നും കേള്‍ക്കന് പറ്റിയ സമയമല്ല ഇപ്പോള്. പണിത്തിരിക്കാ. നേരത്തിന് പണിയെടുത്തില്ലെങ്കില് കുട്ടന് മേനോന് മാമുണ്ണാന് പോകാന് സമ്മതിക്കില്ല.

“സാറേ ഞാന് പറയുന്നത് കേള്‍ക്ക്. ഞാന് ഹരിയല്ല. അഞ്ജു തന്നെ.“ തന്നെയോ? എന്നാല് നിന്റെ ഫോട്ടോ പോട്.

കെ.പി.സുകുമാരന്‍ said...

:)

കുട്ടന്‍മേനൊന്‍ said...

താങ്കൾക്കുള്ള മറുപടി ഈ ലിങ്കിലുണ്ട്.
http://samaantharam.blogspot.com/2010/08/blog-post.html

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

കുട്ടന്മേനൊനിട്ട് ഒരു കൊട്ടും കൊട്ടി,ആരാധികയുമായി സല്ലപിക്കുന്ന ഈ ഗെഡി ഒരു ഭയങ്കര വിത്ത് തന്നെ!