4 months ago
Tuesday, November 16, 2010
വേലിക്കരികിലെ കൂത്താടിച്ചി
ഇവളെ ഞങ്ങളുടെ നാട്ടില്‍ – അതായത് ഞമനേങ്ങാട് ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ കൂത്താടിച്ചി എന്നാ വിളിക്കുക. എന്റെ തട്ടകം പിന്നീട് ചെറുവത്താനിയായിരുന്നു. അവിടേയും ഇവളെ അങ്ങിനെയാണെന്ന് തോന്നുന്നു. വിളിക്കുക. ഇവളുടെ കായകളക്ക് നല്ല മധുരമാണ്. വേലിയരികില്‍ ഇവളെ കണ്ടാല്‍ ഞങ്ങള്‍ കുശലം പറയാന്‍ പോകും. ഇവളുടെ പൂക്കളോട് ഞങ്ങള്‍ക്ക് വലിയ കമ്പമുണ്ടായിരുന്നില്ല. ഒരു പാട് പഴുത്ത കായ പറിച്ചാലേ എന്തെങ്കിലും തിന്നുവെന്ന് തോന്നൂ…
വേലിയരികിലാണ് ഇവളെ ധാരാളം കാണുക. വേലി ചാടുന്നവരുടെ മുണ്ട് ഇവള് കടന്ന് പിടിക്കും. അവളുടെ ദേഹം മുഴുവനും കാണാനാവാത്ത വിധം മുള്ളുകള്‍ നിറഞ്ഞിരിക്കും. എനിക്കവളെ വലിയ പ്രിയമായിരുന്നു എന്റെ കൊച്ചുന്നാളില്.
പണ്ട് ഞാനൊരുദിവസം വേലി ചാടിയ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസ്സായിക്കാണും. എന്റെ സമപ്രായക്കാരി ഒരു പെണുകുട്ടി അയല്‍ക്കാരിയുണ്ടായിരുന്നു. ഞാന്‍ അവളെ കാണാന്‍ ചിലപ്പോള്‍ രാത്രി സഞ്ചാരം നടത്താറുണ്ട്. പകലൊക്കെ എന്റെ പുസ്തകം എടുക്കാനും മറ്റുമായി അവള് വരുമെങ്കിലും അച്ചമ്മയുള്ളതിനാല്‍ അവളോടെനിക്ക് കിന്നാരം പറയാന്‍ പറ്റാറില്ല.
അവള് അന്ന് എന്തിനായിരുന്നു എന്റെ വീട്ടിലെ പുസ്തകം വാങ്ങാനും നോക്കുവാനും വന്നിരുന്നത് എനിക്ക് ഓര്‍മ്മയില്ല. പലപ്പോഴും എന്റെ ഇംഗ്ലീഷും സയന്‍സും ബുക്കുകളാണ് അവള് വന്ന് നോക്കുക. അവള്‍ക്കും ആ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.
ഞങ്ങളുടെ തറവാട് ഓലമേഞ്ഞ നാലുകെട്ടായിരുന്നു. ആ വീട്ടില്‍ കുറേ മുറികളുണ്ടായിരുന്നു. അവിടെയുള്ള തെക്കിനിയിലായിരുന്നു എന്റെ വാസം. തെക്കിനിയുടെ ചുമരുകളെല്ലാം മരം കൊണ്ടുണ്ടാക്കിയതായിരുന്നു. വടക്കെ ചുമരുകള്‍ മുഴുവനും പൊത്തുകളായിരുന്നു. ചില പൊത്തുകള്‍ക്ക് അലമാര പോലെ വാതിലുകളും ഉണ്ടായിരുന്നു. ഞാന്‍ എന്റെ പുസ്തകങ്ങളൊക്കെ ഏറ്റവും ഉയരമുള്ള പൊത്തുകളിലായിരുന്നു നിക്ഷേപിക്കാറ്. പീജണ്‍ ഹോള്‍സുപോലുള്ള പൊത്തുകളായിരുന്നു മിക്കതും. ചില പൊത്തുകളില്‍ ഞാന്‍ പൈങ്കിളിക്കഥകള്‍ വെക്കുമായിരുന്നു.
ചിലപ്പോള്‍ കുന്നംകുളത്ത് പോകുമ്പോള്‍ ഗുരുവായൂര്‍ റോഡിലുള്ള ഒരു മുറുക്കാന്‍ കടയില്‍ നിന്ന് റീഗലില് നിന്ന് റൊട്ടിയും മട്ടന്‍ ചോപ്പ്സും കഴിച്ചതിന് ശേഷം കുശാലായി ഒന്ന് മുറുക്കും. അന്നവിടെ മുറുക്കാന്‍ നല്ല പഴുക്കടക്കയും പട്ടപ്പുകയിലയും കിട്ടുമായിരുന്നു. പട്ടപുകയില എന്ന് വെച്ചാല്‍ പുകയിലയില്‍ എന്തോ മധുരവും വാസനയും ചേര്‍ത്ത് വാഴപ്പട്ടയില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നത്.
പതിനാല് വയസ്സിലും എനിക്ക് ഏതാണ്ട് ഇപ്പോളത്തെപ്പോലെ ഉയരവും തടിയും ഉണ്ടായിരുന്നു. അതായത് ഒത്ത ഒരു പുരുഷനെ പോലെ. അവിടെ നിന്ന് മുറുക്കാന്‍ തുടങ്ങുമ്പോള്‍ ആശാന് ചോദിക്കും “ഉണ്ണ്യേ എന്താടാ നിന്റെ മീശക്ക് കട്ടിപോരാത്തേ” ഞാന്‍ ആശാനോട് പറയും…. ഈ കട്ടി പെട്ടെന്ന് വരില്ലല്ലോ….. “എന്നാ നിനക്ക് ഞാന്‍ ചില സൂത്രങ്ങള്‍ പറഞ്ഞുതരാം… ആ സൂത്രങ്ങള്‍ സ്വായത്തമാക്കിയാല്‍ മീശക്ക് കട്ടി വരും തന്നെയുമല്ല കൂടുതല്‍ ഉന്മേഷവും വരും’‘’‘
“എന്നാല്‍ തന്നോളൂ ആശാനേ…………..” ആശാന് കുമ്പിട്ട് പെട്ടിക്കടിയില്‍ നിന്ന് എനിക്ക് ഒരു ഗ്രന്ഥക്കെട്ടു തന്നിട്ട് പറഞ്ഞു. നീയ്യ് കണ്ണടച്ച് അതില്‍ നിന്ന് ഒരു പുസ്തകം എടുത്തോ. എന്നിട്ട് വീട്ടില്‍ പോയിട്ട് വായിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങിനെ എന്റെ ആശാനെക്കാണലും സിഗരറ്റ് വലിയും പുകയില ചേര്‍ത്ത് മുറുക്കലും വല്ലപ്പോഴുമുള്ള മദ്യസേവയും ഒക്കെ തുടങ്ങി.
അന്നത്തെ കാലത്ത് ഞമനേങ്ങാട്ട് നിന്ന് കുന്നംകുളത്ത് എത്തണമെങ്കില്‍ സൈക്കിള്‍ മാത്രമായിരുന്നു ഒരു ആശ്രയം. ബസ്സ് റൂട്ടിന് പറ്റിയ വഴിയായിരുന്നില്ല. ഞമനേങ്ങാട്ടുള്ള എന്റെ വീട്ടില്‍ നിന്ന് വലിയ വരമ്പില്‍ കൂടി പോകണം ആദ്യം. ഞാന്‍ സൈക്കിളിന്മേല് കയറി ബെല്ലടിച്ച് പാടത്ത് കൂടി പോകുമ്പോല്‍ ചിലപ്പോള്‍ തലച്ചുമടായി വരുന്ന പെണ്ണുങ്ങള് സൈഡ് തരില്ല. കാലുകുത്തിയാല്‍ പൂട്ടിക്കിടക്കുന്ന ചളിയുടെ കണ്ടത്തിലേക്ക് വീഴും മഴക്കാലമായാല്‍. പിന്നത്തെ കാര്യം പറയേണ്ടല്ലോ. തിരികെ വീട്ടില്‍ പോയി പിന്നെ ഡ്രസ്സ് മാറ്റേണ്ടി വരും.
അങ്ങിനെ സൈക്കിള്‍ ചവിട്ടി ഞമനേങ്ങാട്ടെ മദ്രസ, പള്ളി, പോസ്റ്റാഫീസ്, കണ്ട്മ്പുള്ളി സ്കൂള്‍ പിന്നെ അവിടുന്ന് ചക്കിത്തറ വരെ തോടാണ്. അതെല്ലാം കടന്ന് ചക്കിത്തറ പാലം അന്നത്തെ കാലത്ത് മരം കൊണ്ടുള്ളതായിരുന്നു. സൈക്കിള്‍ കയ്യിലെടുത്ത് പാലം കടക്കണം. പിന്നെയും രണ്ട് മൈല്‍ ദൂരം തോട്ടിലും പാടത്തും കൂടി സൈക്കിളില്‍ അഭ്യാസം കാണിച്ച് ചവിട്ടിയാല്‍ വടുതല്‍ സ്കൂളെത്തും.
വടുതല സ്കൂള്‍ തൊട്ട് കുന്നംകുളം വരെ ബസ്സ് റൂട്ടുള്ള റോഡ്. പക്ഷെ ടാറിടാത്ത വലിയ ഉരുളന്‍ കല്ലുകളുള്ള റോഡ്. അതിന്റെ ഒരു ഓരം പിടിച്ച് സൈക്കിള്‍ ചവിട്ടണം. അങ്ങിനെ വടുതല്‍ സ്കൂളെത്തിയാല്‍ ഒരു ആശ്വാസമാണ്. പിന്നെ ചെറുവത്താനി തെക്കെമുക്ക്, തേവരുടെ അമ്പലം, ചിറവക്കഴ, കിഴൂര്‍, വൈശ്ശേരി, പാറ്യില്‍ താഴത്തങ്ങാടി, എംജെഡി സ്കൂള്‍, നടുപ്പന്തി കഴിഞ്ഞാല്‍ പിന്നെ ഒരു ഇറക്കമാണ്.
കുന്നിന്മേലുള്ള ഇറക്കത്തില്‍ കൂടി എതിരേ വാഹനങ്ങളൊന്നും വരാതെ കിട്ടിയാല്‍ ജവഹര്‍ തിയേറ്റര്‍ വരെ ചവിട്ടാതെ പോകാം. ജവഹര്‍ തിയേറ്റര്‍ എത്തിയാല്‍ പിന്നെ ഹെര്‍ബര്‍ട്ട് റോഡ് – കുത്തനെയുള്ള ഒരു കയറ്റമാണ്. അത് ചവിട്ടിക്കയറ്റിയാല്‍ പിന്നെ കുന്നംകുളം ടൌണ്‍ ആയി. ക്ഷീണം മാറ്റാന്‍ നേരെ റീഗല്‍ ഹോട്ടലില്‍ കയറും. അവിടെ നിന്ന് റൊട്ടിയും മട്ടണ്‍ ചോപ്സും ചായയും കഴിച്ചാണ് മുന്‍പ് പറഞ്ഞ ആശാന്റെ കടയില്‍ സൊള്ളാന്‍ പോകുക.
ആശാന് തന്ന പൈങ്കിളികളെയെല്ലാം ഞാന്‍ തെക്കിനിയിലുള്ള ചില പൊത്തുകളിലാണ് പാര്‍പ്പിക്കാറ്. എന്റെ പുസ്തകവും നോട്ട്സുമെല്ലാം നോക്കാന്‍ വരുന്ന മൈലാഞ്ചിക്കുട്ടി അന്ന് എന്റെ കിളികളെ ഞാനറിയാതങ്ങാനും എടുത്തോണ്ട് പോകാറുണ്ടോ എന്നെനിക്ക് ഓര്‍മ്മ വരുന്നില്ല.
പകല്‍ സമയം തെക്കിനിയില്‍ വെളിച്ചം വളരെ കുറവായിരുന്നു. മറ്റുമുറികളില് നിന്നുള്ള പ്രകാശം വേണം. തെക്കിനിക്ക് ഒരു കൊച്ചുകിളിവാതിലുണ്ടായിരുന്നു. ആ വാതിലിന്നരികില് ചെമ്മ്പും ചരക്കും മറ്റും വെച്ചിരുന്നതിനാല്‍ സാധാരണ തുറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ചിലപ്പോള്‍ അവളെന്നെ തെക്കിനിക്കത്തേക്ക് വിളിച്ചിട്ട് പറയും.. പുസ്തകങ്ങളൊന്നും കാണാനില്ലല്ലോ എന്ന്. ഏത് പൊത്തിലാ ഏത് പുസ്തകമെന്ന് ഞാന്‍ ചിലപ്പോള്‍ മറന്നിരിക്കും. ഞങ്ങള്‍ അങ്ങിനെ പലപ്പോഴും ഇരുട്ടത്ത് തപ്പാറുണ്ടായിരുന്നു.
മൈലാഞ്ചിക്കുട്ടി കൂടെ കൂടെ വന്ന് എന്നിലെ കിളി ചിലപ്പോള്‍ അവളെത്തേടി വേലി ചാടാറുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വൈകിട്ട് ഞാന്‍ മൈലാഞ്ചിയെത്തേടി വേലി ചാടി ഓളുടെ വീടിന്റെ വടക്കോറത്ത് കൂടി അകത്തേക്ക് അവള് ഇരുന്ന് പഠിക്കുന്ന മുറിയിലേക്ക് കടക്കാന്‍ ഭാവിക്കയായിരുന്നു.
പെട്ടന്നായിരുന്നു അവളുടെ മമ്മീസിന്റെ അട്ടഹാസം കേട്ടത്…”ആരാണ്ടാ അവിടെ തുണിയുടുക്കാതെ നടക്കുന്നത്…….?” ഞാനാകെ പേടിച്ച് വിരണ്ടു. അപ്പോളാണ് എനിക്ക് മനസ്സിലായത് എന്റെ മുണ്ട് ഈ കൂത്താടിച്ചിയുടെ കമ്പുകളില്‍ തൂങ്ങിക്കിടക്കുന്ന വിവരം.
എന്നെക്കണ്ടിട്ട് മൈലാഞ്ചിക്കുട്ടി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു. അന്നൊക്കെ മണ്ണെണ്ണ വിളക്കുകള്‍ മാത്രമായിരുന്നു ആശ്രയം അതിനാലാണ് രക്ഷപ്പെടാന്‍ സാധിച്ചത്. ഞാന്‍ മമ്മിസിന്റെ അട്ടഹാസം കേട്ടതും വന്ന വഴി വേലി ചാടിയോടി. അങ്ങിനെ എന്നെ ഒരുനാള്‍ പറ്റിച്ചതാണ് ഈ കൂത്താടിച്ചി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ജെസ്സിയുടെ വീട്ടുപടിക്കല്‍ ഞാന്‍ ഈ കൂത്താടിച്ചിയുടെ സന്തതിപരമ്പരകളെ കാണുന്നത്. എന്നെ കണ്ടയുടനെ അവളെന്നെ വണങ്ങി. ഇനി എന്നെ കേറി പിടിക്കുമോ എന്ന് ഭയന്ന് ഞാന്‍ പിന്മാറി.
അങ്ങിനെ കൂത്താടിച്ചിക്കഥ ഇവിടെ അവസാനിക്കുന്നു. ഈ കൂത്താടിച്ചിയെ കണ്ടപ്പോളാണ് ഞാന്‍ എന്റെ മൈലാഞ്ചിക്കുട്ടിയെ ഓര്‍ക്കുന്നത്. അവളെ പറ്റി നാല് വരിയെങ്കിലും പറയാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ലല്ലോ> എന്നെപ്പോലെ മയ്യത്താവാതെ അവളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് വായിക്കാനിടയായാല്‍ ഒരു പക്ഷെ ഇതിലൊരു കമന്റിടുകയോ എന്നെ വിളിക്കുകയോ ചെയ്തേക്കാം.
എന്റെ പല കാമുകിമാരില്‍ ഒരാളായിരുന്നു മൈലാഞ്ചി. അവളുടെ കഥ പിന്നിടൊരിക്കല്‍ എഴുതാം. അവള് ജീവിച്ചിരുപ്പുണ്ടോ എന്ന് അറിയട്ടെ ആദ്യം. എന്നെ പതിനഞ്ചാം വയസ്സില്‍ എന്റെ മാതാവ് നാട് കടത്തിയതില്‍ പിന്നെ ഞാന്‍ എന്റെ മൈലാഞ്ചിയെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്നെപ്പോലെത്തന്നെ മക്കളും മരുമക്കളുമായി എവിടേയോ ജീവിച്ചിരുപ്പുണ്ടാകും.
spelling mistakes shall be corrected later only. kindly excuse
+++
Subscribe to:
Post Comments (Atom)
9 comments:
പണ്ട് ഞാനൊരുദിവസം വേലി ചാടിയ സംഭവം ഓര്ക്കുനമ്പോള് എനിക്ക് ചിരി വരുന്നു. എനിക്കന്ന് പതിമൂന്നോ പതിനാലോ വയസ്സായിക്കാണും. എന്റെ സമപ്രായക്കാരി ഒരു പെണുകുട്ടി അയല്ക്കാോരിയുണ്ടായിരുന്നു.
ഞാന്‍ അവളെ കാണാന്‍ ചിലപ്പോള്‍ രാത്രി സഞ്ചാരം നടത്താറുണ്ട്. പകലൊക്കെ എന്റെ പുസ്തകം എടുക്കാനും മറ്റുമായി അവള് വരുമെങ്കിലും അച്ചമ്മയുള്ളതിനാല്‍ അവളോടെനിക്ക് കിന്നാരം പറയാന്‍ പറ്റാറില്ല.
ഞങ്ങള്‍ ഓഫീസില്‍ ഈ പൂവിനെ കുറിച്ച് സംസാരിച്ചു. കോട്ടയംകാരി പറഞ്ഞു ഇത് കൊങ്ങിണി പൂ എന്ന്, കോഴിക്കോടന്‍ പറഞ്ഞു അരിപ്പൂ എന്ന്, ചെര്പ്ലശ്ശേരിക്കാരി പറഞ്ഞു മുക്കുറ്റിപൂ, ഞാന്‍ പറഞ്ഞു പൂചെടിപ്പൂ അങ്ങനെ എത്ര പേരാണീ സുന്ദരിക്ക്? ഇതിന്റെ പഴം ഞാനും കഴിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് വല്ലതും അറിയുമോ? ചോക്ലേറ്റ് അല്ലാതെ?
അങ്കിള്‍ ഉഗ്രന്‍ പോസ്റ്റ്. മൈലാഞ്ചികുട്ടി, പാറുകുട്ടി അങ്ങനെ എത്ര കുട്ടികള്‍ അങ്കിളേ..:)
ഞാന്‍ ഇവിടെ ആദ്യമാണ് , മനസ്സ് തുറന്നുള്ള ഈ ശൈലി വളരെ ആകര്‍ഷണീയം..എല്ലാ ഇടത്തും എത്തി നോക്കിയശേഷം വീണ്ടും വിശദമായി എഴുതാം ..പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് , ശ്രീരാമേട്ടനെ ഞാന്‍ വീട്ടില്‍ പലതവണ വന്നു കണ്ടിട്ടുണ്ട് ...
:)
ആ പഴയ ചാട്ടങ്ങൾ മുഴുവൻ ഇങ്ങു പോരട്ടേ..
ഇനി മൈലാഞ്ചിയുടെ മതിലുചാടിയതാവും കാച്ചുക അല്ലേ
സുകന്യക്കുട്ടീ
എഴുതിയാലും എഴുതിയാലും തീരില്ല എന്റെ ഓര്‍മ്മകള്‍.
മൈലാഞ്ചിക്കുട്ടിയുടെ കഥകല് ഞാന്‍ അല്പം വെള്ളം ഒഴിച്ച് നേര്‍പ്പിച്ചു. മനസ്സില്‍ തോന്നുന്നതൊക്കെ ഇവിടെ എഴുതിപ്പിടിപ്പിക്കാന്‍ പറ്റില്ലല്ലൊ?
ഒരുപാട് ഓര്‍മ്മകളുണ്ട് എഴുതാന്‍.പക്ഷെ ഇതൊക്കെ അടിച്ച് കയറ്റുവാന്‍ ഒരു സഹായി വേണ്ടിയിരിക്കുന്നു. തൃശ്ശൂര്‍ കളക്ട്രേറ്റിലായിരുന്നെനില് സുകന്യക്ക് പണിയെങ്കില് സഹായം അഭ്യര്ഥിക്കാമായിരുന്നു.
സുകന്യ പറഞ്ഞപോലെ ഒരു പാട് കുട്ടികളുടെ കഥയാണ് എന്റെ മനസ്സില്‍ കിടക്കുന്നത്. അതൊക്കെ പുറത്ത് കൊണ്ട് വരുവാന്‍ എളുപ്പമല്ല.
ഏതായാലും ഈ കൂത്താടിച്ചിക്കുട്ടി ഒരു സംസാരവിഷയമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
കൂട്ടുകാരികളോടെ അന്വേഷണം പറയണം. കൂട്ടത്തില്‍ ഒറ്റപ്പാലത്തുകാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നോട് പറയണമേ? എനിക്കൊരു കാര്യം ഉണ്ട് തോട്ടക്കരയില്‍ നിന്ന്.
manoharam....
ഓർമ്മകളുടെ ഓളപ്പരപ്പിലൂടെയുള്ള സഞ്ചാരം രസകരമായ വായന നൽകി... ചിരപരിചിതമായ സ്ഥലനാമങ്ങൾ കൂടി ആയപ്പോൾ വളരെ ഹ്ര്ദ്യമായി..തുടരുക..
ശരിക്കും പേര്... മുക്കുറ്റി പൂവ്!
Post a Comment