4 months ago
Tuesday, November 23, 2010
അമ്പിളി ടീച്ചറെ കാണാനില്ല.
എന്റെ ഏറ്റവും പുതിയ സുഹൃത്താണ് അമ്പിളി ടീച്ചറ്. എനിക്ക് പൊതുവേ ടിച്ചറ്മാരെ വലിയ ഇഷ്ടമാ. പ്രധാന കാരണം എന്റെ ചേച്ചി ഒരു ടീച്ചറായിരുന്നു. ഞാന്‍ മിക്കവാറും അമ്പലത്തില്‍ പോകുമ്പോള്‍ ഇന്ദിര ടീച്ചറേയും പത്മജ ടീച്ചറേയും കാണാറുണ്ട്. അവര്‍ എന്റെ സമപ്രായക്കാരാണ്.
പിന്നെ ടീച്ചറ്മാരുടെ ഒരു വന്‍ നിരതന്നെയുണ്ട്. എന്റെ ചെറുവത്താനി ഗ്രാമത്തിലെ വടുതല സ്കൂളില്‍ എന്നെ പഠിപ്പിച്ച രാധ ടീച്ചര്‍, എളച്ചാര്‍ ടീച്ചര്‍. ഇവരൊക്കെ എനിക്ക് എന്റെ അമ്മമാരെപ്പോലെയാണ്. രാധ ടീച്ചറെ ഒരു കൊല്ലം മുന്‍പ് പോയി കണ്ടിരുന്നു.
എന്നെ പ്രേമിക്കാന്‍ പഠിപ്പിച്ച ഒരു ടീച്ചറുണ്ടായിരുന്നു ഹൈദരാബാദില്‍. അവരെപ്പറ്റി ഞാന്‍ ഒരു ബ്ലൊഗ് സ്റ്റോറിയില്‍ ഒരിക്കല്‍ എഴുതിയിരുന്നു. വായിക്കാന്‍ താല്പര്യമുള്ളവര്ക്ക് ലിങ്ക് തരാം.
നമുക്ക് അമ്പിളി ടീച്ചറുടെ കഥയിലേക്ക് ശ്രദ്ധിക്കാം. എന്റെ മിക്ക ടീച്ചറ്മാരും എന്റെ അമ്മമാരെ പോലെയുള്ളവരും അല്ലെങ്കില്‍ സമപ്രായക്കാരും ആണെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന ടീച്ചറ്ക്ക് മുപ്പത് വയസ്സില്‍ താഴെയാണ് പ്രായം. ഈയാള് എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ അമ്പിളി ടീച്ചറെന്നേ വിളിക്കൂ..
യോഗ പ്രാക്ടീസിങ്ങിന് എന്റെ ക്ലാസ്സ് മേറ്റാണ് അമ്പിളി ടീച്ചര്‍. ടീച്ചര്‍ വളരെ സ്മാര്‍ട്ട് ഗേളാണ്. പക്ഷെ ഒരു നേരിയ വിഷാദം ഉണ്ട്. വിഷാദം എന്താണെന്ന് എനിക്കുമാത്രം അറിയാം അവിടെ. മറ്റുള്ളവര്‍ക്കറിയുമോ എന്ന് ഞാന്‍ തിരക്കിയിട്ടില്ല.
യോഗ പരിശീലനം കാലത്ത് അഞ്ചേമുക്കാലിനും അല്ലെങ്കില്‍ വൈകിട്ട് അഞ്ചിനും ആണ്. ഈവനിങ്ങ് ബേച്ചില്‍ അധികം പെണ്ണുങ്ങളാണ്. ആണുങ്ങളായിട്ട് എന്നെപ്പോലെ ഒരു വൃദ്ധനും പിന്നെ വൃദ്ധനെന്ന് തോന്നിപ്പിക്കാത്ത മറ്റൊരു വൃദ്ധനും, പിന്നെ ഒരു ഇടത്തരക്കാരന് വൃദ്ധനും ആണുള്ളത്.
എന്റെ ബാച്ചില്‍ വരുന്നവരൊക്കെ ഓരോ പ്രശ്നക്കാരാണ്. ആരും ആരോടും ഒന്നും മിണ്ടില്ല. നോ ഫെലോഷിപ്പ്.എനിക്കത്തരം ആളുകളെ ഇഷ്ടമല്ല. ഞാനെല്ലാരോടും പോയി പരിചയപ്പെടും വര്‍ത്തമാനം പറയും. ഇവിടെ ചിലാക്ക് അതിയായ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം, ചിലര്‍ക്ക് ഓവര്‍ വെയ്റ്റ്, തണ്ടെല്ലിന് വേദന, മറ്റുചിലര്‍ക്ക് സ്ലിം ആകണം. കൂട്ടത്തില്‍ വാതരോഗിയായ ഞാനും.
എന്നെ ചികിസ്തിക്കുന്ന ഡോകടര്‍മാര്‍ക്കൊന്നും എന്റെ രോഗം പിടിയില്ലാ എന്ന് തോന്നുന്നു. എന്റെ ചേച്ചി പറയും….”എടാ ഉണ്ണ്യേ നിനക്ക് ഒരു സോക്കേടും ഇല്ല. പ്രഷറും പ്രമേഹവും ഇല്ലെങ്കില്‍ പിന്നെ ശരീരം ക്ലീന്‍ ക്ലീന്‍” പക്ഷെ എന്റെ പ്രശ്നം എനിക്കല്ലെ അറിയൂ…. പണ്ടൊക്കെ ഞാന്‍ എന്റെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം പങ്കുവെക്കുക എന്റെ ചേച്ചിയോടായിരുന്ന്. ചേച്ചി മയ്യത്തായിട്ട് മൂന്ന് കൊല്ലം കഴിഞ്ഞുവെന്നാണ് എന്റെ ഓര്‍മ്മ.
എന്റെ ചേച്ചി എന്ന് പറഞ്ഞാല്‍ എന്റെ പെറ്റമ്മയാണ്. ഞാന്‍ അമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. എന്റെ സഹോദരന് ശ്രീരാമനും അങ്ങിനെ തന്നെ. അമ്മാമന്മാര് വിളിച്ച് കേട്ട് വളര്‍ന്ന് അങ്ങിനെ വിളിച്ച് വന്നു. ആരും എതിര്‍ത്തില്ല. അങ്ങിനെ പെറ്റമ്മയെ മരിക്കുവോളം ചേച്ചിയെന്നാ വിളിച്ചത്.
ചേച്ചി മരിച്ചപ്പോഴും എനിക്ക് അമ്മേ എന്ന് വിളിക്കാനായില്ല. എന്റെ ചേച്ച്യേ എന്ന് വിളിച്ച് കരയാനേ എനിക്കായുള്ളൂ….
വളരെ കട്ടിയുള്ള മനസ്സായിരുന്നു എന്റെ ചേച്ചിയുടേത്. പെട്ടൊന്നും തളരില്ല. എന്ത് പ്രശ്നങ്ങളും ലളിതമായി കാണാനും പരിഹരിക്കാനും ഉള്ള പ്രത്യേക കഴിവായിരുന്നു ചേച്ചിയുടേത്. എന്റെ ചേച്ചിയുടെ ചില അത്ഭുതകരമായ കഴിവുകളെപ്പറ്റി ഒരിക്കല്‍ എന്റെ സഹോദരന് വനിത വാരികയില്‍ എഴുതിയിരുന്നു.
എഴുത്തിന്റെ വിഷയത്തില്‍ നിന്ന് വഴുതിപ്പോകുക എന്റെ ഒരു ദുശ്ശീലമാണെന്ന് എന്റെ സഹപ്രവര്‍ത്തകനും പ്രശസ്തനായ ബ്ലോഗറും ആയ കുട്ടന് മേനോന് പറയാറുണ്ട്. അത് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. പണ്ടാരോ പറഞ്ഞ പോലെ നായയുടെ വാല് കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും എന്നപോലെയാ എന്റെ എഴുത്തിന്റെ സ്റ്റൈല്‍. ക്ഷമിക്കൂ മേന്‍ നേ..!
നമുക്ക് അമ്പിളി ടീച്ചറിലേക്ക് മടങ്ങാം. ഈ ടീച്ചറും ആദ്യമൊക്കെ ആരോടും മിണ്ടിയിരുന്നില്ല. ഞാന്‍ ഇയാളെ ചില ദിവസങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. മറ്റു പെണ്ണുങ്ങള് ക്ലാസ്സിലെത്തിയ ശേഷം യോഗക്ക് പറ്റിയ വസ്ത്രധാരണം ചെയ്ത് ഹോളില്‍ പ്രവേശിക്കുമ്പോള്‍ എന്റെ ഈ ടീച്ചര്‍ വീട്ടില്‍ നിന്ന് തന്നെ ട്രാക്ക് സ്യൂട്ടും ടീ ഷറ്ട്ടും ഇട്ടോണ്ട് കൂളായി വരുന്നു. ടുവീലറില്‍ പറന്നായിരിക്കും എത്തുക.
ആദ്യമൊക്കെ ആരേയും മൈന്‍ഡ് ചെയ്യാറില്ല. ഇസ്ട്രക്ടറ് അങ്കിളിനോട് പോലും സംസാരിക്കുന്നതോ മറ്റു അംഗങ്ങളുമായി ഇടപെഴകുന്നതോ ഒന്നും എനിക്ക് കാണാനായില്ല. വരുന്നു യോഗ ചെയ്യുന്നു പോകുന്നു. അത്രമാത്രം. അങ്ങിനെയിരിക്കെ ഞാന്‍ ഒരു ദിവസം പോയി പരിചയപ്പെട്ടു. അപ്പളല്ലേ മനസ്സിലാകുന്നത് ആളൊരു ഹീറോ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ പരിചയക്കാരായി.
പിന്നീട് ഞാന്‍ ടീച്ചറ് ചെയ്യുന്നത് നോക്കിക്കാണും. ടീച്ചര്‍ക്ക് കൊച്ചുപ്രായമായതിനാല്‍ കൈകാലുകള്‍ നന്നായി വളച്ചൊടിക്കാനാകും. ഈ പ്രായമായ എന്റെ കാലുകളൊന്നും വിചാരിച്ചപോലെ പൊക്കാനും താഴ്ത്താനും ആകില്ല. ഞങ്ങളുടെ ബാച്ചില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ് നന്നായി പ്രാക്ടീസ് ചെയ്യുന്നത്. അതില്‍ രണ്ടാള് വളരെ നന്നായി ശീര്‍ഷാസനം ചെയ്യുന്നവരും ഉണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ശീര്‍ഷാസനവും സര്‍വ്വാംഗാസനവും. കൂടുതല്‍ വിഷമം ഉള്ള മറ്റ് ആസനങ്ങളുണ്ടെങ്കിലും കൂടുതല്‍ സമയം ഒരേ നില്പ്പില് ചെയ്യേണ്ടതാണ് ഈ രണ്ട് ആസനങ്ങളും.
ഒരു മാസത്തില്‍ കുറവ് മാത്രം ഇവിടെ വന്ന അമ്പിളി ടീച്ചറ്ക്ക് ഇത്രമാത്രം ഭംഗിയിലും വൃത്തിയിലും എങ്ങിനെ കൈകാലുകല്‍ പൊക്കാനും താഴ്ത്തുവാനും കഴിഞ്ഞുവെന്നറിയാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ടീച്ചറെ വിസ്തരിച്ചപ്പോളല്ലേ മനസ്സിലാകുന്നത് ടീച്ചറ് ബാംഗ്ലൂരില്‍ യോഗക്ക് പോയിരുന്നെന്ന്.
യോഗ ഇന്‍സ്ട്രക്ടര്‍ അങ്കിളിന് എല്ലാരേയും ഒരു പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഈ ക്ലാസ്സിലെ ദയനീയമായ സ്ഥിതി. മെയില്‍ മെംബേര്‍സ് കുറവായതിനാല്‍ ഫീമെയില്‍ മെംബേര്‍സിനേ പ്രയോറിറ്റി ഉള്ളൂ.. തുടക്കക്കാര്‍ ഓള്‍ഡ് സ്റ്റുഡന്‍സില്‍ നിന്നാണ് പലപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. വളരെ സീനിയറായ ഒരു പെണ്‍കുട്ടി തുടക്കക്കാരെ ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുയും ചെയ്യാറുണ്ട്. ഇവിടുത്തെ യോഗ പ്രാക്ടീസ് തികച്ചും സൌജന്യവും ആണ്. അതിനാല്‍ പലരും പഠിച്ച് കഴിഞ്ഞാല്‍ റഗുലര്‍ അല്ല.
അമ്പിളി ടീച്ചറുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരാറുണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞു പാറമേക്കാവിലും വടക്കെ സ്റ്റാന്ഡിന്നടുത്തുള്ള കൃഷ്ണന്റ് അമ്പലത്തിലും പോയി പ്രാര്‍ഥിക്കാന്‍. ടീച്ചറ് എന്റെ വര്‍ത്തമാനം കേട്ട് മന്ദഹസിച്ചു.
“അതിന് ഞാന്‍ കൃസ്ത്യാനിയാ……………” അതിനൊക്കെ വഴിയുണ്ട് എന്റെ അമ്പിളീ… പുറത്ത് നിന്ന് തൊഴാലോ പ്രാര്‍ഥിക്കാലോ….?
“അതിന് എനിക്കറിയില്ലാ എവിടെയാണ് പാറമേക്കാവ് അമ്പലം. എനിക്കിവിടെ പരിചയമില്ല..”
“അപ്പോ ഈ നില്ക്കുന്ന ആള് ഇവിടുത്ത് കാരിയല്ലേ..?“ യേയ് അല്ല. എന്റ്റെ വീട് തെക്കാ…..
“തെക്കെന്ന് പറഞ്ഞാല്‍ തിരുവിതാംകൂറാണോ…?” ഇല്ലാ അത്രക്കൊന്നും പോകേണ്ട.
അങ്ങിനെ എന്റെ അമ്പിളി ടീചറ് എന്നെപ്പോലെ എവിടേനിന്നോ ഒക്കെ ചേക്കേറിയതാണ് ഈ തൃശ്ശൂരിലെന്ന് മനസ്സിലായി. ഈ ടീച്ചര്‍ക്കൊരു കുഴപ്പം ഉണ്ട്. ഇടക്കിടക്ക് കുട്ട്യോള് ക്ലാസ്സ് കട്ട് ചെയ്യുന്ന പോലെ മുങ്ങും.
ടീച്ചറെപ്പോലെ കൈകാലുകള്‍ ചലിപ്പിച്ച് മികവുറ്റ അഭിനയം കാഴ്ചവെക്കാന്‍ എനിക്കാവുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ഏരോബിക്ക്സിന്‍ ചേരാന്‍ ടീച്ചറുടെ കൂടെ.
പണ്ട് ഞാന്‍ ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോള്‍ പെണ്കുട്ട്യോള് പാട്ടിന്നനുസരിച്ചുള്ള നൃത്തം ചെയ്തും കൊണ്ടുള്ള വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതായിരുന്നു ആദ്യം ഞാന്‍ കണ്ട ഏറോബിക്സ്. ഞാന്‍ ഒരിക്കല്‍ അവിടെ ചേരാന്‍ പോയപ്പോള്‍ ആദ്യം പറഞ്ഞു അത് ജര്‍മ്മന്‍ വനിതകള്‍ക്ക് മാത്രമാണെന്ന്, വീണ്ടും പോയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ആണുങ്ങളെ എടുക്കില്ലെന്ന് ഇത്തരം വ്യായാമത്തിന്.
പക്ഷെ ഇവിടെ അമ്പിളി ടീച്ചറ് പോകുന്നിടത്ത് ആണുങ്ങളും ഉണ്ടെന്നും എന്നോട് അവിടെ ചേരാനും പറഞ്ഞു. പക്ഷെ അവിടെ കാലത്ത് 6 മണിക്ക് എത്തേണ്ടതിനാല്‍ ഞാന്‍ ഇതേ വരെ പോയി നോക്കിയിട്ടില്ല. എനിക്ക് കാലത്ത് ആറ് മണിക്ക് തുള്ളിച്ചാടാന്‍ പറ്റില്ല. തുള്ളിച്ചാടലാണ് പ്രധാനമായും ഏറോബിക്ക്സ് എന്നാണ് എന്റെ ജര്‍മ്മന്‍ വാസത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത്.
അമ്പിളി ടീച്ചറ് പറഞ്ഞു അര മണിക്കൂര്‍ തുടാര്‍ച്ചയായി ചെയ്താല്‍ വിയര്‍ത്ത് കുളിക്കും. അതിനാല്‍ എന്നെപ്പോലുള്ളവര്‍ വളരെ ഐഡിയാലെണെന്നാണ്‍ ടീച്ചറുടെ വിലയിരുത്തല്‍. ഒരു ദിവസം എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. പോയി നോക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഈ ആറു മണി പരിപാടി ശരിയാകില്ല. വൈകിട്ട് പന്ത്രണ്ട് മണിക്ക് കിടക്കുന്ന എനിക്കെങ്ങിനെയാ ആറുമണിക്ക് ഏറോബിക്സ് സെന്ററിലെത്താന്‍ പറ്റുക…. എന്നാലും ഒന്ന് പോയി നോക്കുക തന്നെ….
ടീച്ചറുമായുള്ള സൌഹൃദം തുടര്‍ന്നു. ഇപ്പോള്‍ ടീച്ചറ്ക്ക് പുതിയൊരു സോക്കേട്. ഇടക്ക് ഇടക്ക് ടീച്ചറെ കാണില്ല. ആകെ യോഗ ക്ലാസ്സിന് ഒരു കൂട്ടായിരുന്നു അമ്പിളി ടീച്ചര്‍. ഒരു ദിവസം എന്നെ മാരത്തോണ്‍ നടത്തത്തിന് ക്ഷണിച്ചിരുന്നു. എന്തറിഞ്ഞിട്ടാ ഈ ടീച്ചറ് എന്നെ ഇതിനൊക്കെ വിളിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ടീച്ചറ് വിചാരിക്കുന്ന പോലെ അത്ര ഫിസിക്കല്‍ ഫിറ്റ്നസ്സ് ഇല്ല എനിക്ക്.
ഞാന്‍ മാരത്തോണ്‍ നടത്തം കാണാന്‍ പോയാലോ എന്ന് ആലോചിച്ച് കഴിഞ്ഞ ആഴ്ച ശനിയാഴ്ച നേരത്തെ കിടന്നുറങ്ങിയെങ്കിലും കാലത്തെണീറ്റത് പതിവിലും വൈകീട്ട്. അതാ എന്റെ സ്ഥിതി. ഇപ്പോള്‍ ഒരാഴ്ചയായി അമ്പിളി ടീച്ചറെ കാണാനില്ല. വീട് ഏതാണ്ട് അറിയുമെങ്കിലും കൃത്യമായി അറിയില്ല. പിന്നെ വൈകിട്ടുള്ള ചാറല്‍ മഴയില്‍ വാഹനം ഓടിക്കാന്‍ സുഖമില്ല. ഒരു ദിവസം പകല്‍ പോയി തിരക്കണം. ടീച്ചറിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഇത് വരെ ചോദിച്ചിട്ടുമില്ല. തന്നിട്ടുമില്ല. അതേ സമയം എന്റെ ബ്ലോഗ് ലിങ്കും ഫോണ്‍ നമ്പറും ഉള്ള കാര്‍ഡ് ഞാന്‍ ടീച്ചറ്ക്ക് കൊടുത്തിരുന്നു.
ഒരു ദിവസം ടീച്ചറുടെ ഹബ്ബിയെ കൂട്ടി എന്റെ വസതിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വന്നില്ല. എന്റെ കുട്ടാപ്പു ഉള്ളപ്പോളാണ് ഞാന്‍ ടീച്ചറെ ക്ഷണിച്ചിരുന്നത്. കുട്ടാപ്പു ഉള്ളപ്പോള്‍ എന്റെ മോളും ഉണ്ടാകും അപ്പോള്‍ ടീച്ചറ്ക്കൊരു കമ്പനിയുമാകും. ഞാന്‍ സാധാരണ എന്റെ കൂട്ടുകാരെ ക്ഷണിക്കുക കുട്ടാപ്പു വീട്ടിലുള്ളപ്പോളാണ്. അപ്പോ അതിഥികളെ സ്വീകരിക്കല്‍ കുട്ടാപ്പുവും അവന്റെ അമ്മയും കൂടിയായിരിക്കും. എന്റെ പെന്പറന്നോത്തി അപരിചിതരുമായി പെട്ടെന്ന് അടുക്കില്ല.
അപ്പോ അമ്പിളി ടീച്ചറെ കാണാനില്ല എന്ന് ഞാന്‍ ആരോടാ പറയുക. എന്റെ ബ്ലോഗ് വായിച്ചറിഞ്ഞ് എന്നെ വിളിക്കുമായിരിക്കും. ഇനി ബാഗ്ലൂര്‍ക്കാരിക്ക് മലയാളം വശമില്ലെങ്കിലോ. ഏതായാലും രണ്ട് ദിവസം കൂടി കാക്കാം ടീച്ചറെ. എന്നാലും എന്റെ അമ്പിളി ടീച്ചറെ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് പറയാമല്ലോ.
ക്ലാസ്സ് ടീച്ചറ്ക്കാണെങ്കില്‍ സ്ട്രങ്ങ്ത്ത് കുറഞ്ഞാല്‍ അന്ന് ഒരു ഉഷാറും ഉണ്ടാകില്ല. ഒരു ദിവസം ആളുകള്‍ കുറവായതിനാല്‍ ക്ലാസ്സ് സസ്പെന്‍ഡ് ചെയ്തു മാഷ്. ഇത് പോലെ നാലു ടീച്ചറുമാരുണ്ടായാല്‍ ഇങ്ങിനെയൊക്കെ നടക്കും.
ഇന്നെത്തെ ക്ലാസ്സില്‍ എന്റെ അമ്പിളി ടീച്ചറെ കാണാമെന്ന പ്രത്യാശയില്‍ ഇവിടെ അവസാനിക്കുന്നു.
++ ഈ ബ്ലോഗ് പോസ്റ്റ് എന്റെ അമ്പിളി ടീച്ചറ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു….
കുറിപ്പ്: അക്ഷരത്തെറ്റുകള്‍ താമസിയാതെ തിരുത്താം. ക്ഷമിക്കുമല്ലോ.?
-
Subscribe to:
Post Comments (Atom)
4 comments:
വളരെ കട്ടിയുള്ള മനസ്സായിരുന്നു എന്റെ ചേച്ചിയുടേത്. പെട്ടൊന്നും തളരില്ല. എന്ത് പ്രശ്നങ്ങളും ലളിതമായി കാണാനും പരിഹരിക്കാനും ഉള്ള പ്രത്യേക കഴിവായിരുന്നു ചേച്ചിയുടേത്. എന്റെ ചേച്ചിയുടെ ചില അത്ഭുതകരമായ കഴിവുകളെപ്പറ്റി ഒരിക്കല്‍ എന്റെ സഹോദരന് വനിത വാരികയില്‍ എഴുതിയിരുന്നു.
ടീച്ചര്‍ എവിടെപോയതാ? പെട്ടെന്ന് കണ്ടെത്താന്‍ കഴിയട്ടെ
അമ്പിളി ടീച്ചര്‍ പെട്ടെന്ന് മടങ്ങിവരട്ടെ എന്നാശംസിക്കുന്നു.പിന്നെ ജെപി സാര്‍ ആരാഞ്ഞ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ kazhivulla ഒരാള്‍ക്ക് സാറിന്റെ മെയില്‍ ഐ ഡി കൊടുത്തിട്ടുണ്ട്.കോണ്ടക്ട്ടു ചെയ്തു കാണുമെന്നു വിശ്വസിക്കുന്നു.
Ennittu kandu kittiyo Ambili teacherine?
Post a Comment